മേവുകളും ജാട്ടുകളും മുഹമ്മദ് ബിൻ ഖാസിമിനെ സ്വീകരിച്ചതെങ്ങനെ?
നാം ഉത്തരമറിയേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. ആര്യൻ പാരമ്പര്യമുള്ള മിയോ ജനത ഇസ് ലാമിൽ എത്തിയത് എങ്ങനെയാണ്? മുഹമ്മദ് ബിൻ ഖാസിമിന്റെ സിന്ധ് പടയോട്ടമായിരുന്നോ കാരണം? അതോ, സൂഫീ പ്രബോധനമോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ, മിയോ ജനതയുടെ മതത്തെക്കുറിച്ച് വേണം ആദ്യം പറയാൻ. മിയോജനത ഏകീകൃത മതവിശ്വാസത്തിൽ വേരുറച്ചവരായിരുന്നില്ല. പ്രകൃതിപൂജകർ (സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നവർ) മിയോകളിൽ ഉണ്ടായിരുന്നു, ചിലർക്ക് അഗ്നി പൂജയായിരുന്നു പ്രിയം. പേർഷ്യ അഗ്നിയാരാധനയുടെ കേന്ദ്രമായിരുന്നല്ലോ. മറ്റു ചിലർ, ക്രൈസ്തവ മതത്തിൽ വിശ്വസിച്ചു. ബുദ്ധ മതക്കാരായിരുന്നു കുറേ പേർ. അതേസമയം, വിഗ്രഹാരാധന മിയോ പാരമ്പര്യത്തിൽ പതിവായിരുന്നില്ല എന്നാണ് ചരിത്രകാരൻമാരുടെ ഒരു പക്ഷം. എന്തായിരുന്നാലും, മതപരമായ ഏകമുഖത്വമോ കാർക്കശ്യമോ അവരുടെ രീതിയായിരുന്നില്ല. ഇസ് ലാമിലേക്കുള്ള ആഗമനത്തെ ഇതും എളുപ്പമാക്കിയിട്ടുണ്ടാകണം.
മിയോകളുടെ ഇസ് ലാം സ്വീകരണം നടന്നത് പല ഘട്ടങ്ങളിലായാണ്. മുഹമ്മദ് നബിയുടെ കാലത്ത് ആരംഭിച്ച പ്രബോധന പ്രവർത്തനങ്ങൾ നാല് ഖലീഫമാരുടെ ഭരണകാലങ്ങളിൽ പേർഷ്യയിൽ സജീവമായിരുന്നല്ലോ. പേർഷ്യയിലെ മിയോകളിൽ പലരും ഈ കാലത്തു തന്നെ ഇസ് ലാം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, നേരത്തെ തന്നെ ഇന്ത്യയിലേക്ക് കുടിയേറിയ മിയോകൾ ഏതു ഘട്ടത്തിലാണ് ഇസ് ലാം സ്വീകരിക്കാൻ തുടങ്ങിയത് എന്ന് കൃത്യമായി പറയാൻ കഴിയില്ല. അറബികൾക്ക് ഇന്ത്യയുമായുള്ള ബന്ധം, ഗുജറാത്ത് - ബോംബെ കടൽ തീരങ്ങളിലൂടെയുള്ള കച്ചവട യാത്രകൾ, സിന്ധിൽ താമസിച്ചിരുന്ന അറബ് വണിക്കുകൾ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ എന്നിവ അക്കാലത്ത് ഇവിടങ്ങളിൽ ഇസ് ലാമിന്റെ പ്രചാരണത്തിന് വഴിതുറന്നിട്ടുണ്ടല്ലോ. എണ്ണത്തിൽ കുറവാണെങ്കിലും, ഈ മേഖലകളിൽ ഈ കാലത്ത് ഇസ് ലാം സ്വീകരണം ആരംഭിച്ചിട്ടുണ്ട്. പിൽക്കാല മേവാത്തിൽ എത്തും മുമ്പ്, സിന്ധിലും മറ്റു പ്രദേശങ്ങളിലും താമസിച്ചിരുന്ന ഹിന്ദുസ്ഥാനിലെ മിയോകളിലും ഇതേ കാലത്ത് ഇസ് ലാമിന്റെ സന്ദേശം എത്തിയിട്ടുണ്ടെന്നാണ് മിയോ ചരിത്രകാരൻമാർ പറയുന്നത്. മുസ് ലിംകളുടെ സ്നേഹവും സാഹോദര്യവും സമത്വ ചിന്തയുമായിരുന്നു ജനങ്ങളെ ആകർഷിച്ചത്. എണ്ണത്തിൽ കുറവാണെങ്കിലും, സിന്ധിൽ താമസമാക്കിയ അറബ്-മുസ് ലിം വ്യാപാരികളുടെ ജീവിതവും ഇടപെടലുകളും, ജാതീയത കത്തിനിന്ന നാട്ടിൽ ശ്രദ്ധിക്കപ്പെടുക സ്വാഭാവികമാണല്ലോ. മുഹമ്മദ് ബിൻ ഖാസിമിന്റെ കടന്നുവരവിനും മുമ്പായിരുന്നു ഇത്.
