Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

ഞാന്‍ പോലീസ് കള്ളക്കഥകളുടെ ബലിയാട്‌

മുതീഉര്‍റഹ്മാന്‍ സിദ്ദീഖി/ യാസര്‍ ഖുത്വ്ബ് ബംഗളുരു

ആറു മാസത്തെ തടങ്കല്‍ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ അന്നുതന്നെ മുതീഉര്‍റഹ്മാന്‍ സിദ്ദീഖിയെ എസ്.ഐ.ഒ കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് തൗസീഫ് അഹ്മദിന്റെ കൂടെ പോയി സന്ദര്‍ശിച്ചു. ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്ര പ്രതികരണങ്ങള്‍ തളംകെട്ടി നില്‍ക്കുന്ന വൈകാരികമായ അന്തരീക്ഷം. എന്നാല്‍, എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) കണ്‍വീനര്‍ ഇര്‍ശാദ് അഹ്മദ് ദേശായിയും അഭിഭാഷകന്‍ അക്മല്‍ റിസ്‌വിയും ജയില്‍മോചിതനായ മറ്റൊരു സഹോദരന്‍ മുഹമ്മദ് യൂസുഫ് നാല്‍ബന്തിയും, മുന്നില്‍ വെച്ച മധുരം കഴിക്കാതെ നിര്‍നിമേഷരായി ഇരിക്കുന്നു. വികാരങ്ങളുടെ വേലിയേറ്റങ്ങളിലുണ്ടാകുന്ന ഒരുതരം നിര്‍വികാരത. എന്നാല്‍,ഞങ്ങളെ കണ്ട ഉടനെ മുതീഉര്‍റഹ്മാന്‍ ഇങ്ങോട്ട് പറഞ്ഞു തുടങ്ങി.
''അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതല്ലാതെ ഒന്നും സംഭവിക്കില്ല. അവന്‍ ഒരാള്‍ക്ക് നന്മയോ തിന്മയോ ഉദ്ദേശിച്ചാല്‍ അത് തടയാനും ആര്‍ക്കും കഴിയില്ല. മുസീബത്തുകളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കാത്ത പല നന്മകളും അവന്‍ തന്റെ അടിമക്ക് നല്‍കുന്നു. അങ്ങനെയാണല്ലോ ഹദീസുകള്‍ പറയുന്നത്. അതിനാല്‍ അല്ലാഹുവിന് ആയിരം സ്തുതികള്‍. എ.പി.സി.ആറിന്റെ നിയമ പോരാട്ടം, അതിനപ്പുറം അല്ലാഹുവിന്റെ തീരുമാനവും ഞങ്ങളെ ഇന്ന് മോചിതരാക്കി. അല്‍ഹംദുലില്ലാഹ്. ഇന്ന് ഞാന്‍ ഏറ്റവും ഭാഗ്യവാനാണ്.
ഇനി രണ്ടു ദിവസം അനുഭവങ്ങള്‍ പങ്കുവെക്കല്‍ തന്നെയല്ലേ ജോലി. ചോദിച്ചോളൂ.'' ക്ഷീണിതനെങ്കിലും ചിരിക്കുന്ന മുഖത്തോടെ മുതീഉര്‍റഹ്മാന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യാന്‍ സാഹചര്യം ഒരുക്കിയ എന്തെങ്കിലും ചെറിയ കാരണങ്ങള്‍ ഉണ്ടായിരുന്നോ?
ഇല്ല. ഒരു കാരണവും ഇല്ലായിരുന്നു. അതുതന്നെയാണ് ഈ കേസിന്റെ പ്രത്യേകത. ഞങ്ങള്‍ എന്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്തിനായിരുന്നെന്ന് പോലീസിനും തെളിയിക്കാന്‍ കഴിയാതെ വന്നതിനാല്‍ ഞങ്ങള്‍ സ്വതന്ത്രരായി.

