ഇസ്രയേല്- ഫലസ്ത്വീന് സംഭാഷണം
സമാധാനപരമായ ഉഭയ കക്ഷി സംഭാഷണങ്ങളിലൂടെ മാത്രമേ, അര നൂറ്റാണ്ട് പിന്നിട്ട ഫലസ്ത്വീന്-ഇസ്രയേല് സംഘര്ഷത്തിന് അറുതിവരുത്താനാകൂ എന്ന് ആഗോള സമൂഹം കരുതുന്നു. അത്തരം ഒരു സംഭാഷണം തുടങ്ങുന്നതിന് ഫലസ്ത്വീന് യാതൊരു മുന്നുപാധിയും ഉന്നയിക്കാന് പാടില്ലെന്നാണ് ഇസ്രയേല് പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു പറയുന്നത്. സോപാധിക ചര്ച്ചക്ക് ഇസ്രയേല് ഒരിക്കലും സന്നദ്ധമാവില്ല. എന്നാല്, ഇസ്രയേലിന്റെ ഭാഗത്തോ, നീക്കുപോക്കില്ലാത്ത ഉപാധികളുണ്ടുതാനും. ഒന്നാമതായി ഇസ്രയേലിന്റെ ഭൂപരമായ അവകാശങ്ങള് ഫലസ്ത്വീനികള് അംഗീകരിക്കണം. ഇസ്രയേലിന്റെ അതിര്ത്തിക്കുള്ളില് ഒരു ഫലസ്ത്വീന് രാഷ്ട്രമാവാം. ആ രാഷ്ട്രത്തിന്റെ രൂപവും ഭാവവും ഇസ്രയേല് സര്ക്കാര് തീരുമാനിക്കും. ഈ നിലപാടിനെ നെതന്യാഹു വിശദീകരിക്കുന്നു: ഇസ്രയേല് അംഗീകരിക്കുന്ന ഫലസ്ത്വീനിന് സ്വന്തമായ സൈന്യം പാടില്ല. ആയുധങ്ങള് പാടില്ല. ഫലസ്ത്വീന്റെ കടലും ആകാശവും ഇസ്രയേലിന്റെ അധീനത്തിലായിരിക്കും. ഈ രൂപത്തിലുള്ള ഫലസ്ത്വീന് തന്നെയും അംഗീകരിക്കണമെങ്കില് ഇസ്രയേല് ജൂതന്മാരുടെ മാത്രം ഗേഹമാണെന്നും മറ്റാര്ക്കും അതില് അവകാശമില്ലെന്നും ഫലസ്ത്വീന് തുറന്നു പ്രഖ്യാപിക്കുകയും വേണം. ഇങ്ങനെയുണ്ടാകുന്ന ഫലസ്ത്വീന് രാഷ്ട്രത്തിന്റെ ഘടനയെക്കുറിച്ച് സംസാരിക്കാനേ ഇസ്രയേല് തയാറുള്ളൂ. നെതന്യാഹുവിന്റെ ഈ മുന്നുപാധികളെല്ലാം അറബികള് അംഗീകരിച്ചുകൊണ്ടുള്ള സംഭാഷണം തന്നെയാണ് ഇസ്രയേലിന്റെ സുരക്ഷയും താല്പര്യങ്ങളും ഭദ്രമാക്കിക്കൊണ്ടുള്ള സംഭാഷണം എന്നു പറയുമ്പോള് അമേരിക്കയും അര്ഥമാക്കുന്നത്. ഫലസ്ത്വീനികള് ഈ നിര്ദേശങ്ങള് കേള്ക്കുന്ന മാത്രയില് തള്ളിക്കളയുന്നത് സ്വാഭാവികമാണ്. ആത്മാഭിമാനമുള്ള ഏതു ജനതയും അതേ ചെയ്യൂ.
തീവ്രമായ ജൂത വംശീയതയും അറബ്-മുസ്ലിം വിരോധവും തജ്ജന്യമായ അക്രമാസക്തിയും ഇസ്രയേലിന്റെ ജനിതക ദോഷങ്ങളാണ്. ഈ ദോഷങ്ങള് നേരിയ തോതിലെങ്കിലും ഇസ്രാഈല്യര് തിരിച്ചറിഞ്ഞു തുടങ്ങുന്നതിന്റെ ആശാവഹമായ സൂചനകള് അടുത്തകാലത്തുണ്ടായ ചില സംഭവവികാസങ്ങളില് ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില് വന് വിജയം കൊയ്യാമെന്ന് കണക്കുകൂട്ടിയായിരുന്നു അതിനു തൊട്ടു മുമ്പ് നെതന്യാഹു ഗവണ്മെന്റ് ഗസ്സക്കു നേരെ ആക്രമണമഴിച്ചുവിട്ടത്. ഭരണകക്ഷിക്ക് പ്രതീക്ഷിച്ച വിജയമുണ്ടായില്ല. മുന് തെരഞ്ഞെടുപ്പില് നേടിയ സീറ്റുകളില് 11 എണ്ണം നഷ്ടപ്പെടുകയാണുണ്ടായത്. അതുമാത്രമല്ല, ഒരു മുന് ടെലിവിഷന് അവതാരകനായിരുന്ന യര് ലാപിഡിന്റെ നേതൃത്വത്തില് പുതുതായി രൂപം കൊണ്ട യശ് അദിത് പാര്ട്ടി 19 സീറ്റുകള് നേടുകയും ചെയ്തു. കലശലായ അറബ് വിരോധം പ്രകടിപ്പിക്കാത്ത യശ്അദിത് അതുകൊണ്ടുതന്നെ അഞ്ചു സീറ്റിലധികം നേടില്ലെന്നായിരുന്നു നിരീക്ഷകരുടെ പ്രവചനം. ഫലസ്ത്വീനുമായി സമാധാന സംഭാഷണങ്ങള് ആരംഭിക്കണമെന്നാവശ്യപ്പെട്ട പാര്ട്ടിയാണിത്. മറ്റു പാര്ട്ടികളില് നിന്ന് ഭിന്നമായി അറബ് വിരുദ്ധ തീവ്രവാദങ്ങള്ക്കു പകരം