Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

മാവോ വേട്ട കാടിളക്കുന്നത് ആര്‍ക്കുവേണ്ടി?

ടി. മുഹമ്മദ് വേളം

മാവോവേട്ട താല്‍ക്കാലികമായി അവസാനിച്ചിരിക്കുന്നു. ഇത് മറ്റേതോ വേട്ടയുടെ ആമുഖമാണെന്ന് മനസ്സിലാക്കുന്നതായിരിക്കും ബുദ്ധി. കാരണം, കേരളത്തില്‍ ഗറില്ലാ മാവോവാദികള്‍ വലിയ സാന്നിധ്യമൊന്നുമല്ല. നക്‌സലിസത്തെ മിത്താക്കി അതിന്റെ രാഷ്ട്രീയ സാധ്യതകളെ അസാധ്യമാക്കിയ സംസ്ഥാനമാണ് കേരളം. അല്ലെങ്കില്‍ മാവോയിസത്തിന്റെ എല്ലാ തിരിച്ചുവരല്‍ സാധ്യതകളും അവസാനിച്ചപ്പോഴാണ് കേരളത്തിലെ സാംസ്‌കാരിക വ്യവസായം അതിനെ ഐതിഹ്യമാക്കി ആഘോഷിച്ചു തീര്‍ത്തത്.
കാടുകളില്ലാത്തതുകൊണ്ടു മാത്രമല്ല കേരളത്തില്‍ മാവോയിസം അസാധ്യമാകുന്നത്. ജനകീയ സമരങ്ങളിലൂടെ മാവോയിസത്തെ നിരായുധീകരിച്ച ഇടമാണ് കേരളം. മാവോയിസ്റ്റുകളെ ഇവിടെ തടഞ്ഞുനിര്‍ത്തിയത് പോലീസല്ല, ജനകീയ സമരങ്ങളാണ്. മറ്റിടങ്ങളില്‍ സായുധമാര്‍ഗത്തിലൂടെ മാവോവാദികള്‍ ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളും അതല്ലാത്തവയും അതിനെക്കാള്‍ സൂക്ഷ്മ ശ്രദ്ധയോടെ ഇവിടെ ജനകീയ സമരങ്ങളും ജനപക്ഷ സാമൂഹിക പ്രസ്ഥാനങ്ങളും ജനാധിപത്യപരവും അക്രമരഹിതവുമായ വഴികളിലൂടെ ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ടാണ് ജനകീയ സമരങ്ങളെ വിപ്ലവത്തിന്റെ ഗതിവേഗം കുറക്കുന്ന, തടസ്സപ്പെടുത്തുന്ന, നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ആയുസ്സ് വര്‍ധിപ്പിക്കുന്ന, അതിനെ പൊട്ടിത്തെറിയില്‍ നിന്ന് രക്ഷിക്കുന്ന സേഫ്റ്റീ വാള്‍വുകളായ എന്‍.ജി.ഒ രാഷ്ട്രീയമായി മാവോവാദികള്‍ കാണുന്നത്. ജനകീയ സമരങ്ങള്‍ മാവോവാദികളെ നിരായുധീകരിക്കുന്നതിനെക്കുറിച്ചുള്ള മാവോവാദികളുടെ വായനയാണത്.
