ഗവേഷണ പാതയിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയ്യ
ശാന്തപുരം അൽ ജാമിഅക്ക് രണ്ടു ചരിത്ര ഘട്ടങ്ങളുണ്ട്. ഉന്നത ദീനീ വിദ്യാഭ്യാസത്തിനായി കേരള മുസ്‌ലിംകള്‍ വെല്ലൂരിലെ ബാഖിയാത്തുസ്സ്വാലിഹാത്ത് പോലുള്ള സ്ഥാപനങ്ങളിലേക്ക് പോയിരുന്ന കാലത്ത്, ഇസ്സുദ്ദീന്‍ മൗലവി മുന്നോട്ടുവെച്ച സ്വപ്നമാണ് മലബാര്‍ ബാഖിയത്തുസ്സ്വാലിഹാത്ത് എന്ന ഉന്നത കലാലയം. ആ സ്ഥാപനം പടുത്തുയര്‍ത്താന്‍ ശാന്തപുരമാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. തന്റെ സ്വപ്നം ശാന്തപുരം ഇസ്‌ലാമിയ്യ കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ എ.കെ അബ്ദുൽ ഖാദിര്‍ മൗലവിക്ക് അദ്ദേഹം കൈമാറിയിരിക്കാം. കോളേജ് ലൈബ്രറിയിലേക്ക് ആദ്യമായി ലഭിച്ച പുസ്തകത്തിന്റെ ആദ്യ പേജില്‍തന്നെ എ.കെ ആ സ്വപ്നം ഇങ്ങനെ എഴുതിവെച്ചു: ''മൗഖൂഫുന്‍ ഫീ അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ.'' പൂര്‍വികര്‍ സ്വപ്നം കണ്ട ഈ കാലമാണ് അൽ ജാമിഅയുടെ ആദ്യഘട്ടം.
2000 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. എണ്‍പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ഇസ്‌ലാമിക പ്രസ്ഥാന വൃത്തത്തില്‍, പ്രത്യേകിച്ച് അതിലെ പണ്ഡിതരും അക്കാദമീഷ്യരുമൊക്കെ ഒരുമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ വന്നുകൊണ്ടിരുന്ന ഒരു ചര്‍ച്ചയുണ്ടായിരുന്നു. നമുക്ക് കരുത്തരായ ഇസ്‌ലാമിക പണ്ഡിതരെ വളര്‍ത്തിയെടുക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള ഒരു സ്ഥാപനം വേണമെന്നതായിരുന്നു ആ ചര്‍ച്ചയുടെ മര്‍മം. ഇത് ഏറ്റവും ശക്തമായി ജമാഅത്ത് വൃത്തത്തില്‍ പറഞ്ഞുകൊണ്ടിരുന്നത് ഉസ്താദ് കെ. മൊയ്തു മൗലവിയായിരുന്നു. 1997-ൽ ഞാന്‍ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പലായപ്പോള്‍ അവിടെ ഉസ്താദായി എത്തിയിരുന്ന മൊയ്തു മൗലവി അപ്പോഴും അതു പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം തന്നെയാണ് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടിരുന്ന ആശയങ്ങള്‍ ജമാഅത്ത് കേരള ശൂറയുടെ ശ്രദ്ധയിൽ കൊണ്ടു വന്നതും.
ആശയം നേരത്തെയുള്ളതായതിനാല്‍ പ്രായോഗിക രൂപം നിർദേശിക്കപ്പെട്ടപ്പോള്‍ ശൂറ പെട്ടെന്ന് തന്നെ ഐകകണ്ഠ്യേന അത് അംഗീകരിക്കുകയായിരുന്നു. അന്നത്തെ കേരള അമീർ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് വലിയ ഉത്തേജനവും പ്രോത്സാഹനവും നൽകി. വി.കെ അലി സാഹിബിനെ മുദീറുല്‍ ജാമിഅയായും എന്നെ വകീലുൽ ജാമിഅയായും നിയമിച്ചു.
