പെരുന്നാളിന്റെ ഗന്ധവും ശബ്ദവും
നാട്ടിന്‍പുറത്തും നഗരത്തിലും നടക്കുന്ന പെരുന്നാളാഘോഷങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവമാണുള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നടക്കുന്ന ആഘോഷങ്ങള്‍ക്ക് എന്നും വേറിട്ട നിറങ്ങളായിരുന്നു. ഓണം - പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളില്‍ ഇത് വളരെ തെളിമയോടെ അനുഭവപ്പെടാറുണ്ട്. ഗ്രാമത്തിലെ ഇത്തരം ആഘോഷങ്ങള്‍ക്ക് സ്വഛന്ദതയുടെ ഒരു ഭാവമുണ്ടായിരുന്നു. തികച്ചും ശാന്തമായ അവസ്ഥ അവയെ എന്നും ആവരണംചെയ്തിരിക്കും.
ഗ്രാമത്തില്‍ എനിക്ക് ചുറ്റുമുള്ള ആളുകള്‍ ഏറ്റവും ആഹ്ലാദിച്ചത് ഇത്തരം അവസരങ്ങളിലായിരുന്നു. അവയിലൊരിടത്തും ആര്‍ഭാടമുണ്ടായിരുന്നില്ല. ഒരു മാസം നീണ്ടുനിന്ന വ്രതത്തിനു ശേഷം വന്നെത്തുന്ന പെരുന്നാള്‍ എന്ന പുണ്യദിനത്തെ എന്റെ ചങ്ങാതിമാര്‍ എത്ര ആഹ്ലാദത്തോടെയാണ് കാത്തിരുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. എന്റെ കൂട്ടുകാര്‍ പൊതുവെ പാവപ്പെട്ടവരായിരുന്നു. കല്ലുവെട്ടുകാരനായ മമ്മാലിയുടെ മകന്‍ മൊയ്തു, ചുമട്ടുതൊഴിലാളിയായ അബ്ദുല്ലയുടെ മകന്‍ ഹംസ ഇവരിലൂടെയാണ് കുട്ടിക്കാലത്ത് ഞാന്‍ പെരുന്നാളിനെ അറിഞ്ഞത്. പെരുന്നാളിനെ പുതുവസ്ത്രങ്ങള്‍ ധരിച്ച് ഗ്രാമത്തിലെ നിരത്തിലൂടെയും ഇടവഴികളിലൂടെയും നടക്കാന്‍ കഴിയുന്ന ഒരു ദിവസമായിട്ടാണ് അവര്‍ കണ്ടത്. അതിനെക്കുറിച്ച് അവര്‍ വാ തോരാതെ സംസാരിക്കുകയും ചെയ്യുമായിരുന്നു. പുത്തന്‍ ഉടുപ്പുകളുടെ ഗന്ധത്തിന്റെ ആസ്വാദ്യത, മൂക്കുകള്‍ വിടര്‍ത്തി അവര്‍ കാണിച്ചുതരും. ചെരിപ്പുകള്‍ ധരിച്ചു നടക്കണമെന്ന് വലിയ മോഹങ്ങളും അവര്‍ക്കുണ്ടായിരുന്നു. ഓരോ പെരുന്നാളിനും പറയും അടുത്ത പെരുന്നാളിന് ചെരുപ്പുകള്‍ വാങ്ങുമെന്ന്. അതൊരു വലിയ അഭിലാഷമായിരുന്നു. പാവപ്പെട്ടവരാരും ഞങ്ങളുടെ ഗ്രാമത്തില്‍ അക്കാലത്ത് ചെരുപ്പുകളിട്ട് നടന്നിരുന്നില്ല. ധാരാളം ഇല്ലായ്മകള്‍ക്ക് നടുവില്‍ നടക്കുന്ന പെരുന്നാളാഘോഷങ്ങള്‍ക്ക് പ്രത്യേകതകള്‍ വരുന്നത്, പലര്‍ക്കും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന