ചാവെസ് സാമ്രാജ്യത്വവിരുദ്ധതയുടെ ജ്വലിക്കുന്ന ഓര്‍മ

സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ബാക്കിവെച്ച് ഹ്യൂഗോ ചാവെസ് (1954-2013) വിടവാങ്ങി. 1998-ല്‍ വെനിസ്വേലയുടെ പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ മരിക്കുന്നതുവരെ അന്താരാഷ്ട്ര വേദികളില്‍ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട ധീരശബ്ദമായി ചാവെസ് നിലകൊണ്ടു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ജോര്‍ജ് ബുഷ് ചെകുത്താനാണെന്ന് പ്രസംഗിക്കാന്‍ വരെ അദ്ദേഹം ധൈര്യം കാണിച്ചു. അഫ്ഗാനിസ്താനെ അമേരിക്ക അക്രമിച്ചപ്പോള്‍ ആദ്യം പ്രതികരിച്ച ഭരണാധികാരി ചാവെസായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ അപലപിക്കപ്പെടേണ്ടതാണ് അഫ്ഗാനെതിരെയുള്ള യുദ്ധമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആ പ്രസ്താവന തിരുത്താന്‍ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ നിരന്തര സമ്മര്‍ദം ചെലുത്തിയിട്ടും അത്തരം നിലപാടു പ്രഖ്യാപനങ്ങളുമായി അന്താരാഷ്ട്ര വേദികളെ ചാവെസ് വീണ്ടും കിടിലം കൊള്ളിച്ചു. ഇറാഖിലെ അമേരിക്കയുടെ അന്യായമായ അധിനിവേശത്തിനെതിരെ ചാവെസ് പരസ്യമായി രംഗത്തുവന്നു. ഇറാന്‍ ആക്രമണത്തിന് കോപ്പു കൂട്ടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നീക്കങ്ങള്‍ക്കെതിരെ, പ്രസിഡന്റ് അഹ്മദീ നജാദിന് വെനിസ്വേലയില്‍ ഉജ്വല സ്വീകരണം നല്‍കിക്കൊണ്ടാണ് ചാവെസ് ഇറാനുള്ള തന്റെ പിന്തുണ അറിയിച്ചത്. ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ടാണ് വെനിസ്വേലന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും വിടപറഞ്ഞ നേതാവിനോടുള്ള ആദരവും ഇറാനികള്‍ പ്രകടിപ്പിച്ചത്.
ലോക ചരിത്രത്തില്‍ പ്രധാനമായും ചാവേസ് അടയാളപ്പെടുന്നത് സാമ്രാജ്യത്വവിരുദ്ധ പോരാളിയായിട്ടാണെങ്കിലും, അദ്ദേഹം ഒരു മികച്ച ഭരണാധികാരി കൂടിയായിരുന്നു. ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉല്‍പ്പാദക രാജ്യമായിട്ടും ചാവെസ് അധികാരമേല്‍ക്കുന്നതുവരെ പട്ടിണിയിലും ദാരിദ്ര്യത്തിലും മുന്‍പന്തിയിലുള്ള രാഷ്ട്രങ്ങളിലൊന്നായിരുന്നു വെനിസ്വേല. പൊതുവെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെല്ലാം അന്ന് അമേരിക്കയുടെ അടുക്കള തോട്ടങ്ങളായ വാഴപ്പിണ്ടി രാഷ്ട്രങ്ങളായിരുന്നു (Banana Countries). അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് അവിടത്തെ പ്രകൃതി വിഭവങ്ങളെല്ലാം അമേരിക്ക കടത്തിക്കൊണ്ടിരുന്നു. വെനിസ്വേലയുടെ ടണ്‍ കണക്കിന് ബാരല്‍ എണ്ണ നാമമാത്രമായ വിലയ്ക്കാണ് പ്രതിദിനം അമേരിക്കന്‍ കമ്പനികള്‍ ഊറ്റിക്കൊണ്ടുപോയിരുന്നത്. അതിന്റെ കമീഷന്‍ പറ്റി ജീവിക്കുന്ന ദല്ലാള്‍ മാത്രമായിരുന്നു പ്രസിഡന്റ് കാര്‍ലോസ് അദ്രേസ് പെറോസ്. അഴിമതിയും പട്ടിണിയും മുഖമുദ്രയായ രാജ്യത്ത് ഉയര്‍ന്നുവന്ന തീക്ഷ്ണമായ ജനകീയ സമരങ്ങളുടെയും നിരന്തര പോരാട്ടങ്ങളുടെയും ഒടുവിലാണ് ചാവെസ് വെനിസ്വേലയില്‍ പ്രസിഡന്റാവുന്നത്.
അധികാരമേറ്റയുടനെ രാജ്യത്തിന്റെ എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ച ചാവെസ്, എണ്ണ വിറ്റുകിട്ടിയ പണം ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവക്കായി നീക്കിവെച്ചു. വെറും 14 വര്‍ഷം കൊണ്ട് ലോകഭൂപടത്തിലെ മുന്‍നിര രാഷ്ട്രങ്ങളിലൊന്നായി വെനിസ്വേലയെ അദ്ദേഹം മാറ്റിയെടുത്തു. ഈ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം മുഴുവന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. വിപ്ലവകരമായ ആ മാറ്റങ്ങള്‍ക്ക് ചാവെസ് തന്നെ നേതൃത്വം നല്‍കി. ലാറ്റിനമേരിക്കയിലെ ആറ് രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് അദ്ദേഹം രൂപം നല്‍കി. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കൊത്ത് നീങ്ങുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ബദലായി അവര്‍ സാമ്പത്തിക സഹകരണ സംവിധാനങ്ങള്‍ ഉണ്ടാക്കി. സ്വന്തമായി ടെലിവിഷന്‍ ശൃംഖലകളും മാധ്യമസംവിധാനവും സ്ഥാപിച്ചു. സാമ്രാജ്യത്വ വിരുദ്ധത വാക്കുകളിലൊതുക്കുന്നതിന്പകരം സാധ്യമാകുന്ന ബദലുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുക കൂടി ചെയ്ത ഒരു ഭരണാധികാരിയാണ് ചാവെസിന്റെ മരണത്തോടുകൂടി ലോക രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് വിടവാങ്ങുന്നത്. അറബ് വസന്തത്തോടെ ശക്തിപ്പെട്ടുവരുന്ന സാമ്രാജ്യത്വവിരുദ്ധ ബദല്‍ ചേരികളോട് ചാവെസ് വളര്‍ത്തിയെടുത്ത രാഷ്ട്ര കൂട്ടായ്മകള്‍ വരുംകാലങ്ങളില്‍ എങ്ങനെ ചേര്‍ന്നുപോകുന്നു എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും സാമ്രാജ്യത്വവിരുദ്ധ ലോകത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുക.
[email protected]
Comments