Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 16

സമരജീവിതം നയിച്ച ഇമാമുമാര്‍

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

പ്രവാചകനും സ്വഹാബികളും കഴിഞ്ഞാല്‍ ഇസ്‌ലാമിക സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുന്ന വ്യക്തിത്വങ്ങളാണ് മദ്ഹബിന്റെ ഇമാമുകള്‍. കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം മദ്ഹബുകള്‍ രൂപം കൊണ്ടിരുന്നുവെങ്കിലും അവയില്‍ സുന്നി ആശയമണ്ഡലത്തില്‍ കാലത്തെ അതിജീവിച്ചത് ഹനഫി, ശാഫിഈ, മാലികി, ഹമ്പലി എന്നിങ്ങനെ നാല് മദ്ഹബുകള്‍ മാത്രമാണ്. ജഅ്ഫരിയ്യ പോലെ ചില ശീഈ മദ്ഹബുകളും പ്രചാരത്തിലുണ്ട്. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും രൂപപ്പെട്ട ഇസ്‌ലാമിക ശരീഅത്തിന് നിയതമായ ഒരു ചട്ടക്കൂട് നല്‍കിയെന്നതാണ് മദ്ഹബിന്റെ ഇമാമുകള്‍ ചെയ്ത ഏറ്റവും വലിയ സേവനം. അതുവഴി വ്യതിചലനങ്ങള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാകാതെ ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിക്കപ്പെടുകയും സാധാരണക്കാരന് എളുപ്പത്തില്‍ ഇസ്‌ലാമിന്റെ കര്‍മാനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാഹചര്യമൊരുങ്ങുകയും ചെയ്തു. അതോടൊപ്പം ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാനുള്ള അവസരമൊരുക്കിക്കൊണ്ട് ഇസ്‌ലാമിക ശരീഅത്തിന്റെയും തദ്വാരാ ഇസ്‌ലാമിക സമൂഹത്തിന്റെയും ബഹുസ്വരത ഉറപ്പിക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹത്തിന്റെ നവോത്ഥാന പാതയുടെ ആദ്യഘട്ടം ഉരുവംകൊണ്ടത് ഈ കര്‍മാനുഷ്ഠാന ക്രോഡീകരണത്തിലൂടെയാണ്. ഇങ്ങനെ കാലത്തിന് മുമ്പില്‍ നടന്നു സമൂഹത്തിന് പൊന്‍വെളിച്ചമേകിയ ഇമാം അബൂ ഹനീഫ, ഇമാം ശാഫിഈ, ഇമാം മാലിക്, ഇമാം അഹ്മദുബ്‌നു ഹമ്പല്‍ തുടങ്ങിയവരുടെ ജീവിതത്തെയും അവരുടെ മദ്ഹബുകളെയും കൈരളിക്ക് പരിചയപ്പെടുത്തുകയാണ് ഐ.പി.എച്ച് ഈയിടെ പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങള്‍. ഓരോ ഇമാമിന്റെയും ജീവിതം, അവരുടെ വൈജ്ഞാനിക പ്രവര്‍ത്തനം, സാമൂഹിക-രാഷ്ട്രീയ രംഗത്തെ ഇടപെടലുകള്‍, ഈ മദ്ഹബുകളുടെ അടിസ്ഥാനങ്ങള്‍, അവ നേടിയ സ്വാധീനം എന്നിവ ഓരോ ഗ്രന്ഥത്തിലും സാമാന്യമായി പരിചയപ്പെടുത്തിയിരിക്കുന്നു.
