Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

ഓര്‍മയിലെ ഇഖ്വാന്‍ സുഹൃത്തുക്കള്‍

കലാം കൊച്ചി

ഒമാനില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് കുറെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രവര്‍ത്തകരെ സുഹൃത്തുക്കളായി ലഭിച്ചു. അന്ന് അവര്‍ പറയുമായിരുന്നു; ഞങ്ങളുടെ നാട്ടില്‍ സ്വാതന്ത്യ്രമില്ല, പ്രസ്ഥാനം നിരോധിച്ചു, പ്രവര്‍ത്തകരെ തുറുങ്കിലിട്ടു. നിരാശ കലര്‍ന്ന സംസാരം. ഞാന്‍ അവരോട് പറയുമായിരുന്നു വിഷമിക്കേണ്ട പ്രസ്ഥാനം അധികാരത്തില്‍ വരുന്ന കാലം ഉടന്‍ വരും, അത് കണ്ട ശേഷമേ നിങ്ങള്‍ മരിക്കുകയുള്ളൂ. മുഹമ്മദ് മുര്‍സി കൊട്ടാരത്തില്‍ വന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന രംഗം ടി.വിയില്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. എന്റെ സുഹൃത്തുക്കളായ സഹദ്, മോസം, അറഫാത്ത്, ത്വാഹ, അഹ്മദ്, സുലൈമാന്‍, മുഹമ്മദ്, മുസ്ത്വഫ എന്നിവരെ ഓര്‍ത്തു പോയി.
എന്റെ ഇഖ്വാന്‍ സുഹൃത്തുക്കളില്‍ അധ്യാപകര്‍. ഡോക്ടര്‍മാര്‍, ആര്‍ട്ടിസ്റുകള്‍, പിന്നെ ഒരു മൃഗ ഡോക്ടറുമുണ്ടായിരുന്നു. ഫഞ്ചബിട്ബിട് എന്ന ഗ്രാമത്തിലെ ഗവണ്‍മെന്റ് ക്ളിനിക്കിന് മുന്നിലെ അമ്മാവന്റെ കഫ്തീരിയ നടത്തിയിരുന്നത് ഞാനായിരുന്നു. ഫഞ്ച മിലിട്ടറി ക്യാമ്പില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ കയ്പ്പമംഗലത്തുകാരന്‍ അമീറലി സാഹിബ് എല്ലാ ആഴ്ചയും മുടങ്ങാതെ പ്രബോധനം വാരിക കടയില്‍ എത്തിച്ചു. കടയില്‍ വരുന്ന സഹോദര സമുദായ സുഹൃത്തുക്കള്‍ക്ക് അത് കൈമാറുകയായിരുന്നു പതിവ്. ഏറ്റവും പുതിയ ലക്കം എന്നും കടയില്‍ മേശപ്പുറത്ത് വെക്കും.
ക്ളിനിക്കിലെ ഡോക്ടര്‍മാരും, അധ്യാപകരും, തൊട്ടടുത്ത ഒമാനിയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ലഘുഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. പെരുന്നാള്‍ പ്രമാണിച്ച് ഒമാനി പത്ത് ദിവസം കട അടച്ചിട്ടു. ആ ദിവസം എന്റെ കടയില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ഡോക്ടര്‍ അഹ്മദിന്റെ ശ്രദ്ധ യാദൃഛികമായി മേശപ്പുറത്തിരുന്ന പ്രബോധനത്തില്‍ പതിഞ്ഞു. അതെടുത്ത് തിരിച്ചും മറിച്ചും നോക്കിയ ശേഷം ചുരുട്ടി കയ്യില്‍ പിടിച്ചു. കടയില്‍ നല്ല തിരക്കായിരുന്നു. എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു.
