Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

ഇല്ലാക്കേസും കൊല്ലാക്കൊലകളും

ഇഹ്‌സാന്‍

നാടുഭരിക്കുന്ന സര്‍ക്കാറിന് അഫ്‌സല്‍ ഗുരു എന്ന പ്രതീകത്തെ ചൂണ്ടിക്കാട്ടി പൊതുജനത്തെ ഭയപ്പെടുത്താമെങ്കില്‍ മരിച്ച ഗുരുവിന്റെ പേരില്‍ ഒരു മെഡലും പ്രമോഷനും തരപ്പെടുന്ന സാഹചര്യം പോലീസുകാര്‍ മാത്രമായിട്ടെന്തിന് വിട്ടുപിടിക്കണം? ഭാര്യയെയും ഊമയായ മകളെയും കൊണ്ട് കീഴടങ്ങാനെത്തിയ ഒരു പാവത്തെ 'ഫിദായീന്‍' ഭീകരന്റെ ചാപ്പയടിച്ച് ഹാജരാക്കിയ പോലീസുകാര്‍ അവരുടെ അധികാരികളെ അതിശയിപ്പിച്ച രീതിയിലാണ് മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരച്ചത്. സയ്യിദ് ലിയാഖത്ത് അലിഷായെ പിടികൂടിയതിനെ കുറിച്ച പോലീസ് കഥയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്തോറും ആത്മനിന്ദയുടെ കൂറ്റന്‍ പര്‍വതങ്ങളാണ് തലക്കു മുകളിലൂടെ ഇടിഞ്ഞുവീഴുന്നത്. തീര്‍ച്ചയായും അയാള്‍ ഒരു കാലത്ത് പാകിസ്താനിലേക്ക് ആശയപ്രചോദിതനായി പലായനം ചെയ്ത തീവ്രവാദി തന്നെയായിരുന്നു. വിമോചന സമരവും പാക്കധീന കശ്മീരിലെ പോരാട്ട സംഘടനകളും തമ്മിലെ പൊരുത്തക്കേടും അതിവേഗം തിരിച്ചറിഞ്ഞ 'തീ്രവവാദി' കൂടിയായിരുന്നു ഷാ. മുസഫറാബാദില്‍ കൂലിപ്പണിക്കാരനായി ജീവിതം കരുപ്പിടിപ്പിക്കുകയും ബധിരയും മൂകയുമായ മകളുള്ള ഒരു വിധവയെ കല്യാണം കഴിച്ച് തന്നിലെ യഥാര്‍ഥ മനുഷ്യനെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത ലിയാഖത്തിനെ കുറിച്ചാണ് കുടുംബത്തിനും കശ്മീര്‍ പോലീസിനും അറിയുന്നത്. ഉമര്‍ അബ്ദുല്ല പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ആദ്യഭാര്യയുടെ കൂടി നിര്‍ബന്ധത്തിന്റെ ഭാഗമായി തന്റെ രണ്ടാം ഭാര്യയെയും നിരാലംബയായ വളര്‍ത്തുമകളെയും കൊണ്ട് ഇന്ത്യയിലേക്ക് കുടുംബസമേതം പുറപ്പെട്ട ലിയാഖത്ത് അലി ഷാ പക്ഷേ അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ഹിസ്ബുല്‍ മുജാഹിദീന്റെ വക്കാലത്തു ഏറ്റെടുത്തിരുന്നുവെന്നാണ് പോലീസ് അവകാശവാദം.
