Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

ഹദീസിന്റെ ചരിത്രം

ഡോ. മുഹമ്മദ് ഹമീദുല്ല

ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടാമതായി അനിവാര്യമായും കടന്നുവരിക ഹദീസാണ്; അതായത് പ്രവാചകചര്യ. ഇസ്‌ലാമിക തത്ത്വ-നിയമസംഹിതയുടെ അടിത്തറ ഈ രണ്ട് പ്രമാണങ്ങളുമാണ്. അതിനാല്‍ ഖുര്‍ആനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞാലുടന്‍ ഹദീസിന്റെ പ്രാധാന്യത്തെപ്പറ്റിയും ഹദീസും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെപ്പറ്റിയും പറയുന്നതാണ് ഉചിതം. ഖുര്‍ആന്‍ ഒട്ടനവധി സ്ഥലങ്ങളില്‍ വിശ്വാസികളോട് പ്രവാചകനെ അനുസരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ''പ്രവാചകന്‍ കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുക, അദ്ദേഹം വിലക്കിയതില്‍നിന്ന് വിട്ടുനില്‍ക്കുക'' (59:7). ''ആരെങ്കിലും പ്രവാചകനെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്'' (4:80). ഇതും ഇതുപോലുള്ള സൂക്തങ്ങളും നബിചര്യയെക്കുറിച്ചുള്ള ഖുര്‍ആനിക സങ്കല്‍പ്പം വ്യക്തമായും വരഞ്ഞുകാട്ടുന്നുണ്ട്. അതിനാല്‍ ഹദീസ് എന്നത് അപ്രധാനമായി തള്ളേണ്ട വിഷയമല്ല. ഏതാണ്ട് ഖുര്‍ആന്റെ അത്രതന്നെ പ്രാധാന്യത്തോടെ പഠിക്കേണ്ട ഒന്നാണ്.
ഹദീസിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഒരു ഉദാഹരണം പറയാം. ഒരാള്‍ തന്റെ രാജ്യത്തെ ഭരണാധികാരിയുടെ സന്ദേശവാഹകനായി/പ്രതിനിധിയായി മറ്റൊരു രാജ്യത്ത് പോകുന്നു. ഭരണാധികാരിയുടെ കത്ത് അയാളുടെ കൈവശമുണ്ട്. കത്തില്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടാവില്ലല്ലോ. കത്ത് കൈമാറുമ്പോള്‍ അതിന്റെ വിശാദാംശങ്ങള്‍ ഈ സന്ദേശവാഹകന്‍ നല്‍കുകയാണ് ചെയ്യുക. ആ സന്ദേശത്തോളം തന്നെ പ്രാധാന്യമുണ്ടാവുമല്ലോ സന്ദേശവാഹകന്‍ നല്‍കുന്ന വിശദീകരണത്തിനും. അപ്പോള്‍ ആശയപരമായി ഖുര്‍ആനും ഹദീസും ഒന്നു തന്നെ. അതിനാല്‍ ഏറെക്കുറെ തുല്യപ്രാധാന്യം തന്നെയാണ് അവ രണ്ടിനുമുള്ളതും.
മറ്റൊരു ഉദാഹരണം കൂടി. ഇന്ന് പ്രവാചകന്‍ ജീവനോടെ ഇരിപ്പുണ്ടെന്ന് സങ്കല്‍പ്പിക്കുക. നമ്മിലൊരാള്‍ ചെന്ന് പ്രവാചകനെ കാണുന്നു, എന്നിട്ട് ഇസ്‌ലാം സ്വീകരിക്കുന്നു. ഇങ്ങനെയൊരു പ്രസ്താവനയും നടത്തുന്നു: ''നബിയേ, താങ്കള്‍ കൊണ്ടുവന്ന ഖുര്‍ആന്‍ ദൈവവചനമാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ ഹദീസ് താങ്കളുടെ വചനവും കര്‍മവുമാണല്ലോ. അതൊന്നും സ്വീകരിക്കാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ എന്നെ കിട്ടില്ല.'' എന്തായിരിക്കും സ്ഥിതി? സംശയമുണ്ടോ, ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് ആ നിമിഷം അയാള്‍ പുറത്തായിപ്പോകും. പ്രവാചക സന്നിധിയില്‍ചെന്ന് 'താങ്കള്‍ പറയുന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്' എന്നൊരാള്‍ പറയുന്നത് ഇസ്‌ലാം കൈയൊഴിക്കുന്നതിന് തുല്യം തന്നെയാണ്.
