കല്ലുവെട്ടുകുഴിയിൽ കുഞ്ഞബ്ദുല്ല ആയഞ്ചേരി
പരിചയപ്പെട്ടവരുടെയെല്ലാം മനം കവർന്ന് അവരുടെ ഹൃദയത്തിൽ തനിക്കായി ഒരിടം സൃഷ്ടിച്ചെടുത്ത അൽഭുതകരമായ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു ഈയിടെ വിടപറഞ്ഞ ആയഞ്ചേരി കല്ലുവെട്ടു കുഴിൽ കുഞ്ഞബ്ദുല്ല. ആയഞ്ചേരിയാണ് എന്ന് പറയുമ്പോൾ പലരും അദ്ദേഹത്തെപ്പറ്റി അന്വേഷിക്കാറുണ്ട്. സാധാരണക്കാരനാണെങ്കിലും പല വിഷയങ്ങളിലും നല്ല അറിവുണ്ടായിരുന്നു. സംസാരിച്ചിരുന്നാൽ നേരം പോകുന്നത് അറിയുകയില്ല. ഓരോ സംസാരത്തിലും പുതിയ എന്തെങ്കിലും അറിവ് ലഭിക്കും. ഒപ്പം ഒരു പോസിറ്റീവ് എനർജിയും അദ്ദേഹം പകർന്നുനൽകും. തനിക്ക് വിയോജിപ്പുള്ള വിഷയങ്ങളിൽ പോലും അഭിപ്രായമറിയിക്കുമ്പോൾ എതിർ കക്ഷിയെ മുഷിപ്പിക്കുകയില്ല.
പ്രായമായി നടക്കാൻ പ്രയാസപ്പെട്ട് വീട്ടിലിരിക്കുമ്പോഴും പുതിയ പല കച്ചവടങ്ങളും മറ്റുമൊക്കെ ഫോണിലൂടെ നടത്താനും ശ്രമിച്ചിട്ടുണ്ട്. എല്ലാം ഒഴിവാക്കി ഒന്ന് വിശ്രമിക്കട്ടെ എന്ന് തീരുമാനിച്ചില്ല. അവസാനം വരെ ചുറുചുറുക്കോടെ പിടിച്ചുനിന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പത്തോളം ഹോട്ടലുകൾ നടത്തിയിട്ടുണ്ട്. നല്ല ഭക്ഷണം കഴിക്കണം എന്ന് മാത്രമല്ല, നാട്ടുകാരെ നല്ലത് കഴിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ഹോട്ടൽ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. ഒരുപാട് പേരെ ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവന്നു.
നല്ല വായനാ പ്രിയനുമായിരുന്നു. പ്രബോധനം മുഴുവൻ വായിക്കും. ഏതെങ്കിലും സ്പെഷൽ പതിപ്പോ മറ്റോ ലഭിക്കാതായാൽ അത് പ്രത്യേകം താൽപര്യമെടുത്ത് സംഘടിപ്പിക്കും. പണ്ഡിതന്മാരുമായും നേതാക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു പോന്നു. പ്രയാസപ്പെടുന്ന പലർക്കും അദ്ദേഹം അത്താണിയായിരുന്നു എന്ന കാര്യം മരിച്ചപ്പോൾ മാത്രമാണ് അറിഞ്ഞുതുടങ്ങുന്നത്. ഒന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. കുടുംബത്തിലും നാട്ടിലും ബന്ധങ്ങൾ കൂട്ടിയിണക്കുന്നതിന് പ്രത്യേകം താൽപര്യമെടുത്തു. സംഘടനാ തർക്കങ്ങളിൽ ഏറെ അസ്വസ്ഥനായിരുന്നു. ഓർമവെക്കുന്ന പ്രായത്തിൽ തന്നെ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ഒറ്റയാനായി പോരാടി ജീവിതത്തിൽ ഒരുപാട് നല്ല അടയാളങ്ങൾ രേഖപ്പെടുത്തി വിടപറഞ്ഞ അദ്ദേഹം എന്റെ മൂത്താപ്പ കൂടിയായിരുന്നു.
Comments