Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

ഈദുല്‍ ഫിത്വ്ര്‍ നമുക്ക് സമൃദ്ധിയുടെ പുതുലോകം പണിയാനാവും

അബ്ദുല്‍ ഹകീം നദ്‌വി

ജീവിത വിശുദ്ധിയുടെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് റമദാന്‍ കടന്നുവന്നത്. ആത്മീയോല്‍ക്കര്‍ഷത്തിന്റെ നനവുകള്‍ പെയ്തിറങ്ങുകയായിരുന്നു റമാദാനിലുടനീളം. കാരുണ്യത്തിന്റെ കവാടങ്ങള്‍ കലവറയില്ലാതെ തുറന്നിട്ടും പാപമോചനത്തിന്റെ വഴികള്‍ വെട്ടിത്തെളിച്ചും നരക മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പ് വരുത്താന്‍ അവസരങ്ങള്‍ സമ്മാനിച്ചും അല്ലാഹു നമ്മെ ആവേശം കൊള്ളിക്കുകയായിരുന്നു. നന്മ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആവോളം അവസരങ്ങള്‍ നല്‍കുകയും അത് ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സാമീപ്യം വിശ്വാസികള്‍ അനുഭവിക്കുകയായിരുന്നു. കാരുണ്യവാനായ നാഥന്‍ വെച്ച് നീട്ടിയ ഈ അനര്‍ഘ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാം എത്രമാത്രം ജാഗ്രത്തായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് റമദാന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്.
എന്നാല്‍, നോമ്പിന്റെ ആത്മീയ സൗന്ദര്യം ആസ്വദിച്ച് കൊതിതീരും മുമ്പേ അത് പറന്നകന്നിരിക്കുന്നു. ഒരു മാസക്കാലം നീണ്ടുനിന്ന ആത്മീയോത്സവം എത്ര പെട്ടെന്നാണ് നമ്മോട് വിടപറഞ്ഞത്. മനുഷ്യ ജീവിതം തന്നെ അങ്ങനെയാണല്ലോ. ഒരുപാട് മോഹങ്ങളും പൂര്‍ത്തീകരിക്കാന്‍ ധാരാളം കര്‍മങ്ങളും ബാക്കിയിരിക്കെ ഒരുനാള്‍ പെട്ടെന്ന് ജീവിതം അവസാനിക്കുന്നു. പോയ നാളുകളെ ഓര്‍ത്ത് വിലപിക്കുന്നതില്‍ ഒരര്‍ഥവുമില്ല. തന്റെ മുമ്പില്‍ എത്തിനില്‍ക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ ജീവിത നിലപാട്. റമദാന്‍ നമുക്ക് പകര്‍ന്ന് നല്‍കിയ ധാരാളം പാഠങ്ങളില്‍ മര്‍മപ്രാധാന്യമര്‍ഹിക്കുന്നതും ഇത് തന്നെയാണ്. റമദാനിന്റെ നാളുകള്‍ ആനന്ദപൂര്‍ണമായിരുന്നു. അവ ആസ്വദിക്കാന്‍ കഴിയുക എന്നത് അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കുന്ന മഹത്തായ അനുഗ്രഹമാണ്. ഇത് ചിലര്‍ക്കെങ്കിലും ജീവിതത്തിലെ അവസാനത്തെ റമദാന്‍ ആയിരിക്കും. ആ ചിലരില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് അല്ലാഹുവിന് മാത്രം അറിയാം. പാപങ്ങള്‍ കഴുകിക്കളഞ്ഞ് സ്വന്തത്തെ ശുദ്ധീകരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴായിപ്പോയെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. ഇനി സന്തോഷത്തിന്റെ ആനന്ദപ്പെരുന്നാള്‍. കൊതി തീരും മുമ്പേ റമദാന്‍ പറന്നകന്നതിന്റെ വേദനയും ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് ഉദിച്ചുയര്‍ന്നപ്പോഴുണ്ടായ സന്തോഷത്തിന്റെയും അസുലഭ മുഹൂര്‍ത്തമാണ് ഈദ് ദിനം. റമദാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികള്‍ക്ക് ആനന്ദിക്കാനും ആമോദിക്കാനുമുള്ള അവസരം. റമദാനിന്റെ നാളുകള്‍ വ്രത ശുദ്ധിയോടെ പൂര്‍ത്തീകരിക്കാനും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും അവസരം ലഭ്യമായതിന്റെ നിറ സന്തോഷം പ്രകടിപ്പിക്കുന്ന ദിനം. നോമ്പിന്റെ മഞ്ഞുകട്ടകള്‍ കൊണ്ട് കഴുകിയെടുത്ത മനസ്സും തൗബയുടെ പാല്‍ക്കടലില്‍ മുങ്ങി വിശുദ്ധി നേടിയ ഹൃദയവും കോര്‍ത്തിണക്കി നാം പുതിയ മനുഷ്യനായിരിക്കുന്നു. ഇനി ഈദുല്‍ ഫിത്വ്ര്‍. നന്മയുടെ സമൃദ്ധിയും സമത്വ സാഹോദര്യത്തിന്റെ തെളിച്ചവും ആത്മ വിശുദ്ധിയുടെ കരുത്തും കൂടിച്ചേരുന്ന അനുഭൂതിയുടെ ദിനം.