പ്രബോധനത്തിന്റെ കവര്‍ ചിത്രത്തില്‍ കാണുന്നയാള്‍ ആരാണെന്ന് ചോദിച്ചു. ഇഖ്വാനുല്‍ മുസ്ലിമൂന്റെ ഇപ്പോഴത്തെ അമീര്‍ മുഹമ്മദ് ആക്വിഫ് എന്നു ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകള്‍ വികസിച്ചു. പേജുകള്‍ മറിച്ച് മറ്റൊരു ചിത്രം ചൂണ്ടി ഇതാരാണെന്ന് ചോദിച്ചു. പണ്ഡിതരില്‍ ശ്രേഷ്ഠനായ യൂസുഫുല്‍ ഖറദാവി എന്റെ നാട്ടിലെ ഇസ്ലാമിക കലാലയത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടാണെന്ന് പറഞ്ഞു. എന്റെ അറിവ് അന്വേഷിക്കാനായിരിക്കാം അദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് ചോദിച്ചു. മിസ്വിറിയാണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ചോദ്യം. നീയാരാണ്?
ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ താഴെതട്ടിലുള്ള ഒരു അനുഭാവിയാണെന്ന് പറഞ്ഞപ്പോള്‍ പൊടുന്നനെ, എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിലും കണ്ണിലുമൊക്കെ തുരുതുരെ ചുംബിച്ചു. നീയെന്റെ സഹോദരനാണ് എന്നൊക്കെ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു. ശേഷം പ്രസ്ഥാനത്തെയും മൌദൂദിയെയും കുറിച്ച് ചോദിച്ചു. പിന്നീട് ഒമാനിലെ കടയിലെ സ്ഥിരം കസ്റമറായ ഇഖ്വാനികള്‍ ലഘുഭക്ഷണം എന്റെ കടയിലേക്ക് മാറ്റി. തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ സപ്ളൈ ചെയ്യാന്‍ വരെ അവരെന്നെ സഹായിച്ചു. ഒരു ഡോക്ടര്‍ ഫാസ്റ് ഫുഡ് കടയില്‍ സപ്ളൈ ചെയ്ത് സഹായിക്കുമ്പോള്‍ നാട്ടിലെ ഡോക്ടര്‍മാരുടെ പദവി ഞാനോര്‍ത്തുപോയി. ഇഖ്വാന്‍ അവരില്‍ വളര്‍ത്തിയ മാനുഷിക മൂല്യങ്ങളും തര്‍ബിയത്തിന്റെ മാതൃകയുമായിരുന്നു അത്.
ഹസനുല്‍ ബന്ന കുഞ്ഞിമംഗലം
'റമദാന്‍ പ്രത്യാശയുടെ പൌര്‍ണമി' എന്ന പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ലേഖനത്തില്‍ 'അലഖ്' എന്ന ഖുര്‍ആനിക പദത്തിന് രക്തപിണ്ഡം എന്ന് അര്‍ഥം നല്‍കിയത് ശരിയല്ല. 'അലഖി'ന്റെ അര്‍ഥം ഭ്രൂണം എന്നാണ്. അതായത് അലഖ് എന്ന പദത്തിന്റെ സാക്ഷാല്‍ ആശയം 'ഒട്ടിപ്പിടിക്കുന്നത്' എന്നത്രെ. മാതാവിന്റെ ഗര്‍ഭാശയത്തിലുള്ള ഭ്രൂണത്തിന്റെ വളര്‍ച്ച പരിശോധിച്ചാല്‍ വിശുദ്ധ ഖുര്‍ആന്‍ ഭ്രൂണാവസ്ഥക്കാണ് ഈ പേര് ഉപയോഗിച്ചതെന്നു കാണാം (ഡോ. മോറിസ് ബുക്കായ് തന്റെ 'ഖുര്‍ആനും ആധുനിക ശാസ്ത്രവും' എന്ന കൃതിയില്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്).
ഡോ. കെ. അഹമദ് അന്‍വര്‍

വിവര്‍ത്തന സ്വാതന്ത്യ്രം എത്രയാവാം?
ഏതു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് ഒരു മൂലകൃതി വിവര്‍ത്തനം ചെയ്യുന്ന ആള്‍ക്ക് നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് പ്രമേയം: തനിക്കു എത്രമാത്രം സ്വാതന്ത്യ്രമാകാം വിവര്‍ത്തനത്തില്‍? എത്ര കുറച്ചോ, അത്രയും നല്ലത്. പക്ഷേ ആശയം സ്പഷ്ടമായി പ്രകടിപ്പിക്കാനാകാതെ വരുന്ന അവസരങ്ങളില്‍ അത്യാവശ്യം തന്റെ സ്വന്തമായ പദങ്ങള്‍ ചേര്‍ക്കാം.
