Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

നമ്മുടെ സമീപന രീതികളാണ് ഇസ്‌ലാമിനെ കുടുസ്സാക്കുന്നത്

ഡോ. ഹംസ അബ്ദുല്ല മലൈബാരി

കേരളം, മുസ്‌ലിം ലോകത്തിന് സംഭാവന ചെയ്ത പ്രമുഖ ഹദീസ് പണ്ഡിതനാണ് ഡോ. ഹംസ അബ്ദുല്ല മലൈബാരി. നീണ്ട 33 വര്‍ഷമായി, വിദ്യാര്‍ഥിയായും അധ്യാപകനായും അറബ് ലോകത്ത് വസിക്കുന്ന അദ്ദേഹം ഹദീസ് വിജ്ഞാനീയങ്ങളില്‍ പ്രത്യേക അവഗാഹമുള്ള അക്കാദമിക പണ്ഡിതനാണ്. ദുബൈ 'കുല്ലിയത്തുദ്ദിറാസാത്തില്‍ ഇസ്‌ലാമിയ്യ വല്‍ അറബിയ്യ'യില്‍ ഉസൂലുദ്ദീന്‍ വിഭാഗം മേധാവിയും നിരവധി ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളില്‍ ഡോക്ടറേറ്റ് പ്രബന്ധങ്ങളുടെ പരിശോധകരിലൊരാളുമാണ്.
ഹദീസ് നിദാന ശാസ്ത്രത്തില്‍ അദ്ദേഹം വളര്‍ത്തിയെടുത്ത അപഗ്രഥനരീതി 'മന്‍ഹജുല്‍ മലൈബാരി' എന്ന പേരില്‍ അറബ് മുസ്‌ലിം ലോകത്ത് പ്രസിദ്ധമാണ്. പ്രമുഖ ഹദീസ് പണ്ഡിതന്‍ നാസ്വിറുദ്ദീന്‍ അല്‍ബാനിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പു പുലര്‍ത്തുന്നു. ലോകപ്രശസ്ത സലഫി പണ്ഡിതന്‍ റബീഉബ്‌നുഹാദി മദ്ഖലിയെ ചില വിഷയങ്ങളില്‍ വൈജ്ഞാനികമായി ഖണ്ഡിച്ച ഡോ. ഹംസ മലൈബാരി, മദ്ഖലിയുമായി നീണ്ട സംവാദം തന്നെ നടത്തിയിട്ടുണ്ട്. 'മാ ഹാകദാ തൂറദു യാ സഅ്ദുല്‍ ഇബ്ല്‍' എന്ന പേരില്‍ അത് പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അല്‍ ഹദീസുല്‍ മഅ്‌ലൂല്‍, അല്‍ മുവാസനത്തു ബൈനല്‍ മുത്തഖദ്ദിമീന വല്‍ മുത്തഅഖരീന്‍, തസ്വ്ഹീഹുല്‍ ഹദീസ്, സിയാദത്തുസിഖത്തി ഫീ കുത്വ്ബി മുസ്വ്ത്വലഹില്‍ ഹദീസ്, കൈഫ നുദര്‍രിസു ഉലൂമല്‍ ഹദീസ് തുടങ്ങി ഉസ്വൂലുല്‍ ഹദീസിലെ നിരവധി പ്രൗഢഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം, അറബ് ലോകത്തെ പുതിയ മാറ്റങ്ങളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അറബ് മുസ്‌ലിം ലോകത്ത് താങ്കള്‍ പ്രസിദ്ധനാണെങ്കിലും മലയാളി മുസ്‌ലിം സമൂഹത്തില്‍ അത്ര സുപരിചിതനല്ല. നീണ്ട പ്രവാസ ജീവിതമായിരിക്കാം കാരണം. സ്വയം പരിചയപ്പെടുത്തി സംസാരം ആരംഭിക്കാമെന്ന് തോന്നുന്നു.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിനടുത്ത് പട്ടുവം ഗ്രാമത്തിലാണ് എന്റെ ജനനം, 1952 ല്‍. ഉപ്പയെ കണ്ട ഓര്‍മ്മയില്ല. ഞാന്‍ കൈകുഞ്ഞായിരിക്കെയാണ്, മലേഷ്യയില്‍ ജോലി ചെയ്തിരുന്ന ഉപ്പ മരണപ്പെട്ടത്. ഏഴാം ക്ലാസ് വരെ സ്‌കൂളില്‍ പഠിച്ചു. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുന്ന കാലമായിരുന്നില്ല അത്, പ്രത്യേകിച്ചും ഞങ്ങളുടേത് പോലുള്ള ഗ്രാമങ്ങളില്‍. ഇപ്പോള്‍ അവസ്ഥകളൊക്കെ വലിയ അളവില്‍ മാറിക്കഴിഞ്ഞു. 7-ാം ക്ലാസിന് ശേഷം, കണ്ണൂരിനടുത്ത ചെറുകുന്ന് പള്ളി ദര്‍സില്‍ 9 വര്‍ഷത്തോളം പഠിച്ചു; മമ്മിക്കുട്ടി മുസ്‌ലിയാരായിരുന്നു അവിടുത്തെ മുദര്‍രിസ്. അതിനുമുമ്പ് ഒരു വര്‍ഷം കാസര്‍കോട് പടന്നയില്‍ മലയമ്മ അബൂബകര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ പഠിച്ചിരുന്നു. അവിടെ നിന്നാണ് ചെറുകുന്നിലെത്തുന്നത്. പിന്നീട് വെല്ലൂര്‍ ബാഖിയാത്തില്‍ മൂന്നുവര്‍ഷം പഠിച്ചു.
