Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

അസൂയ അപകടകരമായ മാനസികാവസ്ഥ

ശൈഖ് മുഹമ്മദ് കാരകുന്ന്‌

മനസ്സിനെ ബാധിക്കുന്ന അതി ഗുരുതരവും അപകടകരവുമായ രോഗമാണ് അസൂയ. അസൂയാലുവിന്റെ അകം കലുഷ വികാരങ്ങളാല്‍ അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടിരിക്കും. അവിടെ ശാന്തി നിലനില്‍ക്കുന്ന ഒരു നിമിഷം പോലുമുണ്ടാവില്ല.
അന്യരുടെ സുഖജീവിത സൗകര്യങ്ങള്‍ കാണുമ്പോള്‍ അനുഭവപ്പെടുന്ന അസന്തുഷ്ടിയും അസഹ്യതയുമാണല്ലോ അസൂയ. മറ്റുള്ളവരുടെ പദവിയും പ്രശസ്തിയും സാമ്പത്തിക ശേഷിയും വിദ്യാഭ്യാസ യോഗ്യതയും അറിയുമ്പോള്‍ അസൂയാലുവിന്റെ മനസ്സ് അശുഭ ചിന്തകളാലും അസുഖ വികാരങ്ങളാലും അസ്വസ്ഥമാകും. തന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള അഭിലാഷമല്ല; അന്യരുടെ അധഃപതനത്തിനുള്ള ആഗ്രഹമായിരിക്കും അവന്റെ മനസ്സിനെ മഥിക്കുക. ജീവിതത്തില്‍ വിജയം വരിച്ചവരുടെ വഴി പഠിച്ചറിഞ്ഞ് പിന്തുടരുന്നതിനുപകരം അവരുടെ പതനം സ്വപ്നം കണ്ട് അസൂയാലുവിന്റെ മനം ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കും.
അസൂയാലു അര്‍ബുദ ബാധിതനെപ്പോലെയാണ്. അതിന്റെ തുടക്കം എത്ര നേരിയ തോതിലാണെങ്കിലും വളരെ വേഗം വളര്‍ന്ന് വലുതാവുന്നു. അസൂയക്ക് അടിപ്പെട്ട മനസ്സില്‍ സദ്‌വികാരങ്ങള്‍ സ്ഥലം പിടിക്കുകയില്ല. അതിനാലാണ് പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത്: ''നിങ്ങള്‍ അസൂയയെ സൂക്ഷിക്കുക; കാരണം തീ വിറകിനെയെന്നപോലെ അസൂയ നന്മകളെ തിന്നു തീര്‍ക്കും.''
സഅദ്ബ്‌നു അബീ വഖ്വാസ് സ്വര്‍ഗാവകാശിയാണെന്ന് പ്രവാചകന്‍ (സ) അവിടുത്തെ അനുയായികളെ അറിയിച്ചു. അതിനു കാരണം അന്വേഷിച്ച് മൂന്നു ദിവസം കൂടെ കഴിഞ്ഞ അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വിന് അസാധാരണമായ ആരാധനാനുഷ്ഠാനങ്ങളൊന്നും അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അദ്ദേഹത്തെ സ്വര്‍ഗാവകാശിയാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ പേരില്‍ ആരോടും അസൂയ കാണിക്കാതിരുന്നതാണെന്ന് അബ്ദുല്ലാഹിബ്‌നു അംറിന് ബോധ്യമായി.
