Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

ഇതൊരു ദൈവികസ്ഥാപനം

ശൈഖ് മുഹമ്മദ് കാരകുന്ന്

സമൂഹത്തിന്റെ ഏറ്റം ചെറിയ ഘടകമാണ് കുടുംബം. അത് ഭദ്രമായാല്‍ സമൂഹം സുരക്ഷിതമാകും. ശിഥിലമായാല്‍ സമൂഹവും തകരും. ഏതൊരു മനുഷ്യന്റെയും ഭൂമിയിലെ ഏറ്റം വലിയ അവലംബം കുടുംബമാണ്. അവന് കാര്യമായതൊക്കെയും കിട്ടുന്നത് അവിടെനിന്നാണ്. അന്നപാനീയങ്ങള്‍ തൊട്ട് ലൈംഗിക സുഖം വരെ സമ്മാനിക്കുന്നത് കുടുംബമാണ്. ഏറ്റവും കൂടുതല്‍ സ്‌നേഹവും പരിലാളനയും പരിഗണനയും കിട്ടുന്നതും അവിടെ നിന്നുതന്നെ. അതിനാല്‍ ഏവര്‍ക്കും ഏറെ സന്തോഷവും സുരക്ഷിതത്വവും അനുഭവപ്പടുക കുടുംബത്തോടൊന്നിച്ചു കഴിയുമ്പോഴാണ്. കുടുംബം കഴിയുന്ന ഇടം വീടാണല്ലോ. അതിനെ ശാന്തിസദനമെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
ഖുര്‍ആനില്‍ അല്ലാഹു സ്വയം പരിചയപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പദം കാരുണ്യം എന്നര്‍ഥം വരുന്ന റഹ്മ് ആണ്. കുടുംബത്തിന് അവന്‍ നല്‍കിയ പേരും അതുതന്നെ (8:75, 33:6).
ഇക്കാര്യം നബി(സ) ഇങ്ങനെ വ്യക്തമാക്കുന്നു: അബ്ദുര്‍റഹ്മാനുബ്‌നുഔഫില്‍നിന്ന് നിവേദനം: ''അല്ലാഹു പറഞ്ഞു: ഞാന്‍ അല്ലാഹുവാണ്. ഞാന്‍ പരമകാരുണിക(റഹ്മാന്‍)നാണ്. ഞാന്‍ കുടുംബ ബന്ധത്തെ (റഹ്മ്) സൃഷ്ടിച്ചു. എന്റെ പേരിനെ പകുത്ത് ഞാനതിന് എന്റെ പേര് നല്‍കി. അതിനാല്‍ ആര്‍ കുടുംബബന്ധം ചേര്‍ത്തുന്നുവോ ഞാന്‍ അവനുമായി ബന്ധം സ്ഥാപിക്കും. ആര്‍ ബന്ധം വിഛേദിക്കുന്നുവോ അവനുമായുള്ള ബന്ധം ഞാനും മുറിച്ചു മാറ്റും.''
അല്ലാഹു, തന്റെ കാര്യത്തില്‍ മനുഷ്യന്‍ പുലര്‍ത്തുന്ന സൂക്ഷ്മത കുടുംബബന്ധത്തിന്റെ കാര്യത്തിലും വേണമെന്ന് ആജ്ഞാപിക്കുന്നു: ''ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്, അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'' (4:1).
നമസ്‌കാരം ഉള്‍പ്പെടെ ആരാധനാനുഷ്ഠാനങ്ങളുടെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലില്ല. എന്നാല്‍, കുടുംബവുമായി ബന്ധപ്പെട്ട എല്ലാം അതിലുണ്ട്. വിവാഹം, വിവാഹമോചനം, ഇദ്ദ, മുലകുടി ബന്ധം, വിവാഹ ബന്ധം നിഷിദ്ധമായവര്‍, ഇണകള്‍ക്കിടയിലെ സമീപനം, മാതാപിതാക്കളോടുള്ള സമീപനം, അടുത്ത ബന്ധുക്കളോടുള്ള കടപ്പാട് തുടങ്ങി അനന്തരാവകാശ നിയമങ്ങള്‍ വരെ വിശദീകരിക്കപ്പെട്ടിരിക്കുന്നു.