പ്രബോധനം വാരിക കാത്തിരുന്നു വായിക്കാറുണ്ടായിരുന്നു അക്കാലത്ത്. നീളത്തില്‍ ടാബ്ലോയിഡ് രൂപത്തിലുള്ളതായിരുന്നു അന്ന് പ്രബോധനം. ഞങ്ങളുടെ പ്രദേശത്തുനിന്ന് പഴയങ്ങാടിയില്‍ പോയി വാങ്ങിക്കൊണ്ടുവരികയായിരുന്നു. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെയും മറ്റും ലേഖനങ്ങള്‍ വലിയ താല്‍പര്യപൂര്‍വം വായിക്കുമായിരുന്നു.
മദീന യൂനിവേഴ്‌സിറ്റിയിലോ അല്‍ അസ്ഹറിലോ പഠിക്കണമെന്നായിരുന്നു അന്ന് ആഗ്രഹം. പക്ഷേ, വലിയ പ്രയാസമുള്ള കാലമായിരുന്നു അത്. വെല്ലൂരില്‍ നിന്ന് വന്ന ശേഷം ഇവിടെ മദ്‌റസയില്‍ അധ്യാപകനായി. ആയിടെയാണ് ഈജിപ്തില്‍ പോയി പഠിക്കുവാനുള്ള സ്‌കോളര്‍ഷിപ്പിന്റെ ഇന്റര്‍വ്യൂ പരസ്യം ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്നത്. അപേക്ഷ അയച്ചു, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പത്തുപേര്‍ക്കായിരുന്നു അഖിലേന്ത്യാ തലത്തില്‍ സെലക്ഷന്‍ ലഭിച്ചത്. അല്‍ഹംദുലില്ലാഹ്, അതില്‍ ഞാനും ഉള്‍പ്പെട്ടു. പക്ഷേ, മൂന്നു വര്‍ഷം കാത്തിരുന്നെങ്കിലും യാത്ര തരപ്പെട്ടില്ല. ക്ഷമ കെട്ടപ്പോള്‍ ഞാന്‍ ഈജിപ്തിലേക്ക് പോകാന്‍ തീരുമാനിച്ചു. പണമില്ല, വലിയ സാമ്പത്തിക പ്രയാസമുള്ള സമയമാണ്. ഭാര്യാ കുടുംബത്തിലെ ഒരാള്‍ 5000 രൂപ കടം തന്നു സഹായിച്ചു. ബോംബെയില്‍ പോയി, ഈജിപ്ഷ്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. അവര്‍ സന്ദര്‍ശക വിസ തന്നു. അങ്ങനെ ഈജിപ്തിലേക്ക് യാത്ര തിരിച്ചു.

അല്‍ അസ്ഹറില്‍ പ്രവേശനം ലഭിച്ചത് എങ്ങനെയായിരുന്നു?
നമ്മളൊരു അന്യനാട്ടില്‍ എത്തിപ്പെട്ടതാണ്. നാണയം, ഭക്ഷണം, കാലാവസ്ഥ തുടങ്ങിയ പലതും നമുക്ക് അപരിചിതമാണ്. ഹോട്ടലിലായിരുന്നു താമസം. അവിടെ വെച്ച്, എന്റെ പണം ഏതാണ്ട് 400 ഈജിപ്ഷ്യന്‍ പൗണ്ട് മോഷ്ടിക്കപ്പെട്ടു. അന്നത് വലിയൊരു സംഖ്യയായിരുന്നു. എല്ലാം ക്ഷമിച്ചും സഹിച്ചും ഞാന്‍ അഡ്മിഷന്‍ ലഭിക്കാന്‍ പരിശ്രമിച്ചു. വെല്ലൂര്‍ ബാഖിയാത്തുമായി ബന്ധപ്പെട്ടു സിലബസ് വരുത്തിച്ചു. അത് അല്‍അസ്ഹറിന് സമര്‍പ്പിച്ച് തുല്യതാ സര്‍ട്ടിഫിക്കറ്റ് ('മുആദല') കരസ്ഥമാക്കി. അങ്ങനെയാണ് ഏറെ പണിപ്പെട്ട് അല്‍ അസ്ഹറില്‍ അഡ്മിഷന്‍ നേടിയത്. പി.ജി കോഴ്‌സിലായിരുന്നു പ്രവേശനം. അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പിനു ഞാന്‍ അര്‍ഹനായി. അറിവിന്റെയും പഠനത്തിന്റെയും പുതിയൊരു ലോകമാണ് അതിലൂടെ എന്റെ മുമ്പില്‍ തുറക്കപ്പെട്ടത്. 4 വര്‍ഷത്തെ പഠനത്തിലൂടെ പി.ജി പൂര്‍ത്തീകരിച്ചു. ആ സമയത്ത് ഒരു ഗവേഷണ പ്രബന്ധം സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. വലിയ പണച്ചെലവുള്ളതായിരുന്നു അത്. പുസ്തക രൂപത്തില്‍ പ്രബന്ധം തയാറാക്കണം, പ്രബന്ധം അവതരിപ്പിക്കുന്ന ഹാള്‍ വാടക, റഫ്രഷ്‌മെന്റ് തുടങ്ങിയവക്ക് വലിയൊരു സംഖ്യ ആവശ്യമായിരുന്നു. അത് വഹിക്കാന്‍ അക്കാലത്ത് വ്യക്തിപരമായി എനിക്ക് കഴിയുമായിരുന്നില്ല. യു.