Prabodhanm Weekly

Pages

Search

2023 ഡിസംബർ 29

3333

1445 ജമാദുൽ ആഖിർ 16

നരകം നിഷിദ്ധമാക്കപ്പെട്ടവർ

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه قال : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَنْ شَهِدَ أَنْ لَا إِلَهَ إِلَّا اللَّهُ ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ حَرَّمَ اللَّهُ عَلَيْهِ النَّارَ (مسلم)

ഉബാദതുബ്്നുസ്സാമിതി(റ)ൽനിന്ന്.  അല്ലാഹുവിന്റെ റസൂൽ (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവല്ലാതെ ഇലാഹില്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷൃം വഹിച്ചാൽ അല്ലാഹു അവന് നരകം നിഷിദ്ധമാക്കും" (മുസ്്ലിം).

ഹദീസിന്റെ ആമുഖമായി അബ്ദുർറഹ്മാനിബ്്നു ഉസൈലത അസ്സുനാബിഹിയ്യു പറയുന്നു: "ഉബാദതുബ്്നുസ്സാമിത് (റ) മരണശയ്യയിലായിരിക്കെ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. അപ്പോളദ്ദേഹം ചോദിച്ചു: "നീ എന്തിനാണ് കരയുന്നത്? അല്ലാഹുവാണ, എന്നോട് സാക്ഷി പറയാനാവശ്യപ്പെട്ടാൽ ഞാൻ നിനക്കനുകൂലമായി സാക്ഷി പറയും. അനുവാദം നൽകിയാൽ ഞാൻ നിനക്കനുകൂലമായി ശിപാർശ ചെയ്യും. സാധ്യമാവുന്നത്ര  നന്മകൾ നിനക്ക് ഞാൻ ചെയ്യും." പിന്നെ ഉബാദ പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ (സ)യിൽനിന്ന് കേട്ട എല്ലാ ഹദീസുകളും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒരു ഹദീസൊഴികെ. ഇന്ന് ഞാൻ അതു കൂടി നിങ്ങളോട് പറയുകയാണ്. എന്റെ മരണം ആസന്നമായിരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവല്ലാതെ ഇലാഹില്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിച്ചാൽ അല്ലാഹു അവന് നരകം നിഷിദ്ധമാക്കും" (മുസ്്ലിം).

ഹദീസിലെ 'ശഹിദ' (സാക്ഷൃം വഹിച്ചു) എന്നാൽ ജീവിതം മുഴുവൻ ഈ ആദർശത്തിന് സമർപ്പിച്ചു എന്നാണ്. ഇബ്്നു ബാസ് (റ) എഴുതുന്നു:

" ഹദീസിൽ പറയുന്ന രണ്ട് ശഹാദത്തുകളും / സാക്ഷ്യങ്ങളും സ്വീകരിക്കപ്പെടുന്നതിന് മൂന്ന് നിബന്ധനകളുണ്ട്:

1) സത്യസന്ധത (الصدق).
2) ദൃഢവിശ്വാസം (اليقين).
3) പ്രവർത്തനം (والعمل بمُقتضاهما).

അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്ന, ദീനിനെ അധിക്ഷേപിക്കുന്ന, അല്ലാഹു നിർബന്ധമാക്കിയതിനെ ഉപേക്ഷിക്കുന്ന, അല്ലാഹു വിലക്കിയത് പ്രവർത്തിക്കുന്ന ഒരാൾക്കും   ഈ സാക്ഷ്യം ഒരുപകാരവും ചെയ്യുകയില്ല. മുനാഫിഖുകൾ ശഹാദത്ത് ഉച്ചരിക്കുന്നുണ്ടെങ്കിലും അവർ നരകത്തിന്റെ അടിത്തട്ടിലാണ്."
(https://binbaz.org.sa/audios/1770/)

വിശുദ്ധ ഖുർആനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:
"അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് അതിമഹത്തായ വിജയം" (4: 13).