പിന്നെ എന്ത് കാരണം പറഞ്ഞായിരുന്നു അറസ്റ്റ് നടത്തിയത്?
പതിവു പോലെ ജോലി കഴിഞ്ഞ് വന്ന് രാത്രി ഉറങ്ങി. രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളില്‍ മുഴുകിയ സമയത്തായിരുന്നു പോലീസ് വന്നത്. പോലീസുകാര്‍ യൂനിഫോമില്‍ ആയിരുന്നില്ല. ആ കൂട്ടത്തിലെ ഒരു പോലീസ് കമീഷണറെ മുമ്പ് പല പൊതു പരിപാടികളിലും വെച്ച് കണ്ടതിനാല്‍ എനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. എന്തിനാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചെങ്കിലും ഒരു പോലീസുകാരനും വ്യക്തമായ മറുപടി പറഞ്ഞില്ല. ബ്രേക്ക് ഫാസ്റ്റും കുളിയും കഴിയാത്ത ഞങ്ങളെല്ലാവരും നൈറ്റ് ഡ്രസ്സില്‍ ആയിരുന്നു. അപേക്ഷിച്ചപ്പോള്‍ പാന്റ്‌സ് ധരിക്കാന്‍ സമയം തന്നു. ബാത്ത് റൂമില്‍ ബ്രഷ് ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടുകാരനെ ബലമായി പിടിച്ചിറക്കി. തുടര്‍ന്ന് ഒരു പ്രൈവറ്റ് കാബില്‍ നിര്‍ബന്ധിച്ച് കയറ്റി കൊണ്ടുപോവുകയായിരുന്നു. അറസ്റ്റ് വാറണ്ടും ഉണ്ടായിരുന്നില്ല. അറസ്റ്റ് എന്ന് പറയാന്‍ പറ്റില്ല. ശരിക്കും ഒരു കിഡ്‌നാപ്പ് ആയിരുന്നു. ജെ.സി നഗറിലെ ഞങ്ങളുടെ റൂമിലുള്ള അഞ്ചു പേരെ കൂടാതെ മാരിയപ്പ ഗാര്‍ഡനില്‍ താമസിച്ചിരുന്ന രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമപരമായ നടപടികള്‍ ഒന്നും തന്നെ പോലീസ് പാലിച്ചില്ല എന്നാണോ?
അതെ, അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നില്ല. കാരണം എന്തെന്ന് ചോദിച്ചെങ്കിലും അതിന് ഉത്തരം പറഞ്ഞില്ല. സി.സി.ബി(സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്) ബംഗളുരുവിന്റെ എഫ്.ഐ.ആര്‍ പ്രകാരം ഞങ്ങളെ അറസ്റ്റ് ചെയ്ത സമയം രേഖപ്പെടുത്തിയിരുന്നത് ആഗസ്റ്റ് 29 വൈകീട്ട് 3.30 എന്നാണ്. യഥാര്‍ഥത്തില്‍ രാവിലെ ഒമ്പത് മണിക്കായിരുന്നു അറസ്റ്റ്. അതിന് പരിസരവാസികളും സാക്ഷികളാണ്. മാരിയപ്പ ഗാര്‍ഡനില്‍ നിന്ന് പിടികൂടിയ രണ്ട് പേര്‍ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയതെന്ന് പോലീസുകാര്‍ മീഡിയയോട് പറഞ്ഞു. അവരുടെ കൈകളില്‍ തോക്ക് ഉണ്ടായിരുന്നെന്നും (തോക്ക് കഥയും ശുദ്ധ അസംബന്ധമായിരുന്നു). യഥാര്‍ഥത്തില്‍ അവരെയും റൂമില്‍നിന്ന് തന്നെയായിരുന്നു അറസ്റ്റ് ചെയ്തത്. മാത്രമല്ല പോലീസ് ഹാജരാക്കിയ നമ്പറില്‍ ബംഗളുരുവില്‍ ഒരു ഓട്ടോറിക്ഷ തന്നെ ഇല്ലായിരുന്നു എന്നും പിന്നീട് തെളിഞ്ഞു. പോലീസ് അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണല്ലോ നിയമം. ഇതും അവര്‍ ലംഘിച്ചു. ഞങ്ങളെ അടുത്ത ദിവസം രാത്രി 11 മണിയോടെയാണ് ഹാജരാക്കിയത്. അതായത് 36 മണിക്കൂര്‍ കഴിഞ്ഞ്.

