റമദാന്‍ വിടവാങ്ങുമ്പോള്‍
ഒരു മാസക്കാലം വിശ്വാസികളുടെ ആത്മാവ് ആദരപൂര്‍വം ആതിഥ്യമരുളിയ വിശുദ്ധിയുടെ രാപ്പകലുകളിതാ പടിയിറങ്ങുകയായി. പകല്‍വേളയിലെ ഉപവാസവും നിശയിലെ നീണ്ട നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ഉദാരമായ ദാനധര്‍മങ്ങളും മറ്റു പുണ്യകര്‍മങ്ങളുമായിരുന്നു ഈ വിശിഷ്ടാതിഥിക്ക് നാം വിളമ്പേണ്ട വിശിഷ്ട വിഭവങ്ങള്‍. മനസ്സംസ്‌കരണവും ഈമാനിക ചൈതന്യവും ജീവിത വിശുദ്ധിയും സമസൃഷ്ടി സ്‌നേഹവും പാപമുക്തിയും സ്വര്‍ഗപ്രതീക്ഷയും നാം അതിഥിയില്‍ നിന്നാശിച്ച സമ്മാനങ്ങളാണ്. ഈ വിശിഷ്ടാതിഥിയെ സാദരം സമുചിതമായി സല്‍ക്കരിച്ചുവോ? സല്‍ക്കാരത്തില്‍ സംപ്രീതമായി, നാം പ്രതീക്ഷിച്ച സമ്മാനങ്ങള്‍ തന്നിട്ടാണോ അതു വിടപറഞ്ഞത്? ഓരോ വിശ്വാസിയുടെയും മനഃസാക്ഷിയാണ് കൃത്യമായ ഉത്തരമോതേണ്ടത്.
പോരായ്മകളും പരിമിതികളും പലതുണ്ടായെങ്കിലും മൊത്തത്തില്‍ ഇത്തവണത്തെ റമദാന്‍ ഏറെ സജീവമായിരുന്നു. കേരളീയരെല്ലാം ഒരേ ദിവസം നോമ്പാരംഭിച്ചതുതന്നെ എടുത്തോതേണ്ട വിശേഷമാണ്. ഈ ഐകമത്യം ഈദുല്‍ ഫിത്വ്‌റിലും പ്രതീക്ഷിക്കുന്നു. ഭക്തജന നിബിഡമായ പള്ളികള്‍. വിശ്വാസികള്‍ താല്‍പര്യപൂര്‍വം പങ്കെടുക്കുന്ന ദീനീ പ്രഭാഷണങ്ങളും ക്ലാസ്സുകളും നാടെങ്ങും അരങ്ങേറി. ഉള്ളവന്‍ ഉപവാസത്തിലൂടെ ഇല്ലാത്തവന്റെ പട്ടിണി പങ്കിട്ടപ്പോള്‍ ദാനധര്‍മങ്ങളുടെയും സേവന പ്രവര്‍ത്തനങ്ങളുടെയും പെരുമഴ ഇല്ലാത്തവനെ ഈയൊരു മാസക്കാലം ഉള്ളവന്റെ സമൃദ്ധിയുടെയും പങ്കാളിയാക്കി. ധര്‍മസ്ഥാപനങ്ങളും സംഘങ്ങളും അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ഫണ്ട് സമാഹരിച്ചു. പത്രങ്ങളും ചാനലുകളും അവയുടേതായ രീതികളില്‍ റമദാനെ പൊലിപ്പിച്ചു. നേതാക്കന്മാരുടെയും സാധാരണക്കാരുടെയും ഇഫ്ത്വാര്‍ സംഗമങ്ങള്‍ അനവധി സംഘടിപ്പിക്കപ്പെട്ടു. പല സംഗമങ്ങളിലും വിവിധ വിഭാഗങ്ങളുടെ നേതാക്കള്‍ ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിടുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്തു. വിശുദ്ധ റമദാനില്‍ ദൃശ്യമായ ഈ സൗഹൃദാന്തരീക്ഷം തുടര്‍ന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.
