Prabodhanm Weekly

Pages

Search

2023 ഡിസംബർ 29

3333

1445 ജമാദുൽ ആഖിർ 16

ശീഇസവും ഹമാസും കേരളത്തിലെ തീവ്ര സലഫിസവും

എ.ആർ

ഫലസ്ത്വീനിലെ അവസാനത്തെ കുഞ്ഞ് മരിച്ചുവീണാലും, ജൂതന്‍ ഖുദ്‌സില്‍ കയറി കളിച്ചാലും ഖുദ്‌സിന്റെ മിഹ്റാബ് ശിയാക്കളുടെയും ഇറാന്റെയും ഹമാസിന്റെയും കൈയില്‍ വന്നുകൂടാ എന്ന് പ്രസംഗിച്ചിരിക്കുന്നു മുജാഹിദ് പണ്ഡിതന്‍ ചുഴലി അബ്ദുല്ല മൗലവി. ഇതുണ്ടാക്കിയ കോലാഹലം എടുത്തുപറയേണ്ടതില്ല. വെറുപ്പും വിദ്വേഷവും മൂര്‍ഛിച്ചാല്‍ എത്രത്തോളം പോകാമെന്നതിന്റെ നേര്‍ സാക്ഷ്യമാണ് സലഫി പണ്ഡിതന്റെ അലറല്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കേട്ടവര്‍ക്ക് പത്രത്തില്‍നിന്നുദ്ധരിച്ച ഈ വരികള്‍ വെറും പച്ചവെള്ളമായേ തോന്നൂ. സ്വാഭാവികമായും അത് മുജാഹിദ് പ്രവര്‍ത്തകരിലുള്‍പ്പെടെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. അന്നേരമാണ് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഒരു പ്രതികരണ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്: 'ഇസ്രായേല്‍ അധിനിവേശത്തെയും ഭീകരതയെയും ശക്തമായി എതിര്‍ക്കുകയും ഫലസ്ത്വീനികള്‍ക്കൊപ്പം നില്‍ക്കുകയുമെന്ന കാലങ്ങളായുള്ള സംഘടനയുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. ഇതിന് വിരുദ്ധമായി ചില പ്രഭാഷകരില്‍നിന്നുണ്ടായ പരാമര്‍ശങ്ങള്‍ സംഘടനയുടെ നിലപാടല്ല. അതിനോട് വിയോജിക്കുന്നു' എന്ന് വ്യക്തമാക്കിയ മദനി, ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കണമെന്ന് അനുയായികളെ ഉണര്‍ത്തിയിട്ടുമുണ്ട്. പ്രസിഡന്റിന്റെ വിശദീകരണം കേരളത്തിലെ സലഫി പ്രസ്ഥാനത്തില്‍ ഏറ്റവും പ്രബലമായ വിഭാഗത്തിന്റെ ഔദ്യോഗിക നിലപാട് എന്ന നിലയില്‍ പൊതുവെ സ്വാഗതം ചെയ്യപ്പെടുമെന്നാണ് കരുതേണ്ടത്. അതേസമയം കെ.എന്‍.എമ്മിന്റെ തന്നെ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മജീദ് സ്വലാഹിയുടെ വീക്ഷണം സംഘടനയുടെ ഔദ്യോഗിക നിലപാടിനോട് പൊരുത്തപ്പെടുന്നതാണോ എന്ന് ന്യായമായി സംശയിക്കാം. കാരണം, ഹമാസിനെ കടുത്ത തീവ്രവാദികളായും ഭീകരരായും ചിത്രീകരിക്കുന്ന സ്വലാഹി ഇഖ് വാനുല്‍ മുസ് ലിമൂനെയും തള്ളിപ്പറയുന്ന പതിവുകാരനാണ്. 'വിചിന്തന'ത്തിലൂടെ പുറത്ത് വരുന്ന സ്വലാഹിയുടെ നിരീക്ഷണങ്ങള്‍ അള്‍ട്രാ സെക്യുലരിസ്റ്റുകളുടെ വീക്ഷണവും ശൈലിയും സ്വാംശീകരിച്ചുകൊണ്ടുള്ളതുമാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ തീവ്രതയോട് തികഞ്ഞ സഹിഷ്ണുതയും മൃദു സമീപനവും അദ്ദേഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ കേവലം വ്യക്തിപരമാണെന്ന് കരുതാനും വയ്യല്ലോ.