ഒരു ദിനമാണ് അതെന്നുള്ളതുകൊണ്ടാണ്. എന്റെ കൂട്ടുകാരുടെ സന്തോഷം എന്റേതു കൂടിയായിരുന്നു. അവരുടെ പുത്തന്‍ ഉടുപ്പുകളുടെ ഗന്ധം എന്നെ കൂടി ആഹ്ലാദിപ്പിക്കുന്നതായിരുന്നു. ഗന്ധം ഇതു മാത്രമായിരുന്നില്ല. പെരുന്നാള്‍ ദിനത്തില്‍ എന്റെ കൂട്ടുകാരെയാകെ പ്രത്യേകമായി മറ്റൊരു സുഗന്ധം വലയം ചെയ്തിരിക്കും. മൂക്കിലേക്ക് ഇരച്ചുകയറുന്ന അത്തറും പൂശിയായിരിക്കും പെരുന്നാള്‍ ദിവസത്തില്‍ അവര്‍ എന്റെ അരികിലേക്ക് വരിക. അത്തറില്‍ കുതിര്‍ത്ത പഞ്ഞിയും അവരുടെ കൈകളിലുണ്ടായിരിക്കും. അത്തര്‍ പുരണ്ട തണുത്ത പഞ്ഞി കൂട്ടുകാരുടെ ദേഹത്തും അവര്‍ പുരട്ടും. അങ്ങനെ ഞങ്ങളും സുഗന്ധത്താല്‍ വലയം ചെയ്യപ്പെടും. പുത്തന്‍ ഉടുപ്പുകളുടെ ഗന്ധവും അത്തറിന്റെ വശ്യമായ സുഗന്ധവും പുരണ്ടതായിരുന്നു അക്കാലത്തെ പെരുന്നാള്‍ ദിനങ്ങള്‍. ഗ്രാമത്തിന്റെ സ്വഛന്ദത പെരുന്നാളാഘോഷങ്ങളിലും തെളിഞ്ഞു കാണാമായിരുന്നു.
നഗരത്തിലെത്തിയതോടെ അതിന്റെ സ്വഭാവം മാറുകയായിരുന്നു. മറ്റെല്ലാ ആഘോഷങ്ങളും പോലെ നഗരത്തില്‍ പെരുന്നാളും തിരക്കിന്റെ ആഘോഷമായിട്ടാണ് അനുഭവപ്പെട്ടത്. പെരുന്നാള്‍ അടുത്തെത്തിയാല്‍ പല സുഹൃത്തുക്കളും വിളിക്കാറുണ്ട്. എന്നാല്‍, അവയില്‍ ആഴമുള്ള ഒരു വിളി കൊച്ചുബാവയുടേതായിരുന്നു. തൃശൂര്‍ക്കാരനായ ടി.വി കൊച്ചുബാവ കോഴിക്കോട്ട് താമസം തുടങ്ങിയപ്പോള്‍ തൊട്ട് ഞങ്ങള്‍ കുടുംബസമേതമാണ് പെരുന്നാള്‍ ആഘോഷിക്കാറുണ്ടായിരുന്നത്. മാസപ്പിറവി കാണുന്ന സമയത്ത് ഒരു വിളി മുടങ്ങാതെ എന്നെ തേടിയെത്തും. 'യു.കെ നാളെ എന്റെ വീട്ടില്‍ വരണം.'
കൊച്ചു ബാവയാണ്. എത്ര തിരക്കുണ്ടായാലും ഞാന്‍ എത്തിയേ മതിയാവൂ. ഇല്ലെങ്കില്‍ ബാവ പരിഭവിക്കും. പെട്ടെന്ന് പരിഭവിക്കുന്ന പ്രകൃതക്കാരനാണ് ബാവ. ഞാന്‍ കുടുംബസമേതം ബാവയുടെ വീട്ടിലെത്തും. അങ്ങനെ കുറെ പെരുന്നാള്‍ ദിനങ്ങള്‍ കഴിഞ്ഞുപോയി. അവിചാരിതമായി ബാവ പോയി.... ഇപ്പോള്‍ മുഴക്കമുള്ള ഒരു ശബ്ദം മാത്രം ഓര്‍മയില്‍ അവശേഷിക്കുകയാണ്. ഓരോ പെരുന്നാള്‍ ദിനത്തിലും ബാവയുടെ സൗഹൃദം പുരണ്ട ആ ശബ്ദം എന്റെ ഓര്‍മയെ വേദനിപ്പിച്ചുകൊണ്ടിരിക്കും.
Comments