തീവ്രവാദ വേട്ടകള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്
'എല്ലാ മുസ്‌ലിംകളും ഭീകരരല്ല, എന്നാല്‍ എല്ലാ ഭീകരരും മുസ്‌ലിംകളാണ്'. ബാബരി മസ്ജിദ് തകര്‍ക്കാന്‍ രഥമുരുട്ടി മുന്നില്‍ നിന്ന് പട നയിച്ച മുന്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെ വാക്കുകളാണിത്. നമ്മുടെ രാജ്യത്ത് ഭീകരതയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ എന്തുകൊണ്ട് തുടര്‍ച്ചയായി വേട്ടയാടപ്പെടുന്നു എന്നതിന് വേറെ തെളിവുകള്‍ വേണ്ടെന്ന് സൂചിപ്പിക്കുന്നതാണ് അദ്വാനിയുടെ പരാമര്‍ശം. പലരും ഉള്ളില്‍ കൊണ്ടുനടക്കുന്ന പൊതുബോധമാണ് അദ്വാനി വര്‍ഷങ്ങള്‍ക്കു മുമ്പ് വലിച്ചു പുറത്തിട്ടത്. അങ്ങനെയൊരു പൊതുബോധം നിര്‍മിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മാധ്യമങ്ങളും വിവിധ അന്വേഷണ ഏജന്‍സികളുമാണെന്ന് തീവ്രവാദ കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. രാജ്യത്ത് എവിടെ സ്‌ഫോടനം നടന്നാലും തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളുണ്ടായാലും അറബി പേരുള്ള ഭീകര സംഘടനകളുടെ പേരുകള്‍ നിമിഷനേരം കൊണ്ട് ചാനലുകളില്‍ ഫഌഷായി തെളിഞ്ഞു തുടങ്ങുന്നു. തൊട്ടു പിറകെ മുസ്‌ലിം യുവാക്കള്‍ പിടിയിലായതിന്റെയും നെടുനീളന്‍ കുറ്റസമ്മതമൊഴികളുടെയും നടക്കാതെ പോയ ഭീകരാക്രമണങ്ങളുടെയും ഞെട്ടിപ്പിക്കുന്നതും നിറം പിടിപ്പിച്ചതുമായ കഥകള്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്ര താളുകളില്‍ നിറയുന്നു.
വര്‍ഷങ്ങളായി ഇതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കഥകള്‍ തുടര്‍ച്ചയായി വായിക്കുന്ന സാധാരണ വായനക്കാരില്‍ ഇങ്ങനെയൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. മറിച്ചുള്ള വാര്‍ത്തകള്‍ നന്നേ പരിമിതമായ സാഹചര്യത്തില്‍ വിശേഷിച്ചും. ഏറ്റവും ഒടുവില്‍ ഹൈദരാബാദില്‍ നടന്ന സ്‌ഫോടനത്തിനു പിന്നിലും ഇന്ത്യന്‍ മുജാഹിദീനും മുസ്‌ലിം യുവാക്കളുമാണ്. പോലീസ് ഔദ്യോഗികമായി അങ്ങനെ പറഞ്ഞില്ലെങ്കിലും രാജ്യസ്‌നേഹം തിളച്ചു മറിയുന്ന മാധ്യമ സിങ്കങ്ങള്‍ അത് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. അതിന് ബലം നല്‍കാന്‍ പോലീസ് ഒന്നു രണ്ടു മുസ്‌ലിം ചെറുപ്പക്കാരെ മുംബൈയില്‍ നിന്നും മറ്റും പൊക്കുകയും ചെയ്തു. കൂടാതെ പൂണെ സ്‌ഫോടനത്തിന്റെ പേരില്‍ പിടിയിലായ സയ്യിദ് മഖ്ബൂലിനെയും കൂട്ടാളി ഇമ്രാന്‍ ഖാനെയും ചോദ്യം ചെയ്യാനായി ഹൈദരാബാദിലെത്തിച്ചിട്ടുമുണ്ട്. ഇരുവരും ചോദ്യം ചെയ്യലിനിടെ ഹൈദരാബാദില്‍ സ്‌ഫോടനം നടന്ന ദില്‍സുഖ് നഗറില്‍ മുമ്പ് പോയതായി വെളിപ്പെടുത്തിയിട്ടുണ്ട്. പോരേ പൂരം! ഇനി അന്വേഷണം ഏതു വഴിയില്‍ പോയാലും പിടിയിലായവര്‍ വിട്ടയക്കപ്പെട്ടാലും ആര്‍ക്കും ഒരു ചുക്കുമില്ല. കാരണം, നടന്നത് സ്‌ഫോടനമാണെങ്കില്‍, നടത്തിയത് മുസ്‌ലിം പേരുള്ള സംഘടനകളും ചെറുപ്പക്കാരും തന്നെ! ഇങ്ങനെ പിടികൂടുന്നവരില്‍ പലരും വര്‍ഷങ്ങളുടെയോ മാസങ്ങളുടെയോ ജയില്‍ വാസത്തിനുശേഷം നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെടുന്നതൊന്നും ആര്‍ക്കും വിഷയമല്ല.
