ഇറാന്‍വിരുദ്ധ ഉപരോധത്തിന്റെ നിശ്ശബ്ദ ഇരകള്‍
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ക്ക് ഒരറ്റവും ഇല്ലെന്ന് തോന്നുന്നു. ഇപ്പോഴിതാ പുതിയൊരു ഘട്ടം സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്കയും യൂറോപ്പും മത്സരിച്ച് മുന്നേറുന്നു. ഇതിന്റെയൊക്കെ മിന്നലാഘാതമേല്‍ക്കുന്നത് ഒരു കൂട്ടര്‍ക്ക് മാത്രമാണ്- ഇറാനിലെ സാധാരണക്കാര്‍ക്ക്.
കഴിഞ്ഞ ജൂലൈ 31-ന് ജൂതലോബിയായ 'അമേരിക്കന്‍ ഇസ്രയേല്‍ പബ്ളിക് അഫയേഴ്സ് കമ്മിറ്റി' (എ.ഐ.പി.എ.സി) അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു കത്തയച്ചു. 'ഇറാന്‍ ഭീഷണി നിവാരണ ബില്ല്' അംഗീകരിക്കണമെന്നായിരുന്നു ലോബിയുടെ ആവശ്യം. ഇറാനെതിരെ പുതിയൊരു കൂട്ടം സാമ്പത്തിക ഉപരോധങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ബില്ല്. ആ ബില്ല് ആഗസ്റ് ഒന്നിന് കോണ്‍ഗ്രസ് അംഗീകരിക്കുകയും പിന്നീടത് പ്രസിഡന്റ് ഒബാമ ഒപ്പ് വെക്കുകയും ചെയ്തു.
ഇറാനെതിരെ ഇപ്പോള്‍ തന്നെ യു.എന്‍ രക്ഷാസമിതിയുടെ വക ആറ് റൌണ്ട് സാമ്പത്തിക ഉപരോധങ്ങള്‍ നിലവിലുണ്ട്. തെഹ്റാന്‍ ആണവായുധങ്ങള്‍ സ്വന്തമായി വികസിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണത്രെ ഈ ഉപരോധങ്ങളത്രയും.
ഇറാന്റെ അന്തര്‍ദേശീയ സ്വത്തുവഹകള്‍ മരവിപ്പിക്കുക, ഇറാനിയന്‍ ബാങ്കുകളുടെ ഇതര നാടുകളിലുള്ള ശാഖകള്‍ അടപ്പിക്കുക, ഇറാനിയന്‍ പെട്രോള്‍ -ഗ്യാസ്-പെട്രോ കെമിക്കല്‍ മേഖലയിലുള്ള മുതല്‍മുടക്കിനെ തടയുക, ഇറാനിലേക്ക് ആണവ-സൈനിക ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കുക, ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡുമായുള്ള സകല ബിസിനസ് ഇടപാടുകളും റദ്ദാക്കുക, ബാങ്കിംഗ് -ഇന്‍ഷുറന്‍സ് മേഖലയിലെ മുതല്‍മുടക്കിനും ഉയര്‍ന്ന ഗവണ്‍മെന്റ് -സൈനിക ഉദ്യോഗസ്ഥന്മാര്‍ അന്യനാടുകള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുക ഇതൊക്കെയാണ് രക്ഷാസമിതി ഉപരോധങ്ങളില്‍ പ്രധാനപ്പെട്ടവ.
ഇറാന്‍ ആണവ ബോംബുണ്ടാക്കുകയാണെന്ന് അമേരിക്കയും ഇസ്രയേലും യൂറോ രാജ്യങ്ങളും പറഞ്ഞുനടക്കാന്‍ തുടങ്ങിയിട്ട് കുറെകാലമായി. ഇറാനാകട്ടെ ആ ആരോപണം ശക്തമായി നിഷേധിക്കുകയും ചെയ്യുന്നു. തങ്ങളുടെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാന്‍ സിവിലിയന്‍ ന്യൂക്ളിയര്‍ പ്ളാന്റുകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നാണ് ഇറാന്റെ വാദം. എണ്ണയും പ്രകൃതി വാതകവുമൊക്കെയാണ് ഇപ്പോള്‍ ഇറാന്റെ ഊര്‍ജാവശ്യങ്ങള്‍ മുഖ്യമായും നിറവേറ്റുന്നത്. സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് എണ്ണവരുമാനവും. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള സാധ്യത അട്ടിമറിക്കാനാണ് കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്കയും കൂട്ടരും കളത്തിലിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 23-ന് യൂറോപ്യന്‍ യൂനിയനിലെ വിദേശകാര്യമന്ത്രിമാര്‍ ചേര്‍ന്ന് ഒരു സംയുക്ത എണ്ണ ഉപരോധത്തിന് രൂപം നല്‍കി. അതോടെ ജൂലൈ ഒന്നു മുതല്‍ ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് യൂറോപ്യന്‍ യൂനിയന്‍ നിര്‍ത്തി.