ഇരകളുടെ കൂട്ടത്തിലെ ഞൊണ്ടിയെയോ ഒറ്റപ്പെട്ടതിനെയോ ഓടിച്ചിട്ടു പിടിക്കുന്ന കഴുതപ്പുലികളെയാണ് ദല്‍ഹി പോലീസ് അനുസ്മരിപ്പിച്ചത്. പുനരധിവാസ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ കൈമാറാനായി ആരും അതിര്‍ത്തിയിലെത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് അവര്‍ 'ചോര' മണത്തത്. മറ്റു രേഖകള്‍ കൈയിലില്ലെന്ന് ഉറപ്പു വരുത്താനായി ഇയാളുടെ ബാഗ് പലതവണ അരിച്ചു പെറുക്കി. പാകിസ്താനില്‍ നിന്നും നേപ്പാള്‍ വഴി കീഴടങ്ങാനെത്തിയ 300 അംഗ സംഘത്തില്‍ നിന്നും ലിയാഖത്തിനെയും കുടുംബത്തെയും പതുക്കെ അടര്‍ത്തിമാറ്റി. എന്നിട്ട് വളരെ സൗഹാര്‍ദപൂര്‍ണമായി ഇവര്‍ക്ക് പ്രഭാതഭക്ഷണം വാങ്ങിക്കൊടുത്ത് പാട്ടിലാക്കി. ലിയാഖത്ത് ഉടനെ ഒപ്പം ചേരുമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ ജമ്മുവരെ അനുഗമിച്ച പോലീസ് സംഘം അവരെ കുപ്‌വാരയിലേക്ക് വാഹനം കയറ്റിവിട്ടു. ഇര കെണിയില്‍ വീണുവെന്ന് ഉറപ്പായ പോലീസിന്റെ മനോവൈകൃതങ്ങള്‍ അപസര്‍പ്പക കഥ പോലെ ഇതള്‍ വിടരുന്നതാണ് പിന്നീട് കണ്ടത്. ഹോളിദിവസം ദല്‍ഹിയില്‍ 'ചോരക്കളി' നടത്താനെത്തിയ ഈ 'ഫിദായീന്‍ ഭീകരന്റെ' ചങ്ങലക്കിട്ട ചിത്രം വിജിഗീഷുക്കളെ പോലെ തോക്കുമായി ചിരിച്ച് നില്‍ക്കുന്ന പോലീസുകാരോടൊപ്പം പിറ്റേന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ദിവസങ്ങളായി പോലീസ് ഇയാളെയും കാത്ത് നേപ്പാള്‍ അതിര്‍ത്തിയില്‍ തമ്പടിച്ചു കിടക്കുകയായിരുന്നുവത്രെ! ദല്‍ഹിയിലെ ഒരു ഹോട്ടലിലേക്ക് തന്റെ കിങ്കരന്മാരിലൊരാളെ നേരത്തെ തന്നെ എ.കെ 47 തോക്കുകളുമായി പറഞ്ഞയച്ചിരുന്നുവത്രെ! 'ഫോണ്‍ സന്ദേശം ചോര്‍ത്തിയ' പോലീസ് തക്ക സമയത്ത് നടത്തിയ റെയ്ഡിലൂടെ ഈ ആയുധങ്ങള്‍ കണ്ടെടുത്തു! ഹോട്ടല്‍ റിസപ്ഷന്റെ ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ പ്രത്യേക തൊപ്പി ധരിച്ചെത്തിയ ഈ 'കിങ്കരനെ' പക്ഷേ പോലീസിന് കണ്ടെത്താനായില്ല. പതിവു പോലെ അയാളുടെ രേഖാ ചിത്രം പുറത്തുവിട്ടു.
പോലീസ് പറയുന്നതനുസരിച്ചാണെങ്കില്‍ പുരാനി ദല്‍ഹിയിലെ 'ഖാസി അറാഫാത്ത്' ഹോട്ടലിനെ കുറിച്ചും അവിടെ ആയുധമെത്തിച്ച 'അനുചരരെ' കുറിച്ചുമൊക്കെ നല്ല അറിവുണ്ടാകേണ്ടിയിരുന്ന ആളാണ് ലിയാഖത്ത് അലി. ഇദ്ദേഹത്തെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആയുധശേഖരം പിടികൂടിയതെന്നാണല്ലോ അവകാശവാദം. എന്തുകൊണ്ട് ഈ സഹായികളെ കണ്ടെത്താനായില്ല? ലിയാഖത്തിനെ ചോദ്യം ചെയ്താല്‍ കിട്ടാവുന്ന ആദ്യത്തെ വിവരമല്ലേ ഇവര്‍ ആരാണെന്നത്? നേപ്പാളില്‍ വിമാനമിറങ്ങിയതിനു ശേഷം ഇവരുടെ ടെലിഫോണ്‍ നമ്പറുകളിലേക്കല്ലേ ലിയാഖത്ത് ആദ്യം വിളിച്ചിട്ടുണ്ടാവുക? ലിയാഖത്തിനെയും നോട്ടമിട്ട്, അയാളുടെ ടെലിഫോണ്‍ കോളുകളും ചോര്‍ത്തി അതിര്‍ത്തിയില്‍ 'കാത്തുകിടന്ന' പോലീസിന് അടുത്ത നിമിഷം ദല്‍ഹിയില്‍ നിന്നും ഈ മാരണങ്ങളെ കൈയോടെ പിടികൂടാമായിരുന്നില്ലേ? ആയുധം കൊണ്ടുവെച്ചത് ലിയാഖത്തിനു വേണ്ടിയാണെന്ന ആരോപണം ഇതോടെ കൂടുതല്‍ ഗൗരവപൂര്‍ണമായി മാറുകയാണ്. ഈ വ്യക്തിയെ ലിയാഖത്തിന് അറിയുന്നതിനേക്കാളുപരി ദല്‍ഹി പോലീസ് കമീഷണര്‍ ശ്രീവാസ്തവക്കാണ് കൂടുതല്‍ അറിയാമായിരുന്നത് എന്നാണ് സംശയിക്കേണ്ടി വരുന്നത്. ആരോ കൊണ്ടുവെച്ച ആയുധത്തിനു വേണ്ടി ദല്‍ഹി പോലീസ് ഒരുത്തനെ പിടികൂടി. അല്ലെങ്കില്‍ കെണിയിലകപ്പെട്ട ഒരുത്തനു വേണ്ടി പോലീസിന്റെ അറിവോടെ ആയുധം ആരോ കൊണ്ടുവെച്ചു. ഒന്നാമത്തേതാണ് കേസെന്ന് വെക്കുക. എങ്കില്‍ ഉമര്‍ അബ്ദുല്ലയും ജമ്മു കശ്മീര്‍ പോലീസും ലിയാഖത്തിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കിയ സ്ഥിതിക്ക് ബാക്കിയാവുന്ന പ്രധാനപ്പെട്ട ഒരു സംശയമുണ്ട്. എങ്ങനെയാണ് ഹോട്ടലില്‍ ആയുധമുണ്ടെന്ന് പോലീസ് അറിഞ്ഞതെന്ന്. ഈ ചോദ്യത്തിന് ഇനി ശ്രീവാസ്തവ ഉത്തരം പറഞ്ഞേ മതിയാകൂ. കേസ് രണ്ടാമത്തേതാണെങ്കിലുമുണ്ട് കുഴപ്പം. അക്കൗണ്ടില്‍ പെടാത്ത ആയുധങ്ങളാണ് ഈ ആവശ്യാര്‍ഥം ഉപയോഗിച്ചതെന്ന് സംശയിക്കേണ്ടി വരുന്നു. ആരാണ് ഈ അജ്ഞാതന്‍? ആരുടേതാണ് ഈ ആയുധങ്ങള്‍?
ഭീകരന്‍, എ.കെ 47, ആര്‍.ഡി.എക്‌സ്, ഫിദായിന്‍... എത്രയെത്ര കാപട്യങ്ങളാണ് ഇങ്ങനെ ഭരണകൂടം ഉണ്ടാക്കിയെടുത്തത്? അഫ്‌സല്‍ ഗുരു, ലിയാഖത്ത് അലി എത്രയെത്ര ഇരകള്‍? റിയാസ് ഭട്കല്‍, അബൂ ജിണ്ടാല്‍, അബ്‌റാര്‍ അഹ്മദ്... എത്രയെത്ര ദുരൂഹ കഥാപാത്രങ്ങള്‍? ഭരണകൂട സിദ്ധാന്തങ്ങളെ രക്ഷിച്ചെടുക്കാനായി ഭീകരവാദ കേസുകളുടെ വിചാരണ വേഗത്തിലാക്കുമെന്നാണ് ഒടുവില്‍ കേള്‍ക്കാനുള്ളത്. കള്ളക്കേസുകളില്‍ കുടുങ്ങിയവരെ ജയിലുകളില്‍ നിന്ന് തുറന്നു വിടുന്നതിനെ കുറിച്ച ചര്‍ച്ചകളെ അതിവേഗ നീതി എന്ന ഈ അപ്പത്തുണ്ട് കാണിച്ച് മയക്കിക്കിടത്തുകയാണ് സര്‍ക്കാര്‍. നീതിവാഴ്ചയെ കുറിച്ച വ്യാമോഹങ്ങള്‍ അവിടെ നില്‍ക്കട്ടെ. പട്ടാപ്പകല്‍ ഇവ്വിധം നരവേട്ടക്കിറങ്ങുന്ന ശ്രീവാസ്തവമാര്‍ക്ക് ചുരുങ്ങിയപക്ഷം സര്‍വീസ് മെഡലുകള്‍ നല്‍കാതിരിക്കുകയെങ്കിലും ചെയ്യാന്‍ ്രശദ്ധിക്കുമോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