Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 18

ചില പെരുന്നാളുകള്‍ക്ക് നനവില്ല; മരുഭൂമി പോലെ വരണ്ട്..

മെഹദ് മഖ്ബൂല്‍

ഇപ്പോഴത്തെ പെരുന്നാളുകള്‍ക്ക് നീളം തീരെ കുറവാണെന്ന് തോന്നാറുണ്ട്. എത്ര ക്ഷണവേഗത്തിലാണ് പെരുന്നാള്‍ ഇരുട്ടിത്തുടങ്ങുന്നത്. കുഞ്ഞ് നാളുകളില്‍ എത്ര കളിച്ചാലും പിന്നെയും കാണും രണ്ടോവര്‍ കൂടി പന്തെറിയാനുള്ള പകല്‍ വെട്ടം. പെരുന്നാള്‍ ശരിക്കും ചെറുപ്പകാലങ്ങളിലായിരുന്നുവെന്ന് പറയുന്നു 'എനിക്കും പറയാനുണ്ട്' ബ്ലോഗില്‍ റഹ്മാന്‍ (enikkumparayanundu.blogspot.in).
'പെരുന്നാളിന്റെ ഓര്‍മകള്‍ ചെന്നു മുട്ടുന്നത് രണ്ടാളുകളിലാണ്. ഒന്ന് ആബൂട്ടിക്ക. രണ്ടാമത്തേത് സുബൈര്‍ക്ക. നാരങ്ങാപ്പുറം പള്ളിയിലെ കിണറ്റില്‍ നിന്നും ഹൗളിലേക്ക് വെള്ളം കോരിയൊഴിച്ചും വീടുകളില്‍ സാധനങ്ങള്‍ വാങ്ങിക്കൊടുത്തും ജീവിച്ചിരുന്ന ആളായിരുന്നു ആബൂട്ടിക്ക. സുബൈര്‍ക്കയാകട്ടെ നാരങ്ങാപ്പുറം പള്ളിയില്‍ ബാങ്ക് കൊടുത്തിരുന്നയാളും. രണ്ടുപേരും മരിച്ചു പോയി. ഏത് ബാങ്ക് കേട്ടാലും അതിന്റെ ഓര്‍മകള്‍ എത്തിച്ചേരുക കൊറ്റിയത്തെ സുബൈര്‍ക്കയിലാണ്. എല്ലാ പെരുന്നാളിന്റെയും ഓര്‍മകള്‍ക്കിടയില്‍ ആബൂട്ടിക്കയും കടന്നുവരും. പെരുന്നാള്‍ ഓര്‍മകളുടെ നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറം മങ്ങിയ കാഴ്ചകള്‍ പോലെയോ നൊമ്പരപ്പെടുത്തുന്ന ചിന്തകള്‍ പോലെയോ രണ്ടു ചിത്രങ്ങള്‍.
മാനത്ത് ശവ്വാലമ്പിളി പിറക്കുന്നതിനും എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മനസില്‍ പെരുന്നാള്‍ പിറ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. അവസാന പത്തിലാണ് തിരക്കോട് തിരക്കുണ്ടാകുക. ഞങ്ങള്‍ കുട്ടികള്‍ കൈവിരലില്‍ എണ്ണിത്തുടങ്ങും. പത്ത്, ഒന്‍പത്, എട്ട്, ഏഴ്......... ഇരുപത്തിയൊന്‍പതാമത്തെ നോമ്പിലൊരു കണ്‍ഫ്യൂഷന്‍ കടന്നു കയറും. പെരുന്നാള്‍ നാളെയാകുമോ, മറ്റന്നാളായിരിക്കുമോ. മുപ്പത് നോമ്പിന്റെ പെരുന്നാളിനേക്കാള്‍ ആവേശം ഇരുപത്തിയൊമ്പത് കഴിഞ്ഞ് വരുന്ന പെരുന്നാളിനാണ്. സകല നാടകീയതകളും നിറഞ്ഞ മാസം കാണലും അതുകഴിഞ്ഞുള്ള പ്രഖ്യാപനങ്ങളുമൊക്കെ എത്തുമ്പോഴേക്കും നേരം പാതിരയോടടുക്കും. സമയം വല്ലാതെയങ്ങ് പുരോഗമിക്കുമ്പോള്‍, എന്നാല്‍ നോമ്പ് മുപ്പത് തന്നെയാവട്ടെയെന്ന് മനസില്‍ പറയും. അപ്പോഴായിരിക്കും കൂട്ടായിയിലോ ബേപ്പൂരിലോ മാസം കണ്ടെന്ന വിവരം വരിക. അക്കാലത്ത്, ഞങ്ങള്‍ കുട്ടികള്‍ക്ക് കൂട്ടായിയും ബേപ്പൂരുമൊക്കെ അമേരിക്കയേക്കാള്‍ ദൂരത്തുള്ള ദേശങ്ങളായിരുന്നു.
