ബംഗ്ലാദേശ് തീവ്ര മതേതരവാദികളുടെ ഇസ്‌ലാംവേട്ട
''ധാക്കയിലെ കലാലയ ഹോസ്റ്റലുകളില്‍ വ്യാപകമായ വെടിവെപ്പുകള്‍ നടന്നു. അനവധി കോളേജ് അധ്യാപകര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ പാകിസ്താന്‍ പട്ടാള ക്യാമ്പുകളില്‍ മാനഭംഗത്തിന് ഇരയായി. ഇത്തരം കിരാത നടപടികള്‍ക്ക് ഭൂമിയില്‍ ദൈവത്തിന്റെ ഭരണം സ്ഥാപിക്കാന്‍ വേണ്ടി രൂപപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എല്ലാവിധ പിന്തുണയും നല്‍കി എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. ബംഗ്ലാദേശ് രൂപം കൊണ്ടതു മുതല്‍ ബംഗാളികളുടെ ആവശ്യമാണ് യുദ്ധ കുറ്റവാളികളുടെ വിചാരണ. അങ്ങനെ നീണ്ട 38 വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നു. 2010 മാര്‍ച്ച് 25-ന് ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് ട്രൈബ്യൂണല്‍ നിലവില്‍ വന്നു. 2011 ഡിസംബര്‍ 18-ന് ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലക്കെതിരെ ആറ് കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനായ മുല്ലയെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു. കുറ്റവാളിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് ഷാഹ് ബാഘ് ചത്വരത്തില്‍ തടിച്ചുകൂടിയ യുവാക്കളുടെ ആവശ്യം. ഇതിനിടയില്‍ തങ്ങളുടെ നേതാവിനെതിരെ വിധി പ്രസ്താവിച്ചതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ബന്ദ് പ്രഖ്യാപിച്ചു. ബന്ദില്‍ വ്യാപക അക്രമങ്ങള്‍ നടന്നു'' ('ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും പുതിയ വെല്ലുവിളികളും', വര്‍ത്തമാനം ദിനപത്രം, 2013 ഫെബ്രുവരി 26). പ്രതികരണം?
പി.വി.സി മുഹമ്മദ് പൊന്നാനി
1970-ല്‍ പാകിസ്താനില്‍ നാഷ്‌നല്‍ അസംബ്ലിയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാകിസ്താനിലെ ഒന്നൊഴികെ മുഴുവന്‍ സീറ്റുകളും ശൈഖ് മുജീബുര്‍റഹ്മാന്റെ അവാമി ലീഗ് തൂത്ത് വാരിയതിനെത്തുടര്‍ന്ന് ബംഗാളി വിഘടനവാദം ശക്തി പ്രാപിക്കുകയും അതിനെ നേരിടാന്‍ പാക് പട്ടാളം കിഴക്കന്‍ പാകിസ്താനിലെത്തുകയും ചെയ്തതിന്റെ ഫലമായുണ്ടായ സംഭവങ്ങളാണ് ഇപ്പോഴത്തെ വിചാരണയുടെയും അത് സൃഷ്ടിച്ച പ്രതിഷേധത്തിന്റെയും പശ്ചാത്തലം. 90000 വരുന്ന പാക് പട്ടാളവും ബംഗ്ലാ വിമോചന വാദികളും തമ്മില്‍ നടന്ന ഏറ്റമുട്ടലില്‍ ആയിരക്കണക്കില്‍ ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍പിക്കപ്പെടുകയോ ചെയ്തു. സ്ത്രീകള്‍ വ്യാപകമായി മാനഭംഗത്തിനിരയായി. മറ്റു അതിക്രമങ്ങളും യഥേഷ്ടം നടമാടി എന്നാണ് ആരോപിക്കപ്പെടുന്നത്. ഇന്ത്യയുടെ സൈനിക ഇടപെടലിനെ തുടര്‍ന്ന് പാക് സൈന്യം കീഴടങ്ങി. ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം നിലവില്‍ വരികയും നവജാത രാഷ്ട്രത്തിന്റെ ഭരണം മുജീബുര്‍റഹ്മാന്‍ കൈയേല്‍ക്കുകയും ചെയ്തു. ഈ പ്രക്രിയയില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള മുസ്‌ലിം ലീഗ്, ജംഇയ്യത്തു ഉലമായെ ഇസ്‌ലാം, ചൈനാ അനുകൂല കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയെ പോലെ ജമാഅത്തെ ഇസ്‌ലാമിയും പാക് വിഭജനത്തെ എതിര്‍ത്തിരുന്നു. അവാമി ലീഗ് മാത്രമാണ് സ്വതന്ത്ര ബംഗ്ലാദേശിനായി നിലകൊണ്ടത്. അതിനാല്‍ പാക് പട്ടാളം ചെയ്ത എല്ലാ അതിക്രമങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും പ്രസ്തുത പാര്‍ട്ടികള്‍ കൂട്ടുനിന്നതായി ആരോപിക്കപ്പെട്ടു. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി പട്ടാള അതിക്രമങ്ങളിലെ പങ്കാളിത്തം തീര്‍ത്തും നിഷേധിച്ചു. പക്ഷേ, ജമാഅത്തിനു മാത്രമാണ് കിഴക്കന്‍ പാകിസ്താനില്‍ സ്വാധീനമുണ്ടായിരുന്നത് എന്നതുകൊണ്ട് ആ പാര്‍ട്ടിയുടെ നേരെയാണ് ആരോപണങ്ങളുടെ കുന്തമുന മുഖ്യമായും നീണ്ടത്. സോനാര്‍ ബംഗ്ലയുടെ ശില്‍പിയായി വാഴ്ത്തപ്പെട്ട മുജീബുര്‍റഹ്മാന്‍ രാജ്യത്ത് ഏകകക്ഷി ഭരണം അടിച്ചേല്‍പിക്കുകയും ജമാഅത്ത് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് നിരോധമേര്‍പ്പെടുത്തുകയുമാണ് പിന്നീട് ചെയ്തത്. എന്നാല്‍, 1975 ആഗസ്റ്റില്‍ അവിചാരിതമായി അരങ്ങേറിയ സൈനിക വിപ്ലവത്തില്‍ മകള്‍ ഹസീന വാജിദ് ഒഴികെയുള്ള മുജീബുര്‍റഹ്മാന്റെ കുടുംബം കൊല്ലപ്പെടുകയും ജനറല്‍ സിയാ ഉര്‍റഹ്മാന്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അദ്ദേഹമാണ് പിന്നീട് പാര്‍ട്ടികളുടെ നിരോധം നീക്കിയതും ജനാധിപത്യം പുനഃസ്ഥാപിച്ചതും. പില്‍ക്കാലത്ത് സിയാഉര്‍റഹ്മാനും സൈനിക വിപ്ലവത്തില്‍ കൊല്ലപ്പെടുകയും ഹുസൈന്‍ മുഹമ്മദ് ഇര്‍ശാദ് അധികാരമേല്‍ക്കുകയും ചെയ്തപ്പോഴും ബംഗ്ലാദേശില്‍ ഒരുമാതിരി ജനാധിപത്യം നിലനിന്നു, തെരഞ്ഞെടുപ്പുകളും നടന്നു. ചിലപ്പോള്‍ ഹസീനയുടെ അവാമി ലീഗ് സഖ്യം അധികാരത്തില്‍ വരും, ചിലപ്പോള്‍ സിയാഉര്‍റഹ്മാന്റെ വിധവ ഖാലിദയുടെ ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി സഖ്യവും. '80-കളിലും '90-കളിലും ജനാധിപത്യ പുനഃസ്ഥാപനത്തിനായി ജമാഅത്തിനോടൊപ്പം പൊരുതിയ ഹസീന '91-ല്‍ മന്ത്രിസഭയുണ്ടാക്കാന്‍ 18 അംഗ ജമാഅത്ത് പാര്‍ലമെന്ററി പാര്‍ട്ടിയെ ക്ഷണിക്കുക പോലുമുണ്ടായി. അപ്പോഴൊന്നും ഇല്ലാതിരുന്ന 'യുദ്ധക്കുറ്റം' ഇപ്പോള്‍ പുനര്‍ജനിച്ചതെങ്ങനെ എന്ന ചോദ്യമുണ്ട്. ജമാഅത്ത് കിഴക്കന്‍ പാകിസ്താന്‍ അമീറായിരുന്ന പ്രഫസര്‍ ഗുലാം അഅ്‌സമിന്റെ പൗരത്വം ഇടക്കാലത്ത് റദ്ദാക്കുകയും അദ്ദേഹത്തെ ദീര്‍ഘകാലം ജയിലിലടക്കുകയും ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കുകയും പൗരത്വം പുനഃസ്ഥാപിക്കുകയുമാണുണ്ടായത്. ഇത്തവണ പക്ഷേ, ഹസീനയുടെ സെക്യുലര്‍ സഖ്യം ഭരണഘടനാ ഭേദഗതിക്കാവശ്യമായ വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത് എന്നതുകൊണ്ട് പ്രതികാര നടപടികള്‍ ഇരട്ടി ശക്തിയോടെ സ്വീകരിക്കാന്‍ അവര്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നു എന്നതാണ് വ്യത്യാസം. പട്ടാളത്തിന്റെയും മീഡിയയുടെയും വിദേശ ശക്തികളുടെയും പൂര്‍ണ പിന്തുണയോടെ, രാജ്യത്തെ നാലാമത്തെ പാര്‍ട്ടിയും ശക്തമായ ജനകീയ പ്രസ്ഥാനവുമായ ജമാഅത്തെ ഇസ്‌ലാമിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം നേടാന്‍ കടുത്ത നടപടികളിലേര്‍പ്പെട്ടിരിക്കുകയാണ് ഹസീന സര്‍ക്കാര്‍. ഭരണഘടനയില്‍ നിന്ന് ഇസ്‌ലാമിനനുകൂലമായ മുഴുവന്‍ പരാമര്‍ശങ്ങളും ഇതിനകം നീക്കം ചെയ്തു. കമാല്‍ അത്താതുര്‍ക്കിന്റെ മാതൃകയില്‍ തീവ്ര മതേതരത്വം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധയായ ഹസീന ഏറ്റവും വലിയ മാര്‍ഗതടസ്സമായ ജമാഅത്തെ ഇസ്‌ലാമിയെ എന്തു വിലകൊടുത്തും നശിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചപോലെയാണ്.
ബംഗ്ലാദേശ് രൂപവത്കരണത്തിലേക്ക് നയിച്ച യുദ്ധത്തില്‍ ജമാഅത്തെ ഇസ്‌ലാമി പാകിസ്താനോടൊപ്പം നിന്നു എന്ന സത്യം നിഷേധിക്കാനാവില്ല. പാകിസ്താന്റെ അഖണ്ഡതക്ക് നേരെ ഉയര്‍ന്ന കനത്ത വെല്ലുവിളിയായി അവരതിനെ കണ്ടു എന്നതാണ് കാരണം. പഞ്ചാബിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്ര ഖലിസ്ഥാന്‍ സ്ഥാപിക്കാന്‍ പുറപ്പെട്ട സിക്ക് തീവ്രവാദികള്‍ ഒരുവേള അവരുടെ ലക്ഷ്യത്തില്‍ വിജയിച്ചു എന്നു കരുതുക. അന്നേരം ഇന്ത്യയുടെ അഖണ്ഡതക്ക് വേണ്ടി നിലകൊണ്ട കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം തുടങ്ങിയ മുഴുവന്‍ ദേശീയ പാര്‍ട്ടികളോടും ഖലിസ്ഥാന്‍ വാദികളുടെ സമീപനം എന്താവുമായിരുന്നു എന്ന് ഒരു നിമിഷം ആലോചിച്ചാല്‍ മതി. തികച്ചും അതേ രീതിയിലാണ് ബംഗ്ലാദേശ് ജമാഅത്തിന്റെ നേരെ അവാമി ലീഗ് തുടരുന്ന നടപടികളെയും കാണേണ്ടത്. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും യുദ്ധത്തിന്റെ പേരില്‍ കുറ്റവാളികളെ തെരഞ്ഞു പിടിച്ച് വിചാരണ ചെയ്ത് ശിക്ഷിക്കേണ്ടത് ഒരാവശ്യമാണ് എന്നുതന്നെ കരുതുക. അപ്പോഴും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയെയും മനുഷ്യാവകാശ നിയമങ്ങളെയും കൈയൊഴിയരുതല്ലോ. പക്ഷേ, ഇപ്പോള്‍ ബംഗ്ലാദേശില്‍ നടക്കുന്നതെന്താണ്?
ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ പുനഃസ്ഥാപിച്ച രണ്ട് പ്രാദേശിക കോടതികളാണ് യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നത്. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ എന്ന് പേരിട്ടതല്ലാതെ ഇവക്ക് ഐക്യ രാഷ്ട്രസഭയുടെ അംഗീകാരമില്ല. ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ഇന്റര്‍നാഷ്‌നല്‍ ബാര്‍ അസോസിയേഷന്‍ തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അവയുടെ നിഷ്പക്ഷതയും നിയമസാധുതയും ചോദ്യം ചെയ്തിട്ടുമുണ്ട്. അതിനിടെയാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ ദി ഇക്കണോമിസ്റ്റ് മാഗസിന്‍ അനാവരണം ചെയ്തത്. പ്രവാസിയായ ഒരു ബംഗ്ലാദേശി അഭിഭാഷകനും പ്രോസിക്യൂഷനും ജഡ്ജിമാരും തമ്മില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി നടന്ന ആശയവിനിമയങ്ങളും കൂടിയാലോചനകളും പത്രം പുറത്തുവിട്ടു. ട്രൈബ്യൂണല്‍ പുറപ്പെടുവിക്കാനിരിക്കുന്ന വിധിപോലും മുന്‍കൂട്ടി തയാറാക്കപ്പെട്ടതാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. അതോടെ ജഡ്ജി മുഹമ്മദ് നിസാമുല്‍ ഹഖ് തല്‍സ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനായി. പുതിയൊരു ട്രൈബ്യൂണല്‍ ഉടനെ സ്ഥാനമേറ്റെങ്കിലും പുനര്‍ വിചാരണക്കു വേണ്ടി പ്രതിഭാഗം സമര്‍പ്പിച്ച ഹരജികള്‍ തള്ളപ്പെടുകയായിരുന്നു. പറഞ്ഞ കാരണമോ? ചോര്‍ത്തിയ വിവരങ്ങള്‍ നിയമാനുസൃതമല്ലാത്തതുകൊണ്ട് അത് പരിഗണിക്കാനാവില്ലെന്ന്!
ട്രൈബ്യൂണലിനു പുറത്ത് അറബ് വസന്തം മാതൃകയില്‍, സര്‍ക്കാറും ഭരണപക്ഷവും ചേര്‍ന്ന് മതേതരവാദി യുവാക്കളുടെ ബഹളക്കൂട്ടായ്മ ധാക്കയില്‍ ഷഹ്ബാഗ് സെന്ററില്‍ തട്ടിക്കൂട്ടി യുദ്ധക്കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്ന മുറവിളി അവരിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നു. അതാണിപ്പോള്‍ ലോക മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്ന വന്‍ മതേതര പ്രക്ഷോഭം. ജമാഅത്ത് നേതാവായ മൗലാന അബുല്‍ കലാമിന് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വധശിക്ഷയും മറ്റൊരു നേതാവായ അബ്ദുല്‍ ഖാദിര്‍ മുല്ലക്ക് ജീവപര്യന്തവും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ദില്‍വാര്‍ ഹുസൈന്‍ സഈദിന് തൂക്കുമരവും വിധിക്കാന്‍ ട്രൈബ്യൂണല്‍ ഉദ്യുക്തമായത് ഈ 'ജനകീയ പ്രക്ഷോഭകാരികളെ' തൃപ്തിപ്പെടുത്താനാണ്. ഇനിയൊരു ഭരണമാറ്റത്തില്‍, തടവിന് ശിക്ഷിക്കപ്പെട്ടവര്‍ പുറത്തുവരാനിടയുള്ളതിനാല്‍ എല്ലാവര്‍ക്കും ഉടനടി മരണശിക്ഷ തന്നെ വിധിക്കണമെന്നാണ് ആള്‍ക്കൂട്ടത്തിന്റെ ആവശ്യം. നേരെ മര്യാദക്ക് ഒരു സാക്ഷി പോലും കൂട്ടക്കൊല, ബലാത്സംഗം പോലുള്ള ആരോപിത കുറ്റങ്ങള്‍ക്കില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 1972-ല്‍ യുദ്ധം നടക്കുമ്പോള്‍ 13 വയസ്സ് പ്രായമായിരുന്ന ഒരു സ്ത്രീയുടെ മൊഴിയാണ് അതിക്രമങ്ങള്‍ നടക്കുമ്പോള്‍ അബ്ദുല്‍ ഖാദിര്‍ മുല്ല സ്ഥലത്തുണ്ടായിരുന്നു എന്നതിന്റെ തെളിവ്! ഈ സാക്ഷിമൊഴികളും തെളിവുകളുമൊക്കെ തനി വ്യാജവും അസ്വീകാര്യവുമാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിട്ടും വിധി മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട സാഹചര്യത്തില്‍ അതൊന്നും പരിഗണിക്കപ്പെട്ടതേയില്ല.