സുന്നി മദ്ഹബുകളെപ്പോലെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചാരവും സ്വാധീനവും നേടിയ ദൈവശാസ്ത്ര-കര്‍മശാസ്ത്ര ധാരയാണ് സലഫിസവും. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ് ഇസ് ലാമിന്റെ മൂലപ്രമാണങ്ങളെന്നിരിക്കെ പണ്ഡിതന്മാര്‍ എത്ര പ്രഗത്ഭരായാലും അവരുടെ ചിന്തകള്‍ക്ക് പ്രാമാണികതയില്ലെന്നതാണ് സലഫികളുടെ സാമാന്യ നിലപാട്. അതേയവസരത്തില്‍ ശൈഖുല്‍ ഇസ് ലാം അഹ്്മദ് ഇബ്‌നു തൈമിയ്യ(ചരമം ഹി. 728) യെ പോലുള്ള സലഫി വിചാരധാരയുടെ പ്രണേതാക്കള്‍ തങ്ങളുടെ നിലപാടുകളില്‍ പുലര്‍ത്തിയ സൂക്ഷ്മതയും മിതത്വവും പിന്‍ഗാമികളായ പലരിലും ഗ്രൂപ്പുകളിലും കാണ്മാനില്ല എന്നതും വസ്തുതയാണ്. സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും വിശ്വാസപരമായ വ്യതിചലനങ്ങള്‍ക്കുമെതിരെ ശക്തിയുക്തം തൂലികയേന്തിയ ഇബ്‌നു തൈമിയ്യ വിധി പുറപ്പെടുവിക്കുന്നതില്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തുകയുണ്ടായി എന്ന് അദ്ദേഹത്തിന്റെ 300-ല്‍ അധികം ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഉദാഹരണത്തിന്, അഹ്്ലുസ്സുന്നയോട് മൗലികമായിത്തന്നെ വിയോജിക്കുന്ന ശീഈ വിഭാഗം അഹ് ലുസ്സുന്നക്ക് പുറത്താണെന്ന് വിധിയെഴുതിയ ഇമാം ഇബ്‌നു തൈമിയ്യ അവര്‍ ഇസ് ലാമിന്റെ പുറത്താണെന്ന് ഒരിക്കലും വിധിക്കുകയുണ്ടായില്ല. പ്രത്യേകിച്ച്, ഇമാമിയ്യ വിഭാഗത്തെയും സൈദികളെയും ഇസ് ലാമില്‍നിന്ന് പുറന്തള്ളാവുന്ന ഒരു ന്യായവും മുന്‍ഗാമികളായ സലഫികള്‍ അംഗീകരിച്ചിട്ടില്ല. അലവികള്‍, ഇസ്മാഈലികള്‍ തുടങ്ങിയ വിഭാഗങ്ങളെ മാത്രമാണ് അവര്‍ പുറത്ത് നിര്‍ത്തിയത്. വിപ്ലവാനന്തര ഇറാനും സുഊദി അറേബ്യന്‍ ഭരണാധികാരികളും തമ്മിലിടഞ്ഞപ്പോള്‍ സുഊദിയുടെ മതപരമായ നേതൃത്വം കുത്തകയാക്കിവെച്ചിരുന്ന സലഫി സഭകളും പണ്ഡിതന്മാരും ശീഇസത്തിന് നേരെ ആത്യന്തിക നിലപാട് സ്വീകരിച്ചതാണ് ഒടുവിലത്തെ മാറ്റം. അത് സ്വാഭാവികമായും സുഊദി സലഫികളുടെ വീക്ഷണവും നിലപാടും പങ്കിടുന്ന കേരള സലഫികളിലും പ്രതിഫലിച്ചു. ഒപ്പം തന്നെ കേരളത്തിലെ സലഫി സംഘടനയില്‍ അത് പിളര്‍പ്പിനും വഴിയൊരുക്കി.