എ.ഇ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പാണ് അപ്പോഴെനിക്ക് സഹായകമായത്. മാസാന്തം 100 പൗണ്ടായിരുന്നു അത്. അക്കാലത്ത് യൂനിവേഴ്‌സിറ്റിയിലെ ഉസ്താദുമാര്‍ക്കുപോലും അത്ര ശമ്പളമുണ്ടായിരുന്നില്ല. പ്രബന്ധാവതരണത്തിന് ശേഷം 4 മാസം അവധി ഉണ്ടായിരുന്നു. 4 മാസത്തെ സ്‌കോളര്‍ഷിപ്പ് തുക ഒന്നിച്ച് മുന്‍കൂറായി കിട്ടി. 4 വര്‍ഷം മുമ്പ് കളവുപോയ 400 പൗണ്ട് ഈ വിധത്തില്‍ അല്ലാഹു തിരിച്ചുതന്നുവെന്നാണ് ഞാന്‍ ചിന്തിച്ചത്.

സുഊദിയില്‍ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ എത്തുന്നത്?
ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചശേഷം, ഉംറ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ഞാന്‍ മക്കയിലേക്ക് പോയി. ഉമ്മുല്‍ ഖുറയില്‍ പഠിക്കുകയെന്നത് എന്റെ നേരത്തെയുള്ള ആഗ്രഹമായിരുന്നു. ഉമ്മുല്‍ ഖുറയില്‍ അപേക്ഷ കൊടുത്തെങ്കിലും അത് തള്ളപ്പെട്ടു. ഈജിപ്തിലേക്ക് തന്നെ തിരിച്ചു പോകാനൊരുങ്ങിയപ്പോഴാണ് എന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും മോഷ്ടിക്കപ്പെട്ടത്. യാത്ര ചെയ്യാന്‍ വഴിയില്ലാതെ മക്കയില്‍ തന്നെ നില്‍ക്കേണ്ടി വന്നു. മക്കയില്‍, മദ്‌റസത്തു മലൈബാര്‍ എന്നോ മറ്റോ അറിയപ്പെട്ടിരുന്ന കെയിറുബാത്തിലായിരുന്നു താമസിച്ചിരുന്നത്. വളരെ പ്രയാസമുള്ള ഘട്ടമായിരുന്നു അത്. പക്ഷേ, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതും യാത്ര മുടങ്ങിയതും ഉമ്മുല്‍ഖുറയില്‍ പ്രവേശനം ലഭിക്കാനുള്ള നിമിത്തമാവുകയായിരുന്നു.
ഈജിപ്തില്‍ എന്റെ ഗുരുനാഥനായിരുന്ന ഡോ. ഇസ്മാഈല്‍ അദ്ദിഫ്താര്‍ ആയിടെ മക്കയില്‍ വന്നു. ഉമ്മുല്‍ഖുറയില്‍ പഠിക്കാനുള്ള എന്റെ ആഗ്രഹം നേരത്തെ തന്നെ അദ്ദേഹത്തോട് ഞാന്‍ പങ്കുവെച്ചിരുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ട, എന്നെ ഏറെ സ്‌നേഹിക്കുന്ന അധ്യാപകനാണ് ഡോ. ഇസ്മാഈല്‍ അദ്ദിഫ്താര്‍. അബുല്‍ ഹസന്‍ അലി നദ്‌വിയെ പോലെ വലിയ പണ്ഡിതനാകണം എന്ന് ഉപദേശിക്കുമായിരുന്നു അദ്ദേഹം. നേരത്തെ എന്റെ അപേക്ഷ നിരസിച്ച ഓഫീസിലേക്ക് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി, അഡ്മിഷന്‍ ശരിയാക്കിത്തന്നു. പ്രശസ്തനായ ഉസ്താദ് സയ്യിദ് സാബിഖ് ഉള്‍പ്പെടെ മൂന്നു പേരടങ്ങുന്ന സമിതിയാണ് എന്നെ ഇന്റര്‍വ്യൂ നടത്തിയത്. 1981 ലാണ് ഉമ്മുല്‍ഖുറയില്‍ ചേര്‍ന്നത്, അവിടെ പഠനം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടാന്‍ 6 വര്‍ഷമെടുത്തു.
