Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

തുരങ്കം തന്നെയാണ് വെൡം

സി. ദാവൂദ്

പോരാടുക എന്നത് പ്രയാസകരം തന്നെയാണ്; കാരണം തുരങ്കത്തിനൊടുവില്‍ എന്താണെന്ന് നിങ്ങള്‍ യഥാര്‍ഥത്തില്‍ അറിയുന്നില്ല. ഇത് പറഞ്ഞത് അേമരിക്കന്‍ കൊമേഡിയനായ ഡോണ്‍ റിക്ക്ള്‍സ്. 'തുരങ്കത്തിനൊടുവില്‍ വെളിച്ചമുണ്ട്' എന്നത് കേട്ടുപതിഞ്ഞ പഴഞ്ചൊല്ലാണ്. എന്നാല്‍, അങ്ങനെയൊരു വെളിച്ചമുണ്ട് എന്ന് ഉറപ്പില്ലാത്തപ്പോഴും കുഴിച്ചുകൊണ്ടേയിരിക്കുന്നവനാണ് പോരാളി. ശിലാപര്‍വതത്തിനപ്പുറത്ത് കഴിയുന്ന പ്രണയിനിയെ കാണാനായി കുത്താണി കൊണ്ട് പര്‍വതം തുരക്കുന്ന പ്രണേതാവിനെപ്പറ്റിയുള്ള പേര്‍ഷ്യന്‍ കാവ്യത്തെക്കുറിച്ച് എവിടെയോ വായിച്ചതോര്‍ക്കുന്നു. മനുഷ്യരുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ഒരിക്കലും അവസാനിക്കാത്ത യാത്രയുടെയും പ്രതീക ബിംബമാണ് തുരങ്കങ്ങള്‍. ചരിത്രത്തിന്റെ കോട്ടകളിലും കൊട്ടാരങ്ങളിലും തുരങ്കങ്ങളുണ്ട്. മെട്രോ മാന്‍ എന്നു പറഞ്ഞ് നാം ഇന്ത്യക്കാര്‍ ആദരിക്കുന്ന ഇ. ശ്രീധരന്‍ പ്രശസ്തിയിലേക്ക് വന്നത് കൊങ്കണ്‍ റെയില്‍വേ നിര്‍മാണത്തോടെയാണ്. പര്‍വതങ്ങളെ കീറിമുറിച്ചു പോവുന്ന 91 തുരങ്കങ്ങളാണ് കൊങ്കണിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യമായി കൊങ്കണിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രീധരനെക്കുറിച്ചാണ് ആലോചിച്ചത്. ഈ മനുഷ്യന്‍ കഴിഞ്ഞ ജന്മത്തില്‍ മൂഷികനായി ജനിച്ചതായിരിക്കണം എന്ന് അന്ന് തോന്നിപ്പോയി. കൊങ്കണ്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ അത്ഭുതങ്ങളിലൊന്നായി മാറിയത് തീര്‍ത്തും പ്രതികൂല ഭൂമിശാസ്ത്ര മേഖലയില്‍ നിര്‍മിക്കപ്പെട്ട കൂറ്റന്‍ തുരങ്കങ്ങളുടെ പേരിലാണ്. നാഗരികതയുടെ പ്രയാണത്തില്‍ തുരങ്കങ്ങള്‍ വലിയ ഘടകമാണ്. മുറിഞ്ഞുപോയ ദേശങ്ങളില്‍ ജനപഥങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ തുരങ്കങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
ഗസ്സയെക്കുറിച്ച് പറയുമ്പോള്‍ തുരങ്കങ്ങളെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം തുരങ്കങ്ങള്‍, അക്ഷരാര്‍ഥത്തില്‍, ഗസ്സയുടെ ജീവനാഡികളാണ്. ഗസ്സക്കാരെ സംബന്ധിച്ചേടത്തോളം തുരങ്കത്തിനൊടുവിലല്ല; തുരങ്കത്തില്‍ തന്നെയാണ് വെളിച്ചം; ജീവിതവും. 2006 മുതല്‍ ആരംഭിച്ച ഉപരോധത്തെത്തുടര്‍ന്നാണ് ഗസ്സ തുരങ്കങ്ങളുടെ സാധ്യത മനസ്സിലാക്കുന്നത്. പത്രഭാഷയില്‍ എന്തു പറഞ്ഞാലും, ഉപരോധം ഗസ്സയെ സംബന്ധിച്ചേടത്തോളം തീര്‍ത്തും പുതിയൊരു ജീവിതാനുഭവമായിരുന്നു. ഒരു ജനസഞ്ചയം പൊടുന്നനെ ഒരു ജയില്‍സമൂഹമായി മാറിയ അനുഭവം. അപ്പോള്‍ പിന്നെ അതിജീവനത്തിന്റെ പുതുപാഠങ്ങള്‍ രചിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. ആ നിര്‍ബന്ധിതാവസ്ഥയിലാണ് തുരങ്കങ്ങളുണ്ടാവുന്നത്. അവയെക്കുറിച്ച് പറയാം.