സംഭവമാകെ ഈ വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അവാമി ലീഗ് സഖ്യത്തിന് ഏകപക്ഷീയമായ വിജയം ലക്ഷ്യം വെച്ചുള്ള ജനാധിപത്യ വിരുദ്ധ നടപടികളാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയും മത സംഘടനകളുമെല്ലാം അതിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി നിരന്തര പ്രക്ഷോഭ മാര്‍ഗത്തിലാണ്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള തത്രപ്പാടില്‍ സുരക്ഷാ സേന നിത്യേന ആളുകളെ വെടിവെച്ചുകൊല്ലുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും പട്ടിണിയും കൊണ്ട് പൊറുതി മുട്ടുന്ന ബംഗ്ലാദേശില്‍ ഗുരുതര ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട അവാമി ലീഗ് സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം നാല് പതിറ്റാണ്ട് കഴിഞ്ഞ യുദ്ധവെറി പുനര്‍ജനിപ്പിക്കുകയല്ലാതെ രക്ഷയില്ല. അത് മതേതരത്വത്തിന്റെ പേരിലായതുകൊണ്ട് സ്വദേശത്തും വിദേശത്തുമുള്ള മീഡിയയുടെ പിന്തുണയും ലഭിക്കുന്നു. മലയാളം വാരികയില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ മുതല്‍ വര്‍ത്തമാനത്തിലെ ലേഖകന്‍ വരെ ഏറ്റുപാടുന്നത് ഈ കള്ളക്കഥകളാണെന്നതും യാദൃഛികമല്ല. ജമാഅത്തെ ഇസ്‌ലാമി എന്ന പേര്‍ ലോകത്ത് എവിടെ നിന്ന് ഉയര്‍ന്നാലും ഇവര്‍ക്ക് വിറക്കും.
മുല്ലപ്പൂ വിപ്ലവം, 1979 കേരള മോഡല്‍
''1979 മുസ്‌ലിം ചെറുപ്പക്കാരെ സംബന്ധിച്ചേടത്തോളം ശ്രദ്ധേയമാണ്. ഇറാനിലെ ഇസ്‌ലാമിക വിപ്ലവവും കമ്യൂണിസ്റ്റ് റഷ്യയുടെ അഫ്ഗാന്‍ അധിനിവേശവും അക്കൊല്ലമായിരുന്നു. പ്രലോഭനവും പ്രകോപനവും ത്രസിപ്പിച്ച മുസ്‌ലിം യൗവ്വനം. അതേ വര്‍ഷം തന്നെ ജനായത്ത മാര്‍ഗത്തില്‍ ഇതര ജനവിഭാഗങ്ങളുടെ പിന്തുണയോടെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ കേരള മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ഇറാനിന്റെയും അഫ്ഗാനിസ്ഥാന്റെയും പേരില്‍ അന്ന് കേരളത്തിലെ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ വികാര വിക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങള്‍ രചിച്ചവര്‍ സി.എച്ചിന്റെ മുഖ്യമന്ത്രി സ്ഥാനം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണെന്ന സാമൂഹിക നിരീക്ഷകരുടെ ഇപ്പോഴത്തെ അഭിപ്രായത്തോട് എങ്ങനെയാകും പ്രതികരിക്കുക?'' (ചന്ദ്രിക ദിനപത്രം 2013 ഫെബ്രുവരി 13). അത്രമേല്‍ പ്രതികരിക്കേണ്ടതാണോ സംഭവം? സി.എച്ചിന്റെ അധികാരാരോഹണത്തെ അറബ് വസന്തത്തോട് സാമ്യപ്പെടുത്തുന്നതില്‍ എത്രത്തോളം വസ്തുതയുണ്ട്?