ഇപ്പോള്‍ ചുരുങ്ങിയത് നാല് ഗ്രൂപ്പുകളെങ്കിലുമുണ്ട് കേരളത്തിലെ മുജാഹിദുകളില്‍. പ്രഥമ കൂട്ടായ്മയായ കെ.എന്‍.എമ്മില്‍ പോലുമുണ്ട് വീക്ഷണ വൈരുധ്യങ്ങള്‍ എന്നാണ് ഒടുവിലത്തെ ചില പ്രസംഗങ്ങളും പ്രസ്താവനകളും തെളിയിക്കുന്നത്. അതേസമയം ശീഈ വംശജനായ മുസ് ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ ദീര്‍ഘായുസ്സിന് വേണ്ടി ഔദ്യോഗിക പ്രമേയത്തിലൂടെ പ്രാര്‍ഥിച്ച കേരളത്തിലെ ആധികാരിക സലഫി പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പിന്‍ഗാമിത്വം അവകാശപ്പെടുന്നവരാണ് ഇവരെന്നോര്‍ക്കണം.

ഫലസ്ത്വീന്‍ എന്ന അറബി ഭൂമി തീര്‍ത്തും അക്രമപരമായും അന്യായമായും കൈയടക്കി, 1967-ലെ യുദ്ധത്തെ തുടര്‍ന്ന് ജോര്‍ദാന്റെയും ഈജിപ്തിന്റെയും ഭാഗങ്ങളായിരുന്ന പ്രദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു, യു.എന്‍ പ്രമാണങ്ങളെയും പ്രമേയങ്ങളെയും കാറ്റില്‍ പറത്തി ജൂതായിസത്തെ സ്റ്റേറ്റ് മതമായംഗീകരിച്ച ഇസ്രയേലിന്റെ കൊടിയ ധിക്കാരത്തിനെതിരെ, അതിജീവനത്തിനായി ജീവന്‍ പണയപ്പെടുത്തി പൊരുതുന്ന ഒരു പ്രസ്ഥാനത്തെ ജൂതന്മാരെക്കാള്‍ വെറുക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമായി മുദ്രകുത്തണമെങ്കില്‍ മതവിഭാഗീയതാ ഭ്രാന്ത് സകല സീമകളും ഉല്ലംഘിക്കണം.

ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനമായ പി.എല്‍.ഒയും അതിന്റെ നേതാവ് യാസിര്‍ അറഫാത്തും രംഗത്തിറങ്ങിയത് തന്നെ സായുധ പോരാട്ടവുമായാണ്. അയല്‍ അറബ് രാജ്യങ്ങളുടെ നിസ്സഹായ നിലപാടില്‍ മനം നൊന്തു, അവരും അമേരിക്കയും ചേര്‍ന്നൊരുക്കിയ സമാധാനക്കരാറുകളില്‍ അറഫാത്ത് ഒപ്പിടേണ്ടി വരികയായിരുന്നു. അടിയറവ് കരാറുകള്‍ക്ക് പോലും ജൂതരാഷ്ട്രം തരിമ്പും വിലകല്‍പിക്കുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് ഇഖ്്വാനുല്‍ മുസ് ലിമൂന്റെ തന്നെ വകഭേദമായ ഹമാസ് 1987-ൽ രംഗത്ത് വരേണ്ടിവന്നത്. ഇഖ് വാനുല്‍ മുസ് ലിമൂനെ കൂട്ടുപിടിച്ചാണ് 1952-ല്‍ ഈജിപ്തിനെ ബ്രിട്ടീഷ് പാവ മാത്രമായ ഫാറൂഖ് രാജാവില്‍നിന്ന് ജമാല്‍ അബ്ദുന്നാസിറും സൈന്യവും മോചിപ്പിച്ചതെന്നോര്‍ക്കണം. 1956-ല്‍ അബ്ദുന്നാസിര്‍ സര്‍ക്കാറിന്റെ സൂയസ് കനാല്‍ ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഈജിപ്തിനെ ആക്രമിച്ചപ്പോള്‍ ഒപ്പം നിന്നത് ഇസ്രായേലാണ്; നാസിറിനെ പിന്തുണച്ചത് ഇഖ് വാനും. 1973-ല്‍ ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ഇസ്രായേലിന്റെ പിടിയില്‍നിന്ന് സീനാ മരുഭൂമിയും ഗസ്സ മുനമ്പും മോചിപ്പിക്കാന്‍ സൈനിക നീക്കം നടത്തിയപ്പോള്‍ സംഘടനയുടെ പേരിലുള്ള നിയന്ത്രണം വകവെക്കാതെ സാദാത്തിന് പൂര്‍ണ സഹകരണം നല്‍കിയ ചരിത്രവും ഇഖ് വാനുണ്ട്. ഏറ്റവുമൊടുവില്‍ അറബ് വസന്തത്തെ തുടര്‍ന്ന് ആജീവനാന്ത പ്രസിഡന്റ് ഹുസ്‌നി മുബാറക് സ്ഥാനമൊഴിയേണ്ടി വന്നപ്പോൾ, ജനാധിപത്യ പുനഃസ്ഥാപനത്തിന് വഴിയൊരുക്കിക്കൊണ്ട് നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്നാമത്തെ കക്ഷിയായി ശക്തിതെളിയിച്ചത് ഇഖ് വാന്റെ രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത് സലഫി പാര്‍ട്ടിയായ അന്നൂറും. മുര്‍സി അധികാരത്തിലേറിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ബന്ദിയായി പിടിച്ച ഗസ്സയിലേക്ക് റഫാ അതിര്‍ത്തിയിലൂടെ വെള്ളവും വെളിച്ചവും ഭക്ഷണവും മറ്റു അവശ്യ സൗകര്യങ്ങളും സുഗമമായി ലഭിച്ചുതുടങ്ങിയത്. അതോടെ പ്രകോപിതരായ ഇസ്രായേല്‍ ഈജിപ്തിലെ ജനകീയ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. ഇതിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭിച്ചപ്പോള്‍ പട്ടാള മേധാവി അബ്ദുല്‍ ഫത്താഹ് സീസി മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്തു, ബ്രദര്‍ഹുഡ്ഡിനെയും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയെയും നിരോധിച്ചു. ഈജിപ്ത് ഒരിക്കല്‍ കൂടി സൈനിക ബൂട്ടുകളില്‍ അമര്‍ന്നു. ഇസ് ലാമിന്റെ ഗന്ധമെങ്കിലുമുള്ള ഏത് പാര്‍ട്ടി, എത്ര ജനപിന്തുണയോടെ അധികാരത്തിലേറിയാലും അത് ജനാധിപത്യപരമല്ല! അവരെ ചവിട്ടി മെതിച്ചു ഭരണം പിടിച്ചെടുത്ത പട്ടാളം  എത്ര തേര്‍വാഴ്ച നടത്തിയാലും അത് മതേതരത്വത്തിന്റെ വിജയം!
തീവ്രവാദവും ഭീകരതയും, ആർ, എന്തിന്റെ പേരില്‍ വെച്ചുപുലർത്തിയാലും അതംഗീകരിക്കാനോ ന്യായീകരിക്കാനോ സാധ്യമല്ല. അതുകൊണ്ടാണല്ലോ ഐ.എസ്.ഐ.എസ് എന്ന പേരില്‍ ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സലഫി ഗ്രൂപ്പിനെ ലോകമാകെ തള്ളിപ്പറയുന്നത്. അതേസമയം ഇപ്പോള്‍ ചിലര്‍ തീവ്രവാദവും ഭീകരതയും പതിച്ചുനല്‍കുന്ന ഹമാസ് ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ 132 സീറ്റുകളില്‍ 74-ലും (57.6 ശതമാനം) വിജയിച്ചു മുഖ്യ പ്രതിയോഗി ഫതഹ് പാര്‍ട്ടിയെ തോൽപിച്ചുവിട്ടതാണ് ചരിത്രം. 