ഉമ്മുല്‍ ഖുറായുടെ ഗെയ്റ്റ് കടന്നു ചെല്ലുമ്പോള്‍ ഒരു ഹാളില്‍, ഒരു ലക്ചറര്‍ ക്ലാസെടുക്കുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. സ്വാഭാവികമായും എന്റെ മനസില്‍ ആ പദവിയില്‍ എത്താന്‍ കഴിയണേ എന്ന മോഹമുണ്ടായിത്തീര്‍ന്നു. 'അല്ലാഹുവേ എന്റെ ശ്രമങ്ങള്‍ നഷ്ടപ്പെടുത്തരുതേ' എന്നു ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. അല്‍ഹംദുലില്ലാഹ്, പഠനത്തിനുശേഷം ഉമ്മുല്‍ഖുറയില്‍ തന്നെ അധ്യാപകനായി ജോലി ലഭിച്ചു. രണ്ട് വിഷയങ്ങളാണ് എനിക്ക് ക്ലാസെടുക്കാനുണ്ടായിരുന്നത്. അതിലൊന്ന് നേരത്തെ പറഞ്ഞ ഹാളിലെ ക്ലാസായിരുന്നു. അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹമായാണ് ഞാനതിനെ കാണുന്നത്. മൂന്നു മാസങ്ങള്‍ക്കു ശേഷം അള്‍ജീരിയയിലേക്ക് ക്ഷണം ലഭിച്ചു. അവിടെ 'അല്‍ അമീര്‍ അബ്ദുല്‍ ഖാദിര്‍' യൂനിവേഴ്‌സിറ്റിയില്‍ 7 വര്‍ഷം ജോലി ചെയ്തു. ഇസ്‌ലാമിക പഠനത്തില്‍ ഗള്‍ഫിലേക്കാള്‍ നല്ല താല്‍പര്യമുള്ള വിദ്യാര്‍ഥികളാണ് അവിടെ ഉണ്ടായിരുന്നത്. ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയിലാണ് പിന്നീട് 4 വര്‍ഷം സേവനമനുഷ്ഠിച്ചത്. 2000 ലാണ് ദുബൈയില്‍ 'കുല്ലിയ്യത്തുദ്ദീറാസാത്തില്‍ ഇസ്‌ലാമിയ്യ വല്‍അറബിയ്യ'യില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചത്.
ദുബൈയില്‍ വന്നതിന് ശേഷമാണ് ഹദീസ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ഓരോ രണ്ടു വര്‍ഷത്തിലും, ഹദീസുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലാണ് ഈ അന്തര്‍ദേശീയ സമ്മേളനം നടക്കുന്നത്.

ഹദീസ്, വിശേഷിച്ചും ഹദീസ് നിദാനശാസ്ത്രം (ഉസൂലുല്‍ ഹദീസ്) ആണല്ലോ താങ്കളുടെ പഠന വിഷയവും കര്‍മരംഗവും. എന്താണ് ഇസ്‌ലാമില്‍ ഹദീസിന്റെ സ്ഥാനം?
ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാന പ്രമാണങ്ങളാണ് ഖുര്‍ആനും ഹദീസും. ഒന്നാം പ്രമാണമാണ് ഖുര്‍ആന്‍. അതിന്റെ വിശദീകരണമായ ഹദീസ് രണ്ടാമത്തേതും. അല്ലാഹു അവതരിപ്പിച്ചുകൊടുത്ത ഖുര്‍ആനെ വിശദീകരിച്ചും പ്രാവര്‍ത്തികമാക്കിയും പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. അതാണ് നബിചര്യ-സുന്നത്ത്. നബി(സ) തന്നെ ഖുത്വ്ബയിലും മറ്റും പറഞ്ഞതു കാണാം; ഏറ്റവും ശ്രേഷ്ഠമായ വചനം അല്ലാഹുവിന്റേതാണ്, ഉത്തമമായ ചര്യ പ്രവാചകന്റേതും. സുന്നത്ത് ഇസ്‌ലാമിക പ്രമാണമാണെന്ന കാര്യം സര്‍വാംഗീകൃതമാണ്. ആര്‍ക്കുമത് നിഷേധിക്കാനാവില്ല. എന്നാല്‍, ഖുര്‍ആനിനും സുന്നത്തിനും ഒരേ സ്ഥാനമല്ല. ഖുര്‍ആന്റെ വിശദീകരണം എന്നതാണ് സുന്നത്തിന്റെ സ്ഥാനം. ഇത് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. സുന്നത്തിലൂടെ നബി(സ) പഠിപ്പിച്ചിട്ടുള്ള നിയമങ്ങള്‍, അനുവദനീയവും (ഹലാല്‍), നിഷിദ്ധവും (ഹറാം) ആയ കാര്യങ്ങള്‍ അല്ലാഹുവിന്റെ വഹ്‌യ് അനുസരിച്ചുതന്നെയുള്ളതാണ്. 'പ്രവാചകന്‍ നിങ്ങള്‍ക്ക് തന്നത് നിങ്ങള്‍ സ്വീകരിക്കുക, പ്രവാചകന്‍ വിലക്കിയതില്‍നിന്ന് വിട്ടുനില്‍ക്കുക' എന്ന് ഖുര്‍ആനില്‍നിന്ന് മനസ്സിലാകാവുന്നതാണല്ലോ.