ഇ.എന്‍ ഇബ്‌റാഹീം മൗലവിയാണ് ഇമാം അബൂഹനീഫ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. അബൂഹനീഫ ജീവിതമാരംഭിക്കുന്ന സാമൂഹിക രാഷ്ട്രീയ കാലഘട്ടത്തെയാണ് 140 പേജുള്ള ഗ്രന്ഥം ആദ്യം പരിചയപ്പെടുത്തുന്നത്. ഉമവികളുടെ ഭരണം ഹി. 132-ല്‍ അവസാനിക്കുമ്പോള്‍ അബൂഹനീഫയുടെ പ്രായം 52. ഹുസൈനി(റ)നോടുള്ള ഉമവികളുടെ നിലപാട് ഉള്‍പ്പെടെ, മാനുഷിക മൂല്യങ്ങള്‍ പോലും ചവിട്ടിയരക്കപ്പെട്ട സ്ഥിതിവിശേഷത്തില്‍ ആകെ അസ്വസ്ഥനായിരുന്ന ഇമാം, അബ്ബാസികളോടാണ് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ഹിജാസില്‍ നിന്ന് വ്യത്യസ്തമായി ശീഈ, ഖവാരിജ്, മുര്‍ജിഅഃ, മുഅ്തസില തുടങ്ങിയ അനേകം അവാന്തര വിഭാഗങ്ങളുടെ ഈറ്റില്ലമായ ഇറാഖില്‍, ഇവക്കു പുറമെ ഗ്രീക്ക് ദര്‍ശനങ്ങളുടെ ഇറക്കുമതി കൂടിയായപ്പോള്‍ വിവാദങ്ങള്‍ കൊഴുത്തു. അതിനിടയില്‍ ആദര്‍ശ വൈജ്ഞാനിക കരുത്ത് സ്വായത്തമാക്കാനാണ് ഇമാം അഹൂഹനീഫ ശ്രമിച്ചത്. ആ വൈദേശിക ചിന്താധാരകളോട് അദ്ദേഹം പോരാടി. കച്ചവടക്കാരുടെ കുടുംബത്തില്‍ ജനിച്ച ഇമാം വൈജ്ഞാനിക രംഗത്ത് മഹാനായി വളരാനുണ്ടായ യാദൃഛികത ഗ്രന്ഥത്തില്‍ (പേജ് 29) ഇതള്‍ വിരിയുന്നുണ്ട്. അബൂയൂസുഫ് ഉള്‍പ്പെടെയുള്ള പ്രമുഖ ശിഷ്യരിലൂടെ ഈ മദ്ഹബ് എങ്ങനെ പ്രചാരം നേടി എന്നും വിശദീകരിക്കുന്നു ഈ ഗ്രന്ഥം.
ഇമാം ശാഫിഈ എന്ന ഗ്രന്ഥം മുഹമ്മദ് കാടേരിയാണ് രചിച്ചിരിക്കുന്നത്. ഫലസ്ത്വീനിലെ ഗസ്സയില്‍ ജനിച്ച് രണ്ടാം വയസ്സില്‍ പിതൃകുടുംബം മക്കയിലായതിനാല്‍ അങ്ങോട്ട് പുറപ്പെട്ട് ഏഴാം വയസ്സില്‍ മക്കയില്‍ വെച്ച് ഖുര്‍ആന്‍ മനഃപാഠമാക്കിയ അത്ഭുത ബാലനായിരുന്നു ഇമാം ശാഫിഈ. ശുദ്ധ അറബി ഭാഷ പഠിക്കാന്‍ നാടോടികളായ ഹുദൈല്‍ ഗോത്രത്തോടൊപ്പമായിരുന്നു സഞ്ചാരം. യമന്‍, ഈജിപ്ത്, ബഗ്ദാദ്,മക്ക, മദീന തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ച ഇമാം മദീനയിലായിരിക്കെ ഇമാം മാലികിന്റെ ശിഷ്യനായി. മക്കയിലും ബഗ്ദാദിലും ഈജിപ്തിലുമായി അധ്യാപന ജീവിതം തുടര്‍ന്നു. ഇതിനിടയിലാണ് അല്‍ഹുജ്ജ, അല്‍ ഉമ്മ്, രിസാല തുടങ്ങിയ ഗ്രന്ഥങ്ങളുടെ പിറവി. ഇമാം ശാഫിഈയുടെ വാഗ്വാദരീതിയും ഗ്രന്ഥത്തിലൂടെ പരിചയപ്പെടാം.