അപ്പോള്‍ ഖുര്‍ആന്‍ നല്‍കുന്ന ഒരു ആജ്ഞക്ക് തുല്യമാണ് പ്രവാചകന്‍ നല്‍കുന്ന ആജ്ഞയും. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വ്യത്യാസമില്ലേ? ഉണ്ട്. ഈ രണ്ട് പ്രമാണങ്ങളും ക്രോഡീകരിക്കപ്പെട്ടതും സംശോധന ചെയ്യപ്പെട്ടതും സൂക്ഷിച്ചുവെക്കപ്പെട്ടതും രണ്ടുവിധത്തിലാണ് എന്നതാണ് പ്രധാന വ്യത്യാസം. ചില ഹദീസുകള്‍ പ്രാമാണികമാണോ അല്ലേ എന്നൊക്കെയുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും ഉടലെടുക്കുന്നുണ്ട്. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്ത് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നില്ല. പ്രവാചകന്‍ പറഞ്ഞതത്രയും നടപ്പാക്കപ്പെടുക എന്നതായിരുന്നു നിയമം. ഇത് സംബന്ധമായി പ്രശ്‌നം ഉത്ഭവിച്ചത് പില്‍ക്കാലത്താണ്. ഉദാഹരണത്തിന്, പ്രവാചകന്‍ ഒരു കാര്യം പറയുന്നു, ഞാനത് കേള്‍ക്കുന്നു, ആ കേട്ട കാര്യം നിങ്ങളോട് പറയുന്നു. പ്രവാചകന്‍ പറഞ്ഞതില്‍ യാതൊരു അപാകതയും വന്നിട്ടില്ലെന്നത് ഉറപ്പാണ്. പക്ഷേ, കേട്ട ഞാന്‍ ഒരു സാദാ മനുഷ്യനാണല്ലോ. മനുഷ്യന് സംഭവിക്കാവുന്ന വീഴ്ചകള്‍ എനിക്കും സംഭവിക്കാം. ചിലപ്പോള്‍ പ്രവാചക വചനം ഞാന്‍ ഓര്‍ത്തെടുത്തതില്‍ പിശക് വരാം. അല്ലെങ്കില്‍ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയിലാണ് ഞാന്‍ കേട്ടിട്ടുണ്ടാവുക. ബഹളം കാരണമോ മറ്റോ അദ്ദേഹം പറഞ്ഞത് ശരിയായ വിധത്തില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ചുരുക്കത്തില്‍, പ്രവാചകനില്‍ നിന്ന് കേട്ട കാര്യം തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത നിരവധിയാണ്.
അതുകൊണ്ടാണ് പ്രവാചകന്റെ മരണശേഷം ക്രോഡീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ വചനങ്ങളും ചര്യകളും അവയുടെ കൃത്യതയിലും ആധികാരികതയിലും വിശുദ്ധ ഖുര്‍ആനോളം എത്താത്തത്. പ്രവാചകന്‍ നേരിട്ട് തന്നെയായിരുന്നല്ലോ ഖുര്‍ആന്‍ ക്രോഡീകരിച്ചത്. ചരിത്രത്തില്‍ മറ്റൊരു പ്രവാചകനും തനിക്ക് അവതീര്‍ണമായ വേദം സംരക്ഷിക്കാന്‍ ഈവിധത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി കാണാന്‍ സാധിച്ചിട്ടില്ല. ഒരു പക്ഷേ മറ്റു പ്രവാചകന്മാരും അങ്ങനെ ചെയ്തിരിക്കാം. അതിന് ചരിത്രത്തില്‍ തെളിവുകള്‍ ലഭ്യമല്ല എന്നുമാത്രം. ഖുര്‍ആന് നല്‍കിയ ഈ ശ്രദ്ധയും പരിചരണവും ഹദീസിന്റെ കാര്യത്തില്‍ പ്രവാചകന്‍ പുലര്‍ത്തുകയുണ്ടായില്ല. അതിന് കാരണം പ്രവാചകന്റെ സ്വതസിദ്ധമായ വിനയമായിരിക്കാം. പ്രവാചകനാണെങ്കിലും, മനുഷ്യനെന്ന നിലയില്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നവനായി തന്നെ കാണുന്നത് അദ്ദേഹം ഇഷ്ടപ്പെട്ട് കാണില്ല.

