Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

തായ്‌ലാന്റ് ഭരണകൂടവും മുസ്‌ലിം പ്രക്ഷോഭകാരികളും കരാര്‍ ഒപ്പുവെച്ചു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഇതാദ്യമായി തായ്‌ലാന്റ് ഭരണകൂടവും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ദക്ഷിണ തായ്‌ലാന്റിലെ മുസ്‌ലിം പ്രക്ഷോഭകാരികളും തമ്മില്‍ ചരിത്ര പ്രധാനമായ കരാര്‍ ഒപ്പുവെച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നടന്ന ചടങ്ങില്‍ തായ്‌ലാന്റ് പ്രതിനിധികളും ഇസ്‌ലാമിക പാര്‍ട്ടിയായ Barisan Revolusi Nasional (BRN) എന്ന മലേഷ്യന്‍ പേരില്‍ അറിയപ്പെടുന്ന നാഷ്‌നല്‍ റവല്യൂഷന്‍ ഫ്രണ്ട് നേതാക്കളും മലേഷ്യന്‍ വിദേശകാര്യ മന്ത്രിയും പങ്കടുത്തു. ഇരുവിഭാഗവും തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് തായ്‌ലാന്റ് ഭരണകൂടവും മുസ്‌ലിം പ്രക്ഷോഭകാരികളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ദക്ഷിണ തായ്‌ലാന്റില്‍ കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടന്നുവരുന്ന പോരാട്ടങ്ങളില്‍ 2004 നുശേഷം 5300 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഫിലിപ്പൈന്‍ ഭരണകൂടവും മുസ്‌ലിംകളും തമ്മില്‍ നടന്നിരുന്ന പോരാട്ടങ്ങള്‍ക്ക് അറുതിവരുത്താന്‍ മധ്യസ്ഥത വഹിച്ചിരുന്നത് മലേഷ്യയായിരുന്നു. തായ്‌ലാന്റ് പ്രതിസന്ധിക്കും മലേഷ്യയുടെ ഇടപെടലിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.

ഖുദ്‌സിലെ
ഇസ്‌ലാമിക പൈതൃകം
പൊളിച്ചു നീക്കുന്നതിനെതിരെ 'യുനെസ്‌കൊ'ക്ക് മൗനം

ഖുദ്‌സിലെ ഏറ്റവും പുരാതനമായ ഇസ്‌ലാമിക പൈതൃക സ്മാരകങ്ങള്‍ ഇസ്രയേല്‍ ബുള്‍ഡോസറുകളുപയോഗിച്ച് പൊളിച്ചുനീക്കുന്നു. 'യുനെസ്‌കൊ' അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ മൗനം മുതലെടുത്താണ് ജൂത രാഷ്ട്രം അതിക്രമങ്ങള്‍ തുടരുന്നത്. അധിനിവേശ ഖുദ്‌സിലെ 'അല്‍ബുറാഖ് മതില്‍' സ്ഥിതിചെയ്യുന്ന ഭാഗത്തുള്ള സ്മാരകങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഈ പ്രദേശത്ത് ജൂത പള്ളി നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇടിച്ചുനിരത്തല്‍. മസ്ജിദുല്‍ അഖ്‌സ്വക്കും അല്‍സഖ്‌റ ഖുബ്ബക്കും അടുത്ത് നിര്‍മിക്കപ്പെടുന്ന ആദ്യത്തെ ജൂത ദേവാലയമായിരിക്കുമിത്.

കസാകിസ്താന്
പുതിയ ഗ്രാന്റ് മുഫ്തി
കസാകിസ്താന്റെ പുതിയ ഗ്രാന്റ് മുഫ്തിയായി യെര്‍സാന്‍ മയാമെറോവ് തെരഞ്ഞെടുക്കപ്പെട്ടു. ഈജിപ്തില്‍ മതപഠനം പൂര്‍ത്തിയാക്കിയ പണ്ഡിതനാണ് മയാമെറോവ്. ഇസ്‌ലാമിക കാര്യങ്ങളില്‍ 'ഫത്‌വ' പുറപ്പെടുവിക്കുക, ശരീഅത്ത് കാര്യങ്ങള്‍ വിശദീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഗ്രാന്റ് മുഫ്തിയുടെ അധികാര പരിധിയില്‍ പെട്ടതാണ്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന കാസാകിസ്താനില്‍ നിലവില്‍ 47 ശതമാനമാണ് മുസ്‌ലിംകള്‍ .

മ്യാന്‍മര്‍
മുസ്‌ലിം കൂട്ടക്കൊല:
ഗള്‍ഫ് രാഷ്ട്രങ്ങള്‍ അപലപിച്ചു

മ്യാന്‍മര്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന, വര്‍ണവെറിയുടെ ഭാഗമായ അക്രമങ്ങളെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ അപലപിച്ചു. രിയാദില്‍ നടന്ന ജി.സി.സി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 126-ാം സമ്മേളനമാണ് മ്യാന്‍മര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന കൂട്ടക്കുരുതികളും വിവേചനങ്ങളും അവസാനിപ്പിക്കണമെന്നാാവശ്യപ്പെട്ടത്. മ്യാന്‍മറിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് മുസ്‌ലിം സ്ത്രീകളെക്കുറിച്ച് ബി.ബി.സി ഡോക്യുമെന്ററി

