മാലിന്യ സംസ്കരണവും തെരുവ് നായ ശല്യവും ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്
വർഷങ്ങൾക്ക് മുമ്പ് ഒരു മലയാളി എഴുത്തുകാരി തന്റെ ടോക്യോ യാത്രയിലെ അനുഭവങ്ങളെക്കുറിച്ച് എഴുതിയ കുറിപ്പിൽ വായിച്ചത് ഓർക്കുന്നു. ടോക്യോ നഗരത്തിലൂടെ ബസ്സിലായിരുന്നു യാത്ര. യാത്രയുടെ വിരസത ഒഴിവാക്കാൻ കൈയിലെ സഞ്ചിയിൽ കരുതിയ മധുര നാരങ്ങ ഒരെണ്ണമെടുത്ത് തൊലി പൊളിച്ച്, തൊലി റോഡിലേക്ക് വലിച്ചെറിഞ്ഞു. തൊട്ടടുത്തിരുന്ന സ്വദേശിനിയായ സഹയാത്രിക ബസ്സിന്റെ കോളിംഗ് ബെല്ലടിച്ചു. ബസ്സ് നിർത്തിയ ഉടനെ ബസ്സിൽ നിന്നിറങ്ങി റോഡിൽനിന്ന് നാരങ്ങാ തൊലി എടുത്തുകൊണ്ട് വന്ന് ബസ്സിലെ മാലിന്യക്കൊട്ടയിലിട്ടു, ഒന്നും സംഭവിക്കാത്ത പോലെ അവർ സ്വന്തം സീറ്റിൽ വന്നിരുന്നു.
കേരളത്തിലെ നിരത്തുകളിൽ എന്നും കാണാറുള്ള, ഏതു മലയാളിയും ചെയ്യാവുന്ന ഒരു കാര്യമെന്ന നിലക്ക് ആ സന്ദർശക ചെയ്ത കാര്യം ആരും ഒരു തെറ്റായി തന്നെ കാണുകയില്ല. പക്ഷേ, മാലിന്യത്തിന്റെയും അതിന്റെ മാനേജ്മെന്റിന്റെ കാര്യത്തിലും ലോകം ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. മാലിന്യങ്ങൾ പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നത് പല രാജ്യങ്ങളിലും അനഭിലഷണീയം മാത്രമല്ല, പിഴയടക്കേണ്ടി വരുന്ന കുറ്റകൃതം തന്നെയാണ്.
കുടുംബസന്ദർശനാർഥം ആദ്യമായി യു.കെയിലെത്തിയപ്പോൾ ഒരു സവിശേഷതയായി ആദ്യ നാളുകളിൽ അനുഭവപ്പെട്ട ഒരു കാര്യം തെരുവ് നായ്ക്കളുടെ അഭാവം തന്നെയായിരുന്നു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും, ഒരു തെരുവ് പട്ടിയെ പോലും എവിടെയും കാണാനില്ലായിരുന്നു.
നോക്കുന്നേടത്തെല്ലാം തെരുവ് പട്ടികളെ കാണുന്ന കേരളനാട്ടിൽനിന്നാണല്ലോ നാം വരുന്നത്. പകരം കാണുന്നത് മുഴുവൻ വളർത്തു നായ്ക്കൾ. കൗതുകപൂർവം നോക്കിനിന്നു പോകുന്ന, പതിനായിരങ്ങളും ലക്ഷങ്ങളും വില വരുന്ന കിടിലൻ നായ്ക്കൾ. ആ നായ്ക്കളുടെ ചങ്ങലയുമായി കൂടെ നടക്കുന്ന യജമാനന്മാരുടെ കൈയിൽ പ്ലാസ്റ്റിക് കവർ കാണാറുണ്ട്. ഈ കവറിന്റെ ആവശ്യമെന്തെന്ന് മനസ്സിലായത് പിന്നീടാണ്. യു.കെയിൽ നായ്ക്കളെ വളർത്തുന്നവർ പാലിക്കേണ്ട കർശന നിയമങ്ങളുണ്ട്. നായ്ക്കളുമായി പുറത്തിറങ്ങുമ്പോൾ അവ പൊതു സ്ഥലത്ത് മല വിസർജനം നടത്തുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. വിസർജിച്ചാൽ, വിസർജ്യം കൈയിൽ കരുതുന്ന പ്ലാസ്റ്റിക് കവറിലെടുത്ത് തൊട്ടടുത്ത മാലിന്യക്കൊട്ടയിൽ നിക്ഷേപിക്കണം. ഏതു വി.ഐ.പി ഫാമിലിയിൽ പെട്ടവരായാലും മാലിന്യക്കൊട്ട കണ്ടെത്തുന്നത് വരെ ഈ നായ്ക്കാട്ടം പൊതിഞ്ഞ കവറുമായി നടക്കുകയേ നിർവാഹമുള്ളൂ. നായയെ വളർത്താനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. ആ സ്വാതന്ത്ര്യം പക്ഷേ, മറ്റുള്ളവർക്ക് ശല്യമോ ഹാനികരമോ ആവരുതെന്ന് അവിടത്തെ നിയമങ്ങൾ അനുശാസിക്കുന്നു.