പെരുന്നാള്‍ തലേന്ന് മോന്തിക്കാണ് ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ പുതിയ കുപ്പായത്തെക്കുറിച്ച് തര്‍ക്കം നടത്തുക. എന്റേത് നല്ലതെന്ന ഓരോരുത്തരുടെയും വാശിയും മത്സരവും. നാളെ ഇടുമ്പോള്‍ കാണാമല്ലോയെന്ന വെല്ലുവിളി. എല്ലാ പെരുന്നാളുകള്‍ക്കും പുതുവസ്ത്രമെടുക്കുന്ന കാലമല്ലല്ലോ അത്. ചിലപ്പോള്‍ ചെറിയ പെരുന്നാളിനെടുത്ത വസ്ത്രം അലക്കി മടക്കി അടുത്ത പെരുന്നാളിന് കാത്തുവെക്കും.
പെരുന്നാള്‍ തലേന്ന് സുബൈര്‍ക്ക ബാങ്ക് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തോട് പ്രത്യേകമൊരു സ്‌നേഹം തോന്നും. ആ ബാങ്കിന് വല്ലാത്തൊരു മധുരമാണ്. അവസാനത്തെ നോമ്പ് തുറക്കാനുള്ള ഈത്തപ്പഴത്തേക്കാളും നാരങ്ങാവെള്ളത്തേക്കാളും ഒരിത്തിരി മധുരം കൂടുതല്‍. ഞങ്ങള്‍ അവസാന പത്തിലാണ് പെരുന്നാളിലേക്കുള്ള ദൂരം കണക്കു കൂട്ടുന്നതെങ്കില്‍ പെരുന്നാളിന്റെ പിറ്റേന്നു മുതല്‍ അടുത്ത നോമ്പിലേക്കുള്ള ദിവസങ്ങള്‍ എണ്ണിത്തുടങ്ങുന്ന മനുഷ്യനായിരുന്നു ആബൂട്ടിക്ക. പെരുന്നാളുകളൊന്നും ആ മനുഷ്യന്റെ ജീവിതത്തില്‍ ആഘോഷത്തിന്റെ മത്താപ്പുകള്‍ കത്തിച്ചിട്ടുണ്ടാകില്ല. എന്നാലും അയാള്‍ അങ്ങനെ എണ്ണിത്തീര്‍ക്കും...... ഒരു നോമ്പില്‍ നിന്നും അടുത്ത റമദാനിലേക്കായിരുന്നു ആ മനുഷ്യന്‍ ജീവിച്ചിരുന്നത്. അങ്ങനെ നാളുകളെ എണ്ണിക്കുറച്ചുകൊണ്ടിരുന്നു ആബൂട്ടിക്ക.....'