പരിശുദ്ധ റമദാനെ സസന്തോഷം സ്വാഗതം ചെയ്ത് സമുചിതമായി സല്‍ക്കരിച്ച് സാദരം യാത്രയാക്കിയതിന്റെ ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍. വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി നേടിയെടുക്കുന്ന ഭക്തിചൈതന്യത്തിന്റെയും വിമലഭാവങ്ങളുടെയും മൂര്‍ത്ത മാതൃകയായിട്ടാണത് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഓണവും ക്രിസ്തുമസ്സും പോലെ, സാങ്കല്‍പികമോ യാഥാര്‍ഥ്യമോ ആയ വ്യക്തികളുമായി ബന്ധപ്പെട്ടതാണ് മതാഘോഷങ്ങളും. ഇസ്‌ലാം വ്യക്തി കേന്ദ്രീകൃതമല്ല. വ്യക്തിപൂജ ഇസ്‌ലാമിനന്യമാണ്. ആദര്‍ശവും സ്വഭാവചര്യകളുമാണ് ഇസ്‌ലാമിന്റെ മുഖ്യ പരിഗണനാ വിഷയങ്ങള്‍. ഇസ്‌ലാം നിര്‍ദേശിക്കുന്ന രണ്ട് ഈദുകളും അവയുമായി ബന്ധപ്പെട്ടതാണ്. സ്രഷ്ടാവിനോടുള്ള സൃഷ്ടിയുടെ അടിമത്തം, സമര്‍പ്പണം, സമസൃഷ്ടി സ്‌നേഹം, പരാര്‍ഥത്തിനു വേണ്ടി സ്വാര്‍ഥം ത്യജിക്കാനുള്ള സന്നദ്ധത തുടങ്ങിയ മൂല്യങ്ങള്‍ വിശ്വാസിയില്‍ ഉന്‍മിഷത്താക്കുകയാണ് വ്രതത്തിന്റെയും ഹജ്ജിന്റെയും ലക്ഷ്യം. അവയുമായി ബന്ധപ്പെട്ട ഉത്സവങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല. ഈദാഘോഷത്തിന്റെ ഓരോ ഘടകത്തിലും നൈതിക-ധാര്‍മിക മൂല്യങ്ങള്‍ മുഴച്ചുനില്‍ക്കുന്നതായി കാണാം. പശ്ചിമ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന പെരുന്നാള്‍ പിറയെ വിശ്വാസികള്‍ വരവേല്‍ക്കുന്നത് ആഭാസകരമായ കൂത്താട്ടം കൊണ്ടല്ല; അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് (അല്ലാഹുവാണ് അത്യുന്നതന്‍, സര്‍വസ്തുതിയും അല്ലാഹുവിനുള്ളതാകുന്നു) എന്ന സ്തുതികീര്‍ത്തനത്തോടെയാണ്. പാവങ്ങളുടെയും പട്ടിണിക്കാരുടെയും അവകാശമായ ഫിത്വ്ര്‍ സകാത്തിന്റെ വിതരണമാണ് ഈദുല്‍ ഫിത്വ്‌റില്‍ ആദ്യം ചെയ്യേണ്ട കര്‍മം. പ്രഭാതത്തില്‍ സ്ത്രീ പുരുഷ ഭേദമന്യെ ആബാല വൃദ്ധം വിശ്വാസികള്‍ കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധ ലേപനം ചെയ്ത് ഈദുഗാഹുകളിലെത്തുന്നു. അവിടെ കൂട്ടായി പ്രാര്‍ഥിക്കുകയും ധര്‍മോപദേശം കേള്‍ക്കുകയും പിന്നെ പരസ്പരം ആശ്ലേഷിച്ച് മൈത്രീ ബന്ധം പുതുക്കുകയും ചെയ്യുന്നു. ഇസ്‌ലാം നിശ്ചയിച്ച ഈദുകള്‍ പോലെ, അത്രയേറെ ആഴത്തില്‍ ഭക്തിയുടെയും ക്ഷേമത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മുദ്രകള്‍ പതിഞ്ഞുകിടക്കുന്ന മറ്റൊരുത്സവം ലോകത്തെങ്ങുമില്ല.
മൃഷ്ടാന്ന ഭോജനവും കലാകായിക വിനോദങ്ങളുമൊക്കെ തീര്‍ച്ചയായും പെരുന്നാളാഘോഷത്തിന്റെ ഭാഗമാണ്. അവനവന്റെ സൗകര്യവും സാഹചര്യവും അനുവദിക്കുന്നേടത്തോളമാണ് വിശ്വാസി അതെല്ലാം ആസ്വദിക്കേണ്ടതും. പക്ഷേ, വ്രതാനുഷ്ഠാനത്തിന്റെ ആന്തരാര്‍ഥങ്ങള്‍ക്ക് നിരക്കാത്ത ഒരു നടപടിയും പെരുന്നാളാഘോഷത്തിന്റെ ഭാഗമായിക്കൂടാ. പെരുന്നാള്‍ ദിവസം പള്ളിയില്‍ നിന്നിറങ്ങി മദ്യശാലയിലേക്കോ ചൂതാട്ട കേന്ദ്രങ്ങളിലേക്കോ പോകുന്നവര്‍ ആഘോഷിക്കുന്നത് വിശുദ്ധ റമദാന്റെ വിജയകരമായ പരിസമാപനമല്ല; റമദാനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ചെകുത്താന്റെ വിജയാഘോഷമാണ്. ആഘോഷവേളകള്‍ അനാശാസ്യങ്ങളെ അനുവദനീയമാക്കുന്നില്ല; കൂടുതല്‍ നിഷിദ്ധമാക്കുന്നേയുള്ളൂ. നോമ്പിന്റെയും പെരുന്നാളിന്റെയുമൊക്കെ സൗന്ദര്യങ്ങളും സല്‍ഫലങ്ങളും മാനവ സമൂഹത്തിനു കാണിച്ചുകൊടുക്കുകയാണ് അവ അനുഷ്ഠിക്കുന്നതിലൂടെ വിശ്വാസികള്‍ ചെയ്യേണ്ടത്. അതാണ് സത്യവിശ്വാസിയില്‍ ചുമത്തപ്പെട്ട ശഹാദത്തുല്‍ ഹഖ്- സത്യസാക്ഷ്യം.
Comments