ആഘോഷങ്ങള്‍ പരിധി വിടുന്ന സാമൂഹികഘടനയില്‍ ഇസ്‌ലാമിന്റെ ഈദുകള്‍ വേറിട്ട് നില്‍ക്കുന്നു. ആഘോഷങ്ങള്‍ ദൈവാരാധനയായി മാറുന്ന അത്ഭുതമാണ് ഇവിടെ സംഭവിക്കുന്നത്. വര്‍ത്തമാനകാലത്തെ ആഘോഷങ്ങള്‍ സദാചാര രാഹിത്യത്തിലധിഷ്ടിതമാണ്. എക്കാലത്തും ആഘോഷങ്ങള്‍ അങ്ങനെത്തന്നെയായിരുന്നു താനും. മതപരമായ ആഘോഷങ്ങള്‍ അന്ധവിശ്വാസ ജടിലവും അധാര്‍മികത അകമ്പടിയേകുന്നതുമാണെങ്കില്‍ മതേതര ആഘോഷങ്ങള്‍ സാംസ്‌കാരിക തനിമയുടെ കഴുത്തില്‍ കത്തിവെക്കുന്ന ആഭാസത്തരങ്ങളുടെയും അധാര്‍മികത കളുടെയും വിളനിലമായി മാറുന്നു. ഇതില്‍ നിന്നെല്ലാം ഇസ്‌ലാമിന്റെ ആഘോഷങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. ഏകദൈവവിശ്വാസത്തിന്റെ പ്രഘോഷണങ്ങള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളുന്ന, ജീവിത നന്മയുടെ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ആഘോഷങ്ങളാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. മദ്യവും മദനോത്സവങ്ങളുമില്ലാതെ ആഘോഷിക്കാനാകില്ലെന്ന മട്ടിലാണ് പുതിയ കാലത്തെ ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോടികളുടെ മദ്യ വില്‍പന നടക്കുന്ന ദിനങ്ങള്‍ മതപരമായ മാനങ്ങളുള്ള ആഘോഷ ദിനങ്ങളാണെന്ന വൈരുധ്യം വര്‍ഷങ്ങളായി കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. പുതിയ കാലത്തെ ആഘോഷങ്ങള്‍ ചെലവേറിയതാണ്. ഇസ്‌ലാമിന്റെ ആഘോഷങ്ങള്‍ ലാളിത്യത്തിന്റെയും സര്‍ഗാത്മകതയുടെയും അടയാളങ്ങള്‍ കൂടിയാണ്. എല്ലാവര്‍ക്കും ഒരേ പോലെ പങ്കെടുക്കാന്‍ കഴിയുന്ന ലളിതമായ ആഘോഷ ചടങ്ങുകളാണ് ഇസ്‌ലാമിലെ രണ്ട് പെരുന്നാളുകളും. നമസ്‌കാരവും തക്ബീറും കൊണ്ട് തുടങ്ങി ആര്‍ഭാടങ്ങളും ധൂര്‍ത്തുമില്ലാത്ത വിനോദ പരിപാടികള്‍ സംഘടിപ്പിച്ചും സദ്യകളൊരുക്കിയും ഇല്ലാത്തവര്‍ക്കും ആഹ്ലാദിക്കാനുള്ള സംവിധാനമൊരുക്കിയുമാണ് പെരുന്നാളുകള്‍ ഉണ്ടാകുന്നത്.