സുന്നത്തിലെ എല്ലാ വിഷയങ്ങള്‍ക്കും നിയമപരമായി ഒരേ സ്ഥാനമാണോ ഉള്ളത്. അഥവാ, പ്രവാചക ചര്യയിലെ എല്ലാ മാതൃകകളും നാം ഒരേ ഗൗരവത്തോടെ പിന്തുടരേണ്ടതാണോ?
പ്രവാചകന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുന്നത്തിലെ മുഴുവന്‍ നിര്‍ദേശങ്ങളെയും നാം ഒരേപോലെയല്ല സമീപിക്കേണ്ടതും പ്രയോഗവത്കരിക്കേണ്ടതും. നിര്‍ബന്ധം (വാജിബ്), ഐഛികം (നഫ്ല്‍), പ്രബലമായ സുന്നത്ത് (സുന്നത്ത് മുഅക്കദ), ഹറാം (നിഷിദ്ധം), അനഭികാമ്യം (മക്‌റൂഹ്)തുടങ്ങി പലതലങ്ങളിലുള്ള വിഷയങ്ങളുണ്ട് സുന്നത്തില്‍. അപ്രകാരം സാമൂഹിക പശ്ചാത്തലവും നാടിന്റെ സമ്പ്രദായങ്ങളും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. നബി(സ)ക്ക് മാത്രം പ്രത്യേകമായി അനുവദിക്കപ്പെട്ടതുണ്ടാകാം. നബി(സ) ചെയ്തതാണെന്ന് വെച്ച് സുന്നത്തിലെ എല്ലാം ഒരേപോലെ നിര്‍ബന്ധമായും പിന്തുടരേണ്ടതാണെന്ന് വാദിക്കുന്നതിന് അര്‍ഥമില്ല.
ഉദാഹരണമായി നമസ്‌കാരം. അഞ്ചു സമയത്തെ നമസ്‌കാരം പ്രവാചക ചര്യയില്‍ പെട്ടതാണ്. തറാവീഹ് എന്നു വിളിക്കുന്ന ഖിയാമുല്ലൈലും നബിയുടെ സുന്നത്താണ്. ഈ രണ്ട് 'സുന്നത്തു'കളും ഒരുപോലെയല്ല. അഞ്ച് സമയത്തെ നമസ്‌കാരം നിര്‍ബന്ധമാണ്. ഉപേക്ഷിച്ചവന്‍ കുറ്റവാളിയാകും. എന്നാല്‍, തറാവീഹ് ഐഛിക കര്‍മമാണ്. അതുപേക്ഷിച്ചവര്‍ കുറ്റവാളിയാകുന്നില്ല. നാട്ടിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും നബിയുടെ ജീവിതത്തില്‍ കാണാം. ഉദാഹരണത്തിന് തലപ്പാവ് ധരിക്കല്‍. അത് എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ വിശ്വാസികളും പിന്തുടരേണ്ട പ്രവാചക ചര്യയല്ല. അത് അറേബ്യയിലെ സാമൂഹികാചാരമാണ്. ഹജ്ജിനിടയില്‍ അബ്ത്വഹ് താഴ്‌വരയില്‍ പ്രവാചകന്‍ വിശ്രമിക്കുകയുണ്ടായി. അത് ഹജ്ജുമായി ബന്ധപ്പെട്ട ഒരു കര്‍മമല്ലെന്നും യാദൃഛികമായി പ്രവാചകന്‍ വിശ്രമിക്കാനിരുന്നതാണെന്നും പല സ്വഹാബിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിലര്‍ അതിനെ സുന്നത്തായി ഗണിക്കുന്നു. അപ്പോഴും അത് ചെയ്യാതിരുന്നാല്‍ ഹജ്ജ് നിഷ്ഫലമാകുന്ന തെറ്റായി മാറുന്നില്ല. ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണാനാകും.

ഹദീസുകളിലെ കല്‍പനാ പ്രയോഗങ്ങള്‍ പല സ്വഭാവത്തിലുള്ളതാകാമല്ലോ. ചിലത് നിര്‍ബന്ധം. മറ്റു ചിലത് അനുവാദം...?
ഉള്ളടക്കം മാത്രമല്ല, ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രധാനമാണ്. ഉദാഹരണമായി കല്‍പനകള്‍ എന്തിനുള്ളതാണെന്ന് വേര്‍തിരിച്ച് മനസ്സിലാക്കണം. ഇതറിയാത്തതുകൊണ്ടാണ് തീവ്രവാദവും മറ്റും കടന്നുവരുന്നത്. ദീനിയായ ആവേശമുള്ള യുവാക്കള്‍ ധാരാളമുണ്ട്. അവരില്‍ ചിലര്‍ തെറ്റായ നിലപാടുകളിലേക്ക്, തീവ്രചിന്താഗതികളിലേക്ക് ആളുകളെ നയിക്കുന്നത് കാണാം. നസ്വ് മനസ്സിലാക്കാന്‍ കഴിവില്ലാത്തതാണതിന്റെ മര്‍മം. പുതിയ തലമുറയെയാണിത് കാര്യമായി ബാധിക്കുന്നത്.

ഹദീസുകള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ കവിഞ്ഞ സൂക്ഷ്മത ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എങ്ങനെയാണ് നാം ഹദീസുകളെ സമീപിക്കേണ്ടത്?