പ്രവാചക വചനങ്ങളും
ദിവ്യവെളിപാടും
പ്രവാചകന്‍ പറയുന്നതെല്ലാം ദിവ്യവെളിപാടിനെ ആസ്പദിച്ചായിരിക്കും. ദിവ്യവെളിപാട് ലഭിക്കുമ്പോള്‍ അത് പൂര്‍ണമായി തന്നെ നമുക്ക് എത്തിച്ച് തരുന്നതില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തുകയില്ല. വെളിപാട് (വഹ്‌യ്) ലഭിക്കാതിരിക്കുമ്പോള്‍ അദ്ദേഹം കാത്തിരിക്കുക മാത്രം ചെയ്യുന്നു. അക്കാര്യം പ്രവാചകന്റെ നിയന്ത്രണത്തിലേ അല്ല. അല്ലാഹു ഇഛിക്കുമ്പോള്‍ വെളിപാട് വരുന്നു. അല്ലാത്തപ്പോള്‍ പ്രവാചകന് കാത്തിരിക്കുകയല്ലാതെ നിര്‍വാഹമില്ല. തന്റെ സ്വന്തം ചിന്തകള്‍ വെളിപാട് സത്യങ്ങളായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ല.
ഭൗതിക കാര്യങ്ങളില്‍ പ്രവാചകന്‍ മറ്റുള്ളവരുമായി കൂടിയാലോചിച്ചതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ഹദീസുകളില്‍ കാണാനാവും. ഉദാഹരണത്തിന്, പ്രവാചകന്‍ ചില ആജ്ഞകള്‍ നല്‍കി, അപ്പോള്‍ അനുചരന്മാര്‍ അന്വേഷിച്ചു, ഇത് ദിവ്യവെളിപാടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയതാണോ എന്ന്. പ്രവാചകന്‍ പറഞ്ഞു: ''അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുമായി കൂടിയാലോചിക്കുമായിരുന്നില്ലല്ലോ.''
പരാഗവിതരണം നടത്തുന്നതിനെ സംബന്ധിച്ച പ്രവാചക വചനം പ്രസിദ്ധമാണല്ലോ. നബി മദീനയിലെത്തുമ്പോള്‍, അവിടത്തുകാര്‍ ആണ്‍ ഈത്തപ്പനകളുടെ പൂമ്പൊടി പെണ്‍ ഈത്തപ്പനകളുടെ പൂക്കളില്‍ കലര്‍ത്തി പരപരാഗണം നടത്താറുണ്ട്. ഇതുകൊണ്ട് വിളവില്‍ നല്ല വര്‍ധനവ് ലഭിച്ചിരുന്നു. ഈ കൃത്രിമ പരാഗണം പ്രവാചകന് നന്നായി തോന്നിയില്ല. അങ്ങനെ ചെയ്യേണ്ടതില്ലെന്ന് അവരോട് പറയുകയും ചെയ്തു. അങ്ങനെ അവര്‍ കൃത്രിമ പരാഗണം വേണ്ടെന്ന് വെച്ചപ്പോള്‍ വിളവ് ഗണ്യമായി കുറഞ്ഞു. ഇതിന് കാരണം പരപരാഗണം വേണ്ടെന്ന് വെച്ചതാണെന്ന് അവരില്‍ ചിലര്‍ പ്രവാചകനെ ഉണര്‍ത്തുകയും ചെയ്തു. തിര്‍മിദിയില്‍വന്ന ഒരു ഹദീസ് പ്രകാരം പ്രവാചകന്‍ അപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''നിങ്ങളുടെ ദുന്‍യാ കാര്യങ്ങള്‍ എന്നെക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് തന്നെയാണല്ലോ കൂടുതല്‍ അറിയുക.''