കുടുംബത്തിന് ഇസ്‌ലാം വളരെ വലിയ പ്രാധാന്യമാണ് നല്‍കിയത്. മറ്റേത് ബന്ധത്തെക്കാളും പ്രധാനം അതാണെന്നും രക്തബന്ധുക്കളാണ് ഏറ്റം കൂടുതല്‍ അടുത്തവരെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊത്ത് ദൈവമാര്‍ഗത്തില്‍ പോരാട്ടം നടത്തുകയും ചെയ്തവരും നിങ്ങളോടൊപ്പം തന്നെ. എങ്കിലും ദൈവിക നിയമമനുസരിച്ച് രക്തബന്ധമുള്ളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്'' (8:75).
കുടുംബബന്ധം മുറിക്കുന്നത് കൊടിയ കുറ്റമാണ്. ദൈവകോപത്തിനും ശാപത്തിനും കാരണവും. അല്ലാഹു പറയുന്നു: 'നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെ എന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബബന്ധങ്ങളെ മുറിച്ച് കളയുകയും? അത്തരക്കാരെയാണ് അല്ലാഹു ശപിക്കുന്നത്. അങ്ങനെ അവനവരെ ചെവി കേള്‍ക്കാത്തവരും കണ്ണു കാണാത്തവരുമാക്കി'' (47:23). മാതൃ സഹോദരിയുമായി പിണങ്ങിയ ഒരാള്‍ സദസ്സിലിരുന്നപ്പോള്‍ നബി(സ), കുടുബബന്ധം വിഛേദിച്ചവന്‍ സദസ്സിലിരിക്കരുതെന്ന് നിര്‍ദേശിച്ചതായി അബ്ദുല്ലാഹിബ്‌നു അബീഔഫ് പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് പിണക്കം തീര്‍ത്തു വരാന്‍ നബി(സ) ആവശ്യപ്പെട്ടു. അങ്ങനെ അയാള്‍ പോയി ബന്ധം ശരിപ്പെടുത്തി വന്നപ്പോള്‍ നബി തിരുമേനി പറഞ്ഞു: കുടുംബബന്ധം മുറിച്ചവന്‍ ഉള്‍പ്പെടുന്ന ജനതയെ അല്ലാഹു അനുഗ്രഹിക്കുകയില്ല.
കുടുംബബന്ധം വിഛേദിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നും അവിടുന്ന് വ്യക്തമാക്കുന്നു. അബൂ മുഹമ്മദ് ജുബൈറുബ്‌നു മത്വ്അമില്‍ നിന്ന് നിവേദനം: നബി തിരുമേനി പറയുന്നു: ''കുടുംബബന്ധം മുറിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).
അടുത്ത ബന്ധുക്കള്‍ക്കുള്ള സഹായം ഔദാര്യമല്ലെന്നും മറിച്ച് അതവരുടെ അവകാശമാണെന്നും നല്‍കുന്നവരുടെ ബാധ്യതയാണെന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: ''അടുത്ത ബന്ധുവിന് അവന്റെ അവകാശം നല്‍കുക'' (17:26, 30:38).
എന്നാല്‍, മുതലാളിത്തം ഇന്ന് എല്ലാം തകിടം മറിച്ചിരിക്കുന്നു. മനുഷ്യ ബന്ധങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് കുടുംബഘടനയെയാണ്. മുതലാളിത്തത്തിന്റെ അടിസ്ഥാനമായ കമ്പോള സംസ്‌കാരം എല്ലാറ്റിനെയും വ്യാപാരവത്കരിച്ചു. വ്യക്തികളെ കുടുംബത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അവനെ ഉപഭോക്താവാക്കി മാറ്റി. വാടക ഗര്‍ഭപാത്രത്തില്‍നിന്നാരംഭിച്ച് ഡേകെയര്‍ സെന്ററിലൂടെ കടന്നുവന്ന് വൃദ്ധസദനം വരെ എത്തി നില്‍ക്കുന്നു ഈ വ്യാപാരവത്കരണം. വ്യക്തികള്‍ക്ക് കുടുംബത്തില്‍നിന്ന് കിട്ടുന്നതൊക്കെ നല്‍കുന്ന കമ്പോള കേന്ദ്രങ്ങള്‍ രൂപംകൊണ്ടു. മുലപ്പാല്‍ ബാങ്ക് തൊട്ട് ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ വരെ അതിന്റെ ഭാഗമായി. പടിഞ്ഞാറന്‍ നാടുകളിലാണ് ഇത് സാര്‍വത്രികം.