ഇസ്‌ലാം സ്വീകരിച്ച ബ്രിട്ടീഷ് വനിതകളെക്കുറിച്ച് ബി.ബി.സി ഡോക്യുമെന്ററി തയാറാക്കി. Make Me a Muslim എന്ന പേരില്‍ തയാറാക്കിയ ഹൃസ്വ ചിത്രം ബ്രിട്ടീഷ് യുവതികള്‍ക്കിടയില്‍ ഇസ്‌ലാമിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വരച്ചുകാട്ടുന്നു. വിദ്യാര്‍ഥിനികളും ജോലിക്കാരുമായ യുവതികളുമടക്കമുള്ളവര്‍ ഡേറ്റിംഗും ഡ്രിങ്കിങ്ങും ബീച്ചിങ്ങുമെല്ലാം ഉപേക്ഷിച്ച്, 'നാലു കെട്ടാന്‍' സ്വാതന്ത്ര്യം നല്‍കുന്ന മതമെന്നും സ്ത്രീ വിരുദ്ധമെന്നുമൊക്കെ പ്രചരിപ്പിക്കപ്പെടുന്ന ഇസ്‌ലാമിലേക്ക് എന്തുകൊണ്ട് ആകര്‍ഷിക്കപ്പെടുന്നുവെന്ന് കണ്ടെത്തുകയാണ് മാഞ്ചസ്റ്ററില്‍ നിന്നുള്ള ബ്രിട്ടീഷുകാരി ശംന ബുഖാരി. ഇസ്‌ലാം സ്വീകരിച്ച അഞ്ചു ബ്രിട്ടീഷ് യുവതികളുടെ ജീവിത പരിണാമങ്ങളെ ഹൃദ്യമായി ഡോക്യുമെന്ററി ചിത്രീകരിക്കുന്നു.

ഈജിപ്തിലെ ഇസ്‌ലാമിക പാര്‍ട്ടികള്‍ തമ്മില്‍ ഐക്യ ശ്രമം

ജനുവരി 25 വിപ്ലവത്തിനുശേഷം ഏകാധിപതി ഹുസ്‌നി മുബാറക്കിനെ പുറത്താക്കുന്നതിലും തുടര്‍ന്ന് നടന്ന ജനാധിപത്യ പ്രക്രിയകളിലും ക്രിയാത്മകമായി പ്രതികരിച്ച ഈജിപ്തിലെ സലഫി വിഭാഗമായ 'അന്നൂര്‍' പാര്‍ട്ടിയടക്കമുള്ള ഇസ്‌ലാമിക ശക്തികള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ 'ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി'യുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചത്. രാജ്യത്തിന്റെ പരമാധികാരവും പൗര സ്വാതന്ത്ര്യവും അപായപ്പെടുത്തുന്ന രീതിയില്‍ പ്രതിലോമ ശക്തികളെ കൂട്ടുപിടിച്ച് ചില പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന കരുനീക്കങ്ങള്‍ക്കെതിരെ ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പാര്‍ട്ടികള്‍ ഐക്യപ്പെടേണ്ടതുണ്ടെന്ന് 'ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി' കരുതുന്നു. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട ഘട്ടങ്ങളില്‍ ഐക്യം തകര്‍ക്കുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ഇസ്‌ലാമിക കക്ഷികളോട് ആഹ്വാനം ചെയ്തു.

മാലിപ്രതിസന്ധി: 45 ദശലക്ഷം ഡോളര്‍ വേണമെന്ന് 'യുനിസെഫ്'

മാലിയിലെ കലാപവും ഫ്രഞ്ച് ഇടപെടലും സാരമായി ബാധിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനും മറ്റും അടുത്ത മൂന്നു മാസത്തേക്ക് 45 ദശലക്ഷം ഡോളറിന്റെ ബജറ്റ് അനുവദിക്കണമെന്ന് 'യുനിസെഫ്' ആവശ്യപ്പെട്ടു. മാലിയില്‍ കുടുങ്ങിയവര്‍ക്ക് പുറമെ നൈജര്‍, മൊറീത്താനിയ, ബുര്‍ക്കിനോഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനാണ് തുക അനുവദിക്കുക. മാലി പ്രതിസന്ധിമൂലം നാലര ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായാണ് 'യുനിസെഫ്' കണക്ക്. അതിനിടെ, ഫ്രഞ്ച് അധിനിവേശ സേന മാലി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഫ്രഞ്ച് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

യൂറോപ്യന്‍ യൂനിയന് ഉര്‍ദുഗാന്റെ താക്കീത്
തുര്‍ക്കിയുടെ അംഗത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അര നൂറ്റാണ്ടുകാലമായി തുടരുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് യൂറോപ്യന്‍ യൂനിയന്‍ നയം വ്യക്തമാക്കണമെന്ന താക്കീതുമായി തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുഖ്യമായും ഫ്രാന്‍സും ജര്‍മനിയുമാണ് തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശത്തെ പല കാരണങ്ങളും പറഞ്ഞ് എതിര്‍ക്കുന്നത്. തുര്‍ക്കിയുടെ അംഗത്വം യൂറോപ്പിന്റെ ആവശ്യമാണെന്നും, മറിച്ചല്ലെന്നും യൂറോപ്യന്‍ യൂണിയനോട് ഉര്‍ദുഗാന്‍ തുറന്നടിച്ചതോടെ രണ്ടിലൊന്ന് തീരുമാനിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. റഷ്യയും ചൈനയുമടക്കമുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഷാങ്ഹായ് കൂട്ടായ്മ ഉള്‍പ്പെടെ പല സാധ്യതകളും തുറന്നുകിടക്കുന്നുവെന്ന സന്ദേശവും തുര്‍ക്കി പ്രധാനമന്ത്രിയുടെ താക്കീതില്‍ അടങ്ങിയിരിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