അന്യരുടെ നാശം ആശിക്കുന്നവര്‍ ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നില്ല. സ്വന്തം വയറു നിറഞ്ഞതിലെ സംതൃപ്തി അനുഭവിക്കാനാവാതെ അന്യരുടെ വയറു നിറഞ്ഞതിലെ അതൃപ്തിയില്‍ അവര്‍ അലോസരപ്പെടുന്നു. അത്തരക്കാര്‍ക്ക് സ്വന്തം വിജയത്തിന്റെ വഴി തേടാന്‍ അവസരം ലഭിക്കുകയില്ല. നെരിപ്പോടായി മാറുന്ന അവരുടെ മനസ്സുകള്‍ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയില്ല. ചിലപ്പോഴെങ്കിലും യൂസുഫ് നബിയുടെ സഹോദരന്മാര്‍ക്ക് സംഭവിച്ചതുപോലെ വിധി അവരെ കശക്കി എറിയുകയും അപമാനിതരാക്കുകയും ചെയ്‌തേക്കാം. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാം അസൂയയെ കണിശമായി വിലക്കുന്നത്. നബി തിരുമേനി അരുള്‍ ചെയ്യുന്നു: ''നിങ്ങള്‍ പരസ്പരം പകവെച്ചു പുലര്‍ത്തുകയും അസൂയ കാണിക്കുകയും അസാന്നിധ്യത്തില്‍ ആക്ഷേപിക്കുകയും ബന്ധം വിഛേദിക്കുകയും ചെയ്യരുത്.''
മനുഷ്യന്റെ വശമുള്ളതെല്ലാം ദൈവദത്തമാണ്. അതില്‍ അസൂയപ്പെടുകയെന്നത് കടുത്ത ദൈവധിക്കാരമാണ്. ദൈവവിധിയോടുള്ള കഠിനമായ വെറുപ്പും. അല്ലാഹു ചോദിക്കുന്നു: ''അല്ലാഹു തന്റെ ഔദാര്യത്തില്‍ നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ?'' (അന്നിസാഅ് 54).
അസൂയാലു ഇടുങ്ങിയ മനസ്സിന്റെ ഉടമയാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ ദ്രോഹിയും. അവന്റെ തിന്മയില്‍നിന്ന് രക്ഷതേടാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.
''അസൂയാലുവിന്റെ അസൂയയിലൂടെ ഉണ്ടാവുന്ന വിപത്തുക്കളില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു'' (അല്‍ഫലഖ് 5).
അസൂയ മനസ്സിന്റെ കുടുസ്സിനെ പ്രതിനിധീകരിക്കുമ്പോള്‍ ഗുണകാംക്ഷ അതിന്റെ വിശാലത വിളംബരം ചെയ്യുന്നു. അതിരുകളില്ലാത്ത ഹൃദയ വിശാലത ഉള്ളവര്‍ക്കേ മുഴുവന്‍ മനുഷ്യരോടും ഗുണകാംക്ഷ പുലര്‍ത്താന്‍ സാധിക്കുകയുള്ളൂ. അസൂയാലു മറ്റുള്ളവരുടെ നാശം കൊതിക്കുമ്പോള്‍ ഗുണകാംക്ഷി എല്ലാവരുടെയും നന്മയും ക്ഷേമവും വിജയവും ആഗ്രഹിക്കുന്നു. ഇസ്‌ലാം ആവശ്യപ്പെടുന്നതും അതുതന്നെ. തമീമുബ്‌നു ഔസില്‍നിന്ന് നിവേദനം: പ്രവാചകന്‍ പ്രഖ്യാപിച്ചു: ''തീര്‍ച്ചയായും ദീന്‍ ഗുണകാംക്ഷയാണ്.''
''ആരോട്''- ഞങ്ങള്‍ ചോദിച്ചു.
''അല്ലാഹുവോട്, അവന്റെ ഗ്രന്ഥത്തോട്, പ്രവാചകനോട്, മുസ്‌ലിംകളുടെ നായകനോട്, അവരിലെ സാധാരണക്കാരോട്''- അവിടുന്ന് അരുള്‍ ചെയ്തു.