2003-ലാണ് അല്‍ ജാമിഅ പ്രഖ്യാപന സമ്മേളനം നടന്നത്. അന്നത് കേരളത്തിന്റെ അക്കാദമിക ഉത്സവം തന്നെയായിരുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ സാന്നിധ്യം തന്നെയായിരുന്നു അതിന്റെ പ്രത്യേകത. ശാരീരിക അവശത ഉള്ളതിനാൽ വീല്‍ചെയറിലാണ് അദ്ദേഹം വന്നത്. എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണുന്ന അദ്ദേഹം ജാമിഅയെ ഒരു അന്താരാഷ്ട്ര സര്‍വകലാശാലയായി വളര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിന് ജാമിഅയുടെ പിന്നീടുള്ള വളര്‍ച്ചയില്‍ വലിയ പങ്കുണ്ടായിരുന്നു. അല്‍ ജാമിഅയുടെ ഇതുവരെയുള്ള വിജയത്തിനു കാരണം നിസ്സംശയം പറയാം, ടീം വര്‍ക്കാണ്. ജമാഅത്തെ ഇസ് ലാമി നേതൃത്വം മുതല്‍ സാധാരണ പ്രവര്‍ത്തകർ വരെ അല്‍ ജാമിഅയെ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തി വലുതാക്കുകയായിരുന്നു. അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഒരു കുടുംബമായി നിലകൊണ്ടു.
വിദ്യാര്‍ഥികളുടെ വൈജ്ഞാനിക വളര്‍ച്ചക്കു വേണ്ട എല്ലാ വിഭവങ്ങളും വലിയൊരളവോളം ഒരുക്കിവെക്കാൻ ജാമിഅക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ സുപ്രധാനമായ ഒന്നാണ് അന്താരാഷ്ട്ര നിലവാരമുള്ള സിലബസ്. നിരവധി ലോകോത്തര യൂനിവേഴ്‌സിറ്റികളുടെ സിലബസുകള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടാണ് അല്‍ ജാമിഅയുടെ സിലബസ് രൂപപ്പെടുത്തിയത്.
മറ്റൊന്ന്, മികച്ച അധ്യാപകരാണ്. ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള പ്രഗത്ഭര്‍. പഠനത്തിൽ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ഉന്നത പഠനത്തിന് വിദേശ യൂനിവേഴ്‌സിറ്റികളിൽ അയച്ച് പഠന ശേഷം അവരെ തിരിച്ചുകൊണ്ടുവന്ന് അല്‍ ജാമിഅയില്‍ തന്നെ അധ്യാപകരായി നിയമിക്കുന്നുമുണ്ട്. ലോകത്തെ അറിയപ്പെട്ട പണ്ഡിതന്മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത, മികച്ച പഠനാന്തരീക്ഷമാണ്. ഒരു സ്ഥാപനത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചറിന് ആ സ്ഥാപനത്തിന്റെ നിലവാരമുയര്‍ത്തുന്നതില്‍ വലിയ പങ്കുണ്ടല്ലോ. വിപുലവും ആധുനികവുമായ ഇന്‍ഫ്രാസ്ട്രക്ചറാണ് അല്‍ ജാമിഅയുടേത്. കാമ്പസിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് അല്‍ ജാമിഅ സെന്‍ട്രല്‍ ലൈബ്രറി. ഇന്ത്യയിലെ മുന്‍നിര റഫറന്‍സ് ലൈബ്രറികളില്‍ ഒന്നാണിത്. അര ലക്ഷത്തിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരവും ആധുനിക വിജ്ഞാന സ്രോതസ്സായ ഡിജിറ്റല്‍ ലൈബ്രറിയും അതിന്റെ മാറ്റുകൂട്ടുന്നു.
ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് സ്‌പെഷ്യലൈസേഷന്‍ കൊണ്ടുവന്നു എന്നതാണ് അല്‍ ജാമിഅയുടെ സുപ്രധാന ചുവടുവെപ്പ്. അത് കേരളത്തിലെ പല സ്ഥാപനങ്ങള്‍ക്കും മാതൃകയായി. ഇസ് ലാമിക പ്രസ്ഥാനത്തിന് പുറത്തുള്ളവരും സിലബസിനെയും കോഴ്‌സുകളെയും കുറിച്ച് പഠിക്കാന്‍ അൽ ജാമിഅയില്‍ വരികയും ഈ സിലബസിനെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്യുകയുണ്ടായി.