പുതിയ കാലത്തെ ആഘോഷങ്ങള്‍ ദേഹേഛകളെ ദൈവ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്റെ പേരായി മാറിയിരിക്കുന്നു. കള്ളും പെണ്ണും അഴിഞ്ഞാട്ടവും ആഘോഷത്തിന്റെ അനിവാര്യ ഘടകങ്ങളായി മാറുന്നത് അങ്ങനെയാണ്. എന്നാല്‍, ഇസ്‌ലാമിന്റെ ആഘോഷ വേള ദൈവ പ്രഘോഷണങ്ങളാല്‍ മുഖരിതമായിരിക്കണം എന്നാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പെരുന്നാള്‍ ആഘോഷിക്കുന്ന ദൈവദാസന്‍ അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനി അന്തരീക്ഷത്തില്‍ ഉയര്‍ത്തുമ്പോള്‍ തന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന അല്ലാഹുവിന്റെ മുമ്പില്‍ സര്‍വവും സമര്‍പ്പിക്കാനുള്ള ശക്തമായ പ്രഖ്യാപനം കൂടിയായി അത് മാറുകയാണ്.
തിരുനബി ഈദ് ദിനത്തെ വിശേഷിപ്പിച്ചത് പ്രതിഫലദിനം (യൗമുല്‍ ജാഇസ) എന്നാണ്. പെരുന്നാള്‍ദിനം മലക്കുകള്‍ വഴിയോരങ്ങളില്‍ നിന്ന് ഇങ്ങനെ വിളിച്ച് പറയുമെന്ന് തിരുനബി പറയുന്നു: ''മുസ്‌ലിംകളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പോവുക. അവന്‍ നിങ്ങള്‍ക്ക് നന്മ നേടാനുള്ള മാര്‍ഗം നിര്‍ദേശിച്ച് നല്‍കിയിരിക്കുന്നു. അതിന് ഉന്നതമായ പ്രതിഫലം നല്‍കുകയും ചെയ്തിരിക്കുന്നു. രാത്രി എഴുന്നേറ്റ് നമസ്‌കരിക്കാന്‍ നിങ്ങളോട് കല്‍പ്പിച്ചു. നിങ്ങള്‍ അപ്രകാരം ചെയ്തു. പകല്‍ നോമ്പനുഷ്ഠിച്ചു. നിങ്ങള്‍ നിങ്ങളുടെ നാഥന്റെ കല്‍പന അനുസരിച്ചു. അതിനാല്‍ നിങ്ങളുടെ സമ്മാനം സ്വീകരിച്ച് കൊള്ളുക.'' പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ മലക്കുകള്‍ ഇങ്ങനെ വിളിച്ച് പറയും: ''അറിയുക, നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരായി വീടുകളിലേക്ക് തിരിച്ചുപോവുക. ഇന്ന് പ്രതിഫലദിനമാണ്. ഈ ദിനത്തിന് ആകാശലോകത്തും സമ്മാന ദിനം എന്ന് തന്നെയാണ് പറയുക.'' ഒരു മാസക്കാലം എല്ലാം മറന്ന് ദൈവപ്രീതി മാത്രം കൊതിച്ച് ആത്മീയതയുടെ സ്വര്‍ഗീയ പാരമ്യത്തില്‍ എത്തിപ്പെടാന്‍ നടത്തിയ തീവ്ര പരിശ്രമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന നാള്‍. അന്നേ ദിവസം തുറന്ന മൈതാനിയില്‍ നമസ്‌കാരം നിര്‍വഹിച്ചും (നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ സാന്നിധ്യം അറിയിച്ചും) ഇമാമിന്റെ ഉപദേശങ്ങള്‍ ശ്രവിച്ചും റമദാനില്‍ നാം അനുഷ്ഠിച്ച കര്‍മങ്ങളുടെ പ്രതിഫലം സ്വീകരിച്ച് തിരിച്ചു പോകുമ്പോള്‍ ഇതേ സന്തോഷമായിരിക്കണം നാളെ പരലോകത്ത് മഹ്ശറയില്‍ വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂടി പ്രതിഫലം പ്രഖ്യാപിക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത് പ്രകടമാകേണ്ടതെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുകയാണ്.