ഹൈദരാബാദ് സ്‌ഫോടനവും
പഴയ വഴിയേ
ഹൈദരാബാദ് സ്‌ഫോടനം നടന്നത് ഫെബ്രുവരി 21ന്. മിനിട്ടുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ മുജാഹിദീന്‍ 'ടച്ച്' സ്‌ഫോടനത്തിനുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. സ്‌ഫോടനത്തിനുപയോഗിച്ച വസ്തുക്കളില്‍ നിന്നും ആസൂത്രണം ചെയ്ത രീതിയില്‍ നിന്നുമാണത്രേ ഈ സംശയം ബലപ്പെട്ടത്. എന്താണാവോ ഈ ഇന്ത്യന്‍ മുജാഹിദീന്‍ ടച്ച്? അങ്ങനെയൊരു സംഘടനയെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ മുജാഹിദീന് മുമ്പ് പറഞ്ഞു കേട്ടിരുന്നത് അല്‍ബദ്ര്‍ എന്ന ഭീകര സംഘടനയുടെ പേരായിരുന്നു. അതിപ്പോള്‍ ഇല്ലെന്ന് തോന്നുന്നു. ഇന്ത്യന്‍ മുജാഹിദീനും ചിലപ്പോള്‍ ഇല്ലാതാകും. പകരം പുതിയ പേരുകള്‍ വരും. ശക്തമായ പോലീസ് കാവലില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുന്നതിനിടയില്‍ തന്നെ ഇന്ത്യന്‍ മുജാഹിദീനാണ് അതിനു പിന്നിലെന്ന വിവരം എവിടെ നിന്നു കിട്ടി? സ്‌ഫോടനത്തിനുപയോഗിച്ച വസ്തുക്കളും മറ്റും പരിശോധിച്ചതിനു ശേഷമാണ് ഈ പറയുന്നതെങ്കില്‍ കുറച്ചു കൂടി വിശ്വാസ്യത അതിനുണ്ടാവുമായിരുന്നില്ലേ? ചോദ്യങ്ങള്‍ വേണ്ട. കാരണം വിവരം നല്‍കേണ്ടവര്‍ അത് നല്‍കിക്കഴിഞ്ഞു. ടെലിവിഷന്‍ ചാനലുകളുടെ സ്‌ക്രീനുകളില്‍ അത് തെളിഞ്ഞു കഴിഞ്ഞു. പത്രത്താളുകള്‍ അച്ചടി മഷി പുരണ്ടു കഴിഞ്ഞു. അതുമതി. ബാക്കിയൊക്കെ പിന്നെയല്ലേ. അതിന് കാലം കുറെ കഴിയും. അപ്പോഴേക്കും അടുത്ത സ്‌ഫോടനത്തിന്റെയോ തീവ്രവാദ കേസുകളുടെയോ വര്‍ഗീയ വിഷം പുരണ്ട കഥകള്‍ പുറത്തു വരും. അതോടെ എല്ലാം ശുഭം. അതവിടെ നില്‍ക്കട്ടെ, നമുക്കു ബാക്കി കഥയിലേക്ക് വരാം.
ബംഗളൂരു തീവ്രവാദ കഥയുടെ പരിണതി
ഹൈദരാബാദ് സ്‌ഫോടനം നടന്നതിന്റെ തൊട്ടടുത്ത ദിവസം അതായത് ഫെബ്രുവരി 22ന് കോളിളക്കമുണ്ടാക്കിയ ബംഗളുരു തീവ്രവാദ കേസിലെ ബുദ്ധി കേന്ദ്രങ്ങളിലൊരാളെന്ന് ആറു മാസം മുമ്പ് മാധ്യമങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാച്ചിവിട്ട ഡെക്കാന്‍ ഹെറാള്‍ഡ് ലേഖകന്‍ മുതീഉര്‍റഹ്മാന്‍ സിദ്ദീഖിയെയും സുഹൃത്ത് മുഹമ്മദ് യൂസുഫ് നല്‍ബന്തിയേയും തെളിവുകളില്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. ദേശീയ അന്വേഷണ ഏജന്‍സിയും അതിനു മുമ്പ് ബംഗളൂരു പോലീസും തല കുത്തി മറിഞ്ഞിട്ടും തെളിവുകള്‍ കണ്ടെത്താതെയാണ് ഇവരെ വെറുതെ വിടുന്നത് എന്നോര്‍ക്കണം. 2012 ആഗസ്റ്റ് 29ന് ഇവര്‍ പിടിയിലായതിനുശേഷം പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയത് ലശ്കര്‍, ഹുജി എന്നീ തീവ്രവാദി സംഘടനകളുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘമെന്നായിരുന്നു. കേസില്‍ പിടിയിലായ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ഇജാസ് അഹമ്മദ് മിര്‍സയും മുതീഉര്‍റഹ്മാനുമായിരുന്നു സംഘത്തിന് വിവരം നല്‍കിയിരുന്നത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഇവരായിരുന്നു. പോലീസ് പറഞ്ഞ ഈ ബുദ്ധിരാക്ഷസര്‍ക്കെതിരെ 180 ദിവസം അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താന്‍ എന്‍.ഐ.എക്ക് കഴിഞ്ഞില്ല. കര്‍ണാടക പോലീസ് കണ്ടെത്തിയ ബുദ്ധി കേന്ദ്രങ്ങളെയാണ് തെളിവുകളില്ലെന്ന് പറഞ്ഞ് എന്‍.ഐ.എ വിട്ടയക്കുന്നത്.