സ്കോളർലി ലീഡർഷിപ്പ്
ഇന്ത്യയില്‍ മതവിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മോഡലുകളുണ്ട്. ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലൂം, ജാമിഅത്തുല്‍ ഫലാഹ് തുടങ്ങിയവ ഉദാഹരണങ്ങള്‍. ശാന്തപുരം എന്നത് 70 വര്‍ഷത്തോളം പാരമ്പര്യമുള്ള ഒരു മോഡലാണ്. അതേയവസരം സമയാസമയങ്ങളില്‍ അത് അപ്ഡേഷന്‍ നടത്തുന്നുമുണ്ട്. സ്‌കോളര്‍ലി ലീഡര്‍ഷിപ്പ് എന്നതാണ് ജാമിഅയുടെ വിഷന്‍. അഥവാ വിവരമുള്ള നേതാക്കള്‍, നേതൃശേഷിയുള്ള പണ്ഡിതന്മാര്‍. ഇവിടെനിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ ഒരു വലിയ ദൗത്യമുണ്ട്. അവര്‍ എത്തിപ്പെടുന്ന പ്രവര്‍ത്തന മേഖലകളിലെല്ലാം നേതൃപാടവത്തോടെ നിലകൊള്ളുന്ന മോഡലുകളാവണം അവര്‍ എന്നതാണത്. നല്ലൊരു അളവോളം അത് സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
കേരളത്തില്‍ പരിമിതപ്പെടാതെ, മൊത്തം ഇന്ത്യക്കുവേണ്ടി ഒരു യൂനിവേഴ്‌സിറ്റി എന്നതായിരുന്നു നമ്മുടെ സങ്കല്‍പം. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചു. നൂറുകണക്കിന് ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ ജാമിഅയില്‍ പഠനം പൂര്‍ത്തിയാക്കി. അവര്‍ അവരുടെ നാടുകളില്‍ ഇസ് ലാമിക പ്രവര്‍ത്തനരംഗത്തും സാമൂഹിക സേവന രംഗങ്ങളിലും നേതൃപരമായ പങ്ക് വഹിക്കുന്നു. അൽ ജാമിഅ മോഡല്‍ കേരളത്തിനു പുറത്തേക്കും വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ അല്‍ ജാമിഅ കാമ്പസുകളുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ കാമ്പസ് നാലു വര്‍ഷം മുമ്പ് ഹരിയാനയിലെ മേവാത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളിലെ മാള്‍ഡയിലും കാമ്പസ് തുടങ്ങിയിട്ടുണ്ട്. മറ്റു സ്റ്റേറ്റുകളിലും ക്രമേണയായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം എന്നാണ് ഉദ്ദേശിക്കുന്നത്.
അൽ ജാമിഅ സന്തതികൾ
ലോകത്തിന്റെ പല കോണുകളില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജീവ സാന്നിധ്യമായി അല്‍ ജാമിഅയുടെ സന്തതികളുണ്ട്. നേതാക്കന്‍മാര്‍, പണ്ഡിതര്‍, എഡിറ്റര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ഗ്രന്ഥകര്‍ത്താക്കള്‍, എഴുത്തുകാര്‍, ചാനല്‍ പ്രവര്‍ത്തകര്‍, കോളേജ് പ്രഫസര്‍മാര്‍, സ്ഥാപന മേധാവികള്‍, അക്കാദമീഷ്യര്‍, അധ്യാപകര്‍, കമ്പനി മാനേജര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, വിവര്‍ത്തകര്‍, സിനിമ/ഡോക്യുമെന്ററി സംവിധായകര്‍, നോവലിസ്റ്റുകള്‍, കഥാകൃത്തുകള്‍, പാട്ടെഴുത്തുകാര്‍, സംഗീതജ്ഞര്‍ ഇങ്ങനെ നീളുന്ന പട്ടികയാണത്. അൽ ജാമിഅയില്‍നിന്ന് പുറത്തിറങ്ങിയവരില്‍ പലരും ഇസ് ലാമിക പ്രസ്ഥാനത്തിന്റെ നേതൃരംഗത്തും, വൈജ്ഞാനികവും ചിന്താപരവും അക്കാദമികവുമായ വ്യവഹാരങ്ങളിലും കഴിവ് തെളിയിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തവരാണ്. ചെറുപ്പക്കാരുടെ ഈ സംഘം ഇസ് ലാമിക നവജാഗരണത്തിന്റെ ഭാവിയിലേക്കുള്ള കരുതിവെപ്പും പ്രതീക്ഷയുമാണ്.