2004-ല്‍ വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ നഗരമായ നാബുലുസില്‍ പ്രാദേശിക സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് 73 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മതേതര ലോകം അംഗീകരിക്കുന്ന മഹ് മൂദ് അബ്ബാസിന്റെ ഫതഹിന് ലഭിച്ചത് വെറും 13 ശതമാനമായിരുന്നുവെന്നത് മറക്കരുത്. അതായത്, ഗസ്സയില്‍ മാത്രമല്ല വെസ്റ്റ് ബാങ്കിലും ജനസമ്മതിയും സ്വീകാര്യതയും നേടിയ പ്രസ്ഥാനം ഹമാസാണ്. യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോള്‍ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളിലും ഹമാസിനെയാണ് ഫലസ്ത്വീനികളില്‍ ഭൂരിപക്ഷവും പിന്താങ്ങുന്നത് എന്നാണ് വ്യക്തമായത്. ഇതിനര്‍ഥം 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേല്‍ സൈന്യത്തിന് നേരെ നടത്തിയ ആക്രമണത്തെ ഭീകരാക്രമണമായി ഫലസ്ത്വീന്‍ ജനത കാണുന്നില്ല; മറിച്ച് ഒരു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള ഫലസ്ത്വീന്റെ ജന്മാവകാശത്തെ സയണിസ്റ്റ് രാഷ്ട്രവും അമേരിക്കയും നിര്‍ദാക്ഷിണ്യം കുഴിച്ചുമൂടാനുള്ള സമസ്ത ഗൂഢാലോചനകളും അതിന്റെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവെ നടത്തേണ്ടിവന്ന പ്രതിരോധാക്രമണമായി അവര്‍ കാണുന്നു. ഒന്നുകില്‍ അന്തസ്സോടെയുള്ള ജീവിതം, അല്ലെങ്കില്‍ ധീരമായ രക്തസാക്ഷിത്വം എന്ന് തീരുമാനിച്ചാണ് ഹമാസ് മതിയായ മുന്നൊരുക്കങ്ങളോടെ, വിശ്വോത്തരമെന്ന് ഘോഷിക്കപ്പെടുന്ന യു.എസ്-ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരിയ സൂചനപോലും ലഭിക്കാത്തവിധം ആസൂത്രിതമായി ആക്രമണം ആരംഭിച്ചത്. ഫലസ്ത്വീന് സമ്പൂര്‍ണ രാഷ്ട്രപദവി നല്‍കാതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് ലോകത്തെ മുഴുവന്‍ അംഗീകരിപ്പിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയിലെ നാലില്‍ മൂന്ന് ഭാഗം അംഗരാഷ്ട്രങ്ങളും യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തതോടെ, ഹമാസിനെ നിശ്ശേഷം തുടച്ചുനീക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന് നിരന്തരം ആക്രോശിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്റെ പിടിവാശിയോടൊപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് പോലും സാധ്യമല്ലെന്ന് വ്യക്തമായിരിക്കുന്നു. സ്വന്തം രാജ്യത്താവട്ടെ നെതന്യാഹു രാജിവെക്കണമെന്ന മുറവിളിയും ശക്തിപ്പെടുന്നു. ഇത്തരമൊരു ചരിത്ര സന്ധിയില്‍ മുസ് ലിം ലോകത്തിന്റെ മൂന്നാമത്തെ പുണ്യതീര്‍ഥാടന കേന്ദ്രമായ ഖുദുസില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഇറാനും ശിയാക്കളും കൂടി ഒപ്പിച്ചെടുത്ത ഗൂഢാലോചനയാണീ പോരാട്ടമെന്ന് ഇല്‍ഹാമുണ്ടാവുന്ന സലഫിയോ സുന്നിയോ ആരായാലും അവരെ ചികിത്സിക്കുകയാണ് കരണീയം. ലോകത്ത് ആരുടെയും പിന്തുണയോ സഹായമോ കൂടാതെ പ്രഖ്യാപിത ശത്രുവിനെതിരെ പടക്കളത്തിലിറങ്ങേണ്ടി വന്ന ഹമാസിന് ഇറാനില്‍നിന്നോ ചൈനയില്‍നിന്നോ റഷ്യയില്‍നിന്നോ വെറും പിച്ചാത്തി സഹായമായി ലഭിച്ചാലും സ്വീകരിച്ചെന്നിരിക്കും. അതൊക്കെ ഖുദ്‌സ് ജൂതന്മാരെ ഏല്‍പിച്ചാലും, ശിയാക്കളെയും ഹമാസിനെയും ഏല്‍പിക്കരുതെന്ന് വിളിച്ചുകൂവാന്‍ ന്യായമാക്കുന്നവരെ എന്ത് ചെയ്യണമെന്ന് സ്വന്തം സംഘടനാ നേതൃത്വം തന്നെ തീരുമാനിക്കട്ടെ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 16-18
ടി.കെ ഉബൈദ്

ഹദീസ്‌

നരകം നിഷിദ്ധമാക്കപ്പെട്ടവർ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്