മാന്‍ മിസ്സിംഗിനെതിരെ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിക്ക് എന്താണ് സംഭവിച്ചത്?
അപ്പോഴും പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക്, തങ്ങള്‍ക്കെതിരെ ചാര്‍ത്തിയ കുറ്റം എന്താണെന്ന് അറിയില്ലായിരുന്നു. മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളും ഞങ്ങള്‍ക്ക് കാണാന്‍ അവസരമില്ലായിരുന്നു. ഹരജിയെല്ലാം കൊടുത്തത് ഞങ്ങള്‍ പിന്നീടാണ് അറിയുന്നത്. കുറ്റം രാജ്യദ്രോഹവും ടെററിസവും എന്ന് പോലീസ് വാദിച്ചതിനാലാവാം അതും തള്ളിപ്പോയി. രണ്ടാമത്തെ ദിവസം മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കുന്നതിന് വേണ്ടി പോലീസ് ഞങ്ങളെ സെല്ലിന് പുറത്ത് എത്തിച്ചു. ഞങ്ങളുടെ റൂമില്‍ ഉണ്ടായിരുന്ന ലാപ്‌ടോപ്പ്, മൊബൈല്‍, മെമ്മറി കാര്‍ഡ്, പേഴ്‌സ് എന്നിവയും മഡിവാള പോലീസ് സ്റ്റേഷനില്‍ കണ്ടു. കോടതിയില്‍ പോകുന്നതിന് മുമ്പായി ചാര്‍ജ് പെറ്റീഷന്‍ നോട്ടീസ് വായിച്ചു. അല്‍ഖാഇദ ട്രെയിനിംഗ് കഴിഞ്ഞ, ഹര്‍കത്തുല്‍ മുജാഹിദീനുമായും ഇന്ത്യന്‍ മുജാഹിദീനുമായും ബന്ധമുള്ള കൊടും ഭീകരന്‍! പല ഉന്നതരെയും വധിക്കാന്‍ പ്ലാന്‍ ചെയ്ത മാസ്റ്റര്‍ ബ്രെയിന്‍!!. അത് വായിച്ചു ഞാന്‍ ശരിക്കും ഞെട്ടിത്തരിച്ചു. കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ. സ്വപ്നത്തില്‍ പോലും കരുതാത്ത കേസുകള്‍. മനസ്സില്‍ ഭീതിയുടെ പെരുമ്പറ. എങ്കിലും പ്രതീക്ഷയോടെ സര്‍വശക്തനില്‍ ഭരമേല്‍പിച്ചു. ഹസ്ബുനല്ലാഹു വനിഅ്മല്‍ വകീല്‍....

പോലീസ് കസ്റ്റഡിയില്‍ വെച്ച് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍?
കൂടുതല്‍ ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 13 വരെ മജിസ്‌ട്രേറ്റ് കാലാവധി നീട്ടി. ശാരീരിക പീഡനങ്ങള്‍ എനിക്ക് അധികം ഉണ്ടായിട്ടില്ല. എന്നാലും ശരിക്കും ഭീതിതമായ അന്തരീക്ഷമായിരുന്നു. 4x8 അടി വിസ്താരമുള്ള കൊച്ചു സെല്‍. ചിലപ്പോള്‍ നാലു പേര്‍ വരെ ഒരൊറ്റ മുറിയില്‍. പോലീസ് ഓഫീസര്‍മാരുടെ മാറി മാറിയുള്ള ചോദ്യം ചെയ്യല്‍. പലര്‍ക്കും കടുത്ത ശാരീരിക പീഡനങ്ങള്‍ ഏറ്റു. ശൈത്യകാലത്ത് ചിലര്‍ക്കെങ്കിലും വിവസ്ത്രരായി വെറും നിലത്ത് കിടക്കേണ്ടിവന്നു.

