നരകവിമുക്തിക്ക് പതിനൊന്നിന പരിപാടി
"നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവര്‍ വിജയിച്ചു'' എന്ന് വിശുദ്ധ ഖുര്‍ആന്‍. നരക മോചത്തിനുള്ള ലളിതവും മനസ്സുവെച്ചാല്‍ അനുഷ്ഠിക്കാന്‍ പ്രയാസമില്ലാത്തതുമായ, പ്രവാചകന്‍ പഠിപ്പിച്ച പത്ത് കാര്യങ്ങളാണ് ചുവടെ. മനസ്സിനെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല കര്‍മങ്ങള്‍.
ഒന്ന്: ഫജ്റ്-അസര്‍ നമസ്കാരങ്ങള്‍ തന്നെ. അല്‍പം ത്യാഗ മനസ്ഥിതി ഇല്ലാതെ ഈ നമസ്കാരങ്ങള്‍ നിര്‍വഹിക്കുക സാധ്യമല്ല. നബി (സ) പറഞ്ഞു: "സൂര്യോദയത്തിന് മുമ്പും അസ്തമയത്തിന് മുമ്പും നമസ്കരിച്ച ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ല.'' ഫജ്റ്-അസര്‍ നമസ്കാരങ്ങള്‍ ആണ് ഇതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട്: സംഘടിത നമസ്കാരത്തില്‍ ജാഗ്രത പാലിക്കല്‍. നബി (സ) പറഞ്ഞു: "ഒരാള്‍ നാല്‍പത് ദിവസം ഒന്നാം തക്ബീറത്തുല്‍ ഇഹ്റാം മുതല്‍ ജമാഅത്തായി നമസ്കരിച്ചു. അയാള്‍ക്ക് രണ്ട് പുണ്യം രേഖപ്പെടുത്തിക്കഴിഞ്ഞു. നരകാഗ്നിയില്‍ നിന്നുള്ള മോചനവും കാപട്യത്തില്‍ നിന്നുള്ള മോചനവുമത്രെ അത്.'' നാല്‍പത് ദിവസം ഒരു കാര്യം പതിവായി ചെയ്താല്‍ അത് നമ്മുടെ ജീവിതചര്യയുടെ ഭാഗമാവുമെന്നാണ് ആധുനിക മനഃശാസ്ത്രം പഠിപ്പിക്കുന്നത്.
മൂന്ന്: ദാനം ചെയ്യല്‍. അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും അതിലുള്‍പ്പെടും. അല്ലാഹുവിന്റെ ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹം ലഭിക്കാതെ പോയവര്‍ നമ്മില്‍ ആരാണുള്ളത്? അത് സമ്പത്തോ അറിവോ ആരോഗ്യമോ ആവാം. ഒരു പക്ഷേ നമുക്ക് തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അനുഗ്രഹവുമാവാം. പ്രവാചകന്‍ പറഞ്ഞു: "ഒരു കാരക്ക ചീള് കൊണ്ട് നരക വിമുക്തി കൈവരിക്കാന്‍ നിങ്ങളില്‍ ആര്‍ക്ക് സാധിക്കുന്നുവോ, അവന്‍ അങ്ങനെ ചെയ്യട്ടെ''. ശരീരത്തില്‍ എത്ര അസ്ഥികളുണ്ടോ അത്രയും ദാനധര്‍മങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. തങ്ങള്‍ക്ക് അതിന് ശേഷിയില്ല എന്ന് ദരിദ്രരായ പ്രവാചക അനുചരന്മാര്‍ പരാതിപ്പെട്ടപ്പോള്‍, ഒരു പുഞ്ചിരി പോലും ദാനധര്‍മം തന്നെയെന്ന് പ്രവാചകന്‍ വിശദീകരിച്ചു.
നാല്്: ളുഹ്ര്‍ നമസ്കാരത്തിലെ സുന്നത്ത്. അവിടുന്ന് പറഞ്ഞു: "നാല് റക്അത്ത്, ളുഹ്ര്‍ നമസ്കാരത്തിന് മുമ്പും ശേഷവും പതിവായി നമസ്കരിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്ന് തടയും''.