സിന്ധിലേക്കുള്ള അറബ്-മുസ് ലിംകളുടെ ആദ്യത്തെ പടയോട്ടം നടക്കുന്നത് ഖലീഫാ ഉമറുബ്നുൽ ഖത്ത്വാബിന്റെ കാലത്താണ്. ഉസ്മാനുബ്നു അബിൽ ആസ്വ് സഖഫിയായിരുന്നു നായകൻ. മുഹല്ലബ് ബിൻ അബൂ സ്വഫ്റയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് വന്നത്. മുസ് ലിംകളും പേർഷ്യക്കാരും തമ്മിൽ നടന്ന ഖാദിസിയ്യ യുദ്ധത്തിൽ, പേർഷ്യക്ക് സിന്ധിൽനിന്ന് കാര്യമായ സഹായം ലഭിച്ചിരുന്നു. അഥവാ, മുസ് ലിം രാഷ്ട്രത്തിനെതിരായ പടയോട്ടത്തിൽ, പണവും പടയാളികളെയും നൽകി പങ്കാളികളായി, യുദ്ധം തുടങ്ങിവെച്ചത് സിന്ധ് തന്നെയാണ് എന്നർഥം. ഇസ് ലാമിക സമൂഹത്തിനെതിരെ, പേർഷ്യയെ സഹായിച്ച സിന്ധിനെ മുസ് ലിം ഭരണാധികാരികൾ നോട്ടമിടുക സ്വാഭാവികമാണല്ലോ. ഈ രാഷ്ട്രീയ- യുദ്ധ പശ്ചാത്തലമായിരുന്നു സിന്ധ് ആക്രമണത്തിന്റെ പിന്നിലുണ്ടായിരുന്നത്. മുൽത്താൻ വരെ നീണ്ട ഈ പടയോട്ട കാലത്ത്, മിയോജനത സിന്ധു-യമുന നദീതടങ്ങളിലാണ് അധിവസിച്ചിരുന്നത്. അതുകൊണ്ട്, ഉസ്മാനുബ്നു അബിൽ ആസിന്റെയും മുഹല്ലബിന്റെയും പടയോട്ടം മിയോകളെ സ്വാധീനിക്കുകയുണ്ടായില്ല. ക്രി. 684-ൽ ഖലീഫാ അബ്ദുൽ മലികിന്റെ നിർദേശപ്രകാരം, ഹജജാജുബ്നു യൂസുഫിന്റെ നേതൃത്വത്തിൽ നടത്തിയ പടയോട്ടം രജ്പുത്താന വരെ എത്തുകയുണ്ടായി. ഇതിൽ, മിയോകളുടെ രാജാവും രാജകുമാരനും കൊല്ലപ്പെട്ടുവെന്ന് ചില വിവരണങ്ങളിലുണ്ട്. ഈ യുദ്ധത്തിൽ, മിയോകളുമായി നേരിട്ട് ഏറ്റുമുട്ടലുകൾ നടന്നു. പക്ഷേ, അതുവഴി മിയോകളിൽ ഇസ് ലാമിന്റെ സ്വാധീനം എത്രത്തോളമുണ്ടായി എന്നത് സ്ഥിരീകരിക്കപ്പെടാത്ത വിഷയമാണ്.
മിയോകൾ ഒരു ഘട്ടത്തിൽ ഇസ് ലാം സ്വീകരിക്കുന്നത് മുഹമ്മദ് ബിൻ ഖാസിമിന്റെ പടയോട്ടത്തെ തുടർന്നാണ്. പിന്നീടുള്ള സൂഫീ പ്രബോധനങ്ങൾ ഇതിന് ആക്കം കൂട്ടുകയും ചെയ്തു. മുഹമ്മദ് ബിൻ ഖാസിമിന്റെ സിന്ധ് ആക്രമണത്തെ സംബന്ധിച്ച നുണക്കഥകൾ പൊളിക്കുന്നതു കൂടിയാണ് ഈ ഘട്ടത്തിലെ മിയോകളുടെ ഇസ് ലാം സ്വീകരണ ചരിത്രം.
