Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

പി.കെ യൂനുസ് മൗലവി വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ വക്താവ്‌

സദ്‌റുദ്ദീന്‍ വാഴക്കാട്‌

വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പണ്ഡിതന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമായിരുന്നു ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്റ് പി.കെ യൂനുസ് മൗലവി. വിദ്യാഭ്യാസത്തോട് മുസ്‌ലിം സമുദായം പൊതുവെ പുറംതിരിഞ്ഞുനിന്ന കാലഘട്ടത്തില്‍, വിദ്യാഭ്യാസ വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കുകയും സ്‌കൂള്‍ സ്ഥാപിക്കുകയും അധ്യാപകരെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത യൂനുസ് മൗലവി ആഴമുള്ള പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു. വക്കം മൗലവിയുമായുള്ള ബന്ധവും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വവുമാണ് യൂനുസ് മൗലവിയിലെ പുരോഗമന പണ്ഡിതനെ രൂപപ്പെടുത്തിയത്.
കൊല്ലം ജില്ലയിലെ വള്ളിക്കുന്നം വില്ലേജില്‍ കടുവിങ്കല്‍ മുറിയില്‍ കളയ്ക്കാട്ട് വീട്ടില്‍ കുഞ്ഞഹമ്മദ് ലബ്ബയുടെ മകനായി ക്രി. 1890 മാര്‍ച്ച് 15-നാണ് പി.കെ യൂനുസ് മൗലവി ജനിച്ചത്. പിതാവ് കുഞ്ഞഹമ്മദ് ലബ്ബ കുട്ടികള്‍ക്ക് പ്രാഥമിക ദീനീ വിദ്യാഭ്യാസം നല്‍കിയിരുന്നു. ദീനീ വിഷയങ്ങള്‍ പഠിക്കുകയും കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന വ്യക്തികളാണ് അക്കാലത്ത് 'ലബ്ബ' എന്നറിയപ്പെട്ടിരുന്നത്. പ്രാഥമിക മത വിദ്യാഭ്യാസം നല്‍കുന്നവര്‍ക്ക് അക്കാലത്ത് ഉസ്താദ്, മുദര്‍രിസ് എന്ന് പറയാറുണ്ടായിരുന്നില്ല.
പിതാവ് കുഞ്ഞഹമ്മദ് ലബ്ബയില്‍ നിന്നാണ് യൂനുസ് മൗലവി പ്രാഥമിക ദീനീ വിദ്യാഭ്യാസം നേടിയത്. വള്ളിക്കുന്നത്ത് സ്‌കൂളില്‍ ഏഴാം ക്ലാസ് വരെയോ മറ്റോ അദ്ദേഹം പഠിച്ചിട്ടുണ്ട്. ശേഷം മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വാഴക്കാട് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായി. അവിടെ, പണ്ഡിതനും ഗോളശാസ്ത്ര വിദഗ്ധനും മദ്‌റസാ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ വക്താവുമായിരുന്ന മര്‍ഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വം യൂനുസ് മൗലവിയെ കാര്യമായി സ്വാധീനിക്കുകയുണ്ടായി.
വിദ്യാഭ്യാസ പ്രവര്‍ത്തനവും സംഘാടനവുമായിരുന്നു യൂനുസ് മൗലവിയുടെ പ്രധാന കര്‍മമേഖലകള്‍. നീണ്ട 50 വര്‍ഷത്തോളം അദ്ദേഹം വിവിധ ദര്‍സുകളില്‍ അധ്യാപകനായി. ഇടക്ക് സ്വന്തം വീട്ടിലും ദര്‍സ് നടത്തുകയുണ്ടായി. വാഴക്കാട് ദാറുല്‍ ഉലൂമിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഉടന്‍ തൃക്കുന്ന പുഴയില്‍ മുദര്‍രിസായി സേവനമാരംഭിച്ചു. പിന്നീട് കാഞ്ഞിപ്പുഴ, മണപള്ളി, വട്ടപറമ്പ്, കായംകുളം, മരുതൂര്‍ക്കുളങ്ങര, കരുനാഗപള്ളി, ചീറ്റുമുല തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‍രിസായി പ്രവര്‍ത്തിച്ചു.
കിളിക്കൊല്ലൂര്‍ അലി മൗലവി, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, തൊടിയൂര്‍ പുയപ്പള്ളില്‍ മുഹമ്മദ് കുഞ്ഞ് ലബ്ബ, എഞ്ചിനീയര്‍ അഹ്മദ് കുഞ്ഞ് ലബ്ബ തുടങ്ങി ഒട്ടേറെ ശിഷ്യന്മാരുണ്ട് യൂനുസ് മൗലവിക്ക്. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് എ. കോയകുട്ടി മൗലവി അദ്ദേഹത്തിന്റെ ശിഷ്യോത്തമനാണ്.
1955-ല്‍ തിരു-കൊച്ചി ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച യൂനുസ് മൗലവി തന്നെയായിരുന്നു ദക്ഷിണയുടെ സ്ഥാപക പ്രസിഡന്റ്. പിന്നീട് സംഘടനയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 1965 വരെ സംഘടനയുടെ പ്രസിഡന്റായി തുടര്‍ന്നു.