ഗസ്സ-ഈജിപ്ത് അതിര്‍ത്തിയില്‍ റഫയില്‍, ഭൂമിക്കടിയിലൂടെ മാന്തിയെടുത്ത വഴികളാണ് ഗസ്സ തുരങ്കങ്ങള്‍ എന്നറിയപ്പെടുന്നത്. ഉപരോധത്തിന്റെ പ്രഹരത്തെ അതിജീവിക്കാന്‍ അവര്‍ കണ്ടെത്തിയ ഭൂഗര്‍ഭ വഴി. മറ്റൊരര്‍ഥത്തില്‍ ഇഛാശക്തി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതിന്റെ പേരാണ് ഗസ്സ തുരങ്കങ്ങള്‍. റഫ പ്രദേശത്ത് ഇത്തരത്തില്‍ 800-നും 1000-ത്തിനുമിടയില്‍ തുരങ്കങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പാരസെറ്റാമോള്‍ ഗുളിക മുതല്‍ കലാഷ്‌നിക്കോവ് തോക്ക് വരെ ഗസ്സക്കാര്‍ ഈ തുരങ്കങ്ങളിലൂടെയാണ് കടത്തിക്കൊണ്ടുവന്നത്. അതുകൊണ്ടാണ് തുരങ്കങ്ങളെ ഗസ്സയുടെ ലൈഫ് ലൈന്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
കനത്ത ഇസ്രയേലി ആക്രമണങ്ങള്‍ക്കും കാമറാ നിരീക്ഷണങ്ങള്‍ക്കുമിടയില്‍, ഗസ്സക്കാര്‍ ഇതെങ്ങനെ നിര്‍മിച്ചുവെന്ന ചോദ്യം ഇന്നും അത്ഭുതമാണ്. ഗസ്സയില്‍ നിന്ന് തുരന്നു തുടങ്ങുകയെന്നത് എളുപ്പമാണെന്ന് വേണമെങ്കില്‍ പറയാം. റഫയിലെ വീടുകളിലെ കിടപ്പുമുറിയിലോ പള്ളിയിലെ മുക്രിയുടെ മുറിയിലോ, ചിലപ്പോള്‍ കാലിത്തൊഴിത്തിലോ ഒക്കെയായിരിക്കും തുരങ്കമുഖങ്ങള്‍. പക്ഷേ, അത് അവസാനിപ്പിക്കേണ്ടത് ഹുസ്‌നി മുബാറകിന്റെ ഈജിപ്തിലാണല്ലോ. അങ്ങോരുടെ പട്ടാളക്കാരുടെയും കണ്ണുവെട്ടിക്കണം. വലിയ വിദ്യാഭ്യാസമില്ലെങ്കിലും ഉയര്‍ന്ന നൈതികബോധം കാത്തുസൂക്ഷിക്കുന്ന സീനായ് മരുഭൂമിയിലെ ബദുക്കളാണ് പലപ്പോഴും തുരങ്കങ്ങളെ സംരക്ഷിച്ചുപോന്നത്. അവരുടെ വീടുകളിലും പള്ളികളിലും ഒലിവ് തോട്ടങ്ങളിലുമാണ് പലപ്പോഴും തുരങ്കങ്ങള്‍ അവസാനിപ്പിക്കുക. ടണലിലൂടെയുള്ള ചരക്കുനീക്കം വഴി അവര്‍ക്ക് വരുമാനവും നേടാനാവും.