ഈ വിവരണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. വെളിപാടിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് ഖുര്‍ആന് തുല്യമായ പദവി തന്നെയാണുള്ളത്. ചിലപ്പോള്‍ അദ്ദേഹം നേരത്തെ സൂചിപ്പിച്ചതുപോലുളള വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തും. ബുദ്ധികൂര്‍മതയുള്ള ഒരു നിരീക്ഷകന്റെ അഭിപ്രായങ്ങളായാണ് അവയെ കാണേണ്ടത്. അവയെ ദിവ്യവെളിപാടിനോട് തുലനം ചെയ്യാവതല്ല. ഹദീസില്‍ വന്ന ചില സംഭവങ്ങള്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താം. നാല് റക്അത്തുള്ള നമസ്‌കാരം ചിലപ്പോള്‍ പ്രവാചകന്‍ മൂന്ന് റക്അത്ത് നമസ്‌കരിച്ച് അവസാനിപ്പിക്കുന്നു. അല്ലെങ്കില്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതിന് പകരം മൂന്ന് റക്അത്ത് നമസ്‌കരിക്കുന്നു. മറവിയാല്‍ സംഭവിക്കുന്നതാണ്. ഇത്തരം ഓര്‍മത്തെറ്റുകള്‍ മനുഷ്യസഹജമാണ്. ഇതൊക്കെയും ദൈവേഛ പ്രകാരം തന്നെ നടക്കുന്നതാണ് എന്ന് ചിന്തിക്കാനാണ് ന്യായം. അപ്പോഴാണ് മനുഷ്യ സമൂഹത്തിന് പിന്തുടരാവുന്ന ഉത്തമ മാതൃക(ഖുര്‍ആന്‍ 33:21)യായി പ്രവാചകന്‍ മാറുക.
ഏതൊരു പ്രവാചകനും മനുഷ്യകുലത്തിന് മാതൃകയാവുന്നത് മനുഷ്യ കഴിവുകളുടെ പരിധികള്‍ക്കകത്ത് അദ്ദേഹം നിലകൊള്ളുമ്പോഴാണ്. അതായത് മറ്റു മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് തന്നെയായിരിക്കണം അദ്ദേഹം ചെയ്യുന്നത്. ആ പ്രവാചകന്‍ ഒരു അതിമാനുഷന്‍ (superhuman) ആണെങ്കില്‍, അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ നമ്മുടെ കഴിവുകള്‍ക്ക് അപ്പുറമുള്ളതായിരിക്കും. അപ്പോള്‍ നമുക്ക് അദ്ദേഹത്തെ മാതൃകയാക്കാന്‍ കഴിയാതെ വരും. നേരത്തെ റക്അത്തിന്റെ എണ്ണത്തില്‍ വന്ന ഓര്‍മപ്പിശകിനെക്കുറിച്ച് പറഞ്ഞല്ലോ. പ്രവാചകനും ഒരു മനുഷ്യനാണ് എന്ന് നമ്മെ പഠിപ്പിക്കുകയാണ് ഇതിലൂടെ അല്ലാഹു ചെയ്യുന്നത്. നമുക്ക് പിന്തുടരാന്‍ സാധ്യമല്ലാത്ത ഒരു മാതൃകയല്ല പ്രവാചകന്‍ സമര്‍പ്പിക്കുന്നത്; മറിച്ച്, മുസ്‌ലിം സമൂഹത്തിലെ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നാണ്.