വിവര്‍ത്തകന്റെ ന്യായം എന്തുമാകട്ടെ, ഖുര്‍ആന് മൂലത്തിലില്ലാത്ത ഒരു വാക്ക് നേര്‍ക്കുനേരെയുള്ള തര്‍ജമയില്‍ കടന്നു കൂടുന്ന അരോചകത അനേകം വിവര്‍ത്തനങ്ങളില്‍ കാണാറുണ്ട്. 'ഖുര്‍ആന്‍ ബോധനം' ഏറെക്കുറെ ഇതിനു ആഹ്ളാദകരമായ ഒരപവാദമാണ്. ചില വിവര്‍ത്തകര്‍, മൂലത്തിലില്ലാത്ത, പക്ഷേ അര്‍ഥ വ്യക്തതക്ക് അനിവാര്യമെന്ന് അവര്‍ക്ക് തോന്നിയ വാക്കുകള്‍ ബ്രാക്കറ്റുകളില്‍ കൊടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അവ പോലും ഒഴിവാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചു പോകും. ഇതിലും 'ഖുര്‍ആന്‍ ബോധനം' മികവു പുലര്‍ത്തുന്നു; വിവര്‍ത്തന ഭാഷയില്‍ തെളിഞ്ഞ വ്യക്തത പുലര്‍ത്തിക്കൊണ്ടുതന്നെ.
എന്നാല്‍ സൂറഃ അല്‍-ഇസ്റാഅ് 7-ാം സൂക്തത്തിലെ കമാ ദഖലൂഹു അവ്വലമര്‍റ എന്ന പദങ്ങള്‍ക്ക് (ലക്കം 10) "ആദ്യവട്ടം ബാബിലോണിയക്കാര്‍ ബൈതുല്‍ മഖ്ദിസിലേക്ക് തള്ളിക്കയറിയപോലെ'' എന്ന വിവര്‍ത്തനം കണ്ടപ്പോഴാണ് ഇങ്ങനെ തോന്നിയത്. "ആദ്യവട്ടക്കാര്‍ അങ്ങോട്ട് ഇരച്ചു കയറിയപോലെ'' എന്നോ മറ്റോ പോരായിരുന്നോ എന്ന ഒരു തോന്നല്‍. ന്യായീകരണങ്ങള്‍ തികച്ചും മനസ്സിലാക്കാവുന്നതാണെങ്കിലും മൂലത്തിലില്ലാത്ത വാക്കുകള്‍ തര്‍ജമയില്‍ (വ്യാഖ്യാനത്തിലല്ല) കടന്നു കൂടുന്നത് ഒഴിവാക്കാന്‍ കാണിക്കുന്ന ശുഷ്ക്കാന്തി നന്നാവില്ലേ എന്ന ഒരഭിപ്രായം രേഖപ്പെടുത്തുന്നു.
സി.ടി ജഅ്ഫര്‍ എടയൂര്‍

ജനങ്ങളിലേക്കിറങ്ങേണ്ട മഹല്ല് നേതൃത്വം
എന്റെ ചില സുഹൃത്തുക്കളോടൊത്ത് ഒരു ക്രിസ്ത്യന്‍ ചര്‍ച്ച് സന്ദര്‍ശിക്കുകയുണ്ടായി. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷങ്ങളുടെ തയാറെടുപ്പിനോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. ഞങ്ങള്‍ക്ക് അവരുടെ പള്ളിയില്‍ പ്രവേശിക്കാനും കുര്‍ബാന കാണാനും അവസരം ലഭിക്കുകയുണ്ടായി. വളരെ സന്തോഷത്തോടും ആദരവോടും കൂടിയായിരുന്നു പള്ളിയിലച്ഛനും കന്യാസ്ത്രീകളും ഞങ്ങളെ സ്വീകരിച്ചത്.