ദക്ഷിണയുടെ മുഖപത്രമായ അന്നസീം യൂനുസ് മൗലവിയുടെ ചിന്തയില്‍ നിന്ന് ഉടലെടുത്തതാണ്. പത്രത്തിന് പ്രസ്തുത പേര് നിര്‍ദേശിച്ചതും അദ്ദേഹം തന്നെ. മാസികയുടെ ആദ്യ ലക്കത്തില്‍ 'അന്നസീം ശിശുവിനോട് ഒരു കഥ പറയുന്നു' എന്ന തലക്കെട്ടില്‍ അദ്ദേഹം ലേഖനം എഴുതുകയുണ്ടായി. കായംകുളം ഹസനിയ്യയുടെ മുഖ്യ ശില്‍പിയാണ് യൂനുസ് മൗലവി. സാമ്പത്തികവും മറ്റുമായ ഘടകങ്ങള്‍ ഒരുക്കി സ്ഥാപനത്തിന് തുടക്കം കുറിച്ചത് ഹാജി ഹസന്‍ യഅ്ഖൂബ് സേട്ട് ആയിരുന്നു.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വവും വക്കം മൗലവിയുമായുള്ള അടുപ്പവും യൂനുസ് മൗലവിയെ പുരോഗമന ചിന്തയുള്ള മതപണ്ഡിതനാക്കി. മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ മികച്ച സംഭവനകള്‍ അര്‍പ്പിക്കാന്‍ ഇത് യൂനുസ് മൗലവിയെ സഹായിച്ചു. ഭൗതിക വിദ്യാഭ്യാസത്തെ സമുദായം അവഗണിച്ചിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സമുദായത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠിച്ചുവളരാന്‍ പ്രോത്സാഹനം നല്‍കി. ഈ രംഗത്തെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല സംഭാവനയാണ് കരുനാഗപള്ളി മുസ്‌ലിം എല്‍.പി സ്‌കൂള്‍. സമുദായത്തില്‍ പലരും ഇത്തരം സംരംഭങ്ങള്‍ക്ക് എതിരായിരുന്ന ഘട്ടത്തിലാണ്, 1920-'30 കാലത്ത് അദ്ദേഹം ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നത്. തിരുവിതാംകൂറിലെ രണ്ടാമത്തെയും കൊല്ലം ജില്ലയിലെ ആദ്യത്തെയും മുസ്‌ലിം സ്‌കൂളായിരുന്നു ഇത്. പരിസരത്തെ പല വീടുകളിലെയും കുട്ടികള്‍ ആദ്യമായി സ്‌കൂളില്‍ പോകുന്നത് ഇവിടെയായിരുന്നു.
ലൗകിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുക വഴി യൂനുസ് മൗലവി യാഥാസ്ഥിതിക മത നേതാക്കളുടെ അപ്രീതിക്ക് പാത്രമായി. മലയാളവും ഇംഗ്ലീഷുമൊക്കെ നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞ ചില മുസ്‌ലിയാക്കന്മാര്‍ യൂനുസ് മൗലവി കാഫിറാണെന്നും ഫത്‌വയിറക്കി. ''താങ്കള്‍ നരകത്തില്‍ പോയിട്ടുണ്ടോ? അവിടത്തെ ഭാഷയൊക്കെ നല്ല പരിചയമാണല്ലോ?'' എന്നായിരുന്നു യൂനുസ് മൗലവി ഇതിനോട് പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്‍ എ. കോയാ കുട്ടി മൗലവി ഓര്‍ക്കുന്നു.
ആദ്യകാലത്ത് തിരുവിതാംകൂറില്‍ അറബി അധ്യാപകരെ നിയമിച്ചിരുന്നത് അവര്‍ അതിന് യോഗ്യരാണെന്ന് നിശ്ചിത വ്യക്തികള്‍ നല്‍കിയ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇങ്ങനെ സമ്മതപത്രം നല്‍കാന്‍ അധികാരമുണ്ടായിരുന്നത് രണ്ട് പേര്‍ക്കായിരുന്നു. ഒന്ന്, വക്കം മൗലവി. രണ്ട് പി.കെ യൂനുസ് മൗലവി.