മുഴുലോകത്തെയും ലോകരെയും സ്‌നേഹിക്കുകയും എല്ലാവരോടും കാരുണ്യം കാണിക്കുകയും അവരുടെയൊക്കെയും നന്മ കാംക്ഷിക്കുകയും ചെയ്യുന്ന വിശ്വാസി ദിനേന നന്നെ ചുരുങ്ങിയത് പതിനേഴ് തവണയെങ്കിലും നമസ്‌കാരത്തില്‍ ലോകമെങ്ങുമുള്ള മനുഷ്യരുടെ നേര്‍മാര്‍ഗ ലബ്ധിക്കായി പ്രാര്‍ഥിക്കുന്നു. ഒരാള്‍ തനിച്ചാണ് നമസ്‌കരിക്കുന്നതെങ്കിലും പ്രാര്‍ഥന സമൂഹത്തിനൊന്നാകെ വേണ്ടിയാണ്. അവര്‍ അര്‍ത്ഥിക്കുന്നു:
''ഞങ്ങളെ നീ നേര്‍വഴിയില്‍ നയിക്കേണമേ. നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല'' (ഫാത്തിഹ 6,7).
ഇപ്രകാരം തന്നെ വിശ്വാസി നമസ്‌കാരത്തില്‍ അഞ്ചുനേരവും ആദിമ മനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യന്‍ വരെയുള്ള എല്ലാ കാലത്തെയും ദേശത്തെയും മുഴുവന്‍ സച്ചരിതര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.
''ഞങ്ങള്‍ക്കും മുഴുവന്‍ സച്ചരിതരായ ദൈവദാസന്മാര്‍ക്കും നീ സമാധാനവും രക്ഷയും നല്‍കേണമേ.'''
വിശ്വാസികളുടെ സവിശേഷതയായി ഖുര്‍ആന്‍ എടുത്തു പറയുന്നത്, അവര്‍ മറ്റു വിശ്വാസികളുടെ പാപമോചനത്തിനുവേണ്ടിയും അവരോട് തങ്ങളുടെ മനസ്സുകളില്‍ വെറുപ്പില്ലാതിരിക്കാനുമായി പ്രാര്‍ത്ഥിക്കുമെന്നാണ്.
''അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ''ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ! ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ'' (ഹശ്ര്‍ 10).
മറ്റുള്ളവര്‍ക്ക് നന്മയും നേട്ടവും വിജയവും ഭാഗ്യവുമൊക്കെ ലഭിക്കുമ്പോള്‍ ഹൃദയപൂര്‍വം സന്തോഷിക്കാനും സംതൃപ്തരാവാനും സാധിക്കുന്നവരാണ് ഗുണകാംക്ഷികള്‍. അവര്‍ തന്നെയാണ് ഭാഗ്യവാന്മാരും. മറിച്ച് മനഃപ്രയാസവും ദുഃഖവും അനുഭവിക്കുന്നരാണ് അസൂയാലുക്കള്‍. അപ്രകാരം തന്നെ മറ്റുള്ളവര്‍ക്ക് പ്രയാസവും പരാജയവും നാശനഷ്ടങ്ങളുമുണ്ടാകുമ്പോള്‍ ആത്മാര്‍ഥമായ ദുഃഖവും വിഷമവും അനുഭവപ്പെടുന്നവരാണ് യഥാര്‍ഥ ഗുണകാംക്ഷികള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ സന്തോഷവും ആഹ്ലാദവും അനുഭവിക്കുന്നവര്‍ അസൂയാലുക്കളും.
ഇസ്‌ലാം അസൂയയില്‍നിന്ന് പൂര്‍ണമായും മോചനം നേടാനും തികഞ്ഞ ഗുണകാംക്ഷ പുലര്‍ത്താനും ശക്തമായി ആവശ്യപ്പെടുന്നു. എന്നാല്‍ ഇതു സാധ്യമാവണമെങ്കില്‍ ദൃഢമായ വിശ്വാസവും കഠിനമായ പരിശീലനവും അനിവാര്യമാണ്. മനസ്സിനെ ബോധപൂര്‍വം നിരന്തരം പാകപ്പെടുത്തിയെടുത്താലേ അസൂയക്ക് അറുതി വരുത്താന്‍ സാധ്യമാവുകയുള്ളൂ. അതിരുകളില്ലാത്ത ഗുണകാംക്ഷ ആര്‍ജിക്കാനും അത്തരം ശ്രമങ്ങള്‍ കൂടിയേ തീരൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