ഹദീസുകളെ, സുന്നത്തിനെ എങ്ങനെ സമീപിക്കണം എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഹദീസ് ശരിയായാലും സമീപനം തെറ്റായ വിധത്തിലാണെങ്കില്‍ പാകപ്പിഴകള്‍ സംഭവിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
ഹദീസുകളെ സമീപിക്കുന്നതിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്നാമത്തെ ഘട്ടം ഹദീസ് ശരിയാണോ അല്ലേ എന്ന പരിശോധനയാണ്. രണ്ടാമത്തേത് ഉദ്ദേശ്യം മനസ്സിലാക്കലാണ്. ഹദീസുകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ നബി അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അന്വേഷിച്ചും ചിന്തിച്ചും കണ്ടെത്തണം. വളരെ പ്രധാനപ്പെട്ട വിഷയമാണ് ഹദീസുകളുടെ ഉദ്ദേശ്യം (മഖ്‌സ്വദ്) മനസ്സിലാക്കുകയെന്നത്. ഒരുപാട് നിയമങ്ങളും നിബന്ധനകളുമുള്ള വലിയൊരു വിജ്ഞാന മേഖലയാണിത്. അതൊന്നും പക്ഷേ, ഇപ്പോള്‍ വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല. ഹദീസ് വായിക്കുക, അതിന്റെ പാഠത്തിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ഥം പറയുക, അതനുസരിച്ച് നിയമവിധികള്‍ കണ്ടെത്തുക (മത്ന്‍- ടെക്സ്റ്റ്) തുടങ്ങിയവയാണ് പലരുടെയും രീതി. അതിനെല്ലാമപ്പുറം, ഹദീസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. ഉയര്‍ന്ന ദീനീ സ്ഥാപനങ്ങളില്‍ പോലും ഹദീസ് പഠനത്തിന്റെ അവസ്ഥയാണിത്. മൂന്നാമത്തെ ഘട്ടം, പ്രയോഗവത്കരണമാണ്. ഹദീസിലെ ആശയങ്ങള്‍ എങ്ങനെയാണ്, എവിടെയൊക്കെയാണ് പ്രയോഗവത്കരിക്കേണ്ടത് എന്നു മനസ്സിലാക്കണം. വളരെ ഗൗരവപ്പെട്ട ഈ വശം പരിഗണിക്കാതെ ഹദീസുകളും പ്രമാണങ്ങളിലെ നസ്വും പ്രയോഗവത്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പലതരത്തിലുള്ള അതിവാദങ്ങളും സമൂഹത്തില്‍ പ്രചാരം നേടുന്നത്. ആരാധനാപരവും മറ്റുമായ വിഷയങ്ങളിലെ കടുംപിടുത്തങ്ങളും (തനത്ത്വുഅ്- ഗുലുവ്വ്) സായുധമായ തീവ്രവാദങ്ങളും (ഇര്‍ഹാബ്) ഒക്കെ കാര്യങ്ങള്‍ മനസ്സിലാക്കാതെ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് സംഭവിക്കുന്നത്. ഹദീസിന്റെ അര്‍ഥം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അത് എവിടെയാണ്, എങ്ങനെയാണ് നടപ്പിലാക്കേണ്ടത്എന്ന് അറിയില്ലെങ്കില്‍ അബദ്ധം സംഭവിക്കും. തോന്നിയതുപോലെ പ്രവര്‍ത്തിക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും മറ്റും അത് കാരണമാകും.

ഹദീസുകളോടുള്ള നമ്മുടെ സമീപന രീതികളും പഠന സ്വഭാവവും മാറണമെന്നാണോ?
നേരത്തെ വിവരിച്ച മൂന്നു കാര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള പഠനരീതിയാണ് ഹദീസ് വിജ്ഞാന മേഖലയില്‍ ഉണ്ടാകേണ്ടത്, അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നിലവിലുള്ള രീതി അതല്ല. നാം ഉലൂമുല്‍ ഹദീസ് പരമ്പരാഗതമായി പഠിക്കുന്നുണ്ട്. പക്ഷേ, അതിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്താണെന്ന് അറിയുന്നില്ല. സാങ്കേതിക പദങ്ങള്‍ പഠിപ്പിക്കാനാണ് ഉലൂമുല്‍ ഹദീസ് എന്നാണ് ചിലരുടെ ധാരണ. പിന്നെ ഹദീസ് പഠിപ്പിക്കുന്നു. അതിലെ അപരിചിതമായ പദങ്ങളുടെ അര്‍ഥം പറയുന്നു. ഹദീസ് മനഃപാഠമാക്കുന്നു. ഇതാണ് നിലവിലുള്ള പൊതു രീതി. അപവാദങ്ങളുണ്ടാകാം. ഇങ്ങനെ പഠിച്ചിറങ്ങിയവരാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്; വിദ്യാര്‍ഥികളെയും സമൂഹത്തെയും. അതുകൊണ്ട് ഹദീസുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാക്കി പ്രായോഗിക സമീപനം സ്വീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഹദീസുകള്‍ ഉദ്ധരിച്ച് ലേഖനങ്ങളും പുസ്തകങ്ങളും എഴുതുന്നവര്‍ കുറേ ഹദീസുകള്‍ ഒരുമിച്ചു കൂട്ടുകയും ഉദ്ധരിക്കുകയും ചെയ്യുക എന്നതിനപ്പുറം ഹദീസുകളെ കുറിച്ച് പുതിയ കാഴ്ചപ്പാടുകളിലേക്ക് എത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. ബുദ്ധിപരവും ചിന്താപരവുമായ പ്രാവീണ്യം വളര്‍ത്തുന്ന രീതിയിലേക്ക് ഹദീസ് പഠനം മാറണം.