ഈദുല്‍ ഫിത്വ്ര്‍ സമൃദ്ധിയുടെ ദിനമാണ്. കാരുണ്യവാനായ നാഥന്‍ ഈ ഭൂമിയില്‍ എന്നും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മാത്യകാദിനമാണ് ഈദ്. പെരുന്നാള്‍ ദിവസം പട്ടിണി കിടക്കുന്ന ഒരാള്‍ പോലും ഭൂമിയില്‍ ഉണ്ടാകരുതെന്നാണ് അല്ലാഹു പ്രതീക്ഷിക്കുന്നത്. ഇത് വെറുതെ പറഞ്ഞു പോകാതെ അത് സാക്ഷാല്‍ക്കരിക്കുംവിധം ആസൂത്രിതമായ പദ്ധതി കൂടി അന്നേ ദിവസം പ്രഖ്യാപിച്ചിരിക്കുന്നു. അതാണ് സകാത്തുല്‍ ഫിത്വ്ര്‍. ഒരുമാസക്കാലത്തെ വ്രതനാളുകളില്‍ വന്നു പോയേക്കാവുന്ന കുറവുകളും പോരായ്മകളും പരിഹരിച്ച് ആത്മ ശുദ്ധിയുടെ പൂര്‍ണത ഉറപ്പ് വരുത്താനും സമൂഹത്തില്‍ ഈദ് ആഘോഷിക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവരെ കൂടി ഈദ് ദിനത്തിന്റെ സന്തോഷത്തില്‍ പങ്കാളികളാക്കാനും ഉദ്ദേശിച്ച് കൊണ്ടാണ് സകാത്തുല്‍ ഫിത്വ്ര്‍ നിശ്ചയിച്ചിട്ടിട്ടുള്ളത്. അബ്ദുല്ലാഹിബ്‌നു അബ്ബാസ് ഇപ്രകാരം പറയുന്നു: 'നബി തിരുമേനി സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. അരുതായ്മകളില്‍ നിന്നും മ്ലേഛതകളില്‍ നിന്നും നോമ്പുകാരനെ ശുദ്ധീകരിക്കുന്ന പ്രക്രിയയും പാവങ്ങള്‍ക്ക് ഒരു നേരത്തെ ജീവിതവിഭവം നല്‍കലുമാണത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് അത് നിര്‍വഹിച്ചാല്‍ സകാത്തും ശേഷമാണെങ്കില്‍ സ്വദഖയുമായി പരിഗണിക്കും.'
നോമ്പിന്റെ നാളുകളില്‍ നാം പട്ടിണിയുടെ വേദന അറിയുക കൂടിയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണികിടക്കുന്ന മനുഷ്യരുടെ ജീവിത ദുരിതങ്ങള്‍ അറിയാന്‍ വ്രതാനുഷ്ഠാനത്തിലൂടെ നമുക്കായി. അതുകൊണ്ട് തന്നെ നോമ്പ് മാസത്തോട് വിട ചോദിക്കുന്നത് പട്ടിണി കിടക്കുന്നവന് ഒരു ദിവസത്തേക്കുള്ള അന്നം നല്‍കിക്കൊണ്ടാണ്. ഇത് ഒരു വിശ്വാസി വിശക്കുന്നവനോട് സ്വീകരിക്കേണ്ട നിലപാടിന്റെ പ്രഖ്യാപനം കൂടിയാണ്. അഥവാ, പട്ടിണി കിടക്കുന്ന ഒരാളും തന്റെ ചുറ്റുപാടില്‍ ഉണ്ടാകാന്‍ പാടില്ലെന്ന ധീരമായ നിലപാടാണിത്. ഈ പ്രഖ്യാപനം നമ്മുടെ സ്വര്‍ഗം ഉറപ്പ് വരുത്തുന്നതിന് അനിവാര്യമാണ്. നരകാവകാശികള്‍ സ്വര്‍ഗാവകാശികളുടെ ചോദ്യത്തിന് ഉത്തരമായി ഇപ്രകാരം ബോധിപ്പിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു: എന്തു സംഗതിയാണ് നിങ്ങളെ നരകത്തിലേക്ക് കൊണ്ടെത്തിച്ചത്? അവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കുന്നവരുമായിരുന്നില്ല (അല്‍ മുദ്ദസിര്‍: 42-44).