വ്യത്യസ്ത കാലങ്ങളിലെ പെരുന്നാള്‍ ആഹ്ലാദങ്ങളുടെ നിറഭേദങ്ങളെ വരഞ്ഞുവെക്കുന്നു മുഖ്താര്‍ (muktharuda.blogspot.in), 'കുട്ടിക്കാലത്ത്, പെരുന്നാള്‍ തലേന്ന് ഉറക്കം എന്നൊന്ന് ഉണ്ടാകില്ല,നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്ത് നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍.
വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍ നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും.
പിറ്റേന്ന് അതിരാവിലെ തന്നെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. വാസനസോപ്പും തേച്ചൊരു കുളിയുണ്ട്. പുതിയ ഡ്രസ്സും ധരിച്ച് പിന്നെ പള്ളിയിലേക്ക്.
പള്ളിയില്‍ മിഹ്‌റാബിനടുത്ത് വട്ടമിരുന്ന് തക്ബീര്‍ ചൊല്ലുന്നുണ്ടാവും ആളുകള്‍. അവര്‍ക്കിടയില്‍ നുഴഞ്ഞ്കയറി മൈക്കിനടുത്ത് പോയിരിക്കും. ഉറക്കെ തക്ബീര്‍ ചൊല്ലും. 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍.....'
നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉമ്മയോട് ചോദിക്കും......
ഉമ്മാ ങ്ങളിന്റെ ഒച്ച കേട്ടീരുന്നോ. ഞാന് മൈക്കിന്റടുത്താ ഇരുന്നീരുന്നത്.....
പണിത്തിരക്കില്‍ ഉമ്മ അത് കേള്‍ക്കില്ല.
നിലത്ത് പായ വിരിച്ച് വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കും. പിന്നെ വലിയവരെ ചുറ്റിപ്പറ്റിയങ്ങനെ നില്‍ക്കും, പെരുന്നാള്‍ പൈസയും കാത്ത്....
മാസങ്ങളായി ഒരുക്കൂട്ടിവെച്ച പൈസത്തൊണ്ട് പൊളിക്കുന്നതും അന്നാണ്. എണ്ണിത്തിട്ടപ്പെടുത്തി അങ്ങാടിയിലേക്ക് ഒറ്റപ്പാച്ചിലായിരിക്കും. പിന്നെ അങ്ങാടിയിലും, മുറ്റത്തും പറമ്പിലുമൊക്കെയാണ് പെരുന്നാള്‍........
രണ്ട് വര്‍ഷം ഒരു ഓര്‍ഫനേജില്‍ കഴിഞ്ഞിരുന്നു. ആ രണ്ട് വര്‍ഷം കറുത്ത ദിനങ്ങളായി ഹൃദയത്തിനകത്ത് വെന്തു കിടപ്പുണ്ട്. അവിടെ നിന്ന് രക്ഷപ്പെട്ടുള്ള രണ്ട് പെരുന്നാള്‍ ശരിക്കും സ്വാതന്ത്ര്യത്തിന്റെ പെരുന്നാളായിരുന്നു.
പിന്നീട് സഊദിയിലെ പെരുന്നാള്‍. ആ പെരുന്നാളിന് നനവില്ല, മരുഭൂമി പോലെ വരണ്ട്....അതിരാവിലെ എണീറ്റ് പള്ളിയില്‍ പോകും. നമസ്‌കാരം കഴിഞ്ഞ് ചായ കുടിച്ച് തലേന്നത്തെ ക്ഷീണവുമായി കിടക്കയിലേക്ക്.... ഉറക്കം കഴിഞ്ഞുണര്‍ന്ന് കബ്‌സയോ ബിരിയാണിയോ നെയ്‌ച്ചോറോ ഉണ്ടാക്കിത്തിന്നും. കുറച്ച് നേരം ടിവി കണ്ടിരുന്ന് വീണ്ടും ഉറക്കം.
പള്ളിയിറങ്ങി വന്നിട്ട് വീട്ടിലേക്കുള്ള ഫോണ്‍ വിളി മാത്രമാണ് കുളിരാവുന്നത്.....'
maqboolmry.blogspot.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