ഇതിനകം 30-ഓളം വിദ്യാർഥികള്‍ പി.എച്ച്.ഡി എടുത്തു. വിദേശ യൂനിവേഴ്‌സിറ്റികളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ദശക്കണക്കിന് അല്‍ ജാമിഅ വിദ്യാർഥികളുമുണ്ട്. ഈ വളർച്ചയിൽ സമൂഹത്തിന്റെ പാതിയായ സ്ത്രീകളുടെ പങ്കും അനിവാര്യമാണ്. കുറഞ്ഞ കാലയളവിൽ തന്നെ അല്‍ ജാമിഅ വിദ്യാര്‍ഥിനികളിൽനിന്ന് മികച്ച കഴിവുള്ളവര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവരും, കേരളത്തിനകത്തും പുറത്തും വൈജ്ഞാനിക മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവരും അവരിലുണ്ട്.
പുതിയ ചുവട് വെപ്പുകൾ
ഭാവിയില്‍ ഒരു റിസര്‍ച്ച് യൂനിവേഴ്‌സിറ്റിയായി അൽ ജാമിഅയെ വികസിപ്പിക്കണം എന്ന് ഉദ്ദേശിക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ രീതിയില്‍ റിസര്‍ച്ചിന് പ്രാധാന്യം വളരെ കുറവാണ്. ലോകയൂനിവേഴ്‌സിറ്റികളുമായി ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളെ താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. സിലബസിലുള്ള 'കിതാബു'കള്‍ അര്‍ഥം വെച്ചും ശറഹ് ചെയ്തും പഠിപ്പിക്കുന്ന നമ്മുടെ പരമ്പരാഗത രീതി, പ്രമാണങ്ങളെ കാലികമായി വായിക്കാന്‍ ശ്രമിക്കുന്നില്ല. ദീനീ വിജ്ഞാനങ്ങളെ നിലവിലുള്ള ലോകവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നടക്കുന്നില്ല. പാഠപുസ്തകത്തിനപ്പുറം വിഷയത്തില്‍ അധിക വായന നടത്താനും ഗവേഷണം നടത്താനും പ്രമാണങ്ങളെ സംഭവലോകത്തേക്ക് ഇറക്കിവെക്കാനും വിദ്യാര്‍ഥിക്ക് സാധിക്കുന്നില്ല. റിസര്‍ച്ചിലൂടെ സാധിക്കേണ്ടതാണ് ഇതൊക്കെ.
റിസര്‍ച്ചിനെക്കുറിച്ച അവബോധം വിദ്യാര്‍ഥികളിലും അധ്യാപകരിലും സൃഷ്ടിക്കുക എന്നതാണ് നമ്മുടെ പ്രഥമ ചുവടുവെപ്പ്. കഴിഞ്ഞ നാലു വര്‍ഷമായി ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ഫലമായി റിസര്‍ച്ച് വര്‍ക്കുകളിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ട്. ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍തന്നെ റിസര്‍ച്ച് വര്‍ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.ജി സെക് ഷനില്‍ ഗവേഷണ പ്രധാനമായ പഠന രീതിയാണ് അവലംബിച്ചുവരുന്നത്. ഈ ദിശയിലുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തേണ്ടതുണ്ട്.
അൽ ജാമിഅ കേവല മതവിദ്യാഭ്യാസ സ്ഥാപനമല്ല. അതൊരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്. അതുകൊണ്ടാണ് അൽ ജാമിഅക്ക് പ്ലസ്ടു വരെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകള്‍, എയ്ഡഡ് എല്‍.പി, യു.പി സ്‌കൂളുകള്‍, ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍ എന്നിങ്ങനെ വ്യത്യസ്ത അനുബന്ധ സ്ഥാപനങ്ങളുണ്ടായത്. ഈ സ്ഥാപനങ്ങളിലൊക്കെയായി മൊത്തം ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്നു.