പരലോകത്തെ രക്ഷാശിക്ഷകളെ കുറിച്ച് മാത്രം പറഞ്ഞ്, സംഭവ ലോകത്തെ ജീവിതയാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാത്ത പരമ്പരാഗത മതസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായി സംഭവ ലോകത്തെ പ്രശ്‌നങ്ങളെ സത്യസന്ധമായി സമീപിക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ പ്രത്യേകത. പരലോകത്ത് സ്വര്‍ഗീയജീവിതം വാഗ്ദാനം ചെയ്യുന്ന അല്ലാഹു അതേ ഗൗരവത്തില്‍ ഇഹലോകത്ത് സമൃദ്ധമായ ജീവിതവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഈ മാതൃകാ ജീവിതം സംഭവ്യമാണെന്നതിന്റെ തെളിവാണ് ഈദ് സുദിനം. മനുഷ്യര്‍ക്കിടയില്‍ സന്തോഷവും ആമോദവും തിരതല്ലുന്ന, അല്ലലും അലട്ടലും ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന, മനുഷ്യന്റെ അഭിമാനവും സമ്പത്തും സംരക്ഷിക്കപ്പെടുന്ന, നീതിയും ധര്‍മവും നിലനില്‍ക്കുന്ന, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു ലോകം എല്ലാവരുടെയും സ്വപ്നമാണ്. ഈ സ്വപ്നം ഭൂമിയില്‍ പുലരേണ്ടതുണ്ട്. അതിന് വേണ്ടി പൊരുതാനും പടക്കിറങ്ങാനും കരുത്ത് സമ്പാദിച്ച് റമദാന്‍ അവസാനിപ്പിക്കുമ്പോള്‍ താന്‍ സ്വപ്നം കാണുന്ന പുതുലോകത്തിന്റെ നല്ല മാതൃക ഈദ് ദിനത്തില്‍ അല്ലാഹു നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ സുന്ദര ദിനത്തിന്റെ മാതൃകയില്‍ പുതിയ ലോകത്തെയും സമൂഹങ്ങളെയും കെട്ടിപ്പടുക്കുന്ന പ്രക്രിയയില്‍ കണ്ണിയായി മാറാനുള്ള പ്രതിജ്ഞ കൂടിയായിരിക്കണം ഈദ് ആഘോഷങ്ങള്‍. വിശപ്പില്ലാത്ത ലോകം, സമാധാനപൂര്‍ണമായ ജീവിത സാഹചര്യം എന്നതാണ് ഇസ്‌ലാമിന്റെ മുദ്രാവാക്യം. അതുണ്ടാകുന്നതും ഇല്ലാതാകുന്നതും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും. അല്ലാഹു പറയുന്നു; ''അല്ലാഹു ഒരു പട്ടണത്തെ ഉദാഹരിക്കുന്നു. അത് നിര്‍ഭയമായും സമാധാനത്തോടെയും ജീവിച്ച് വരികയായിരുന്നു. അതില്‍ നാനാ ദിക്കുകളില്‍ നിന്നും സമൃദ്ധമായി വിഭവങ്ങളെത്തിക്കൊണ്ടിരുന്നു. എന്നിട്ടും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ നേരെ ആ നാട്ടുകാര്‍ നന്ദികേട് കാണിച്ചു. അപ്പോള്‍ അല്ലാഹു അവരെ സ്വന്തം ചെയ്തികളുടെ രുചിയാസ്വദിപ്പിച്ചു. അതായത്, വിശപ്പും ഭീതിയുമാകുന്ന വിപത്തുകള്‍ അവരെ മൂടിക്കളഞ്ഞു'' (അന്നഹ്ല്‍ 112).