എന്തായിരുന്നു പോലീസുകാരുടെ ചോദ്യങ്ങള്‍?
ആദ്യം വ്യക്തിപരമായ കാര്യങ്ങള്‍- പേര്, ജോലി, കുടുംബം തുടങ്ങിയവ അന്വേഷിക്കും. എന്താണ് നിങ്ങളുടെ പ്ലാന്‍, ആരെ എപ്പോള്‍ വധിക്കാനായിരുന്നു ശ്രമം, തോക്ക് കൊണ്ട് ആരെ വധിക്കാന്‍ പ്ലാന്‍ ചെയ്തു എന്നെല്ലാം തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരുന്നു. എനിക്ക് ഗൂഢ ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും തോക്ക് ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ലെന്നും കേണ് പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. ഇങ്ങനെ 23ഓളം അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു.

പിന്നീട് എപ്പോഴാണ് ജയിലിലേക്ക് മാറ്റിയത്, ജയിലിലെ അനുഭവങ്ങള്‍?
30 ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം സെപ്റ്റംബര്‍ 27-ന് വൈകുന്നേരമാണ് ഞങ്ങളെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്. അവിടെ കുറച്ചൊക്കെ മര്യാദയുള്ള ജയിലധികാരികളെയാണ് കണ്ടത്. നിയമപരമായി ജയില്‍പുള്ളികള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ നല്‍കാന്‍ അവര്‍ സദാ ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് പറയാതെ വയ്യ. വൃത്തിയുള്ള 15x13 അടി ബാരക്കുകള്‍ ആയിരുന്നു ഓരോരുത്തര്‍ക്കും അനുവദിച്ചത്. ഒരു സെല്ലില്‍ ഒരാള്‍ മാത്രം. സെല്ലില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്തതിലുള്ള മനോവിഷമവും പിന്നെ പുറംലോകവുമായി ബന്ധമില്ലാത്ത ഏകാന്ത വാസവും. കേസിനെ കുറിച്ച ആകുലതകള്‍ വേറെയും. കുടുംബക്കാരുടെയും എ.പി.സി.ആര്‍ പ്രവര്‍ത്തകരുടെയും ഇടക്കിടെയുള്ള സന്ദര്‍ശനവും പിന്തുണയും ആ സമയങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കി. അവര്‍ പുസ്തകങ്ങളും വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങളും എത്തിച്ചുതന്നിരുന്നു. പുസ്തക വായന, പദപ്രശ്‌നം പൂരിപ്പിക്കല്‍, സുഡോകോ കളി, നമസ്‌കാരം, ദിക്ര്‍ അങ്ങനെയായിരുന്നു സമയം ചെലവഴിച്ചിരുന്നത്. വൈകുന്നേരങ്ങളിലാണ് പത്രം ലഭിച്ചിരുന്നത്. ജയില്‍ മറ്റൊരു ലോകം തന്നെയാണ്. അവിടെ എത്തിയാലേ നാം സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിയൂ.

എന്തായിരുന്നു അന്വേഷണ ഏജന്‍സികളുടെ ചോദ്യങ്ങള്‍?
പലതും അസംബന്ധങ്ങളും സാമാന്യ ബോധത്തെ പരിഹസിക്കുന്നതുമായിരുന്നു. ഒരു പക്ഷേ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള തെറ്റിദ്ധാരണയില്‍ നിന്നുമാവാം അത് ഉടലെടുക്കുന്നത്. ഉര്‍ദു ഭീകരരുടെ ഭാഷ അല്ലേ? താങ്കള്‍ റിലീജിയസ് ആണോ? ഖുര്‍ആന്‍ വായിക്കാറുണ്ടോ? നമസ്‌കരിക്കാറുണ്ടോ? എന്താണ് ഇന്ത്യന്‍ ജിഹാദ്? നീ ജിഹാദി അല്ലേ? പാകിസ്താന്‍ ഫാന്‍ അല്ലേ? ഒരുവിധം എല്ലാവരും ഈ ചോദ്യങ്ങള്‍ തന്നെ ചോദിച്ചു.

