വിമോചന മനസ്സിന്റെ ആഘോഷമാണ് പെരുന്നാള്‍
ഓണം, വിഷു, തിരുവാതിര പോലെ വരാന്‍ കാത്തിരിക്കുന്ന ആഘോഷം തന്നെയായിരുന്നു എനിക്ക് പെരുന്നാളും. നോമ്പും ഒരു ആഘോഷമായിരുന്നു. നോമ്പില്ലെങ്കിലും മുപ്പത് ദിവസവും ഞാന്‍ കൂട്ടുകാരന്‍ അബ്ദുല്‍ ഖയ്യൂമിന്റെ വീട്ടില്‍ നോമ്പ് തുറക്കാനുണ്ടാവും. അവന്റെ ഉമ്മ മുട്ടപ്പത്തിരിയും മുട്ടമാലയും സ്‌നേഹത്തില്‍ വറുത്ത മധുര പലഹാരങ്ങളും വെച്ചു നീട്ടിത്തരും. വ്യത്യസ്ത മതങ്ങളിലാണെന്നത് ആഹ്ലാദങ്ങള്‍ക്ക് ഇടിവ് വരുത്താനുള്ള കാരണമായിരുന്നില്ല. പൊന്നാനിയുടെ ഈയൊരു സാംസ്‌കാരിക ഇടകലര്‍ച്ച അത്തരമൊരു ബോധം ഞങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്.
അടുക്കളയുടെ ഉത്സവമായിരുന്നു പെരുന്നാള്‍. പെണ്ണുങ്ങള്‍ പലഹാരം പടക്കാനുള്ള പെടാപ്പാടിലായിരിക്കും. അയല്‍വീടുകളിലേക്കെല്ലാം അത് പൊതിഞ്ഞെത്തിച്ചാല്‍ മാത്രമേ അവരുടെ അകങ്ങളില്‍ പെരുന്നാളാകൂ. ഇന്നിപ്പോള്‍ പെരുന്നാള്‍ വിഭവങ്ങളെല്ലാം മാര്‍ക്കറ്റില്‍ കിട്ടുമെന്നായിരിക്കുന്നു. എല്ലാ ആഘോഷങ്ങളെയും കമ്പോളം ഏറ്റെടുത്തുകഴിഞ്ഞു.
അന്നുകളില്‍ നിന്നൊഴിഞ്ഞുമാറി സമീപകാല പെരുന്നാളുകളിലെത്തുമ്പോള്‍ പലതിനും പരിണാമം വന്നിരിക്കുന്നു. നമ്മുടെയൊക്കെ മനസ്സ് നഗരവത്കരണത്തിന് കീഴൊതുങ്ങിപ്പോയിട്ടുണ്ടെന്ന് തോന്നും. പരസ്പരമുള്ള മിണ്ടിപ്പറയലില്‍ പോലും ഔപചാരികത വന്നുകയറി. ഇഫ്ത്വാര്‍ സംഗമങ്ങള്‍ പോലും പബ്ലിസിറ്റിക്കായി പോകുന്നു. കൃത്രിമത്വങ്ങള്‍ ഇടം പിടിക്കുന്നു. എങ്കിലും ചില ഒന്നുചേരലുകള്‍ സൗഹൃദങ്ങള്‍ പുതുക്കാനുള്ള വഴിമരുന്നായിത്തീരുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. ആഘോഷങ്ങളുടെ അന്തസത്ത പറഞ്ഞുകൊടുക്കുന്നതില്‍ മത നേതൃത്വങ്ങള്‍ വല്ലാതെ ശ്രദ്ധ വെക്കുന്നതായും കാണാം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മീയമായ സംസ്‌കരണവും വിശുദ്ധിയും വിമോചനവും നേടിയ ശേഷമാണല്ലോ പെരുന്നാളെത്തുന്നത്. വിമോചന മനസ്സിന്റെ ആഘോഷമാണ് ശരിക്കും പെരുന്നാള്‍.
Comments