തെരുവ് നായ്ക്കളുടെ പെരുപ്പവും, മാലിന്യങ്ങളുടെ ലബ്ധിയും തമ്മിലുള്ള ബന്ധം സജീവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. യു. കെയെ പോലുള്ള രാജ്യങ്ങളിൽ തെരുവ് നായ്ക്കൾ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം മാലിന്യങ്ങളുടെ ഫലപ്രദവും വ്യവസ്ഥാപിതവുമായ മാനേജ്മെന്റാണെന്നതിൽ സംശയമില്ല.
മനുഷ്യൻ ആരായിരുന്നാലും എവിടെയായിരുന്നാലും അവനെ സദാ പിന്തുടരുന്ന ഒന്നാണ് അവനുമായി ബന്ധപ്പെട്ട ജൈവ-ജൈവേതരമായ മാലിന്യങ്ങൾ. അവയുടെ യഥോചിതമായ മാനേജ്മെന്റ് സമൂഹത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പ്രാദേശിക ഭരണ സംവിധാനത്തിന്റെ മേൽനോട്ടത്തിൽ നടക്കേണ്ട അതിപ്രധാനമായ ദൗത്യം. എല്ലാവർക്കും ഉത്തരവാദിത്വമുള്ള, എല്ലാവർക്കും പങ്കാളിത്തമുള്ള ഒരു കാര്യമായി വേസ്റ്റ് മാനേജ്മെന്റിനെ കാണുന്നേടത്തെല്ലാം ഈ ദൗത്യം പരാജയപ്പെട്ടിട്ടേ ഉള്ളൂ.
ബ്രിട്ടനിൽ താമസിക്കുന്ന ഓരോ സ്വദേശിയും വിദേശിയും മാസാന്തം അടച്ചുതീർക്കേണ്ട വൈദ്യുതി, കുക്കിംഗ് ഗ്യാസ്, വെള്ളം തുടങ്ങിയ ബില്ലുകളോടൊപ്പം വേസ്റ്റ് മാനേജ്മെന്റ് സർവീസിന്റെ ബില്ല് കൂടി കാണാം. ഓരോ വീട്ടുകാരെയും അതിരാവിലെ എതിരേൽക്കുക ശുചീകരണ വകുപ്പിന്റെ വാഹനവും ഉദ്യോഗസ്ഥരുമായിരിക്കും. വീട്ടുകാർ ജൈവ - ജൈവേതര മാലിന്യങ്ങൾ വേർതിരിച്ച് മാലിന്യസഞ്ചിയിലാക്കി പുറത്ത് വെച്ചാൽ മാത്രം മതി. മാലിന്യത്തിന്റെ ബാക്കി കാര്യങ്ങൾ പൗരന്മാർ അറിയേണ്ടതില്ല. മാലിന്യ ശേഖരണവും സംസ്കരണവും ഭരണതലത്തിൽ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായി തന്നെ കാണേണ്ടതുണ്ട്. സാമ്പത്തിക ബാധ്യത വരുന്ന ഒരു അവശ്യ സർവീസായി ഇതിനെ കണ്ട് തത്സംബന്ധമായ ചെലവുകൾ പൗരൻമാരിൽനിന്ന് ഈടാക്കണം. l
Comments