ഇസ്രയേലിലെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യശ് അതിദ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്ത്തിപ്പിടിച്ചത്. അറബികള്ക്കും മുസ്ലിംകള്ക്കുമെതിരെ കടുത്ത വിദ്വേഷം വമിക്കുന്നതാണ് ഇസ്രയേലി നസറ്റില് ആലപിക്കുന്ന ദേശീയ ഗാനം. ഈ ഗാനമാലപിക്കുമ്പോള് അറബ്-മുസ്ലിം അംഗങ്ങള് പുറത്തിറങ്ങുകയാണ് പതിവ്. നസറ്റില് ആലപിക്കുന്ന ഗാനം രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ഉള്ക്കൊള്ളുന്നതും എല്ലാവര്ക്കും ആവേശപൂര്വം ആലപിക്കാവുന്നതുമാക്കി മാറ്റണമെന്ന് ചില യശ്അദിത് നേതാക്കള് ഉന്നയിച്ച അഭിപ്രായം സര്ക്കാറിനെയും രാഷ്ട്രീയ പാര്ട്ടികളെയും ഞെട്ടിക്കുക തന്നെ ചെയ്തു. പക്ഷേ, ബഹുജനങ്ങളില്നിന്ന് കാര്യമായ പ്രതിഷേധമൊന്നും ഉയരുകയുണ്ടായില്ല. വംശീയ തീവ്രവാദത്തിന്റെയും അറബ് വിദ്വേഷത്തിന്റെയും അക്രമാസക്തിയുടെയും നയം മടുത്ത് സാമാന്യ ജനം സൗഹാര്ദപരമായ സഹവര്ത്തിത്വം ആഗ്രഹിച്ചു തുടങ്ങിയതിന്റെ ലക്ഷണമായി ഇതിനെ കാണാവുന്നതാണ്. അറബ് വസന്തം, അമേരിക്കയുടെയും ഇസ്രയേലിന്റെയും രൂക്ഷമായ എതിര്പ്പ് വകവെക്കാതെ ഫലസ്ത്വീന്റെ യു.എന് അംഗത്വത്തിനനുകൂലമായി 138 രാജ്യങ്ങള് വോട്ടു ചെയ്തത്, ജൂത ലോബിയുടെ അടവുകളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് അമേരിക്കയില് ബറാക് ഒബാമ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്, അവസാനത്തെ ഗസ്സ ആക്രമണം കൊണ്ട് ഒന്നും നേടാതെ ഇസ്രയേല് ലോകത്തിനു മുമ്പില് കൂടുതല് ഒറ്റപ്പെട്ടത് ഇങ്ങനെ ഒട്ടേറെ സംഭവങ്ങളാണ് ഈ മാറ്റത്തിനു കളമൊരുക്കുന്നത്.
ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള് നേരിട്ടല്ലെങ്കിലും ഈജിപ്ത് മുഖേന സംഭാഷണം തുടങ്ങിയതായി ഇസ്രയേല് ടി.വി ചാനല്2 ഈയിടെ റിപ്പോര്ട്ട് ചെയ്തിരുന്നു. റഫ അതിര്ത്തി തുറന്ന് ഗസ്സയിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനെക്കുറിച്ചാണ് ചര്ച്ച. കഴിഞ്ഞ ഗസ്സ ആക്രമണത്തെത്തുടര്ന്നുണ്ടായ വെടി നിര്ത്തല് കരാറിന്റെ ഭാഗമാണീ സംഭാഷണങ്ങളെന്നും ചാനല് 2 പറയുന്നു. ഗസ്സയില് 150 കിടക്കകളുള്ള ഒരു ആശുപത്രി പണിയാന് ഇസ്രയേല് തുര്ക്കിക്ക് അനുമതി നല്കിയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വാര്ത്ത. ഒരു വര്ഷം കൊണ്ട് പണി തീരുന്ന ഈ ആശുപത്രി ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായിരിക്കുമെന്നും തുര്ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്ദുഗാനായിരിക്കും അതിന്റെ ഉദ്ഘാടനം നിര്വഹിക്കുകയെന്നും ഇസ്രയേലീ ദിനപത്രം ജറൂസലം പോസ്റ്റ് റിപ്പോര്ട്ട് ചെയ്യുന്നു. അറബ്-ഇസ്രയേല് ബന്ധം മെച്ചപ്പെടുത്തുന്നതില് ഈജിപ്തിനും തുര്ക്കിക്കുമൊപ്പം പ്രത്യേക താല്പര്യമെടുക്കുന്ന വേറൊരു രാജ്യം ഖത്തറാണ്. ഖത്തര് ശൈഖ് ഈയിടെ ഗസ്സ സന്ദര്ശിക്കുകയുണ്ടായി. നിര്ജീവമായി കിടക്കുന്ന സമാധാന പ്രക്രിയ സജീവമായി കാണാന് കൊതിക്കുന്നവരാണ് എല്ലാ സമാധാന പ്രേമികളും. ഈജിപ്ത്, തുര്ക്കി, ഖത്തര് തുടങ്ങിയ സഹോദര രാഷ്ട്രങ്ങളുടെ പരിശ്രമങ്ങളില് അവര്ക്ക് വലുതായ പ്രതീക്ഷയുണ്ട്.
Comments