തങ്ങള്‍ ഇറാനിയന്‍ ഭരണകൂടത്തെയാണ് ശിക്ഷിക്കുന്നതെന്നും അവര്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് പാശ്ചാത്യ ശക്തികള്‍ പൊതുസമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ, യാഥാര്‍ഥ്യം അതല്ല. സാധാരണക്കാരായ ഇറാനികളുടെ തലയിലാണ് വലിയ ഉരുളന്‍ കല്ലുകളായി ഈ ഉപരോധങ്ങള്‍ വന്നുവീണുകൊണ്ടിരിക്കുന്നത്. ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയില്‍ നീന്തി കരപറ്റാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ് പുതിയ ഉപരോധങ്ങള്‍.
ഉപരോധത്തിന്റെ ഫലമായി ഇറാനില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കയറുകയാണ്. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇറാനിലുള്ള അവരുടെ രക്ഷിതാക്കള്‍ക്ക് പണമയക്കാന്‍ കഴിയാത്ത വിധം രൂക്ഷമാണ് വിലക്കയറ്റം. സ്വകാര്യ കമ്പനികള്‍ക്ക് പോലും അന്യനാടുകളുമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ല. വിദേശത്ത് പോകാന്‍ വിസയും കിട്ടാതായി തുടങ്ങിയിരിക്കുന്നു. പുതിയ ഉപരോധങ്ങള്‍( (smart sanctions) കൂടി വന്നതോടെ മരുന്നും ഭക്ഷണ സാധനങ്ങളും വരെ ഇറക്കുമതി ചെയ്യാന്‍ കഴിയാതായിരിക്കുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയിലെ ചില രാഷ്ട്രീയ വാരികകളുടെ എഡിറ്റര്‍മാരുമായി ഞാന്‍ വളരെ നേരം തര്‍ക്കിക്കുകയുണ്ടായി. ഉപരോധഫലമായി ചില ജീവന്‍ രക്ഷാമരുന്നുകളും അവശ്യ ധാന്യങ്ങളും വരെ ഇറാനിലേക്ക് വരുന്നില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അംഗീകരിച്ചില്ല. അതൊക്കെ തടസ്സം കൂടാതെ വരുന്നുണ്ടെന്നായി അവര്‍. ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരിക്കെ അവര്‍ തങ്ങളുടെ പഴയ വാദങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. പടിഞ്ഞാറും ഇസ്രയേലും ഇറാനിയന്‍ ഗവണ്‍മെന്റിനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയതാണെങ്കിലും, ആ ശത്രുതയുടെ ആഘാതമേറ്റ് നിസ്സഹായനായ ഇറാനിയന്‍ സാധാരണക്കാരന്റെ നടുവാണ് ഒടിഞ്ഞുതൂങ്ങുന്നത്.
മെയ് 6-ന് റേഡിയോ ഫ്രീ യൂറോപ്പ്, ഇറാനിയന്‍ പരിഷ്കരണവാദികളുടെ പത്രമായ ശര്‍ഗിനെ ഉദ്ധരിച്ചുകൊണ്ട് ഉപരോധം ജീവന്‍ രക്ഷാ മരുന്നുകളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ മരുന്നുകള്‍ ഇറാന് സ്വന്തമായി ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. കാന്‍സര്‍, ഹൃദയ -ശ്വാസകോശ രോഗങ്ങള്‍ പോലുള്ളവക്കുള്ള മരുന്നുകള്‍ ഉദാഹരണം.
രാജ്യത്തിന്റെ ആണവ പരിപാടിയുമായി ഒരു ബന്ധവുമില്ലാത്ത സാധാരണ പൌരനെ ഉപരോധം എങ്ങനെയാണ് ബാധിക്കുകയെന്ന് ഇറാനിയന്‍ രാഷ്ട്രീയ നിരീക്ഷകനായ ഹാമിദ് റാസ എമാദി വിലയിരുത്തുന്നു: 'അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ പുതിയ ഉപരോധങ്ങള്‍ കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി തടഞ്ഞുകൊണ്ട് പൊതുജനങ്ങളെ വല്ലാതെ സമ്മര്‍ദത്തിലാക്കുകയാണ്. ഇറാന്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അത് തടഞ്ഞാല്‍ എന്താണുണ്ടാവുകയെന്ന് അമേരിക്കക്ക് നന്നായറിയാം. ആ പ്രവൃത്തി മാനവികതക്ക് നേരെയുള്ള കുറ്റകൃത്യമാണ്. കാരണം ആണവപരിപാടിയുമായി അതിന് യാതൊരു ബന്ധവുമില്ല. സാധാരണ മനുഷ്യരെയാണ് അത് ബാധിക്കാന്‍ പോകുന്നത്' (പ്രസ് ടി.വിയുമായുള്ള അഭിമുഖം). ഇറാനുമായി ഇടപാടുകള്‍ നടത്തുന്നതില്‍നിന്ന് അന്തര്‍ദേശീയ കമ്പനികളെ തടയുന്നതിനാല്‍ അവശ്യ മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും രാഷ്ട്രത്തിന് കഴിയാതെ വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ടെക്സാസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡോ. റോണ്‍ പോള്‍ പുതിയ ഉപരോധങ്ങളെ 'യുദ്ധം' എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഇതിന് അനുമതി കൊടുത്ത ബില്ലിനെ 'ഇറാന്‍ ബാധ ആക്ട് 2012' എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. 'നിങ്ങളൊരു രാഷ്ട്രത്തിനെതിരെ ഉപരോധം കൊണ്ടുവരുമ്പോള്‍ അതൊരു യുദ്ധ പ്രഖ്യാപനമാണ്'-അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന 'വെറ്ററന്‍സ് ഫോര്‍ പീസ്', 'ഫ്രന്റ്സ് കമ്മിറ്റി ഓണ്‍ നാഷ്നല്‍ ലജിസ്ളേഷന്‍' എന്നീ സംഘടനകളും ഇതൊരു യുദ്ധ പ്രഖ്യാപനമായാണ് കാണുന്നത്. ഇറാനെ അടിച്ചു വീഴ്ത്തിയിട്ട് തന്നെ കാര്യം എന്ന് വാശി പിടിച്ച് നില്‍ക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ഇത്തരം സമാധാന കൂട്ടായ്മകള്‍ക്ക് കഴിയുമോ? വളരെ പ്രയാസമാണ്.