പ്രവാചകചര്യയും പ്രാദേശികമായ സമ്പ്രദായങ്ങളും തമ്മിലുള്ള ചില വ്യത്യാസങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ഉദാഹരണമായി വസ്ത്രധാരണം?
അതെ, ഇസ്‌ലാം ഒരു വസ്ത്രധാരണ രീതി കൊണ്ടുവന്നിട്ടില്ല. റസൂലിന്റെ കാലത്ത് സ്വഹാബികള്‍ പല വസ്ത്രങ്ങളും ധരിച്ചിരുന്നു. നബി(സ) ധരിച്ചപോലുള്ള വസ്ത്രങ്ങള്‍ എല്ലാവരും ധരിച്ചിരുന്നില്ല. ഒറ്റ വസ്ത്രവും രണ്ടു വസ്ത്രവും ധരിച്ചവരുണ്ടായിരുന്നു. ശരീരം മുഴുവന്‍ മറയുന്നതും അല്ലാത്തതുമായ വസ്ത്രം ധരിക്കുന്നവരുണ്ടായിരുന്നു. 'നിങ്ങള്‍ ഉദ്ദേശിക്കുന്ന വസ്ത്രം ധരിക്കുക' എന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞതുകാണാം. രണ്ട് കാര്യങ്ങള്‍ ഇല്ലാത്ത കാലത്തോളം; ഒന്ന്, ധൂര്‍ത്ത്. രണ്ട്, അഹങ്കാരം. ഇസ്‌ലാം പഠിപ്പിച്ച പ്രകാരം നഗ്നത മറക്കണമെന്നു മാത്രമേയുള്ളൂ, ഒരു യൂനിഫോം ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.
ഇസ്‌ലാം പ്രകൃതി മതമാണ്. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതാണ്. വസ്ത്ര ധാരണത്തിലും മറ്റും പ്രാദേശികമായ വ്യത്യാസങ്ങള്‍, വൈവിധ്യതകള്‍ ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. അമേരിക്കക്കാരന് അവിടുത്തെ വസ്ത്രം ധരിക്കാം. അറബി വസ്ത്രം തന്നെ ധരിക്കണമെന്നില്ല. സമൂഹത്തിന് ഇണങ്ങാത്ത വസ്ത്ര രീതി സ്വീകരിക്കുന്നത് ശരിയല്ല. നാടിന്റെ സമ്പ്രദായങ്ങള്‍ (ആദത്ത്-ഉര്‍ഫ്) ഇസ്‌ലാമിന് എതിരാകാത്ത കാലത്തോളം നാം പരിഗണിക്കണം. ഒരു സമൂഹത്തില്‍ അവരുടെ പൊതുരീതികള്‍ക്ക് എതിരായി ജീവിക്കുമ്പോള്‍ അത് പലതരം പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാന്‍ കാരണമാകും. ഉദാഹരണമായി തൊപ്പി ധരിക്കല്‍. മുസ്‌ലിം ആയാല്‍ തൊപ്പി ധരിക്കണം എന്ന് ആരാണ് പഠിപ്പിച്ചത്? അങ്ങനെയൊരു സുന്നത്തില്ല. സമൂഹത്തില്‍ നോട്ടപ്പുള്ളിയാകുന്നവിധം 'അന്യനായി' മാറി നില്‍ക്കുന്നതും ശരിയല്ല. ഇസ്‌ലാം അങ്ങനെ കല്‍പ്പിച്ചിട്ടില്ല.

പ്രമാണങ്ങളുടെ അക്ഷരവായനയില്‍ നിന്ന്, ബാഹ്യാര്‍ഥത്തില്‍ മനസിലാക്കുന്നതില്‍ നിന്നല്ലേ ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത്?
പ്രമാണങ്ങള്‍ (നസ്വ്) രണ്ടുതരത്തില്‍ വായിക്കാം. ഒന്ന്, അക്ഷരത്തില്‍ (ഹര്‍ഫിയ്യ്), വാക്കുകളുടെ ബാഹ്യാര്‍ഥം മാത്രം പരിഗണിക്കുന്നതാണിത്. മറ്റൊന്ന്, ആശയപഠനമാണ്. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മനസിലാക്കി പാഠങ്ങളെ സമീപിക്കുക.
