തബസ്സും ചോദിക്കുന്നു ഇവിടെ ആരാണ് കശാപ്പുകാരല്ലാത്തത്?
എവിടെ നോക്കിയാലും സൈന്യത്തെ കാണാം. താഴ്‌വരകളിലും പൊതുനിരത്തുകളിലും അവരുടെ നിഴലനക്കങ്ങളുണ്ട്. ഞങ്ങള്‍ വേഗത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ഗ്രാമമായ സീര്‍ജാഗിറിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് നീങ്ങി. അഫ്‌സല്‍ ഗുരു തൂക്കുമരത്തിലേറിയിട്ട് ഏകദേശം പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഞങ്ങളുടെ യാത്ര.
അഫ്‌സല്‍ ഗുരുവിന്റെ വീടിനു മുന്നിലാണ് ഞങ്ങള്‍ കാറ് നിര്‍ത്തിയത്. ഒരു പരമ്പരാഗതമായ വീട്. വീടിനു എതിര്‍വശത്ത് ഒരു കറുത്ത ബാനര്‍. അതിന് കീഴെ 'ശഹീദെ വത്വന്‍ അഫ്‌സല്‍ ഗുരു' എന്നെഴുതിയിരിക്കുന്നു. വീടിന്റെ രണ്ടാം നിലയില്‍ ഒരു ബാലന്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ്. പെട്ടെന്ന് തന്നെ അവന്‍ അപ്രത്യക്ഷനാവുകയും ചെയ്തു. വല്ലാത്ത ക്ഷോഭത്തിലായിരുന്നു അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സും. ''ഇനിയും നിങ്ങള്‍ക്കെന്താണ് വേണ്ടത്. എല്ലാവരും കൂടി കൊന്നില്ലേ... പൊതുസമൂഹത്തിന്റെ തൃപ്തിക്ക് വേണ്ടി ഒരു നിരപരാധിയെ നിങ്ങള്‍ കൊന്നു. ഞങ്ങള്‍ക്കുണ്ടായിരുന്ന എല്ലാം നിങ്ങളെടുത്തു. ഇനിയെങ്കിലും ഞങ്ങളെ തനിച്ചൊന്നു വിട്ടുകൂടെ...'' വേദനയും അമര്‍ഷവും ഇടകലര്‍ന്നതായിരുന്നു അവരുടെ വാക്കുകള്‍. 'ഒരു ഭീകരവാദിയെ' കഴുമരത്തിലേറ്റിയതിന് പരസ്പരം അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു അന്നേരം രാഷ്ട്രീയക്കാര്‍. വധശിക്ഷ കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് അതേപ്പറ്റിയുള്ള കത്ത് പോലും വീട്ടുകാര്‍ക്ക് കിട്ടുന്നത്.
എല്ലാം കണ്ടും കേട്ടും തബസ്സും ആകെ അസ്വസ്ഥയായിരുന്നു. ''ഒരു തെളിവും ഇല്ലാതെയാണ് നിങ്ങളെന്റെ ഇക്കയെ കൊന്നത്. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്. ആരാണിവിടെ കശാപ്പുകാരല്ലാത്തത്...'' അവരുടെ വാക്കുകളില്‍ രോഷം എരിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഇനി ഭീകരവാദിയാണെന്ന് വന്നാലും, നിയമസംവിധാനം അനുശാസിക്കുന്ന ഒട്ടേറെ അവകാശങ്ങളുണ്ട്. ഉചിതമായ വിചാരണകള്‍ പോലും നടന്നില്ല.
ഞങ്ങള്‍ സംസാരിക്കുന്നതിനിടെ പുറത്ത് ഒരു ആള്‍ക്കൂട്ടം തന്നെയുണ്ടായി. അഫ്‌സല്‍ ഗുരുവിന്റെ സഹോദരരും, കസിന്‍സും മറ്റു ബന്ധുക്കളുമൊക്കെയാണ്. അഫ്‌സല്‍ ഗുരുവിന്റെ മൂത്ത സഹോദരന്‍ ഐജാസ് ഗുരു അടുത്തേക്ക് വന്നു.
''ഞങ്ങളെ ആരും സഹായിച്ചില്ല.. ഒരു രാഷ്ട്രീയക്കാരനും പിന്തുണച്ചില്ല.. എല്ലാവരും അഫ്‌സലിനെ ഒഴിവാക്കി. ഇപ്പോള്‍ രാഷ്ട്രീയം കളിക്കുകയാണ്. അവന്റെ പേരും പറഞ്ഞ് മൈലേജ് ഉണ്ടാക്കുകയാണ്. പാവപ്പെട്ട കശ്മീരിയുടെ ജീവിതം കൊണ്ട് എല്ലാവരും പന്താടുന്നു.''
പുറത്ത് നടക്കുന്ന രാഷ്ട്രീയ കളികളെ പറ്റി അധികമൊന്നുമറിഞ്ഞുകൂടാ അഫ്‌സലിന്റെ മറ്റൊരു സഹോദരനായ ഹിലാലിന്. പക്ഷേ അകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. ''ഇത്രയും കാലമായിട്ട് ഒരാളും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കുറെ വര്‍ഷങ്ങളായി തബസ്സും കഴിയുന്നത് അവരുടെ ഉപ്പയുടെയും ഉമ്മയുടെയും കൂടെയാണ്. പക്ഷേ ഇപ്പോള്‍ അഫ്‌സലിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ഒരുപാട് പേര്‍ വരുന്നുണ്ട്. രാഷ്ട്രീയക്കണ്ണുകളാണ് എല്ലാവര്‍ക്കും. തബസ്സും ഒറ്റക്കായിരുന്നു ഇത്രയും കാലം പൊരുതിയത്.''
ജനങ്ങള്‍ ഒരു വലിയ റാലിക്ക് കോപ്പുകൂട്ടുന്നുണ്ടെന്ന് പറഞ്ഞത് ഐജാസ്. ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലി നിയന്ത്രണാധീനമാകുമോയെന്ന ആശങ്കയിലാണദ്ദേഹം. വീടിനു പുറത്ത് ഏതാനും ചില ഗ്രാമവാസികള്‍ കൂട്ടംകൂടി. അഫ്‌സല്‍ വളരെ മാന്യനും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനുമായിരുന്നു എന്നാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അടിയുറച്ച മതവിശ്വാസിയായിരുന്നു അഫ്‌സലെന്നും നല്ല വായനാശീലമുള്ളവനായിരുന്നെന്നും ഹിലാല്‍ കൂട്ടിച്ചേര്‍ത്തു.
വിഘടനവാദികള്‍ക്ക് അഫ്‌സല്‍ കത്തെഴുതിയിരുന്നു എന്ന വാര്‍ത്ത ശരിയല്ലെന്ന് തബസ്സും ആണയിട്ടു. ''രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അവര്‍ കള്ളം പ്രചരിപ്പിക്കുകയാണ്.''
''അഫ്‌സല്‍ തൂക്കിലേറ്റപ്പെട്ടതിന് ശേഷം മാത്രമാണ് പലരും അദ്ദേഹത്തിന് വേണ്ടി ശബ്ദിച്ചത്. ഇനിയെത്ര ഒച്ചവെച്ചിട്ടെന്താണ്..'' തബസ്സും മകന്‍ ഗാലിബിനെ ചേര്‍ത്തുപിടിച്ചു.
(ഔട്ട്‌ലുക്ക്, 2013 മാര്‍ച്ച് 4)
വിവ: മെഹദ് മഖ്ബൂല്‍
Comments