'വെറ്ററന്‍സ് ഫോര്‍ പീസ്' പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്ന്: "ഇറാനിയന്‍ സമൂഹത്തിന് മീതെ സര്‍വനാശകമായ സാമ്പത്തിക ഉപരോധം അടിച്ചേല്‍പിക്കാന്‍ ആണവ പരിപാടിയെ ഒരു മറ ആക്കുക മാത്രമാണ് യൂറോപ്പും ഇസ്രയേലും യൂറോപ്യന്‍ യൂനിയനും ചെയ്തത്. പുതിയ ഉപരോധങ്ങള്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. നാണയപ്പെരുപ്പം 50 ശതമാനം മുതല്‍ 100 ശതമാനം വരെയാണ്. യുവാക്കളുടെ തൊഴിലില്ലായ്മ 22 ശതമാനം. ഇറാന്റെ ആഭ്യന്തര ഉല്‍പാദനം വെട്ടിക്കുറക്കേണ്ടിവന്നിരിക്കുന്നു. വലിയ പ്രോജക്ടുകള്‍ പലതും പൂട്ടിക്കഴിഞ്ഞു. തൊഴിലാളികളെ കൂട്ടത്തോടെയാണ് പിരിച്ചുവിടുന്നത്. 2012-ല്‍ എണ്ണ കയറ്റുമതിയില്‍ 40 ശതമാനം കുറവുണ്ടായി. ഇതുകാരണം കഴിഞ്ഞ വര്‍ഷം മുതല്‍ മാത്രം 32 ബില്യന്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടായത്.''
ഈ കൂട്ടായ്മ 'ആണവ വിമുക്ത മധ്യപൌരസ്ത്യം' എന്ന മുദ്രാവാക്യവും ഇസ്രയേലിനെ ഉന്നം വെച്ച് മുഴക്കിക്കഴിഞ്ഞു. ഇസ്രയേലിനോടൊപ്പം ഇന്ത്യയും പാകിസ്താനും മാത്രമാണ് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെക്കാത്ത രാഷ്ട്രങ്ങള്‍. 1990-കളില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തിട്ടപ്പെടുത്തിയത്, ഇസ്രയേലിന് 75 മുതല്‍ 130 വരെ ആണവായുധങ്ങള്‍ ഉണ്ടാകാമെന്നാണ്.
ചുരുക്കത്തില്‍, ഇറാനിലെ സാധാരണക്കാരന്റെ ജീവിതമാണ് അനുദിനം അത്യന്തം പ്രയാസകരമായിക്കൊണ്ടിരിക്കുന്നത്. സമ്പദ്ഘടന തകര്‍ന്നു വീഴാന്‍ ഇനിയധികം സമയം വേണ്ട. അന്താരാഷ്ട്ര സമൂഹമാകട്ടെ, ഒരു ജനസമൂഹത്തിന്റെ വേദനകളെയും സങ്കടങ്ങളെയും നിസ്സംഗമായും നിശ്ശബ്ദമായും നോക്കിനില്‍ക്കുകയാണ്. ഉപരോധം മനുഷ്യന്റെ മൌലികാവകാശങ്ങളുടെ അപഹരണമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു പക്ഷേ,ഈ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇറാനികളെ 'മനുഷ്യരായി' കാണുന്നുണ്ടാവില്ല. അവര്‍ക്കും മരുന്ന്, ഭക്ഷ്യ സാധനങ്ങള്‍, തൊഴില്‍ സര്‍വോപരി അന്തസ്സ്, അഭിമാനം എന്നിവയൊക്കെ 'അവകാശങ്ങള്‍' ആണെന്ന് അവര്‍ അംഗീകരിക്കുന്നുണ്ടാവില്ല.
(ഇറാനിയന്‍ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍. കൌണ്ടര്‍ കറന്റ്സ് 2012 ആഗസ്റ് 3).
Comments