ബാഹ്യാര്‍ഥത്തില്‍ മാത്രം എടുക്കുന്നത് (ളാഹിരിയ്യ്) പൗരാണിക പണ്ഡിതന്മാര്‍ തന്നെ വിയോജിച്ചിട്ടുള്ളതാണ്. ളാഹിരിയ്യത്തില്‍ നിന്നാണ് ദീനില്‍ പലതരം കടുംപിടുത്തങ്ങളും (തശദ്ദുദ്) കടന്നുവരുന്നത്. അങ്ങനെ വരുമ്പോള്‍, 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യയില്‍ നബിയും സ്വഹാബിമാരും ജീവിച്ചപോലെ നാം ജീവിക്കേണ്ടിവരും. അത് അസാധ്യമാണ്. അങ്ങനെ ദീന്‍ പഠിപ്പിച്ചിട്ടില്ല. ഇസ്‌ലാം കാലദേശങ്ങള്‍ക്കതീതമായി വളരുന്നത്, പ്രചരിക്കുന്നത്, പ്രമാണങ്ങളെ ആശയപരമായി മനസിലാക്കുകയും, ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടു കൂടിയാണ്. ഇല്ലെങ്കില്‍ ഇസ്‌ലാമിനെങ്ങനെ ഇന്ന് നിലനില്‍ക്കാന്‍ കഴിയും. ചില ഹദീസുകള്‍ മനസിലാക്കുമ്പോള്‍ കാലവും നാടും പരിഗണിക്കേണ്ടിവരും. എളുപ്പത്തില്‍ മനസിലാവുന്ന ഒരു ഉദാഹരണം പറയാം. ഖിബ്‌ലക്ക് അഭിമുഖമായോ പിന്തിരിഞ്ഞോ വിസര്‍ജനത്തിനിരിക്കരുത് എന്ന് പഠിപ്പിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം; 'നിങ്ങള്‍ പടിഞ്ഞാറോട്ടോ കിഴക്കോട്ടോ തിരിഞ്ഞിരിക്കുക'. ഈ ഹദീസനുസരിച്ച് നാം കേരളത്തില്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരുന്നാല്‍ എങ്ങനെയുണ്ടാകും? അറേബ്യയിലെ ഭൂമിശാസ്ത്രം വെച്ച് നബി പറഞ്ഞതാണത്. മാത്രമല്ല, മരുഭൂമിയില്‍ വെളിപ്രദേശത്തെ കുറിച്ചാണ് ഈ നിര്‍ദേശം. എന്നാല്‍, വീട്ടിലോ മറയുള്ള മറ്റു സ്ഥലങ്ങളിലോ ആണെങ്കില്‍ ഈ നിയമം പാലിക്കണമെന്നില്ല. യഥാര്‍ഥത്തില്‍ പ്രമാണങ്ങളുടെ പ്രയോഗവല്‍ക്കരണവുമായി ബന്ധപ്പെട്ട വലിയ വിഷയമാണിത്. ഇതൊക്കെയാണ് നാം പഠിക്കേണ്ടത് പഠിപ്പിക്കേണ്ടത്. നമ്മുടെ ദീനീ സ്ഥാപനങ്ങളുടെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ടത് ഇത്തരം വിഷയങ്ങളാണ്.

ബഹുമതസമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിഷയമാണിതെല്ലാം..........
ഇസ്‌ലാം ഒരു തുറന്ന ജീവിതദര്‍ശനമാണ്, ലളിതമാണ്. ഞാന്‍ പറഞ്ഞല്ലോ, എവിടെയും അതനുസരിച്ച് ജീവിക്കാം. ആരെയും അകറ്റാനോ, ആരിലെങ്കിലും അവജ്ഞ സൃഷ്ടിക്കാനോ അതു കാരണമാകില്ല. അമുസ്‌ലിംകളുടെ ഒരു സമൂഹത്തില്‍ നമുക്ക് ഇസ്‌ലാമനുസരിച്ച് ജീവിക്കാം. അത് ഇസ്‌ലാം വിലക്കുന്നില്ല. നമ്മുടെ സമീപനരീതികളാണ് ഇസ്‌ലാമിനെ കുടുസാക്കുന്നത്. ഇസ്‌ലാം പ്രകൃത്യാ വിശാലമാണ്.
യഅ്ഖൂബ് നബിയുടെ ചരിത്രം നോക്കൂ. മകന്‍ യൂസുഫിനെ കൊല്ലാന്‍ ശ്രമിച്ച, കിണറ്റിലെറിഞ്ഞ അക്രമികളായ മക്കളോടൊപ്പമാണ് പിതാവ് ദീര്‍ഘകാലം പിന്നെയും ജീവിക്കുന്നത്. നാമാണെങ്കില്‍, അവരെ എന്നോ ആട്ടിപുറത്താക്കിയിട്ടുണ്ടാകും. പക്ഷേ, യഅ്ഖൂബ് നബി അവരോടൊപ്പം ജീവിച്ചു. പിന്നീട് അവരെയും കൂട്ടിത്തന്നെ ഈജിപ്തിലേക്ക്, യൂസുഫ് നബിയുടെ അടുത്തേക്ക് പോയി. അപ്പോഴേക്ക് അവര്‍ മാറിക്കഴിഞ്ഞിരുന്നു. മറ്റു സമൂഹങ്ങളില്‍ നിന്ന് അകന്നുമാറലല്ല, ഇങ്ങനെ അവരെ മാറ്റലാണ് നമ്മുടെ ദൗത്യം.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