ഇന്ത്യയില്‍ തന്നെ ജനകീയ സമരങ്ങള്‍ ഏറെ സജീവമായുള്ള ഭൂഭാഗമാണ് കേരളം. ഇത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കും പ്രതിപക്ഷത്തിനും വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. പലരുടെയും കോടികള്‍ ഇതിന്റെ പേരില്‍ മുടങ്ങിക്കിടക്കുന്നുമുണ്ട്.തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ ദേശീയപാത വികസനത്തിന്റെ ബി.ഒ.ടി വത്കരണത്തിനും ചുങ്കപ്പിരിവിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന സമരത്തിനെതിരെ ഈയിടെ പോലീസ് അതിക്രമങ്ങള്‍ അഴിച്ചുവിടുകയുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ ജാമ്യം ലഭിക്കാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. ഇതേക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിയോട് നേരിട്ട് സംസാരിക്കാന്‍ ചെന്ന ജനപക്ഷ രാഷ്ട്രീയ നേതാക്കളോട് അദ്ദേഹം വളരെ ഭംഗിയായി പറഞ്ഞത്, 'അതിന് നിങ്ങളാ സമരം അങ്ങ് അവസാനിപ്പിച്ചേക്ക്' എന്നായിരുന്നു. സമരങ്ങള്‍ എത്രമാത്രം സര്‍ക്കാറുകളെ അസ്വസ്ഥപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ആ ആവശ്യപ്പെടല്‍. സര്‍ക്കാറിന്റെ ഈ ആവശ്യം തന്നെയാണ് പോലീസ് തേര്‍വാഴ്ചയായി പാലിയേക്കരയില്‍ അഴിഞ്ഞാടിയത്.
കേരളത്തിന്റെ സവിശേഷത ഇരുനൂറിലധികം വരുന്ന ജനകീയ സമരങ്ങള്‍ സജീവമാണ് എന്നത് മാത്രമല്ല, അവക്കിടയില്‍ ഹൃദയബന്ധത്തിന്റെ ഒരു ശൃംഖല രൂപപ്പെട്ടുവരികയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സൗവര്‍ണ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങളെയും കേരളത്തിലെ സമരസമൂഹം ശക്തമായി പിന്തുണച്ചുപോരുന്നുണ്ട്. കൂടങ്കുളം സമരത്തിന് ശക്തമായ പിന്തുണ കിട്ടിയ സംസ്ഥാനമാണ് കേരളം. സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂടങ്കുളം സമരപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യഫണ്ട് കൈമാറി തിരിച്ചുപോരുകയായിരുന്ന, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറും മറ്റു സാമൂഹിക പ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന പ്രതിനിധി സംഘത്തെ അറസ്റ്റു ചെയ്ത തമിഴ്‌നാട്ടിലെ വള്ളിയൂര്‍ ഡി.വെ.എസ്.പി സ്റ്റാന്‍ലി ജോണ്‍ പലവൂര്‍ സ്റ്റേഷനില്‍ വെച്ച് സംഘത്തോട് പറഞ്ഞത് 'നിങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ നാട്ടിലേ നടത്താവൂ. ഇവിടെ നടക്കുന്ന ഇത്തരം സമരങ്ങളെ ഒരു കാരണത്താലും സാമ്പത്തികമായി സഹായിക്കരുത്' എന്നായിരുന്നു. ഒറീസയിലെ പോസ്‌കോ വിരുദ്ധസമരത്തെയും സോളിഡാരിറ്റിയും സി.പി.ഐയും കേരളത്തില്‍ ശക്തമായ പിന്തുണ നല്‍കിപ്പോരുന്നുണ്ട്. അവരുടെ ആശ്രയസംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ഇവിടത്തെ അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ ജനകീയ സമരപ്രവര്‍ത്തകര്‍ക്ക് സാമാന്യം സ്വീകാര്യത ലഭിക്കുന്നുണ്ട്. മനുഷ്യാവകാശ വിഷയത്തിലും മുസ്‌ലിം പ്രശ്‌നങ്ങളിലും ദലിത് സ്വത്വപ്രതിസന്ധിയുടെ സൂക്ഷ്മഭാവങ്ങളിലും കേരളം ഇന്നും യാഥാസ്ഥിതികമാണെങ്കിലും മറ്റു വിഷയങ്ങളില്‍ ശക്തമായ ഒരു സിവില്‍ സൊസൈറ്റിയെ രൂപപ്പെടുത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഈ ജൈവ പ്രതിപക്ഷം മാവോവാദികളെ അസാധ്യമാക്കുന്നതോടൊപ്പം സര്‍ക്കാറുകളെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നുമുണ്ട്. ഈ ശക്തിപ്പെടുന്ന അസ്വസ്ഥതയാണ് മാവോവേട്ട എന്ന പുകമറയായി പ്രത്യക്ഷപ്പെടുന്നത് എന്നുവേണം മനസ്സിലാക്കാന്‍. മാവോവാദി എന്നാരോപിച്ചാണ് ഇന്ത്യയില്‍ മറ്റു പലേടങ്ങളിലും ജനകീയ സമര പ്രവര്‍ത്തകരെ പോലീസ് വേട്ടയാടിയത്. ഡോ. ബിനായക്‌സെന്നും ഛത്തീസ്ഗഢിലെ സോണിസൂറിയെന്ന അധ്യാപികയും പേരുപോലുമറിയാത്ത ജയിലിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ജനകീയ സമര പ്രവര്‍ത്തകരും ഇതിന്റെ സാക്ഷ്യങ്ങളാണ്.