അഞ്ച്: അല്ലാഹുവിനെ ഭയപ്പെട്ട് കൊണ്ട് കണ്ണീര്‍ വാര്‍ക്കുക. നബി (സ) പറഞ്ഞു: "മൃഗങ്ങളില്‍ നിന്ന് കറന്നെടുത്ത പാല് അതിന്റെ അകിടിലേക്ക് മടങ്ങാത്തത് പോലെ അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്ന ഒരാളെയും നരകം സ്പര്‍ശിക്കുകയില്ല. അതുപോലെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ നേരിട്ട പൊടിപടലങ്ങളും നരകത്തിലെ പുകയും യോജിക്കുകയില്ല.''
ആറ്: സല്‍സ്വഭാവം. മതാനുഷ്ഠാനങ്ങളിലൂടെ ഒരു വ്യക്തിക്ക് ലഭിക്കേണ്ട ഫലങ്ങളിലൊന്നാണ് സഹജീവികളോട് ഉത്തമ സ്വഭാവത്തോടെ പെരുമാറല്‍. പലപ്പോഴും മതത്തിന്റെ ആളുകള്‍ക്ക് സാധിക്കാതെ പോവുന്ന കാര്യവും ഇതു തന്നെ. ഹാക്കിം ഉദ്ധരിച്ച ഒരു ഹദീസ്: "ആര്‍ മൃദുലനാവുകയും സൌമ്യനാവുകയും അടുത്ത് പെരുമാറുകയും ചെയ്തുവോ, അല്ലാഹു അവനെ നരകത്തില്‍ നിന്ന് സംരക്ഷിക്കുന്നതാണ്.''
ഏഴ്: അടിമമോചനം. സാമ്പത്തികമായ നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ മുന്നോട്ട് വരുന്ന ധാരാളം സുമനസ്സുകളെ ഗള്‍ഫ് നാടുകളില്‍ കാണാം. യുദ്ധത്തടവുകാരായ അടിമകള്‍ മാത്രമല്ല ഇതിലുള്‍പ്പെടുക എന്നത്രെ ഇത് വ്യക്തമാക്കുന്നത്. നബി (സ) പറഞ്ഞു: "സത്യവിശ്വാസിനിയായ ഒരു അടിമയെ ആര് മോചിപ്പിക്കുന്നുവോ അയാള്‍ക്കുള്ള പ്രതിഫലം നരകത്തില്‍ നിന്നുള്ള വിമുക്തിയത്രെ.''
എട്ട്: "വ്രതാനുഷ്ഠാനം. നബി (സ) പറഞ്ഞു: 'വ്രതം ഒരു പരിചയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന കോട്ടയുമാണ്.''
ഒമ്പത്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കാവലിരിക്കല്‍. അവിടുന്ന് പറഞ്ഞു: "രണ്ട് കണ്ണുകളെ നരകം സ്പര്‍ശിക്കുന്നതല്ല. അല്ലാഹുവിനെ ഭയപ്പെട്ട് കണ്ണീര്‍വാര്‍ത്ത കണ്ണും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറക്കമൊഴിച്ച് കാവലിരിക്കുന്ന കണ്ണും.''
പത്ത്: ഐഛികമായ നോമ്പ്. അത് മനസ്സിനെ കടിഞ്ഞാണിട്ട് വ്യക്തമായ ജീവിത ലക്ഷ്യത്തോട് അടുപ്പിക്കാന്‍ സഹായിക്കും. നബി (സ) പറഞ്ഞു: "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്രതമനുഷ്ഠിച്ച അടിമ. ആ ദിനത്തിന്റെ ശ്രേഷ്ടതകൊണ്ട് എഴുപത് സംവത്സരക്കാലം അല്ലാഹു അവനെ നരകത്തില്‍ നിന്ന് അകറ്റുന്നതാകുന്നു.''
Comments