ഗോളശാസ്ത്രത്തില്‍ വിദഗ്ധനായിരുന്നു യൂനുസ് മൗലവി. ഖിബ്‌ല നിര്‍ണയത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ഖിബ്‌ലയുമായി ബന്ധപ്പെട്ട് മുമ്പ് കേരളത്തില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. 'ഐനുല്‍ ഖിബ്‌ലയാണോ, ജിഹത്തുല്‍ ഖിബ്‌ലയാണോ' പരിഗണിക്കേണ്ടത് എന്നതായിരുന്നു തര്‍ക്കം. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി 'ഐനുല്‍ ഖിബ്‌ല'യുടെ വക്താവായിരുന്നു. ഈ ചര്‍ച്ചകളും മറ്റും യൂനുസ് മൗലവിയെ സ്വാധീനിച്ചിരുന്നു. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിലും (തജ്‌വീദ്) നല്ല പ്രാവീണ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇസ്‌ലാമിക വിഷയങ്ങളില്‍ ആഴമുള്ള പാണ്ഡിത്യമാണ് അദ്ദേഹത്തെ സര്‍വാദരണീയനാക്കിയത്. പ്രദേശത്തെ അമുസ്‌ലിം സഹോദരങ്ങളുമായും ഉറ്റ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
മികച്ച മുദര്‍രിസായിരുന്ന യൂനുസ് മൗലവി ശമ്പളം വാങ്ങാതെയാണ് അധ്യാപനം നിവഹിച്ചിരുന്നത്. വീട്ടില്‍ ദര്‍സ് നടത്തിയ സമയത്ത് സ്വന്തം വീട്ടില്‍ പോയി ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍ക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയാണ് ഭക്ഷണം നല്‍കിയിരുന്നത്. മുദര്‍രിസായിരുന്ന സ്ഥലങ്ങളിലൊന്നും അദ്ദേഹം വീടുകളില്‍ ഭക്ഷണം കഴിക്കാന്‍ പോകുമായിരുന്നില്ല. ഭക്ഷണ കാര്യങ്ങളെല്ലാം സ്വന്തമായി തന്നെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. സാമാന്യം ഭൂസ്വത്തും അതില്‍ നിന്നുള്ള വരുമാന മാര്‍ഗവുമുണ്ടായിരുന്ന യൂനുസ് മൗലവി, തന്റെ സ്വത്തില്‍ വലിയൊരു ഭാഗം ചിറ്റുമ്മൂല ജുമാ മസ്ജിദിന് വഖ്ഫ് ചെയ്യുകയുണ്ടായി.
മൂന്ന് തവണ ഹജ്ജ് നിര്‍വഹിച്ചിരുന്ന മൗലവിക്ക് ഒരു തവണ സുഊദി രാജാവിന്റെ ആതിഥ്യം ലഭിക്കുകയുണ്ടായി. കേരളത്തില്‍ നിന്ന് വന്ന പ്രമുഖ പണ്ഡിതന്‍ എന്ന നിലക്കായിരുന്നു രാജാവ് അദ്ദേഹത്തിന് ആതിഥ്യം നല്‍കിയത്. അക്കാലത്ത്, ആറാട്ടുപുഴ-കരുനാഗപ്പള്ളി ഭാഗത്തുനിന്നുള്ള ചിലര്‍ മക്കയില്‍ താമസിച്ചിരുന്നു. ഹജ്ജിനു പോയ ശേഷം, തിരിച്ചുവരാതെ മക്കയില്‍ തന്നെ താമസമാക്കിയ അവര്‍ അവിടെ ദര്‍സും മറ്റും നടത്തിയിരുന്നുവത്രെ. 'മലബാരികള്‍' എന്നറിയപ്പെട്ട അവര്‍ക്ക് സുഊദി പൗരത്വവും ലഭിക്കുകയുണ്ടായി. അന്ന് അതിന് നിയമപരമായ തടസ്സമുണ്ടായിരുന്നില്ല. ഇങ്ങനെ, മക്കയില്‍ താമസമാക്കിയവര്‍ വഴിയാണ് യൂനുസ് മൗലവിക്ക് സുഊദി രാജാവ് ആതിഥ്യം നല്‍കിയതത്രെ.
യൂനുസ് മൗലവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി കണ്ണന്തറയില്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ ഫാത്വിമാ കുഞ്ഞായിരുന്നു ആദ്യ ഭാര്യ. ഇതില്‍ കുട്ടികള്‍ ഉണ്ടാകാതെ വന്നപ്പോള്‍, ഫാത്വിമാ കുഞ്ഞിന്റെ തന്നെ നിര്‍ബന്ധത്തിനു വഴങ്ങി അവരുടെ കുടുംബാംഗം കൂടിയായ ക്ലാപ്പന കൊട്ടക്കാട്ട് പാലപ്പിള്ളില്‍ അഹ്മദ് കുഞ്ഞിന്റെ മകള്‍ ഫാത്വിമ കുഞ്ഞിനെ രണ്ടാമത് വിവാഹം ചെയ്തു. പക്ഷേ, ഇതിലും കുട്ടികളുണ്ടായില്ല.
1965-ല്‍ ഒരു റമദാന്‍ 11-നായിരുന്നു യൂനുസ് മൗലവി മരണപ്പെട്ടത്. സ്വന്തം വീടിനു സമീപം പട്ടപ്പറമ്പ് തയ്ക്കാവിന്റെ തെക്കേതില്‍ പുതിയകാവ് ചക്കുവള്ളി റോഡിനടുത്ത് യൂനുസ് മൗലവി തന്നെ സ്ഥാപിച്ച പള്ളിയിലാണ് അദ്ദേഹത്തെ ഖബ്‌റടക്കിയത്.
(പരമ്പര അവസാനിച്ചു)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