കേരളത്തില്‍ മാവോ വേട്ടകളുടെ കാടിളക്കല്‍ ആരംഭിച്ചപ്പോള്‍ തന്നെ അതിന്റെ മറ ഉപയോഗിച്ച് ജനകീയ സമര പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ ഭരണകൂടം ആരംഭിച്ചിരുന്നു. പെരിയാര്‍ മലിനീകരണവിരുദ്ധ സമര സമിതിയുടെ സാരഥിയെ മാവോ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നു. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പെരിയാര്‍ മലിനീകരണവിരുദ്ധ സമിതിയും രാജ്യദ്രോഹികളാണെന്നും പിണറായി വിജയനും സി.പി.ഐ നേതാവ് കെ.ഇ ഇസ്മാഈലും ബി.ജെ.പി നേതാവ് മുരളീധരനും മുസ്‌ലിം ലീഗ് നേതാക്കളും ഒന്നിച്ചുചേര്‍ന്ന് മുമ്പ് തന്നെ അവിടെ പ്രഖ്യാപിച്ചിരുന്നു.
യഥാര്‍ഥത്തില്‍ മാവോയിസ്റ്റുകളുടേതും ജനകീയസമരങ്ങളുടേതും തീര്‍ത്തും വിഭിന്നമായ പ്രവര്‍ത്തന രീതികളാണ്. സമാധാനപരമായ പ്രവര്‍ത്തനമെന്നത് ജനകീയ സമരങ്ങളുടെ തിരിച്ചറിയല്‍ മുദ്രയാണ്. സര്‍ക്കാറും തീവ്രവാദികളുമാണ് ലക്ഷ്യസാധ്യത്തിന് ആയുധത്തിന്റെയും ഭരണഘടനാ രാഹിത്യത്തിന്റെയും വഴികള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദം v/s സര്‍ക്കാര്‍ എന്നത് ഒരു വ്യാജസമവാക്യമാണ്. തീവ്രവാദം എന്ന യഥാര്‍ഥമോ പ്രതീതിയോ ഉണ്ടാവുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമാണ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവാന്‍ അതൊരിക്കലും സമ്മതിക്കുകയില്ല. യഥാര്‍ഥ തീവ്രവാദം ലഭ്യമല്ലെങ്കില്‍ കൃത്രിമ തീവ്രവാദത്തെ സര്‍ക്കാര്‍ സൃഷ്ടിക്കും. അതാണ് ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടുന്ന സ്‌ഫോടനങ്ങളില്‍ കാണുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്ലാതെ സര്‍ക്കാറുകള്‍ക്ക് നിലനില്‍ക്കാനാകില്ല. അവരുടെ ഇരുളജണ്ടകള്‍ നടപ്പിലാക്കുന്നത് ഇതിന്റെ മറവിലും ചെലവിലുമാണ്. എല്ലാ നിറം തീവ്രവാദികളും സര്‍ക്കാറിന്റെ ജനവിരുദ്ധ അജണ്ടകളെ സഹായിക്കുന്ന പശ്ചാത്തല ശക്തികളാണ്.