വിസ്വാല്‍ എന്ന ഒരു നോമ്പിനെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കുമല്ലോ. രണ്ടോ അതിലധികമോ ദിവസം തുടര്‍ച്ചയായി നോമ്പെടുക്കുന്നതിന്റെ പേരാണത്. പ്രഭാതത്തില്‍ തുടങ്ങി പ്രദോഷത്തില്‍ അവസാനിക്കുന്ന നോമ്പല്ല ഇത്. ഈ നോമ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രവാചകന്‍ അനുചരന്മാരോട് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. 24 മണിക്കൂര്‍ നോമ്പെടുക്കുന്നതിനും അദ്ദേഹം എതിരായിരുന്നു. ഓരോ നോമ്പും അത്താഴം കഴിഞ്ഞ് പ്രഭാതത്തോടെ ആരംഭിക്കണമെന്ന് നിഷ്‌കര്‍ശിച്ചു. അപ്പോള്‍ ഒരു അനുചരന്‍ പ്രവാചകനോട് ചോദിച്ചു: 'റസൂലേ, താങ്കള്‍ വ്യക്തിപരമായി വിസ്വാല്‍ നോമ്പ് എടുക്കാറുണ്ടല്ലോ. താങ്കളുടെ ആ മാതൃക പിന്‍പറ്റണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' എങ്കിലൊന്ന് ശ്രമിച്ചു നോക്കൂ എന്ന് പ്രവാചകന്‍ ആ അനുചരന് അനുവാദം നല്‍കി. അങ്ങനെ പ്രവാചകന്റെ നോമ്പ് 24 മണിക്കൂര്‍ പിന്നിട്ടു, പിന്നീടത് 48 മണിക്കൂറായി. ജനങ്ങളാകെ പരിഭ്രാന്തിയിലായി. റമദാന്‍ ഒടുവിലായിരുന്നു സംഭവം. റമദാന്‍ 29-ന് ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ നോമ്പ് അവിടെ അവസാനിപ്പിക്കേണ്ടിവന്നു. അന്ന് മാസപ്പിറവി കണ്ടില്ലായിരുന്നെങ്കില്‍ ആ നോമ്പിന്റെ ദൈര്‍ഘ്യം 72 മണിക്കൂര്‍ ആകുമായിരുന്നു. ജനങ്ങള്‍ അതില്‍ നിന്നൊരു പാഠം പഠിച്ചു. പ്രവാചകന്‍ വ്യക്തിപരമായി ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അത് പിന്‍പറ്റുകയെന്നത് ചിലര്‍ക്ക് സാധിച്ചെന്ന് വരും. സമുദായത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ആ മാതൃക പിന്തുടരാന്‍ സാധിക്കുകയില്ല. പ്രവാചകന്‍ കല്‍പിച്ചതെന്തോ അതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതൃകയായി സ്വീകരിക്കേണ്ടത്.
അപ്പോള്‍ പറഞ്ഞുവരുന്നത് ഖുര്‍ആനോളം തന്നെ പ്രാധാന്യം ഹദീസിനും ഉണ്ടെന്നതാണ്. ഖുര്‍ആന്റെ എല്ലാ കാര്യത്തിലും നമുക്ക് നല്ല തീര്‍ച്ചയാണ്. പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ അത് സമാഹരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അതിലെ ഒരു വാക്കോ അക്ഷരമോ ഒരു പുള്ളിയോ പോലും ഇന്നേവരെ മാറിയിട്ടില്ല. അത്രമാത്രം കണിശതയോ കൃത്യതയോ ഹദീസിന്റെ കാര്യത്തില്‍ ഇല്ല എന്നതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം.
ഖുര്‍ആനെപ്പോലുള്ള വേദങ്ങള്‍ മറ്റു സമൂഹങ്ങളിലും നാം കാണുന്നുണ്ട്. ജൂതന്മാരുടെ തോറ ഉദാഹരണം. പക്ഷേ, ഹദീസിന് സമാനമായ യാതൊന്നും മറ്റൊരു സമൂഹത്തിലും കാണപ്പെടുന്നില്ല എന്നതാണ് സത്യം. ഹദീസിനോട് സാദൃശ്യമുള്ള ചിലത് ബുദ്ധമതത്തിലുണ്ടെന്ന് സമ്മതിക്കുന്നു. ഒരു സന്യാസിയുടെ വചനങ്ങള്‍ അയാളുടെ അനുയായികള്‍ ക്രോഡീകരിക്കുന്നതാണ് ബുദ്ധമതത്തിലെ അടിസ്ഥാന കൃതികളില്‍ പലതും. ബുദ്ധന്റെ വചനങ്ങളും ഇങ്ങനെ ഒരാള്‍ ക്രോഡീകരിച്ചതാണ്. പക്ഷേ, ഹദീസ് ഒരാളല്ല, നിരവധിയാളുകളാണ് ക്രോഡീകരിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നത്. ഈയൊരു രീതി മറ്റു പാരമ്പര്യങ്ങളില്‍ കാണുന്നില്ല. അതിനാല്‍ ഹദീസിനെ ലോകത്ത് നിലവിലുള്ള മറ്റൊരു വൈജ്ഞാനിക ശാഖയുമായും താരതമ്യം ചെയ്യാന്‍ നിവൃത്തിയില്ല.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