ശാന്തം, പാവം! രാജ്യത്തും സംസ്ഥാനത്തും ആര് ഭരിച്ചാലും എങ്ങനെ ഭരിച്ചാലും തങ്ങള്‍ക്കര്‍ഹമായത് കിട്ടിയിരിക്കണം എന്ന ഏകയിന അജണ്ടയുമായി രാഷ്ട്രീയം പയറ്റുന്ന സാമുദായിക പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്, 1975-ലെ അടിയന്തരാവസ്ഥയെ പോലും കണ്ണടച്ച് പിന്താങ്ങിയ പാരമ്പര്യമാണുള്ളത്. കാലുമാറ്റങ്ങളുടെയും കുതിരക്കച്ചവടങ്ങളുടെയുമിടയില്‍ മന്ത്രിസഭകള്‍ അസ്ഥിരമായ ഒരു സന്ധിയില്‍ ഭാഗ്യം തുണച്ച സി.എച്ച് മുഹമ്മദ് കോയ ഒരിടക്കാല മുഖ്യമന്ത്രിയായി 1979 ഒക്‌ടോബര്‍ 12-ന് സ്ഥാനമേറ്റതും, വെറും 54 ദിവസങ്ങള്‍ക്കു ശേഷം രാജിവെച്ചൊഴിയേണ്ടിവന്നതും അതിനിടയില്‍ തന്നെ 'പൊയ്ക്കാലന്‍ മന്ത്രിസഭ' എന്ന അപഖ്യാതി സമ്പാദിച്ചതും കേരള ചരിത്രത്തിലെ തമാശകളിലൊന്നാണ്. സംഭവത്തെ ഇറാന്‍, അഫ്ഗാന്‍ വിപ്ലവങ്ങളോട് ചേര്‍ത്തുപറയാന്‍ മാത്രം മൗഢ്യം മൂര്‍ഛിച്ചാല്‍ സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. ഇസ്‌ലാമിനോ മതേതര ജനാധിപത്യത്തിനോ ഒന്നും ഈ 'ചരിത്ര നേട്ട'ത്തില്‍ നിന്ന് വട്ടപൂജ്യം പോലും ലഭിക്കാനുമില്ല.
ജെ.സി.കെ വാണിയമ്പലം
ഹുകൂമത്തെ ഇലാഹി നടപ്പാക്കണമെന്ന് !
രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീ പീഡന കേസുകളില്‍ ഇസ്‌ലാമിക ശിക്ഷാ നിയമം നടപ്പാക്കണമെന്ന് എം.എസ്.എം പ്രോഫ്‌കോണിന്റെ ഭാഗമായി നടത്തിയ വനിതാ സെമിനാര്‍ ആവശ്യപ്പെട്ടു (മാധ്യമം ദിനപത്രം 2013 ഫെബ്രുവരി 18). മത സംഘടനകളുടെ ഇത്തരം 'മത-രാഷ്ട്ര' വാദങ്ങളോട് മുജീബിന്റെ പ്രതികരണം?
സി.കെ ജൗഹര്‍
ഇന്ത്യാ രാജ്യത്ത് ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കണമെന്ന് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് ഏറെ കൗതുകരമായ മറുവശം. മഹാഭൂരിപക്ഷം വരുന്ന അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ പരിചയപ്പെടുത്തുകയും ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും അതിന്റെ മേന്മകള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് സമകാലിക സാഹചര്യങ്ങളില്‍ വേണ്ടതെന്ന സുചിന്തിതമായ അഭിപ്രായമാണ് ജമാഅത്തിന്. അടിസ്ഥാനപരമായ സാമൂഹിക, രാഷ്ട്രീയ മാറ്റത്തിന് രാഷ്ട്രം സുസജ്ജമായതില്‍ പിന്നെ ജനാധിപത്യത്തിലൂടെ ക്രമാനുഗതമായി നടപ്പാക്കേണ്ടതാണ് ഇസ്‌ലാമിക നിയമങ്ങള്‍. സുദീര്‍ഘമായ ഒരു പ്രക്രിയയിലെ അന്തിമ ഘട്ടം ആദ്യമേ നടപ്പാക്കണമെന്നാവശ്യപ്പെടുന്നത് തനി മൗഢ്യവും അപ്രായോഗികവുമാണെന്നതിന് പുറമെ ഇസ്‌ലാം അനുശാസിച്ച മുന്‍ഗണനാക്രമത്തിന് കടകവിരുദ്ധവുമാണ്.
Comments