സമാധാനവും ശാന്തിയും നിറഞ്ഞ ജീവിത സാഹചര്യവും പ്രയാസങ്ങളില്ലാതെ ജീവിതം നയിക്കാന്‍ ആവശ്യമായ സുഭിക്ഷതയും ഒരു ജനതയുടെ അടിസ്ഥാന ആവശ്യമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ഇസ്‌ലാമിന്റെ കേന്ദ്രവും ആദ്യത്തെ ദൈവിക ഭവനവുമായ മക്കയിലെ കഅ്ബാലയം പണിതുയര്‍ത്തിയ ഉടനെ ഇബ്‌റാഹീമിന്റെ പ്രാര്‍ഥന ഇപ്രകാരമാണ്, 'ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: എന്റെ നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! അതിലെ നിവാസികളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ! മറുപടിയായി നാഥന്‍ അരുളി: അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്ത് ജീവിത വിഭവങ്ങള്‍ നല്‍കുന്നതാണ്' (അല്‍ബഖറ 126).
മനുഷ്യ സമൂഹത്തിന്റെ വര്‍ത്തമാന പരിസരം ആശങ്കകള്‍ നിറഞ്ഞതാണ്. സമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയുന്ന ജീവിത സാഹചര്യം തേടിയുള്ള അലച്ചിലിലാണ് മനുഷ്യര്‍. ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്നും അറുത്തുമാറ്റപ്പെട്ടവരുടെ രോദനങ്ങള്‍ അന്തരീക്ഷത്തെ ശോകമൂകമാക്കിയിരിക്കുന്നു. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകമുസ്‌ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന ഈ സന്തോഷ നാളിലും വാടിത്തളര്‍ന്ന കവിളുകളും കീറിപ്പിന്നിയ വസ്ര്തങ്ങളുമായി പെരുന്നാളിനെ വരവേല്‍ക്കുന്ന പിഞ്ചുപൈതങ്ങള്‍ ഉള്‍പ്പെടെ പച്ചമനുഷ്യര്‍ നമുക്ക് ചുറ്റും അധികം അകലങ്ങളിലല്ലാതെ ഉണ്ടെന്ന സത്യം ഒളിപ്പിക്കാനാകില്ല. ആസാമിലെ ബോഡോ കലാപകാരികള്‍ കശക്കിയെറിഞ്ഞ 4 ലക്ഷത്തിലധികം വരുന്ന സഹോദരന്മാര്‍ ഇന്നും തെരുവുകളിലും വെളിമ്പ്രദേശങ്ങളിലും പട്ടിണിയും അര്‍ധ പട്ടിണിയുമായി കഴിഞ്ഞു കൂടൂകയാണ്. വംശീയ ഉന്മൂലനത്തിന്റെ ഇരകളായിത്തീര്‍ന്ന മ്യാന്മറിലെ റോഹിങ്ക്യാ മുസ്‌ലികള്‍ അനുഭവിക്കുന്ന അതിഭീകരമായ ദുരിതങ്ങള്‍ സമാനതകളില്ലാത്തതാണ്. സോമാലിയയിലെ പട്ടിണിപ്പാവങ്ങള്‍ ഒരു നേരത്തെ അന്നത്തിനും ഒരിറക്ക് വെള്ളത്തിനുമായി ലോകത്തിന്റെ മുമ്പില്‍ ഇന്നും കെഞ്ചിക്കൊണ്ടിരിക്കുന്നു.