എങ്ങനെയുണ്ട് അന്വേഷണം! നമ്മള്‍ മാവിലായിക്കാര്‍ ഇതൊന്നും ചോദ്യം ചെയ്യരുത്. ഏമാന്മാര്‍ കളത്തിലിറങ്ങി ഇനിയും പല കളിയും കളിക്കും. നമ്മള്‍ കാഴ്ചക്കാര്‍ ഗാലറിയില്‍ ഇരുന്നാല്‍ മതി. കോടതി വിധി വന്നതിന്റെ പിറ്റേ ദിവസം തന്നെ മുതീഉര്‍റഹ്മാന്‍ ജയില്‍ മോചിതനായി. ഇജാസിനെതിരെ തെളിവില്ലെങ്കിലും കൂടുതല്‍ സമയം വേണമെന്ന ന്യായം പറഞ്ഞ് വെറുതേ വിടുന്നത് തല്‍ക്കാലം എന്‍.ഐ.എ ഒഴിവാക്കി. കാരണം രണ്ടു പേരെ വെറുതേ വിട്ടതിന്റെ പുകില്‍ കെട്ടടങ്ങുന്നതിന് മുമ്പ് മറ്റൊരാളെ അതും പ്രതിരോധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടുവെന്ന് വരെ പ്രചരിപ്പിക്കപ്പെട്ട ഒരു മുസ്‌ലിം ശാസ്ത്രജ്ഞനെ വെറുതേ വിട്ടയച്ചാല്‍ നാണക്കേടാവും. അതുകൊണ്ട് കൂടുതല്‍ സമയം വേണമെന്ന് കോടതിയില്‍ എന്‍.ഐ.എ ബോധിപ്പിച്ചു. 180 ദിവസം അന്വേഷിച്ചിട്ട് കിട്ടാത്ത തെളിവ് മൂന്നു മാസം കൂടി അനുവദിച്ചാല്‍ എവിടെ നിന്നെങ്കിലും തപ്പിയെടുത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ നോക്കാമെന്ന് ഒരുളുപ്പുമില്ലാതെ എന്‍.ഐ.എക്ക് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ജഡ്ജിയോട് പറഞ്ഞു. എത്ര സമയം അനുവദിക്കണമെന്നത് സംബന്ധിച്ച് കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്‍.ഐ.എയുടെ കുറ്റപത്രത്തിന് കാത്തു നില്‍ക്കാതെ ഇജാസിന് കോടതി ജാമ്യം നല്‍കി. മാര്‍ച്ച് അഞ്ചിന് ഈ യുവാവും പുറത്തിറങ്ങി. മിക്കവാറും ഇജാസിനെയും കൂറ്റപത്രത്തില്‍ പേരു പറയാത്ത മറ്റൊരു പ്രതി തന്‍സീമിനെയും വെറുതേ വിടേണ്ടി വരും.
രാജ്യത്തിന്റെ സുരക്ഷ തന്നെ ഭീഷണിയിലാണെന്നും പ്രതിരോധ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ വരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ഉന്നത വിദ്യാഭ്യാസമുള്ള തീവ്രവാദ സംഘമെന്നുമൊക്കെ കൊട്ടിഘോഷിച്ച് രാജ്യത്തെ തന്നെ ഞെട്ടിച്ച ഒരു തീവ്രവാദ കേസിന്റെ പരിണതിയാണിത്. പതിനാലു പേര്‍ പിടിയിലായവരില്‍ നാലു പേര്‍ക്കെതിരെ ഒരു തെളിവുമില്ല. ബാക്കിയുളള 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, കൊലപാതകശ്രമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കാരണം ഇതിനൊന്നും തെളിവുകള്‍ കിട്ടിയിട്ടില്ല എന്നതുതന്നെ. കന്നഡ പ്രഭ പത്രത്തിന്റെ എഡിറ്ററെയും കോളമിസ്റ്റിനെയും അടക്കം നിരവധി പേരെ കൊല്ലാന്‍ പദ്ധതിയിട്ട തീവ്രവാദി സംഘത്തിനെതിരെയാണ് ഈ രീതിയിലുള്ള കുറ്റപത്രം നല്‍കിയിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായൊരു ചോദ്യം അവശേഷിക്കുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ചെറുപ്പക്കാരെ പിടികൂടിയത്? മൂന്നു മാസത്തെ നിരീക്ഷണത്തിലൊടുവില്‍ ഭീകരാക്രമണ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബംഗളുരു പോലീസ് കമീഷണര്‍ വലിയ വായില്‍ മാധ്യമപ്പടയെ അറിയിക്കുമ്പോള്‍ പോലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ആഗസ്റ്റ് 29നായിരുന്നു അത്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഒരു തെളിവുമില്ലാതെ പിടിച്ചുകൊണ്ടുപോകാന്‍ തരമില്ലെന്ന് രാജ്യം വിശ്വസിച്ചു. എന്നാല്‍ ബംഗളുരു പോലീസ് കണ്ടെത്തിയ തെളിവുകളൊക്കെ എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതോടെ മാഞ്ഞുപോകുന്നതാണ് കണ്ടത്. ഇതെന്തു മറിമായം? ക്രൈംബ്രാഞ്ച് കണ്ടെടുത്ത തെളിവുകളൊക്കെ എവിടെ പോയി? ഒരു തെളിവുമില്ലാതെയാണ് ഇപ്പോള്‍ വെറുതേ വിട്ട ചെറുപ്പക്കാരെയെങ്കിലും പിടികൂടിയത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ?