നമ്മുടെ നാട്ടില്‍ ഈ അവസ്ഥ രൂപപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ സ്വാധീനത്തില്‍നിന്ന് കേരളീയ സമൂഹവും തീര്‍ത്തും മുക്തമല്ല. കുട്ടികള്‍ ശാപവും ശല്യവുമാണെന്ന പാശ്ചാത്യ കാഴ്ചപ്പാടിന്റെ സ്വാധീനഫലമായി കുട്ടികള്‍ നാലോ അഞ്ചോ കൂടുതലോ ഉണ്ടാകുന്നത് ശല്യവും ശാപവും മാത്രമല്ല, അപമാനം കൂടിയാണെന്ന അവസ്ഥ ഇവിടെയും രൂപപ്പെട്ടിരിക്കുന്നു. ഒരു സെന്റ് ഭൂമിയുടെ വിലയും അന്തസ്സും മനുഷ്യക്കുഞ്ഞിനില്ലെന്നതല്ലേ വസ്തുത? നഗര മധ്യത്തില്‍ എട്ട് സെന്റ് ഭൂമിയുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന പോലെ എട്ടു കുട്ടികളുണ്ടെന്ന് ആരെങ്കിലും അഭിമാനത്തോടെ പറയുമോ? കുട്ടികള്‍ കൂടുന്നത് അപമാനമായും കുറയുന്നത് അന്തസ്സായുമല്ലേ മുസ്‌ലിംകള്‍ പോലും കാണുന്നത്? കുടുംബം എന്ന സ്ഥാപനത്തിന്റെ മഹത്വം കെടുത്തുന്നതില്‍ ആധുനിക ഭൗതികത ഇവിടെയും വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണിത് കാണിക്കുന്നത്.
ഭൗതികതയില്‍ ജീവിതം ശരീരകേന്ദ്രീകൃതമാണ്. തിന്നലും കുടിക്കലും ഭോഗിക്കലും സുഖിക്കലുമാണതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മാധുര്യവും മഹത്വവും ഏറെ പേര്‍ക്കും അജ്ഞാതവും അപ്രാപ്യവുമാണ്. തദ്ഫലമായി കുടുംബാംഗങ്ങള്‍ പോലും പരസ്പരം സേവനത്തിനോ ത്യാഗം സഹിക്കാനോ സഹകരിക്കാനോ സന്നദ്ധമാവാതായിരിക്കുന്നു. ഇണകള്‍ക്കിടയിലും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയിലും സഹോദരീ സഹോദരന്മാര്‍ക്കിടയിലുമൊക്കെയുള്ള പരസ്പര സഹകരണവും സേവനവും ലാഭചേതങ്ങളുടെയും പ്രയോജനാത്മകതയുടെയും അടിസ്ഥാനത്തിലായിരിക്കുന്നു. ഇതും കുടുംബഘടനയെ വളരെയേറെ പ്രതികൂലമായി ബാധിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ കുടുംബം ഒരു ദൈവിക സ്ഥാപനമാണെന്നും അതിന്റെ അടിസ്ഥാനം സ്‌നേഹവും കാരുണ്യവുമാണെന്നുമുള്ള ഇസ്‌ലാമികാധ്യാപനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് അതിനെ ഭദ്രവും ആരോഗ്യകരവും സന്തുഷ്ടവും സംതൃപ്തവുമാക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