നബി (സ) പറഞ്ഞു: ''എന്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കും. നിരസിച്ചവരൊഴികെ." അവർ ചോദിച്ചു: "ആരാണ് നിരസിച്ചവർ"?
''എന്നെ അനുസരിച്ചവൻ സ്വർഗത്തിൽ പ്രവേശിക്കും. എന്നെ ധിക്കരിച്ചവൻ എന്നെ നിരസിച്ചവനാണ്" (ബുഖാരി).

നരകത്തിൽനിന്ന് രക്ഷപ്പെട്ട് സ്വർഗത്തിൽ പ്രവേശനം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത അല്ലാഹുവിനെയും റസൂലിനെയും പൂർണമായി അനുസരിക്കലാണ്. ചില പുണ്യകർമങ്ങൾ ചെയ്താലും നരക മോചനം ലഭിക്കുമെന്ന് ഹദീസുകളിൽ കാണാം. ആ സൽക്കർമങ്ങൾ ചെയ്യാനുള്ള പ്രചോദനം നൽകുകയാണ് അവയുടെ ഉദ്ദേശ്യം.

അത്തരം ഹദീസുകളിൽ ചിലത് : 

ഒന്ന്: സൽസ്വഭാവികൾ.
"നരകം നിഷിദ്ധമാവുന്നവരെക്കുറിച്ച് ഞാൻ നിങ്ങളെ അറിയിച്ചു തരട്ടെ? വിനയവും സഹനവും നല്ല പെരുമാറ്റവുമുള്ളവർ" (തിർമിദി).
രണ്ട്: അല്ലാഹുവിന്റെ മാർഗത്തിൽ പൊടി പുരണ്ടവർ.
"ആരുടെയെങ്കിലും പാദങ്ങളിൽ അല്ലാഹുവിന്റെ മാർഗത്തിലെ പൊടി പുരണ്ടാൽ അല്ലാഹു അവന് നരകം നിഷിദ്ധമാക്കും" (ബുഖാരി).
മൂന്ന്: നമസ്കാരം.
''സുജൂദിന്റെ അടയാളങ്ങളെ തിന്നുന്നത് നരകത്തിന് നാം നിഷിദ്ധമാക്കിയിരിക്കുന്നു" (ബുഖാരി, മുസ്‌ലിം).
നാല്: മരണസമയത്ത് അല്ലാഹുവിനെ മാത്രം സ്മരിക്കുക.
"മരണസമയത്ത് തൗഹീദിന്റെ വചനങ്ങൾ ചൊല്ലാൻ സൗഭാഗ്യം സിദ്ധിച്ചവനെ നരകം സ്പർശിക്കുകയില്ല" (തിർമിദി).
അഞ്ച്: കണ്ണുകളെ നിയന്ത്രിക്കുക.
"മൂന്ന് കണ്ണുകൾ നരകത്തെ കാണുകയില്ല. അല്ലാഹുവിന്റെ മാർഗത്തിൽ കാവലിരുന്ന കണ്ണ്. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണ്. അല്ലാഹു നിഷിദ്ധമാക്കിയവയിൽനിന്ന് താഴ്ത്തിയ കണ്ണ്" (തിർമിദി).
ആറ്: സന്താനങ്ങൾ നഷ്ടപ്പെട്ടതിൽ ക്ഷമിക്കുന്നവൻ.
"മൂന്ന് സന്താനങ്ങൾ മരണപ്പെട്ടിട്ടും ക്ഷമ അവലംബിക്കുന്ന മുസ്‌ലിമിനെ അൽപ്പസമയം പോലും നരകം സ്പർശിക്കുകയില്ല" (തിർമിദി).
ഏഴ്: ളുഹ്റിന് മുമ്പും ശേഷവുമുള്ള നാല്  റക്അത്ത് നമസ്കരിച്ചവർ.
"ആരെങ്കിലും ളുഹ്റിന് മുമ്പും ശേഷവുമുള്ള നാല്  റക്അത്ത് പതിവാക്കിയാൽ നാമവന് നരകം നിഷിദ്ധമാക്കും" (അബൂ ദാവൂദ്). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 16-18
ടി.കെ ഉബൈദ്

ഹദീസ്‌

നരകം നിഷിദ്ധമാക്കപ്പെട്ടവർ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്