അപ്പോള്‍ സംഭവിച്ചത് ഇങ്ങനെ വായിച്ചെടുക്കാം. ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്ന സംഘം ബംഗളുരുവിലുണ്ടെന്ന് ക്രൈംബ്രാഞ്ചിന് ആരോ വിവരം കൊടുക്കുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പാഞ്ഞെത്തി യുവാക്കളെ പിടികൂടുന്നു. തെളിവൊന്നും നോക്കേണ്ട കാര്യമില്ല. മുസ്‌ലിം യുവാക്കളെ കുറിച്ചാണ് വിവരം കിട്ടിയിരിക്കുന്നത്. അവര്‍ യഥാര്‍ഥ തീവ്രവാദികളാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പിടികൂടിയാല്‍ തെളിവുകള്‍ താനെ കിട്ടും. തല്ലിപ്പഴുപ്പിച്ചാല്‍ അതുണ്ടാക്കാമെന്ന് അവര്‍ കരുതിക്കാണും. ഇതായിരിക്കാം അന്വേഷണ ഉദ്യോഗസ്ഥരുടെ മനോഗതം. പിടികൂടിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പോലീസുണ്ടാക്കിയ കഥകള്‍ തട്ടിവിട്ടു. ചുരുക്കം ചിലരൊഴിച്ച് കഥകള്‍ ഒന്നു കൂടി പൊലിപ്പിച്ച് കൊടുത്തു. രാജ്യം വലിയൊരു ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടതായി എല്ലാവരും ആശ്വസിച്ചു. കേസ് ഗുരുതരമായതിനാല്‍ എന്‍.ഐ.എക്ക് കൈമാറി. കാരണം അന്താരാഷ്ട്രബന്ധങ്ങള്‍ വരെ പിടിയിലായവര്‍ക്കുണ്ട്. ഒരു മാസത്തെ പോലീസ് കസ്റ്റഡിക്കു ശേഷം യുവാക്കളെ റിമാന്റ് ചെയ്തു. ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) അനുസരിച്ച് 180 ദിവസം വരെ ഒരാളെ തടവില്‍ പാര്‍പ്പിക്കാം. അതു കഴിയുന്നതിന് മുമ്പ് കുറ്റപത്രം നല്‍കിയാല്‍ മതി. എന്നാല്‍ കുറ്റപത്രം നല്‍കാനുള്ള തെളിവൊന്നും എന്‍.ഐ.എക്ക് കിട്ടിയില്ല. മൂന്നു പേരെ വിടേണ്ടി വന്നു. മറ്റുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാനാവശ്യമായ ഒരു തെളിവും ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ല.
അപ്പോള്‍ പിന്നെ നേരത്തേ കിട്ടിയ തെളിവുകള്‍ വ്യാജമായിരുന്നു എന്ന് വ്യക്തം. പിന്നെ എന്തിന് അവരെ അറസ്റ്റു ചെയ്തു? ഇത്ര വലിയ ഒരു ഭീകര സംഘത്തെ ശക്തമായ തെളിവുകള്‍ ലഭിക്കുന്നതിന് മുമ്പ് അറസ്റ്റു ചെയ്ത് അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയ അന്വേഷണ ഉദ്യോസ്ഥരല്ലേ യഥാര്‍ഥ പ്രതികള്‍? പറഞ്ഞിട്ടെന്ത്? നമ്മുടെ രാജ്യത്ത് ഇതും ഇതിലപ്പുറവും നടക്കും. കുറ്റപത്രം നല്‍കിയ ചെറുപ്പക്കാരും താമസിയാതെ പുറത്തിറങ്ങുമെന്നാണ് കേസിന്റെ പിന്നില്‍ അടിയുറച്ചുനിന്ന അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ ഉറച്ചുവിശ്വസിക്കുന്നത്. കാരണം, അവര്‍ക്കുമേല്‍ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം കിട്ടാവുന്നവയാണ്. പ്രതികളെന്നാരോപിച്ച് ചിലരെ പൊക്കുക. പിന്നെ അവരെ തല്ലിപ്പഴുപ്പിച്ചും ഭീഷണിപ്പെടുത്തിയും തെളിവുകളുണ്ടാക്കുക. മാസങ്ങളോ കൊല്ലങ്ങളോ കഴിഞ്ഞ് തെളിവുകളില്ലെന്ന് പറഞ്ഞ് കോടതികള്‍ വിട്ടയക്കുക. എത്രയോ നാളുകളായി പല കേസുകളിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എന്നിട്ടും ഒരു കേസില്‍ പോലും നഷ്ടപരിഹാരം ചോദിച്ചോ, പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടോ ഭീകരവേട്ടയുടെ ഇരകളാരും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. കാരണം, മോചിപ്പിക്കപ്പെടുന്നവര്‍ പലരും നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കേസും