Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

വസന്തകാലത്തെ പെരുന്നാള്‍

ജമീല്‍ അഹ്മദ്‌

നിഘണ്ടുക്കളൊന്നും വേണ്ട.
വസന്തത്തിന് വിപ്ലവമെന്നും
വിപ്ലവത്തിന് വസന്തമെന്നും
അര്‍ഥം നല്‍കിയിട്ടില്ല ഇന്നോളവും അവ.
പകരം, കവിതകള്‍ മതി
പെരുന്നാളിന് വസന്തമെന്നും
വസന്തത്തിന് പെരുന്നാളെന്നും
അതില്‍ അര്‍ഥമുണ്ടല്ലോ
ധാരാളം.

വസന്തത്തിലെ ചെറുപ്പത്തിന്റെ
ആത്മവിശ്വാസത്തെക്കുറിച്ച്
റമദാന്‍
ചക്രവാളത്തില്‍ ഒരു രേഖാചിത്രം വരച്ചു.
അതിന് അണയാത്ത ആഹ്ലാദത്തിന്റെ ഓറഞ്ചുനിറം
സായാഹ്ന സൂര്യന്‍ അരുമയോടെ ചാലിച്ചു.
വക്കുകളില്‍ ചോരയുടെ അലുക്കുകളുള്ള
മേഘങ്ങള്‍ കൊണ്ട് മങ്ങൂഴം അതിനെ ഗംഭീരമാക്കി.
എന്നിട്ടും ഒരു ശരിയുടെ കുറവുണ്ടായിരുന്നു.
ഉടനെ ശവ്വാല്‍
അമ്പിളിക്കീറുകൊണ്ട് അതങ്ങ് പൂരിപ്പിച്ചു.
ഒരൊറ്റ വാക്കിന്റെ തിളക്കംകൊണ്ട്
പ്രിയങ്കരമാകുന്ന കവിതപോലെ
ഇപ്പോള്‍ ആ ചിത്രം.

പുത്തനുടുപ്പുകളില്‍
മുല്ലപ്പൂവിന്റെ സുഗന്ധം പൂശിയ
ഒരു കാറ്റുമുണ്ടായിരുന്നു ഈദുഗാഹിന്
തക്ബീറുകളുടെ തോളില്‍ കൈയിട്ട്
സ്വഫ്ഫുകള്‍ക്കിടയിലൂടെ
അത് അടക്കമില്ലാതെ പാഞ്ഞുനടന്നു.
നമസ്‌കാരത്തില്‍ ചേരാതെ
മണ്ണു വാരിക്കളിക്കുന്ന പൈതങ്ങളോട്
അത് അവര്‍ക്കുമാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍
പറഞ്ഞുകൊണ്ടിരുന്നു:
''രാകി രാകി മൂര്‍ച്ചകൂട്ടൂ വിരലുകള്‍, നാളെ
നേരു ചൂണ്ടിപ്പറയുവാനുള്ളായുധം പോലെ''

വസന്തത്തില്‍ മുദ്രാവാക്യം മുഴക്കിയവന്
തൊണ്ടയടച്ചതിനാല്‍ തക്ബീര്‍ ഇടറി
എങ്കിലും ആ കാറിപ്പതിഞ്ഞ ശബ്ദം
വിഹായസ്സുകള്‍ ഭേദിച്ചു
വസന്തത്തിന്റെ നടുമുറ്റത്തേക്ക് നടന്നെത്തിയവന്‍
പാദം വിങ്ങുന്ന വേദനയാല്‍
സുജൂദില്‍ കമഴ്ന്നടിച്ചു വീണു.
എങ്കിലും, മലക്കുകള്‍ അത്
ജീവിതം മുഴുവന്‍ ചെയ്ത പ്രണാമമായി എഴുതിവെച്ചു.
വസന്തത്തിന് കൊടിയേന്തിയവന്
പുതുവസ്ത്രങ്ങളോട് അതൃപ്പം കെടും.
പതാകയോളം ഉജ്വലമായ
മറ്റൊരു ശീലയും ഇല്ലാത്തതിനാല്‍.
എങ്കിലും, ഈ പെരുന്നാളിന് അയാള്‍
ഒരു പുത്തനുടുപ്പണിഞ്ഞിരിക്കുന്നത് നോക്കൂ.
വസന്തത്തില്‍ ശഹീദായവന്‍
മകളുടെ ഉള്ളംകൈയില്‍
ചോരകൊണ്ട് മൈലാഞ്ചിയിട്ടു.
ഇനി
പെരുന്നാള്‍ കഴിഞ്ഞാലും
അത് മാഞ്ഞുപോകില്ലല്ലോ.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