മാവോയിസ്റ്റുകള്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതൊരിക്കലും സമ്മതിക്കാതിരിക്കുക സര്‍ക്കാര്‍ തന്നെയായിരിക്കും. ഇന്ത്യാ ഗവണ്‍മെന്റിനും മാവോയിസ്റ്റ് പാര്‍ട്ടിക്കുമിടയില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തില്‍ ചില സംഭാഷണ ശ്രമങ്ങള്‍ നടന്നിരുന്നു. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് തുടങ്ങിയതായിരുന്നു അത്. സിപി.ഐ(മാവോയിസ്റ്റ്)യുടെ പോളിറ്റ് ബ്യൂറോ മെമ്പറും വക്താവുമായിരുന്ന ആസാദുമായിട്ടായിരുന്നു അതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. അഥവാ മാവോയിസ്റ്റ് പാര്‍ട്ടി അതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നു എന്നാണ് സ്വാമി അഗ്നിവേശിന്റെയും മാധ്യമങ്ങളുടെയും വിശദീകരണങ്ങളില്‍ നിന്ന് മനസ്സിലായത്. പ്രാഥമിക ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതിനിടയില്‍ ആസാദ് ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായത്. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ മധ്യസ്ഥന്‍ വഴി സര്‍ക്കാറിന് കൈമാറാനുള്ള കത്തുണ്ടായിരുന്നു. അത്തരം ഒരു ചര്‍ച്ച നടക്കരുത് എന്നത് നമ്മുടെ രഹസ്യപോലീസിന്റെ തന്നെ ഏറ്റവും വലിയ താല്‍പര്യമായിരുന്നു. സംഭാഷണ പ്രതിനിധിയെ വധിക്കുന്നതിലൂടെ മാവോ തീവ്രവാദികളെ കൂടുതല്‍ പ്രകോപിതരാക്കുക എന്നത് അവരുടെ ലക്ഷ്യമായിരിക്കാം.
ബുദ്ധമതത്തിന്റെ അടിത്തറയില്‍ കേരളത്തിലെ ദലിതുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എച്ച്.ആര്‍.എമ്മിനെ പോലീസും ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ചേര്‍ന്ന് ഭീകരമുദ്ര ചാര്‍ത്തി വേട്ടയാടിക്കൊണ്ടിരിക്കുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. ദലിത് തീവ്രവാദം എന്ന ചാപ്പ കുത്തിയാണ് സര്‍ക്കാര്‍ അതിന് പൊതുസമ്മതി നേടിയെടുക്കാന്‍ ശ്രമിച്ചത്. ദലിത് കോളനികളിലെ പലതരം നിക്ഷിപ്ത താല്‍പര്യങ്ങളെ ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായി അട്ടിമറിക്കുന്നുണ്ടായിരുന്നു. ഇതിന്റെ കൂട്ടപ്പകയാണ് തീവ്രവാദ പേരു പറഞ്ഞ് ഭരണവര്‍ഗം തീര്‍ക്കാന്‍ ശ്രമിച്ചത്.
വടക്കേ ഇന്ത്യയില്‍ ചുവപ്പ് ഇടനാഴിക്കുപകരം കേരളത്തില്‍ ഒരു കറുത്ത ഇടനാഴി രൂപപ്പെടുന്നു എന്നുപറയാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ദലിത് തീവ്രവാദത്തിനു ശേഷം മാവോ പേരില്‍ ആദിവാസികളെയും അവര്‍ക്കിടയിലെ പുതിയ ജനാധിപത്യ ഉണര്‍വുകളെയും അടിച്ചമര്‍ത്താനുള്ള നീക്കം ഈ പൊടിപറത്തലിന് പിന്നാമ്പുറത്ത് ഉണ്ടെന്നുവേണം മനസ്സിലാക്കാന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