കുണ്ടാമണ്ടിയുമായി പോകാനുള്ള ത്രാണി അവര്‍ക്കില്ല. ഇത്ര സ്വാധീനമുണ്ടായിട്ടും മഅ്ദനി പോലും അതിന് മുതിര്‍ന്നില്ല. ചതഞ്ഞരഞ്ഞ മനസും ശരീരവുമായി ജയിലിനു പുറത്തിറങ്ങുന്നവര്‍ വെളിച്ചം കണ്ടതു തന്നെ മഹാഭാഗ്യമായി കരുതി മിണ്ടാതിരിക്കുന്നു. ഇവരെ പുറത്തു വിടുന്നത് കടുത്ത മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ്. മറ്റെന്തെങ്കിലും തെളിവുകളുണ്ടാക്കി വര്‍ഷങ്ങള്‍ ജയിലിലിട്ട് നിങ്ങളുടെ ജീവിതം തന്നെ കുളം തോണ്ടാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് പറയുന്നവര്‍ക്കെതിരെ എങ്ങനെയാണ് കേസിനു പോവുക? ഏറ്റവും ഒടുവിലെ ഇരയായ മുതീഉര്‍റഹ്മാനോട് അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞത്, ഏഴു വര്‍ഷം വരെ നിന്നെ അകത്തിടാന്‍ ഒരു പ്രയാസവുമില്ലെന്നാണ്. പുറത്തു വിടുന്നതിന് മുമ്പായി മറ്റൊരു ഭീഷണി കൂടിയുണ്ടായിരുന്നു. നിരപരാധിയായതുകൊണ്ടല്ല, തെളിവില്ലാത്തതുകൊണ്ടാണ് പറഞ്ഞയക്കുന്നത്. തെളിവുണ്ടാക്കാന്‍ വേണമെങ്കില്‍ കഴിയുമെന്ന താക്കീതാണല്ലോ അത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഭയക്കുന്നു, മുസ്‌ലിം യുവാക്കളെ
പരപ്പന അഗ്രഹാര ജയിലിലേക്ക് പോകുന്നതിന് മുമ്പ് ബംഗളുരു തീവ്രവാദ കേസിലെ പ്രതികള്‍ക്ക് പോലീസ് നല്‍കിയ ഒരു സുപ്രധാന ഉപദേശമായിരുന്നു അപകടകാരിയായ അബ്ദുന്നാസിര്‍ മഅ്ദനിയെ കാണരുത് എന്നത്. അദ്ദേഹത്തിന്റെ അടുത്ത് പോവുകയോ കാണുകയോ ചെയ്താല്‍ നിങ്ങള്‍ വലയിലകപ്പെടുമെന്ന സാരോപദേശവും അവര്‍ക്ക് കിട്ടി. ഒമ്പതര കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ് നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചിട്ടും മഅ്ദനിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് കാണുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. മഅ്ദനിയില്‍ മാത്രമല്ല, ഓരോ മുസ്‌ലിം ചെറുപ്പക്കാരനിലും തീവ്രവാദിയെ തെരയുന്ന മനസ്സാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത് എന്ന യാഥാര്‍ഥ്യമാണ് ഓരോ കേസുകള്‍ കഴിയുമ്പോഴും പുറത്തേക്ക് തികട്ടി വരുന്നത്. ബംഗളുരു പോലീസ് പിടികൂടിയ ചെറുപ്പക്കാരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 അന്വേഷണ ഏജന്‍സികളാണ് ചോദ്യം ചെയ്തത്.
അവര്‍ക്കെല്ലാം അറിയേണ്ടത് അവരുടെ സംസ്ഥാനങ്ങളിലുള്ള തീവ്രവാദികളുമായി ഇവര്‍ക്കുള്ള ബന്ധമായിരുന്നു. അതായാത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെല്ലാം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു ഭീകര നെറ്റ്‌വര്‍ക്ക് ഉണ്ടെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അല്ലെങ്കില്‍ ആരോ അവര്‍ക്ക് അങ്ങനെയുള്ള വിവരങ്ങള്‍ നല്‍കുന്നു. ബംഗളുരു കേസില്‍ തന്നെ എന്‍.ഐ.