ഈജിപ്തിലും തുനീഷ്യയിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ ജ്വാലകള്‍ തീര്‍ക്കുമ്പോള്‍ സിറിയയിലെ ബശ്ശാറുല്‍ അസദ് ധിക്കാരത്തിന്റെ കൊടുമുടിയില്‍ കയറി ഒരു ജനതയെ ഒന്നടങ്കം കശാപ്പ് ചെയ്യേണ്ടി വന്നാലും അധികാരക്കസേര വിട്ടൊഴിയുന്ന പ്രശ്‌നമില്ലെന്ന് ശഠിച്ച് ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ഈജിപ്തില്‍ ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാന്‍ അരനൂറ്റാണ്ടിലധികമായി അനുഭവിച്ച ദുരിതപര്‍വങ്ങള്‍ക്ക് അറുതിവരുത്തി തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ അധികാരശക്തിയായി വളര്‍ന്നപ്പോള്‍ ബംഗ്ലാദേശില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ടാര്‍ഗറ്റ് ചെയ്ത് അതിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും ഇരുമ്പഴികള്‍ക്കകത്ത് നിറക്കുകയാണ് ശൈഖ് ഹസീന വാജിദ്. ഇന്ത്യയില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ക്രൂരമായ ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടുന്നു. മനുഷ്യ സമൂഹത്തിന്റെ സ്വാസ്ഥ്യവും സമാധാനവും തകരുന്ന ഇത്തരമൊരു സാഹചര്യത്തില്‍ പ്രതീക്ഷകളുടെയും ആശങ്കകളുടെയും നടുവില്‍ കടന്നു വന്ന ഈദ് നമ്മെ സംബന്ധിച്ചേടത്തോളം പുതിയ ലോകത്തെ കെട്ടിപ്പടുക്കാനുള്ള പ്രചോദനമാകണം.
ഇസ്‌ലാം സമര്‍പ്പിക്കുന്ന ആഘോഷനാളുകള്‍ പരസ്പര ബന്ധങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും സമാനതകളില്ലാത്ത ആകാശങ്ങള്‍ തീര്‍ക്കുന്നുണ്ട്. മുസ്‌ലിം സമൂഹം സംഘങ്ങളും ഉപസംഘങ്ങളുമായി വെള്ളം ചേരാത്ത അറകളില്‍ കൊച്ചുലോകങ്ങള്‍ പണിത് അതിലൊതുങ്ങുകയാണിന്നും. കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ട് അവര്‍ക്ക് മുകളില്‍. കേരളത്തില്‍ പോലും മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ വളര്‍ച്ച ആശങ്കയോടെയും പകയോടെയും നോക്കിക്കാണുന്ന സാഹചര്യമാണുള്ളത്. കാമ്പസുകളില്‍ തട്ടമിട്ട പെണ്‍കുട്ടികള്‍ മതേതരത്വത്തെ തകര്‍ത്തുകളയുമെന്ന് അവര്‍ ഗീര്‍വാണം മുഴക്കുന്നു. അവര്‍ക്ക് അനുവദിക്കുന്ന സ്‌കൂളുകള്‍ മുസ്‌ലിം പ്രീണനമാണെന്ന് ഒച്ച വെക്കുന്നു. തങ്ങള്‍ ഓട്‌പൊളിച്ച് കടന്ന് വന്നവരല്ലെന്ന് നിയമസഭക്കകത്ത് മുസ്‌ലിം നിയമസഭാ സാമാജികര്‍ക്ക് പരിതപിക്കേണ്ടി വരുന്നു. ചുരുക്കത്തില്‍, മുസ്‌ലിം സമൂഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യമാണെവിടെയും. മുസ്‌ലിം സമൂഹം എന്നെത്തേക്കാളും തോള്‍ ചേര്‍ന്ന് നില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ ഈദ് ദിനത്തിലെ ആലിംഗനങ്ങളും ആശീര്‍വാദങ്ങളും നിമിത്തമാകേണ്ടതുണ്ട്. റമദാനില്‍ ഇഫ്ത്വാര്‍ പാര്‍ട്ടികളിലും ഈദ് ദിനത്തിലും കാണുന്ന സ്‌നേഹപ്രകടനങ്ങളും സൗഹൃദ സംഭാഷണങ്ങളും എന്നും നില നില്‍ക്കുന്നതാണെന്ന് നമുക്ക് ഉറപ്പ് വരുത്താനാകണം. ഈദിന്റെ നാളുകളില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച് പരസ്പരം ആലിംഗനം ചെയ്യുമ്പോള്‍ ഉള്ളുതുറന്ന് ചിരിക്കാനും ആശീര്‍വദിക്കാനും സമുദായ ഐക്യം ഭദ്രമാക്കാനും നമുക്കായാല്‍ ഈദ് ദിനം അനുഗൃഹീതമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