താങ്കള്‍ ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാണല്ലോ? ഭീകരവേട്ടയുടെ കഥകള്‍ മെനയുന്നതില്‍ മീഡിയയുടെ പങ്ക്? താങ്കളെ ഈ കേസില്‍ പിടികൂടിയപ്പോള്‍ താങ്കളുടെ മുറിയിലെ അടുക്കളയുടെ ഫോട്ടോ അടക്കം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയെ പോലുള്ള പത്രങ്ങളെക്കുറിച്ച് എന്ത് പറയുന്നു?
ലജ്ജാകരം എന്നല്ലാതെ മറ്റെന്തു പറയാന്‍. പോലീസ് പറയുന്നതെന്തും അന്വേഷിക്കാതെ പത്രങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നു. ചില പത്രങ്ങള്‍ ഇല്ലാത്തതും എഴുതും. 'പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു' എന്ന പേരിലാണ് കള്ളവാര്‍ത്ത നിര്‍മിക്കുക. അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അവര്‍ അങ്ങനെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പറയും. എന്നാല്‍, അത് തിരുത്തി വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ തയാറാവുകയുമില്ല. എന്റെ കേസിലും അതിന് ഉദാഹരണങ്ങളുണ്ട്. അപ്പോഴേക്കും ഇരയുടെ ജീവിതം തന്നെ തകര്‍ന്നിരിക്കും. ഇത്തരം ഇല്ലാത്ത അജ്ഞാത കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിംഗ് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം.

താങ്കള്‍ പാകിസ്താന്‍ സന്ദര്‍ശിച്ചു, ഇറാനില്‍ പോകാന്‍ പദ്ധതി തയാറാക്കി എന്നെല്ലാം പോലീസും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് എന്ത് പറയുന്നു?
സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ഫേബ്രിക്കേറ്റ് ചെയ്യുകയായിരുന്നു അവര്‍. സി.സി.ബി ആണ് അതിന് തെളിവ് നല്‍കേണ്ടത്. അല്ലാതെ എനിക്ക് എന്ത് പറയാനാവും?