എ എത്രയോ ദിവസം രാപ്പകല്‍ ഭേദമന്യേ അന്വേഷണം നടത്തിയിട്ടുണ്ടാവുമല്ലോ. എന്നിട്ടെന്തായി. പക്ഷേ, സാധാരണക്കാരായ നമുക്ക് അജ്ഞാതമായ കേന്ദ്രത്തിലിരുന്ന് ചിലര്‍ ചരടുവലിക്കുന്നതിനനുസരിച്ച് നിരപരാധികളുടെ ജീവന്‍ തെരുവില്‍ പൊട്ടി തീരുമ്പോള്‍ ആര് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും അന്വേഷിക്കാതെ വയ്യല്ലോ. അതാണ് ഇത്തരം കേസുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എവിടെയെങ്കിലും എന്തെങ്കിലും കേള്‍ക്കുമ്പോഴേക്ക് അവര്‍ പാഞ്ഞെത്തുന്നത് ഇതുകൊണ്ടാവാനേ തരമുള്ളൂ. മുതീഉര്‍റഹ്മാന്റെ മുറിയുടെ വാതില്‍ തള്ളി തുറന്ന് അകത്തു കടന്ന പോലീസുദ്യോഗസ്ഥരില്‍ ചിലര്‍ക്കറിയേണ്ടത് അവര്‍ അഞ്ചു നേരവും നമസ്‌കരിക്കുന്നവരാണോ എന്നായിരുന്നു. എന്തിനാണ് നിങ്ങളീ രാജ്യത്തോട് ഇങ്ങനെ ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് എന്തിന്റെ കുറവാണ് ഇവിടെയുള്ളതെന്നുമുള്ള ചോദ്യങ്ങളുമുണ്ടായി. മുസ്‌ലിം ചെറുപ്പക്കാരില്‍ നല്ലൊരു വിഭാഗത്തിന്റെ ഉള്ളില്‍ തീവ്രവാദത്തിന്റെ ബീജമുണ്ടെന്ന മനസ്ഥിതിയില്‍ നിന്നാണ് ഈ ചോദ്യങ്ങളുണ്ടാവുന്നത്. ഈ ഭീതിയാണ് മൊത്തത്തില്‍ അന്വേഷണ സംവിധാനങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നത്. അവരൊക്കെയും ആത്മാര്‍ഥമായും വിശ്വസിക്കുന്നത് രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ചെറുപ്പക്കാര്‍ ഭീകരാക്രമണങ്ങള്‍ക്ക് ആസൂത്രിതമായി ശ്രമിക്കുന്നുണ്ട് എന്നുതന്നെയാണ്. അതുകൊണ്ടുതന്നെ അങ്ങനെയൊരു വിവരം കിട്ടുമ്പോള്‍ ബേജാറായി അവരെത്തുന്നു. പക്ഷേ, കാര്യമായ തെളിവുകളൊന്നുമില്ലെന്ന് അന്വേഷണം ഏറ്റെടുത്തു കഴിയുമ്പോഴാണ് തിരിയുക. പിന്നെ പിടിച്ചുനില്‍ക്കാന്‍ വേണ്ടി അതുണ്ടാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തു ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥരെ ഇത്തരത്തിലൊരു മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നത് മുകളിലിരുന്ന് വിദഗ്ധമായി തിരക്കഥകള്‍ തയാറാക്കുന്നവരാണ്.
ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിലുള്ള ഉദ്യോഗസ്ഥരുള്ളതുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്ന് കരുതുന്നത് പൊട്ടത്തരമാണ്. പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരുമുണ്ട്. അപ്പോ അതല്ല, പ്രശ്‌നം. ഈ ഭീതിയുടെ വിത്ത് പാകി കാണാമറയത്തിരിക്കുന്നവരാണ് യഥാര്‍ഥ പ്രതികള്‍. ഇന്ത്യാ മഹാരാജ്യത്ത് നടക്കുന്ന ഏതൊരു ഭീകരാക്രമണത്തിന്റെയും സ്‌ഫോടനത്തിന്റെയും തീവ്രവാദ കഥകളുടെയും പിന്നില്‍ മുസ്‌ലിം ചെറുപ്പക്കാരാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടത് എങ്ങനെയെന്ന് നേരത്തേ സൂചിപ്പിച്ചു. ഒരു പാട് സ്‌ഫോടന കേസുകളുടെ ഉള്ളും പുറവും ചികഞ്ഞ് പരിശോധിച്ചിട്ടും ഇപ്പോഴും പിടികിട്ടാത്തത് ഓരോ കേസിലെയും പിടികിട്ടാപ്പുള്ളികളായി അവശേഷിക്കുന്നവരുടെ തിരോധാനമാണ്. ബംഗളുരു കേസിലെ കുറ്റപത്രത്തിലുമുണ്ട് ഒരു മുഹമ്മദ് ശഹീദ് ഫൈസല്‍ എന്ന ഉസ്താദ്. അയാളെ കൂടാതെ വേറെയും ഒമ്പതു പേരുണ്ട്. ഇവരൊക്കെ സുഊദിയിലിരുന്ന് സംഘത്തെ നിയന്ത്രിച്ചുവെന്നാണ് പറയുന്നത്. ഇതൊരുദാഹരണം മാത്രമാണ്. യാസീന്‍ ബട്കലും റിയാസ് ബട്കലും ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനും ബുദ്ധികേന്ദ്രമെന്നുമൊക്കെ വിശേഷിക്കപ്പെട്ടിരുന്ന തൗക്കീറുമൊക്കെ ഇങ്ങനെ വ്യത്യസ്ത സമയങ്ങളില്‍ കാണാമറയത്തിരുന്ന് ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരാണ്. അങ്ങനെയാണ് അവരെ അന്വേഷണ ഏജന്‍സികള്‍ നമുക്ക് പരിചയപ്പെടുത്തി തരുന്നത്.