എന്തിനായിരുന്നു മുഹമ്മദ് ബിൻ ഖാസിം സിന്ധിലേക്ക് പടയോട്ടം നടത്തിയത്? അത് അറബ് മുസ് ലിം അധിനിവേശമായിരുന്നോ?
രണ്ട് കാരണങ്ങളാണ് ചരിത്ര വായനയിൽനിന്ന് മനസ്സിലാകുന്നത്: ഒന്ന്, ഖാദിസിയ്യ യുദ്ധത്തിൽ, ഇസ് ലാമിക സമൂഹത്തിനെതിരെ സിന്ധ് പേർഷ്യയുടെ പക്ഷം ചേർന്നതിന് എതിരായ സൈനിക നടപടിയുടെ തുടർച്ച. രണ്ട്, മുസ് ലിം സ്ത്രീകളെ ആക്രമിച്ചവർക്കെതിരിലുള്ള സൈനിക നടപടി. നീതിയുടെ നിർവഹണം എന്ന വലിയൊരു ദൗത്യം മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിൽ ഇസ് ലാമിക സമൂഹത്തിന്റെ ഈ ആഗമനത്തിന് പ്രചോദനമായിരുന്നു; ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് ഉൾപ്പെടെ ആ നീതി ഇന്നും ഇവിടെ എത്രമാത്രം അകലെയാണെന്ന് നമുക്കറിയാം. അനീതിയെ ആഘോഷമാക്കുന്ന ഈ കാലത്ത് വിശേഷിച്ചും.
ഇവിടെ ഏറെ പ്രസക്തമായ മറ്റൊരു വിഷയം കൂടിയുണ്ട്; മിയോജനത മുഹമ്മദ് ബിൻ ഖാസിമിനോട് എന്തു നിലപാടാണ് സ്വീകരിച്ചത്? കൗതുകമുണർത്തുന്ന കാര്യമാണിത്. മിയോകളും ജാട്ടുകളും മുഹമ്മദ് ബിൻ ഖാസിമിനെ സ്വീകരിക്കുകയും സഹായിക്കുകയുമാണ് ചെയ്തത്. അധിനിവേശക്കാരായല്ല, ഒരർഥത്തിൽ വിമോചകരായാണ് അവർ മുഹമ്മദ് ബിൻ ഖാസിമിനെയും സംഘത്തെയും കണ്ടത്.
സിലോണിൽനിന്ന് ഇറാഖിലേക്ക് യാത്ര തിരിച്ച മുസ് ലിം സ്ത്രീകൾ സഞ്ചരിച്ച കപ്പൽ സിന്ധിന്റെ ഭാഗമായ ദൈബൽ തുറമുഖത്ത് ആക്രമിക്കപ്പെട്ടു.
സിന്ധ് ഭരിച്ച ദാഹിർ രാജാവാണ് അക്രമികൾക്കെതിരെ നടപടി എടുക്കേണ്ടിയിരുന്നത്. എന്നാൽ, രാജാവ് അതിന് തയാറായില്ല. സിന്ധ് ഭരണകൂടം കൊള്ളക്കാരെ സംരക്ഷിക്കുന്നതായി മനസ്സിലാക്കിയ ഇസ് ലാമിക രാഷ്ട്രം അതൊരു രാഷ്ട്രീയ കുറ്റമായാണ് കണ്ടത്. ഈ വലിയ തിന്മക്കെതിരെ നടപടി സ്വീകരിക്കാൻ ബഗ്ദാദ് തീരുമാനിച്ചു, അവർ സൈനിക നീക്കം ആരംഭിച്ചു. ഇബ്‌നു നബ്ഹാൻ, ബുദൈൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സിന്ധിലേക്ക് വന്ന ആദ്യഘട്ട സൈന്യങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. പിന്നീടാണ് മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിൽ സൈനിക നീക്കം നടത്തുന്നത്.