ഇല്‍യാസ് മൗലവിയാണ് ഇമാം മാലിക് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ഹജ്ജിനു വേണ്ടി മക്കയില്‍ പോയതൊഴിച്ചാല്‍ മദീനയെ തട്ടകമായി സ്വീകരിച്ച് ജീവിച്ച കര്‍മയോഗിയാണ് ഈ പണ്ഡിതന്‍. കൊച്ചു പ്രായത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കി. ചെറുപ്പം തൊട്ടേ ഹദീസുകളില്‍ തല്‍പരനായിരുന്നു. ഗ്രാഹ്യത, അറിവിലെ സൂക്ഷ്മത, വാദപ്രതിവാദത്തില്‍ താല്‍പര്യമില്ലായ്മ, ന്യായാധിപരെ നിരൂപണം ചെയ്യാത്ത ശൈലി, കുറഞ്ഞ സംസാരം എന്നിവയായിരുന്നു ഇമാം മാലികിന്റെ സവിശേഷതകള്‍. ഇസ്‌ലാമില്‍ രചനയിലും ക്രോഡീകരണത്തിലും ആദ്യത്തേതാണ് ഇമാം മാലികിന്റെ മുവത്വ എന്ന ഗ്രന്ഥം. ഫിഖ്ഹും ഹദീസും അന്ന് വേര്‍പ്പെട്ട് നില്‍ക്കാതിരുന്നതിനാല്‍ അവ രണ്ടും ചേര്‍ന്നതാണ് പ്രസ്തുത ഗ്രന്ഥം. നസ്സ്വുകള്‍ക്ക് പ്രാമുഖ്യം കല്‍പിച്ച അത്രതന്നെ യുക്തിക്കും പ്രാമുഖ്യം കല്‍പിച്ച പണ്ഡിതനാണ് ഇമാം മാലിക്. ജൂതകര്‍മശാസ്ത്രത്തിലും മാലികി മദ്ഹബിന്റെ സ്വാധീനം പ്രകടമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നുണ്ട്.
ഇമാം അഹ്മദുബ്‌നു ഹമ്പല്‍ എന്ന ഗ്രന്ഥം തയാറാക്കിയത് കെ.എ ഖാദിര്‍ ഫൈസിയാണ്. ഖുര്‍ആന്‍ സൃഷ്ടിയോ അല്ലയോ എന്ന വാദകോലാഹലം നടക്കുന്ന കാലമായിരുന്നു അത്. ഖലീഫമാര്‍ ഇതിലൊരു വീക്ഷണം ഏകപക്ഷീയമായി ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു. ഭൗതിക വിരക്തി വളര്‍ന്ന് തസ്വവ്വുഫ് തെറ്റായ വഴികളിലേക്ക് സഞ്ചരിച്ച് തുടങ്ങിയ കാലം കൂടിയായിരുന്നു. നെറികേടുകളോട് പ്രതികരിക്കുന്ന പണ്ഡിതന്മാര്‍ വളരെ കുറവായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഇമാം അഹ്മദിന്റെ രംഗപ്രവേശം.
ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് അംഗീകരിക്കാത്തതിന്റെ പേരില്‍ നേരിട്ട കുറ്റവിചാരണ ഗ്രന്ഥം സവിശദം പ്രതിപാദിക്കുന്നു. സാങ്കല്‍പിക ഫിഖ്ഹിനോട് അകലം പാലിക്കുന്നതും സാമൂഹിക വിഷയങ്ങളില്‍ വിശാല കാഴ്ചപ്പാട് പുലര്‍ത്തുന്നതുമാണ് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ട മദ്ഹബ്. മൂന്ന് ഘട്ടങ്ങളായാണ് ഹമ്പലി മദ്ഹബിന്റെ ഉത്ഭവം, വികാസം എന്നിവ അവതരിപ്പിക്കുന്നത്.
പള്ളിമൂലയിരുന്ന് വുദൂവിന്റെ ശര്‍ത്തും ഫര്‍ദും പറഞ്ഞുകൊടുത്ത ഇമാമുമാര്‍ എന്നതിലുപരി കാലഘട്ടത്തിന്റെ ദൗത്യങ്ങളേറ്റെടുത്ത് സമരജീവിതം നയിച്ച യുഗപുരുഷന്മാര്‍ എന്ന നിലയില്‍ നാല് ഇമാമുമാരെ അടുത്തറിയാന്‍ സഹായിക്കുന്നുണ്ട് ഈ നാല് പുസ്തകങ്ങളും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 16- 18 )
എ.വൈ.ആര്‍