നമുക്ക് സമ്മതിച്ചുകൊടുക്കാം. അവരാണ് ഇതൊക്കെ ചെയ്യുന്നതെന്ന്. അപ്പോഴും മറ്റൊരു ചോദ്യം അവശേഷിക്കുന്നില്ലേ? ഇവരുടെയൊക്കെ പിന്നില്‍ ആരാണുള്ളത്. ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് നനഞ്ഞ പൂച്ചകളെ പോലെ രക്ഷപ്പെടുന്നവരുണ്ടല്ലോ. അവരാരാണ്? ഹൈദരാബാദ് സ്‌ഫോടനത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നത് പൂണെ സ്‌ഫോടനത്തില്‍ പിടിയിലായവരെയാണ്. അവരെന്തായാലും ബോംബു വെച്ചിട്ടുണ്ടാവില്ലല്ലോ. അത് ചെയ്തവര്‍ ഇപ്പോഴും കാണാമറയത്താണുള്ളത്. ആരാണ് ഇത്തരം ഭീകരകൃത്യങ്ങള്‍ക്ക് പിന്നിലുള്ളത്? നിരപരാധികളുടെ ജീവന്‍ തെരുവില്‍ ചിതറുന്ന രീതിയില്‍ ബോംബുകള്‍ വെച്ച് പോകുന്ന ചെകുത്താന്മാര്‍ ആരാണ്? മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്ത് വിഷവിത്തുകള്‍ വിതറി വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെ കറുത്ത നിഴലുകള്‍ പടര്‍ത്തുന്നവരെ വെളിച്ചത്തു കൊണ്ടുവരേണ്ടത് സമാധാന പ്രേമികളുടെ ആവശ്യമല്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതിരിക്കുന്നിടത്തോളം കാലം ഒന്നിനു പിറകെ ഒന്നായി ഈ മഹാരാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദില്‍ രണ്ടിടത്തുണ്ടായ പൊട്ടിത്തെറികള്‍.
വ്യാജ കേസുകളുടെ മലവെള്ളപ്പാച്ചില്‍,
എന്നിട്ടും സ്ഥിരം കെട്ടുകാഴ്ചകള്‍
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട് കാറില്‍ ദേശീയ പാതയിലൂടെ വളരെ 'കൂളായി' എത്തിയ ലശ്കറെ ത്വയ്യിബയുടെ വനിതാ ചാവേറായ ഇശ്‌റത്ത് ജഹാനും മലയാളിയായിരുന്ന ജാവേദും ഉള്‍പ്പെട്ട സംഘത്തെ വിദഗ്ധരായ പോലീസുദ്യോഗസ്ഥര്‍ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടലില്‍ വകവരുത്തുന്നു. സംഭവം ക്ലീന്‍. എന്നാല്‍ ഇശ്‌റത്തിന്റെ ഉമ്മ കേസുമായി പോയതോടെ പൊല്ലാപ്പായി. കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞു. സി.ബി.ഐ അന്വേഷണം വന്നു. അതിപ്പോഴും നടക്കുന്നു. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ അകത്തായി. ഏറ്റവും ഒടുവില്‍ പിടിയിലായ ഐ.പി.എസുകാരന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കൈവിട്ടതില്‍ മനം നൊന്ത് ഐ.പി.എസ് തന്നെ വേണ്ടെന്നുവെച്ചിരിക്കുന്നു. ദല്‍ഹിയുടെ നഗരപ്രാന്തത്തില്‍ കാറില്‍ ചുറ്റിത്തിരിഞ്ഞ ഭീകര സംഘമെന്ന് ആരോപിച്ച് പിടികൂടിയ യുവാക്കളെ കോടതി അടുത്തിടെയാണ് വെറുതെവിട്ടത്. അതിലും പ്രതികള്‍ പോലീസുകാര്‍. പറഞ്ഞു മടുത്ത കേസുകളെ ആവര്‍ത്തനം ഭയന്ന് ഒഴിവാക്കുന്നു. വ്യാജ കേസുകളും ഏറ്റുമുട്ടലും ചമച്ച പല മുതിര്‍ന്ന പോലീസുകാരും ഇന്ന് അഴിക്കുള്ളിലാണ്. രാജ്യത്തുണ്ടായ മഹാഭൂരിപക്ഷം ഭീകര കേസുകളുടെയും ചരിത്രം ഏതാണ്ടിതൊക്കെ തന്നെയാണ്. പലപ്പോഴും തള്ളിപ്പോകുന്ന കേസുകളുടെയും പുറത്തുവരുന്ന നിരപരാധികളുടെയും മുഖങ്ങള്‍ എവിടെയും തങ്ങി നില്‍ക്കാത്തതുകൊണ്ട് അവരെ ആരും അധികനാള്‍ ഓര്‍ക്കാറില്ലെന്ന് മാത്രം. എന്നിട്ടും ഭീകരാക്രമണങ്ങളും അവക്കു പിന്നിലെ ഞെട്ടിപ്പിക്കുന്ന കഥകളും ആവര്‍ത്തിക്കപ്പെടുന്നു, പ്രതികള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ഥിരം വാര്‍പ്പു മാതൃകകള്‍ അവതരിപ്പിക്കപ്പെടുന്നു. സ്ഥിരം കെട്ടുകാഴ്ചകള്‍ നമുക്കു മുന്നില്‍ വേഷം കെട്ടിയാടുന്നു. സ്ഥലവും ആളും മാറുന്നു എന്നേയുള്ളൂ. രാസഘടന ഒന്നു തന്നെയാണ്. മറിച്ചുള്ള കഥകള്‍ക്ക് പ്രസക്തിയില്ല. കാവി ഭീകരതയുടെ പേരില്‍ അകത്തു കിടക്കുന്നവരുടെ ജനിതക ഘടനയില്‍ തീവ്രവാദമില്ല. അത് മുസ്‌ലിം ഭീകരര്‍ നടത്തിയ നിരവധി സ്‌ഫോടനങ്ങള്‍ക്കുളള ചിന്ന ചിന്ന പ്രതികാരമായി കണ്ടാല്‍ മതി.