കുര്‍ബാനക്കും പ്രാര്‍ഥനക്കും ശേഷം അച്ഛന്റെ പ്രഭാഷണമുണ്ടായിരുന്നു. പ്രഭാഷണത്തിന്റെ അവസാനം അദ്ദേഹം അവിടെ സന്നിഹിതരായ വിശ്വാസികളോടു പറഞ്ഞു: "സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും വര്‍ണ്ണഭേരി മുഴക്കിക്കൊണ്ട് ഒരു ക്രിസ്തുമസിനുകൂടി നാം സാക്ഷികളാവുകയാണ്. ഇതിന്റെ ഭാഗമെന്നോണം ഞാനും പള്ളി ഭാരവാഹികളും നിങ്ങളെല്ലാവരുടെയും വീടുകള്‍ നാളെ മുതല്‍ സന്ദര്‍ശിക്കാന്‍ വരുന്നതാണ്''.
ഇതുകേട്ടപ്പോള്‍ മഹല്ല് ഭാരവാഹികളെയും ഖാദിമാരെയും ഓര്‍ത്തുപോയി. പണ്ടുകാലങ്ങളില്‍ മഹല്ലു ഖാദിമാര്‍ മഹല്ലുകളിലെ ഓരോ വീട്ടുകാരുമായും സുദൃഢബന്ധം സ്ഥാപിക്കുകയും നിലനിര്‍ത്തിപ്പോരുകയും ഓരോ കുടുംബത്തിലെയും പ്രശ്നങ്ങള്‍ പഠിച്ച് മനസ്സിലാക്കി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുമായിരുന്നു. അതെല്ലാം ഇന്ന് ഓര്‍മകള്‍ മാത്രമായിരിക്കുന്നു.
ജുമുഅ-ഖുത്വ്ബകള്‍ക്ക് നേതൃത്വം നല്‍കുന്നതിലും വിവാഹ കര്‍മങ്ങളിലും സ്വലാത്ത് വാര്‍ഷികങ്ങളില്‍ സാന്നിധ്യം ഉറപ്പുവരുത്തുന്നതിലും മാത്രമായി ചുരുങ്ങിയിരിക്കുന്നു അവരുടെ ഇടപെടലുകള്‍. ഉറക്കമൊഴിച്ചും പാതിരാവുകളില്‍ ജനക്ഷേമം അന്വേഷിച്ചിറങ്ങുകയും രഹസ്യമായും പരസ്യമായും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്തിരുന്ന മുഹമ്മദ് നബി(സ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാതൃക അവരുടെ പിന്‍ഗാമികള്‍ വിസ്മരിച്ചിരിക്കുന്നു.
മാസത്തിലൊരിക്കലോ ഇസ്ലാമികാഘോഷങ്ങളായ പെരുന്നാളുകളോടനുബന്ധിച്ചോ ഖാദിമാരും കമ്മിറ്റി അംഗങ്ങളും മഹല്ലിലെ ജാതി-മത-ഭേദമന്യേ മുഴുവന്‍ നിവാസികളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങളന്വേഷിക്കുകയും കഷ്ടതകളും വേദനകളും പേറി ജീവിക്കുന്നവരെ കണ്ടെത്തി അവര്‍ക്കവകാശപ്പെട്ട സഹായസഹകരണങ്ങള്‍ ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇസ്ലാമികാശയങ്ങള്‍ കൈമാറാന്‍ പ്രഭാഷണങ്ങളെക്കാളും എഴുത്തുകളേക്കാളും ഏറ്റവും ഉചിതമായത് ക്രിയാത്മകമായ ഇത്തരം ഇടപെടലുകളാണ്.
യൂനുസ് ഏലംകുളം

അഭിമാനത്തിന്റെ സകാത്ത്
സകാത്തിന്റെ
നേരവകാശികളാല്‍
സമ്പന്നമായിരുന്നു
ചുറ്റുവട്ടം.
കെട്ടു പൊട്ടിച്ച
ചില്ലറ നോട്ടുമായി
പ്രമാണിയാവാനിരുന്നു
മുതലാളി.
പകലറുതിയില്‍
ഒരവകാശി പോലും
സകാത്തിനായി
തല താഴ്ത്തി വന്നില്ല.
അഭിമാന ബോധത്തിന്
സകാത്ത് ഫര്‍ളെങ്കില്‍
അവരത് മുതലാളിയുടെ
വീട്ടിലെത്തിക്കുമായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