സ്വീഡനില്‍ നിര്‍മിച്ച ഹൈഡ്രോളിക് ടണലിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇ. ശ്രീധരന്‍ കൊങ്കണില്‍ തുരങ്കങ്ങള്‍ തീര്‍ത്തത്. പാറമേടകളിലൂടെയും ഉറച്ച ഭൂപ്രദേശങ്ങളിലൂടെയും തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഈ മെഷീനുകള്‍ ഏറെ ഉപകാരപ്പെടും. ഉറച്ച പ്രദേശങ്ങളില്‍ തുരങ്കങ്ങള്‍ നിര്‍മിക്കുന്നതാണ് എളുപ്പം. എന്നാല്‍, പശിമണ്ണ് നിറഞ്ഞ മലനിരകള്‍ക്കുള്ളിലൂടെ തുരങ്കങ്ങള്‍ തീര്‍ക്കുമ്പോള്‍ ഈ മെഷീനുകള്‍ ശ്രീധരനെ തുണച്ചില്ല. മനുഷ്യധ്വാനം തന്നെവേണം അതിന്. കൊങ്കണ്‍ റെയില്‍വെ വൈകാന്‍ കാരണം ഇത്തരത്തിലുള്ള ഒന്നു, രണ്ട് തുരങ്കങ്ങളാണ്. പണി ഏതാണ്ട് തീര്‍ന്നുവെന്ന് നാം വിചാരിക്കുമ്പോള്‍ അത് തകര്‍ന്നു വീണിട്ടുണ്ടാവും. കൊങ്കണ്‍ നിര്‍മാണത്തിനിടെ മൊത്തം 74 പേര്‍ മരിച്ചുവീണിട്ടുണ്ട്. കൊങ്കണിലെ മലകളിലൂടെ തുരക്കുന്നതിനെക്കാള്‍ പ്രയാസകരമാണ് മണല്‍ നിറഞ്ഞ മരുഭൂമിയിലൂടെ തുരങ്കം തുരക്കുന്നത്. അതും, ആധുനികമായ യാതൊരു ഉപകരണങ്ങളുമില്ലാതെ. തുരുമ്പ് പിടിച്ച പിക്കാസുമായി അവര്‍ തുരന്നു കൊണ്ടേയിരുന്നു. ഡോണ്‍ റിക്ക്ള്‍സ് പറഞ്ഞതു പോലെ, തുരങ്കത്തിനൊടുവിലെന്ത് എന്നൊന്നും അവര്‍ ആലോചിച്ചില്ല. തുരക്കുകയല്ലാതെ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നില്ല. കാരണം അവര്‍ക്ക് ജീവിക്കേണ്ടതുണ്ടായിരുന്നു; പ്രതിരോധിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല. പ്രവാചകന്റെ സമൂഹം 'ഇടത്തുനിന്നും വലത്തു നിന്നും താഴെ നിന്നും മുകളില്‍ നിന്നും പരീക്ഷിക്കപ്പെടുകയും കിടുകിടാ വിറപ്പിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭ'ത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. കിടങ്ങുകുഴിച്ചുകൊണ്ടാണ് പ്രവാചകനും സഖാക്കളും ആ സന്ദര്‍ഭത്തില്‍ പ്രതിരോധം തീര്‍ത്തത്. സമാനമായ അര്‍ഥത്തില്‍ എല്ലാ അര്‍ഥത്തിലും കിടുകിടാ വിറപ്പിക്കപ്പെടുന്ന അവസ്ഥയായിരുന്നു ഗസ്സക്കാര്‍ക്ക് ഉപരോധ കാലം. അവര്‍ തുരങ്കം കുഴിച്ചുകൊണ്ടാണ് അതിനെ മറികടക്കാന്‍ ശ്രമിച്ചത്. അങ്ങനെ മണല്‍ നിറഞ്ഞ മരുഭൂമിക്കടിയിലൂടെ അവര്‍ മാളങ്ങളുണ്ടാക്കി. ഒരു ജനതയുടെ ഇഛാശക്തി അതിലൂടെ പ്രവഹിച്ചു.