ഈ ടെറര്‍ കേസിലെ 'മാസ്റ്റര്‍ മൈന്‍ഡ്' എന്ന് പോലീസും മാധ്യമങ്ങളും വിധിയെഴുതിയ താങ്കള്‍ ജയില്‍ മോചിതനായി. മറ്റു ചിലര്‍ ഇപ്പോഴും തടവറയില്‍ തന്നെ കഴിയുന്നു. എന്തുകൊണ്ടാണിത്?
'മാസ്റ്റര്‍ മൈന്‍ഡ്' ആയ ഞാന്‍ പുറത്ത് വന്നാല്‍ സ്വാഭാവികമായും മറ്റുള്ളവരും മോചിതരാകണം. എന്നാല്‍, പലരുടെയും പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന കേസുകള്‍ വ്യത്യസ്തമാണ്. എന്റെ പേരില്‍ ചുമത്തിയ പല വകുപ്പുകളും തെളിവില്ലെന്ന് കണ്ട് കോടതി റദ്ദാക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് ഇത് തെളിയിക്കാന്‍ സമയമെടുക്കുന്നതാണ് മോചനത്തിന് തടസ്സമാകുന്നത്. ഒരു പക്ഷേ പോലീസുകാര്‍ കള്ളസാക്ഷ്യങ്ങള്‍ സൃഷ്ടിക്കുന്നതും മോചനത്തിന് വിഘാതമാകാം. എന്നെ പോലീസുകാര്‍ 40 വെള്ള പേപ്പറിലെങ്കിലും ഒപ്പു വെപ്പിച്ചു. പിന്നീട് ഇതിലെ ഒരു ഷീറ്റ് ആയിരുന്നു പോസ്റ്റ് ഡേറ്റ് പതിച്ച് അറസ്റ്റ് ഇന്റിമേഷന്‍ അക്‌നോളഡ്ജ്‌മെന്റ് ആയി പോലീസുകാര്‍ കോടതിയില്‍ ഹാജരാക്കിയത്. ആദ്യം അറസ്റ്റ്. പിന്നീട് തെളിവുകളും പ്രൊസീജറുകളും സൃഷ്ടിക്കല്‍. ഇതാണ് പോലീസ് ചെയ്യുന്നത്.
ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ പൊതു സമൂഹത്തോട് എന്താണ് പറയാനുള്ളത്?
ഞാന്‍ ഒരു മുസ്‌ലിം ആയതിനാലാണ് എന്നെ അറസ്റ്റ് ചെയ്തത് എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മുന്‍ധാരണയോടും പക്ഷപാതിത്വത്തോടും കൂടിയുള്ള ഈ സ്റ്റീരിയോ ടൈപ്പിംഗ് കേസെടുക്കലും പെരുമാറ്റവും ഭരണകൂടവും പോലീസും ഉപേക്ഷിക്കണം. മുസ്‌ലിംകളെയും പിന്നാക്കക്കാരെയും വിശ്വാസത്തിലെടുക്കണം. രാജ്യസുരക്ഷ, ടെററിസം കേസുകള്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ അത് സെന്‍സേഷണലൈസ് ചെയ്യുന്നു. കോടതികള്‍ പോലും പോലീസിന്റെ കള്ളസാക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു. ഉര്‍ദു, അറബി, താടി, തൊപ്പി, ഇസ്‌ലാമിക സാഹിത്യങ്ങള്‍ എന്നിവയെല്ലാം തന്നെ 'ജിഹാദി ഉരുപ്പടികളാ'ണ്(jihadi stuff) എന്ന തരത്തിലുള്ള മാധ്യമക്കാരുടെയും ഉദ്യോഗസ്ഥരുടെയും മുന്‍വിധിയും കാഴ്ചപ്പാടും മാറ്റേണ്ടതുണ്ട്.
മീഡിയയില്‍ ഒരു സമുദായത്തില്‍ നിന്ന് മാത്രമുള്ള ആളുകളുടെ ആധിപത്യവും പക്ഷപാതിത്വത്തിന് കാരണമാകുന്നു. മീഡിയയില്‍ വൈവിധ്യവത്കരണവും മതേതരവത്കരണവും കൂടുതല്‍ ആവശ്യമുണ്ട്. ശാഹിനയും നവീന്‍ സൂരിജേയും അധികാരികളുടെ നെഗറ്റീവ് നിലപാടിന്റെ ഇരകളാണ്.

ഭാവി പരിപാടികള്‍, മീഡിയാ ഫീല്‍ഡില്‍ തന്നെ
തുടരുമോ?
മീഡിയ എന്റെ പാഷന്‍ ആണ്. അത് തുടരണമെന്നുതന്നെയാണ് ആഗ്രഹം. പക്ഷേ, ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. എനിക്ക് ഇപ്പോള്‍ ഒരു മാനസികമായ റിലാക്‌സ് ആണ് ആവശ്യം. എ.പി.സി.ആറിനോടും എന്റെ മാതൃ പ്രസ്ഥാനത്തോടും അതിരുകളില്ലാത്ത നന്ദിയുണ്ട്. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി നടത്തിയ ശ്രമങ്ങളും നിയമപോരാട്ടങ്ങളും സമൂഹത്തിന് മാതൃകയാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