ക്രി. 712-ലാണ് മുഹമ്മദ് ബിൻ ഖാസിമിന്റെ കുതിരപ്പട സിന്ധിന്റെ അതിർത്തി കടക്കുന്നത്. മുൽത്താനും ബലൂചിസ്ഥാനും ദൈബലും കീഴടക്കിയ അവർ രാജാ ദാഹിറിന്റെ രാഷ്ട്രത്തിൽ വിജയക്കൊടി നാട്ടി. അക്കാലത്ത് സിന്ധിൽ അധിവസിച്ചിരുന്ന മിയോ, ജാട്ട് വിഭാഗങ്ങളുമായാണ് മുഹമ്മദ് ബിൻ ഖാസിം ആദ്യം ഏറ്റുമുട്ടിയത്. അവരായിരുന്നല്ലോ അവിടെ കാലങ്ങളായി ജീവിച്ചുവന്നത്. എന്നാൽ,
തീരദേശങ്ങൾ കടന്ന് മുഹമ്മദ് ബിൻ ഖാസിം മുന്നോട്ട് പോയപ്പോൾ മിയോകളുടെ സമീപനം മാറി. ബുദിയയിലെ ഭരണാധികാരി കാക്കാ റാണ യുദ്ധത്തിന് നിൽക്കാതെ, മുഹമ്മദ് ബിൻ ഖാസിമിനെ സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് ബിൻ ഖാസിമാകട്ടെ കാക്കാ റാണയെ ഏറെ ആദരിക്കുകയും തന്റെ സമീപത്ത് ഇരുത്തുകയും ചെയ്തു. 'ഇന്ത്യയുടെ നായകൻ - അമീറെ ഹിന്ദ്' എന്നാണ് മുഹമ്മദ് ബിൻ ഖാസിം അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ജേതാവായി എത്തിയ മുഹമ്മദ് ബിൻ ഖാസിം തന്റെ സൈന്യത്തിന്റെ ഒരു കമാണ്ടറായി കാക്കാ റാണയെ വാഴിക്കുകയും ചെയ്തു. ഭാരതീയ പാരമ്പര്യത്തിൽ, പരാജിതർക്കുണ്ടാകുന്ന പൂർവാനുഭവങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായി, വിജിഗീഷുവായ മുഹമ്മദ് ബിൻ ഖാസിമിന്റെ ചൊല്ലും ചെയ്തികളും കാക്കാ റാണയെയും കൂട്ടരെയും ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന്, കാക്കാ റാണയുടെ നേതൃത്വത്തിൽ മേവ് സൈന്യം മുഴുവനായും ഇസ് ലാം സ്വീകരിക്കുകയായിരുന്നു. ബുധിയയുടെ ഭരണം കാക്കാ റാണയെ തന്നെ ഏൽപ്പിച്ച് മുഹമ്മദ് ബിൻ ഖാസിം മുന്നോട്ടു പോയി. ഉദാരത, മതസ്വാതന്ത്ര്യം, ജനാധിപത്യ മര്യാദകൾ തുടങ്ങി മുഹമ്മദ് ബിൻ ഖാസിമിന്റെ ഗുണങ്ങൾ ജനമനസ്സുകൾ കീഴടക്കുകയായിരുന്നു.
ഉമവി ഭരണാധികാരി ഉമർ ബിൻ അബ്ദിൽ അസീസ് ക്രി. 717 ൽ, ഇസ് ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് ഹിന്ദുസ്ഥാനിലെ പല രാജാക്കൻമാർക്കും കത്തുകൾ അയക്കുകയുണ്ടായി. അബൂ അബ്ദില്ല മുഹമ്മദ് മൻസൂരിന്റെ ഖിലാഫത്ത് കാലത്ത്, ക്രി. 738-ൽ, ആരവല്ലി താഴ്വരകളിൽ നേടിയ വിജയമാണ് മറ്റൊന്ന്. പിന്നീട്, ക്രി. 1002 വരെ മേവാത്തിനു മേൽ മറ്റൊരു പടയോട്ടവും ഉണ്ടായിട്ടില്ല. സിന്ധ് - മേവാത്ത് മേഖലകളിൽ പൊതുവിലും, മിയോജനതയിൽ വിശേഷിച്ചും വലിയൊരു വിഭാഗത്തിന്റെ ഇസ് ലാം സ്വീകരണമായിരുന്നു ഇതിന്റെ ഫലം.