ഇസ്രയേലിന്റെ കാമറക്കണ്ണുകളെയും ബോംബര്‍ വിമാനങ്ങളെയും വെട്ടിച്ചു വേണമായിരുന്നു അവര്‍ക്ക് കുഴികള്‍ കുഴിക്കാനും അതിലൂടെ അവശ്യ വസ്തുക്കള്‍ കൊണ്ടുവരാനും. ഇസ്രയേല്‍ ആക്രമണങ്ങളില്ലെങ്കില്‍ പോലും തുരങ്കങ്ങള്‍ വലിയ അപകടമാണ്. 2006 മുതല്‍ ഇതെഴുതുന്നതു വരെ 233 ആളുകള്‍ തുരങ്കങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നറിയുമ്പോള്‍ അതിലെ റിസ്‌ക് ഫാക്ടര്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതില്‍ 20 പേര്‍ മാത്രമാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മണ്ണിടിഞ്ഞ് മരിച്ചവരാണേറെയും. ഞങ്ങള്‍ ഗസ്സയിലേക്ക് കടക്കുന്നതിന്റെ തലേന്നാണ് റഫയില്‍ നിന്നുള്ള 22കാരനായ അഹ്മദ് സറൂബ് മണ്ണിടിഞ്ഞ് വീണ് മരിക്കുന്നത്. ഹുസ്‌നി മുബാറകിന്റെ സൈന്യം ചെയ്ത ക്രൂരതകളാണ് തുരങ്കം മാനേജ് ചെയ്യുന്നതിലെ ഏറ്റവും വലിയ ബുദ്ധിമുട്ട്. 15 മീറ്ററോളം ആഴവും 800 മീറ്ററോളം നീളവുമാണ് മിക്ക തുരങ്കങ്ങള്‍ക്കും. ഇത്രയും നീളത്തില്‍, തുരങ്കമുണ്ടെന്ന് വിചാരിക്കുന്ന സ്ഥലത്ത് ആകാശത്ത് നിന്ന് ബോംബ് വര്‍ഷിക്കുകയേ ഇസ്രയേലിന് നിര്‍വാഹമുള്ളൂ. അതിന്റെ ഒരു ഭാഗം തകര്‍ന്നാലും കുഴപ്പമില്ല. ഗസ്സക്കാര്‍ മറ്റെവിടെയെങ്കിലും കുഴിച്ച് അതിലേക്ക് കണക്ഷന്‍ നിര്‍മിച്ചു കളയും. എന്നാല്‍, ഈജിപ്ഷ്യന്‍ സൈന്യം അങ്ങനെയല്ല. തങ്ങള്‍ കണ്ടുപിടിച്ച തുരങ്കത്തിലേക്ക് വെള്ളം കടത്തിവിട്ട് തകര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. പൊടിമണലില്‍ വെള്ളം നിറയുമ്പോള്‍ തുരങ്കം എളുപ്പം അമര്‍ന്നു വീഴും. ആ സമയത്ത് തുരങ്കത്തിലുള്ളവര്‍, വെള്ളത്തില്‍ മുക്കിയ എലിപ്പെട്ടിയിലെ എലിയെപ്പോലെ പിടഞ്ഞുപിടഞ്ഞു മരിച്ചുകൊള്ളും. തെല്‍അവീവിലെ കശാപ്പുകാരുടെ നിലവാരത്തിലേക്ക് ഹുസ്‌നി മുബാറക് ഉയര്‍ന്നത് അങ്ങനെയാണ്. പലപ്പോഴും അഴുക്കുചാലിലെ വെള്ളമാണ് ഈജിപ്ഷ്യന്‍ സൈനികര്‍ ഇങ്ങനെ തുരങ്കങ്ങളിലേക്ക് അടിച്ചുകയറ്റിയത് എന്നുമറിയുക. എന്നിട്ടും ഗസ്സക്കാര്‍ കീഴടങ്ങിയില്ല. അവര്‍ പുതിയ തുരങ്കങ്ങള്‍ നിര്‍മിച്ചും വസ്തുക്കള്‍ കടത്തിയും തങ്ങളുടെ ഭൂഗര്‍ഭ പ്രതിരോധം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍, ഗസ്സന്‍ തുരപ്പന്മാരെ തുരത്താന്‍ ഒരു വഴിയുമില്ലെന്ന് വന്നപ്പോഴാണ്, ഈജിപ്ത്-ഗസ്സ അതിര്‍ത്തി മുഴുക്കെ ഭൂമിക്കടിയിലൂടെ ഇരുമ്പു മതില്‍ പണിയാനുള്ള തീരുമാനം ഹുസ്‌നി മുബാറക് ഭരണകൂടമെടുക്കുന്നത്. അതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചതുമാണ്. അത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അങ്ങോര്‍ക്ക് കസേര വിട്ടു പായേണ്ടിവന്നുവെന്ന് മാത്രം. പക്ഷേ, മുബാറക് ആ മതില്‍ പണിതിരുന്നുവെങ്കില്‍ അതിനെയും അതിജീവിക്കുന്ന തന്ത്രങ്ങള്‍ ഗസ്സക്കാരും ഹമാസും കണ്ടെത്തിയേനെ. പ്രതിരോധത്തിന്റെ അത്തരമൊരു മഹാകാവ്യം കാണാനുള്ള ഭാഗ്യമാണ് മുബാറകിന്റെ പതനം ഇല്ലാതാക്കിയത്.