കാര്‍മേഘത്തിനിടയിലും വെള്ളിരേഖകള്‍
മുതീഉര്‍റഹ്മാനെ വെറുതേ വിട്ടപ്പോള്‍ പ്രമുഖ മലയാള പത്രത്തിന്റെ ബംഗളുരു ലേഖകന്‍ സ്വകാര്യമായി പറഞ്ഞത്, ഇനി മുതല്‍ പോലീസ് കഥകള്‍ അപ്പാടെ കൊടുക്കില്ലെന്നായിരുന്നു. മുസ്‌ലിം ഭീകരത ആഘോഷിക്കുന്ന മാധ്യമങ്ങളുടെ മുന്‍പന്തിയിലുള്ള പത്രത്തിന്റെ ലേഖകനാണ് ഈ മനം മാറ്റം. ഇതൊരു മാറ്റത്തിന്റെ സൂചനയാണ്. ഹിന്ദു പോലുള്ള ദേശീയ മാധ്യമങ്ങളും നിരവധി ഓണ്‍ലൈന്‍ പത്രങ്ങളും പോലീസ് കഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ കൂട്ടാക്കാതെ മറുവശം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ജയില്‍ മോചിതനായ ശേഷം മുതീഉര്‍റഹ്മാന്റെ വാര്‍ത്താ സമ്മേളനത്തിന് കിട്ടിയ കവറേജ് അതിനുദാഹരണമാണ്. സാധാരണ നിലയില്‍ സംഭവിക്കാത്തതാണത്. ഹിന്ദു പത്രത്തില്‍ തീവ്രവാദികളുടെ വേരുകള്‍ ചികഞ്ഞ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവിട്ടിരുന്ന പ്രവീണ്‍ സ്വാമി രണ്ടു വര്‍ഷമായി അത്തരം വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തി. അദ്ദേഹം ഹിന്ദു തന്നെ വിട്ടുവെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഒന്നുകില്‍ ഹിന്ദുവിന് തിരിഞ്ഞിട്ടുണ്ടാവണം, അല്ലെങ്കില്‍ സാമിക്ക്. മതേതര വിശ്വാസികള്‍ മഹാഭൂരിപക്ഷമുള്ള നമ്മുടെ രാജ്യം പതിയെ ആണെങ്കിലും മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് കാര്‍മേഘങ്ങള്‍ക്കിടയിലും ആശ്വാസം പകരുന്നത്.
പുരോഹിതിന് ശമ്പളം, ഇജാസിന് പിരിച്ച്‌വിടല്‍
ബംഗളുരു തീവ്രവാദ കേസില്‍ മോചിതനായ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനും ആറാം പ്രതിയുമായ ഇജാസ് അഹമ്മദ് മിര്‍സയെ പ്രതിരോധ മന്ത്രാലയം ഫെബ്രുവരി 13ന് പിരിച്ചുവിട്ടു. ആഗസ്റ്റ് 29ന് പിടിയിലായ ഇജാസിനെതിരെ തെളിവുകളുടെ അഭാവത്തില്‍ കുറ്റപത്രം നല്‍കാന്‍ എന്‍.ഐ.എക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇജാസ് ജാമ്യത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി ഇജാസിനെ കാരണം കാണിക്കല്‍ നോട്ടീസുപോലുമില്ലാതെ പിരിച്ചുവിടുകയായിരുന്നു. ഒരു കുറ്റവും ചുമത്താതെ കേസില്‍ ജാമ്യം നേടിയ ഒരു ജീവനക്കാരനെതിരെയാണ് ഡി.ആര്‍.ഡി.ഒയുടെ നടപടി. പ്രതിരോധ മന്ത്രാലയത്തിന്റെ തന്നെ ഭാഗമായ സൈന്യത്തില്‍ ലെഫ്. കേണലായിരുന്ന പുരോഹിത് സംഝോത, മാലേഗാവ് തുടങ്ങിയ സ്‌ഫോടന കേസില്‍ കുറ്റപത്രം ലഭിച്ച ഉദ്യോഗസ്ഥനാണ്. 2008 മുതല്‍ ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ പുരോഹിതിന് എല്ലാ ആനുകൂല്യങ്ങളുമടക്കം ഇപ്പോഴും പ്രതിരോധ വകുപ്പ് ശമ്പളം നല്‍കുന്നു. ഒരു ഭാഗത്ത് തെളിവുകളില്ലാത്തതിന്റെ പേരില്‍ ജാമ്യം നേടിയ യുവശാസ്ത്രജ്ഞന് പിരിച്ചുവിടല്‍, രണ്ടു ഭീകരാക്രമണ കേസില്‍ കുറ്റപത്രം നല്‍കപ്പെട്ട സൈനികന് എല്ലാ ആനുകൂല്യങ്ങളോടെയും ശമ്പളം ജയിലിലെത്തുന്നു. ഇതല്ലേ കൂട്ടരേ ജനാധിപത്യ രാജ്യത്തിലെ 'തുല്യ നീതി'?
Comments