മിയോകൾ മാത്രമല്ല, ജാട്ടുകളും അറബ് മുസ് ലിംകളുടെ കൂടെ നിന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കാക്കാ റാണ ജാട്ട് വിഭാഗത്തിൽപെട്ട ഭരണാധികാരിയായിരുന്നു. സിന്ധിലേക്ക് പ്രവേശിക്കുമ്പോൾ മുഹമ്മദ് ബിൻ ഖാസിമിന്റെ കൂടെ പതിനായിരമോ, പന്ത്രണ്ടായിരമോ വരുന്ന സൈന്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അദ്ദേഹം മുൽത്താനിലെത്തുമ്പോൾ സൈന്യത്തിന്റെ അംഗബലം അമ്പതിനായിരമായി വർധിച്ചിരുന്നു. ഈ സൈനികർ ആരായിരുന്നു? മേവുകളും ജാട്ടുകളും ഉൾപ്പെടെ വലിയൊരു വിഭാഗം അദ്ദേഹത്തിന്റെ പക്ഷത്തേക്ക് മാറിയിരുന്നു എന്നാണിതിനർഥം. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ജാതീയതയിൽനിന്നും രാജഭരണ രീതികളിൽനിന്നും വ്യത്യസ്തമായി പുതിയൊരു രാഷ്ട്രീയ-സാമൂഹിക അനുഭവമാണ് ഈ അറബ്-മുസ് ലിം സൈന്യം തദ്ദേശീയർക്ക് സമ്മാനിച്ചത്. ഇന്ത്യയിൽ ആദ്യമായി പലിശ രഹിത വായ്പ നൽകിയത് മുഹമ്മദ് ബിൻ ഖാസിം ആയിരുന്നുവെന്ന് എവിടെയോ വായിച്ചതോർക്കുന്നു. സിന്ധ് കീഴടക്കിയ ശേഷം പ്രഖ്യാപിച്ച പൊതുമാപ്പാണ് മറ്റൊരു സുപ്രധാന നീക്കം. നഗരാസൂത്രണങ്ങൾ അവിടവിടങ്ങളിലെ അമുസ് ലിം നേതാക്കൾക്ക് തന്നെ വിട്ടുകൊടുത്ത മുഹമ്മദ് ബിൻ ഖാസിം, ദേബലിലെ ഭരണം ഏൽപ്പിച്ചത് ഒരു പണ്ഡിറ്റിനെ തന്നെയായിരുന്നു. പിന്നീട്, മൗലാ ഇസ് ലാമീ, മൗലാ ഏ ദേബൽ എന്ന പേരിൽ അറിയപ്പെട്ടത് അദ്ദേഹമാണ്. ഇതെല്ലാം സിന്ധിലെ ജനതയെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി.
ഇന്‍ഡസിലെ അറേബ്യന്‍ ജനാധിപത്യത്തെ ഗോത്രങ്ങള്‍ ഒന്നടങ്കം ചെണ്ടയും മദ്ദളവും കൊട്ടിയാണ് സ്വീകരിച്ചത്. കാരണം, ഹിന്ദു രാജാക്കന്മാരാല്‍ അവര്‍ മർദിതരായിരുന്നു. ജാട്ടുകളും മീഡ്‌സ് ഗോത്രങ്ങളും അറബികള്‍ക്ക് സ്തുതി പാടി. തന്റെ പ്രജകള്‍ക്ക് ഖാസിം പൂര്‍ണ സ്വാതന്ത്ര്യവും ആരാധനാലയങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണവും ഉറപ്പാക്കി.
വിഖ്യാത ചരിത്രകാരൻ ലൈന്‍ പൂളിന്റെ വാക്കുകളിൽ ആ സാമൂഹികാനുഭവത്തിന്റെ വിവരണമുണ്ട്. ഇതിൽ പരാമർശിച്ച 'മീഡ്സ്' - മിയോ ജനതയാണ്. മിയോകളുടെയും സിന്ധ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെയും ജനങ്ങളുടെ വ്യാപകമായ ഇസ് ലാം സ്വീകരണത്തിന് വഴിതുറന്ന കാലവും കാരണവും ഏതാണെന്ന് ഇതിൽനിന്ന് വ്യക്തം. വാള് കാണിച്ച് ഭീഷണിപ്പെടുത്തി മുഹമ്മദ് ബിൻ ഖാസിം മതപരിവർത്തനം നടത്തിയതായിരുന്നെങ്കിൽ അദ്ദേഹത്തിന് മനുഷ്യ മനസ്സുകളെ ഇത്രമേൽ സ്വാധീനിക്കാനോ, തന്റെ ദൗത്യത്തിൽ വിജയിക്കാനോ കഴിയുമായിരുന്നില്ല. ആയുധവും അധികാരവുമായിരുന്നു കാരണമെങ്കിൽ, മുഹമ്മദ് ബിൻ ഖാസിം സിന്ധിൽ നിന്ന് മടങ്ങിയതോടെ, വലിയൊരു വിഭാഗവും പൂർവമതങ്ങളിലേക്ക് തിരിച്ചുപോകുമായിരുന്നല്ലോ.
പക്ഷേ, പിന്നീടുണ്ടായ നാനാതരം പ്രതിസന്ധികൾ മറികടന്ന് ഇസ് ലാമിൽ ഉറച്ചുനിൽക്കുന്ന ജനതയെ അല്ലേ ഇന്ത്യാ ചരിത്രത്തിൽ പിന്നീട് കാണാൻ കഴിഞ്ഞത്! l
(തുടരും)
Comments