ഗസ്സയിലേക്കുള്ള യാത്രക്ക് ഔദ്യോഗിക അനുമതി ലഭ്യമാകാന്‍, കയ്‌റോവില്‍, വിചാരിച്ചതിലും കൂടുതല്‍ ദിവസമെടുത്തു. ദിവസം വൈകുന്തോറും ഞങ്ങളെ ടണലിലൂടെ കടത്തിവിടാന്‍ ഉസാമാ ഹംദാന്‍ അടക്കമുള്ള ഹമാസ് സുഹൃത്തുക്കളോട് ഞങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. അതിഥികളെ സാഹസികമായ ടണല്‍ വഴി കടത്തിവിടാന്‍ അവരുടെ ആതിഥ്യ മര്യാദ അനുവദിച്ചില്ല. ഞങ്ങള്‍ക്കാകട്ടെ, നഷ്ടപ്പെട്ടത് നല്ലൊരു അനുഭവവും. ഗസ്സയിലെ ഹോട്ടലില്‍ വെച്ചാണ് മുഹമ്മദ് അമീനെ പരിചയപ്പെട്ടത്. മലേഷ്യയിലെ, അന്‍വര്‍ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് പാര്‍ട്ടിയുടെ യുവ പ്രവര്‍ത്തകനാണ്. ഗസ്സയില്‍ നിരവധി പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട് അവര്‍. അതിന്റെ മേല്‍നോട്ടത്തിനായി വന്നതാണ്. ഭാര്യയും കുഞ്ഞുമുണ്ട് ഒപ്പം. പക്ഷേ, അമീന്റെ പാസ്‌പോര്‍ട്ടില്‍ റഫ ബോര്‍ഡര്‍ അതോറിറ്റിയുടെ സ്റ്റാമ്പ് പതിഞ്ഞിട്ടില്ല. അവനും ഭാര്യയും കുഞ്ഞും തുരങ്കത്തിലൂടെയാണ് വന്നത്. അമീന്‍ തന്റെ ഐഫോണില്‍ തുരങ്കത്തിലൂടെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ കാണിച്ചുതന്നപ്പോള്‍ അസൂയപ്പെട്ടു പോയി. റഫ ബോര്‍ഡറിലെ അറുബോറന്മാരായ ഉദ്യോഗസ്ഥരുമായി മല്ലടിച്ച്, ഔദ്യോഗികമായി വരുന്നതിനെക്കാള്‍ എത്രയോ നല്ലത് ഇതായിരുന്നു എന്നു തോന്നി. ഗസ്സ അതിര്‍ത്തിയില്‍ ഒലിവ് തോട്ടങ്ങള്‍ക്കിടയിലുള്ള ഒരു പള്ളി മുറിയില്‍ നിന്നാരംഭിക്കുന്ന തുരങ്കത്തിലൂടെയാണ് അമീന്‍ ഗസ്സയിലേക്ക് കടന്നത്.