ഒരു വിദ്യാഭ്യാസ പ്രസ്ഥാനമെന്ന നിലക്ക് കാലത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ അൽ ജാമിഅക്കു കഴിയണം. കേവല മതവിദ്യാഭ്യാസത്തിനു പുറത്തും അതിനു ചുവടുവെപ്പുകള്‍ നടത്തേണ്ടിവരും. ഇക്കാലത്ത് ഏറ്റവും ആവശ്യമുള്ള മറ്റൊരു വിദ്യാഭ്യാസ യജ്ഞത്തിന് അൽ ജാമിഅ മുൻകൈയെടുക്കുകയാണ്. രാജ്യത്തെ ഉന്നത ഉദ്യോഗങ്ങളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ടതുകൊണ്ടായില്ല. അതു പരിഹരിക്കാനുള്ള ആസൂത്രണം നടത്തേണ്ടതുണ്ട്. അവര്‍ക്ക് ഉന്നതോദ്യോഗങ്ങളില്‍ പങ്കുണ്ടാവുമ്പോഴല്ലേ തീരുമാനകേന്ദ്രങ്ങളില്‍ അവരുടെ ശബ്ദമെത്തുകയുള്ളൂ?
ഈ ഉദ്ദേശ്യാര്‍ഥം അൽ ജാമിഅ രണ്ടു വര്‍ഷം മുമ്പ് ബൃഹത്തായൊരു പ്രോജക്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നോളജ് വേള്‍ഡ് എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. ഈ പ്രോജക്ടിനായി പെരിന്തല്‍മണ്ണക്കടുത്ത് 35 ഏക്കര്‍ ഭൂമി സജ്ജീകരിച്ചിട്ടുണ്ട്. സയന്‍സ് ആന്റ് ടെക്‌നോളജി, ലോ, മീഡിയ, സോഷ്യല്‍ സയന്‍സ്, സിവില്‍ സർവീസ്, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, റിസര്‍ച്ച്, ലാംഗ്വേജസ് തുടങ്ങി നിർണായകമായ ചില മേഖലകള്‍ തെരഞ്ഞെടുത്ത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങളോടെ ക്വാളിറ്റി വിദ്യാഭ്യാസം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കെട്ടിടങ്ങളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മനുഷ്യ വിഭവശേഷിയും സാമ്പത്തിക ശേഷിയും ആവശ്യമുള്ള പ്രോജക്ടാണിത്. സമൂഹത്തിന്റെ നിര്‍ലോഭ പിന്തുണ ആവശ്യമുള്ള പ്രോജക്ട്.
ഗവേഷണ പ്രധാനമായ പഠന രീതിക്ക് പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഗ്രാജ്വേറ്റ് അക്കാദമിക് പ്രോഗ്രാമുകള്‍ കൊണ്ടുവരാന്‍ തീരുമാനമെടുത്തിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് രണ്ടു വര്‍ഷം മുമ്പ് കണ്ടംപററി ഫിഖ്ഹില്‍ പി.ജി ആരംഭിച്ചത്. ഈ വര്‍ഷം ഇസ് ലാമിക് തോട്ടിലും പി.ജിക്ക് തുടക്കം കുറിച്ചു.
2023 ഡിസംബർ 30, 31 തീയതികളിൽ നടക്കുന്ന ഈ വര്‍ഷത്തെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍പം കൂടി മുന്നിലേക്ക് നടക്കുകയാണ് അൽ ജാമിഅ. പി.ജി കഴിഞ്ഞ സമർഥരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഇസ് ലാമിക് സ്റ്റഡീസില്‍ ഡോക്ടറല്‍ പ്രോഗ്രാം ആരംഭിക്കുകയാണ്. പ്രോഗ്രാമിന്റെ പ്രഖ്യാപനം ബിരുദദാന സമ്മേളനത്തില്‍ നടക്കും. l
(തയാറാക്കിയത്: ശമീം ചൂനൂർ)
Comments