പുറത്തേക്ക് കടക്കാനും ചരക്കുകള്‍ എത്തിക്കാനുമുള്ള വഴിയെന്ന നിലക്ക് മാത്രമല്ല, പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും വലിയൊരു ഉപാധിയായും തുരങ്കങ്ങളെയാണ് ഗസ്സക്കാര്‍ കാണുന്നത്. വിയറ്റ്‌നാം യുദ്ധ കാലത്ത് കമ്യൂണിസ്റ്റ് ഗറില്ലകള്‍ തീര്‍ത്ത സുഹീ തുരങ്കങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. തുരങ്കങ്ങളില്‍ ഒളിച്ചും അതിലിരുന്ന് ഒളിയാക്രമണങ്ങള്‍ നടത്തിയുമാണ് അവരന്ന് അമേരിക്കന്‍ സൈന്യത്തെ വിറപ്പിച്ചത്. അടുത്ത കാലത്ത്, ഇസ്രയേലിന് മേല്‍ ഹമാസ് നേടിയ ഏറ്റവും വലിയ സൈനിക വിജയം ഗിലാദ് ഷാലിത്ത് എന്ന ഇസ്രയേലി സൈനികനെ തടവിലാക്കിയതായിരുന്നല്ലോ (2006). ഗസ്സ-ഇസ്രയേല്‍ അതിര്‍ത്തിയിലെ കിറം ഷാലോമില്‍ തുരങ്കം നിര്‍മിച്ച് ഇസ്രയേലിലേക്ക് കടന്നാണ് അന്ന് ഹമാസ് പോരാളികള്‍ ഷാലിത്തിനെ പിടികൂടിയത്. ഷാലിത്തിനെ മോചിപ്പിക്കാന്‍ വേണ്ടി ഇസ്രയേല്‍ കളിക്കാത്ത കളികളില്ല. ടണ്‍ കണക്കിന് ബോംബുകള്‍ ഗസ്സക്ക് മേല്‍ അവര്‍ വര്‍ഷിച്ചു. ഇസ്രയേലിന്റെ കണ്ണില്‍ പെടാതെ ഗസ്സയിലെ അജ്ഞാതമായ തുരങ്കങ്ങളിലാണ് ഹമാസ് അഞ്ച് വര്‍ഷക്കാലം ഷാലിത്തിനെ കാത്തുപോന്നത്. ഒടുവില്‍ 2011 ഒക്‌ടോബര്‍ 18-ന് 1027 ഫലസ്ത്വീനി തടവുകാര്‍ക്ക് പകരമായി ഷാലിത്തിനെ ഹമാസ് വിട്ടുകൊടുക്കുകയായിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലുമെല്ലാം ഗസ്സക്കാരുടെ ആശ്രയം തുരങ്കങ്ങളാണ്. സാധാരണഗതിയില്‍ ഒരു പോരാളി സംഘടനക്ക് നിലനില്‍ക്കാനും ഓപറേറ്റ് ചെയ്യാനും മലകളും കാടുകളും ആവശ്യമാണ്. ലോകത്തെ ഏത് ഗറില്ലാ ഗ്രൂപ്പുകളെയും എടുത്തു പരിശോധിച്ചു നോക്കൂ. മലകളും കാടുകളും കേന്ദ്രീകരിച്ചായിരിക്കും അവ പ്രവര്‍ത്തിക്കുന്നുണ്ടാവുക. ഗസ്സയില്‍ എവിടെ മല? ഒരു കുന്നു പോലും അവിടെയില്ല. എങ്ങും ഫ്‌ളാറ്റുകളും കെട്ടിടങ്ങളും നിറഞ്ഞ നിരപ്പായ തീരദേശ നഗരം. ഈയൊരു ചെറുദേശത്ത് ഇസ്രയേലിന്റെ കണ്ണുവെട്ടിക്കാന്‍ അവര്‍ കണ്ടെത്തിയ വഴി കൂടിയാണ് തുരങ്കങ്ങള്‍. ഇസ്രയേലി ആക്രമണങ്ങളില്‍ നിന്ന് ഹമാസിന്റെ നേതാക്കളെ രക്ഷപ്പെടുത്തുന്നതും ഈ തുരങ്കങ്ങള്‍ തന്നെ. ഗസ്സ യാത്രയിലെ നിര്‍ണായക രാത്രി എന്നു പറയാവുന്ന ഒരു അനുഭവം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇസ്രയേലി അതിര്‍ത്തിയില്‍, അര്‍ധ രാത്രിയിലും ഉണര്‍ന്നിരുന്ന്, ഗസ്സയെ കാത്തുപോരുന്ന ഖസ്സാം ബ്രിഗേഡിലെ സഖാക്കളുടെ അടുത്തേക്കുള്ള യാത്ര. നിലാവ് നിറഞ്ഞ ആ രാത്രിയില്‍, കൂടെയുണ്ടായിരുന്ന ബ്രിഗേഡ് അംഗമായ ജലാല്‍ ഒരു കൂറ്റന്‍ ഗര്‍ത്തം ഞങ്ങള്‍ക്ക് കാണിച്ചു തന്നു. കടലിലേക്ക് തങ്ങള്‍ നിര്‍മിച്ച ഒരു തുരങ്കത്തില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചതിന്റെ ബാക്കിപത്രമാണ്. കടലില്‍ പെട്രോളിംഗ് നടത്തുന്ന ഇസ്രയേലി സൈനികരെ ലക്ഷ്യം വെച്ച് നിര്‍മിച്ചതായിരുന്നു ആ തുരങ്കം. തുരങ്കങ്ങള്‍ക്ക് പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും അത്തരം ഒരുപാട് കഥകള്‍ പറയാനുണ്ട്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