ത്വൂഫാനുൽ അഖ്സ്വാ പുതിയൊരു ലോകക്രമത്തിന് ആക്കം കൂട്ടുന്നുണ്ടോ?
എന്തുകൊണ്ടാണ് ഗസ്സ സർവരാലും ഉപേക്ഷിക്കപ്പെട്ടത്? മുസ് ലിം ഉമ്മത്തിന്റെ ബലഹീനതയും നിസ്സഹായതയും ഏതളവിലാണ് ഗസ്സക്കാരെ ബാധിച്ചത്?
ഗസ്സക്ക് നഷ്ടമുണ്ടായി എന്ന് ഞാൻ കരുതുന്നില്ല. ഗസ്സ എന്ന ഈ കൊച്ചു ദേശത്തിന് മുഴു ലോകത്തെയും ഉണർത്താൻ കഴിഞ്ഞു എന്നത് അവർക്ക് ലഭിച്ച വലിയ അംഗീകാരവും ശ്രേഷ്ഠതയുമാണ്. അറബ്, മുസ് ലിം ലോകത്ത് മാത്രമല്ലല്ലോ ഗസ്സക്കാർ സ്വീകാര്യത നേടുന്നത്. മിക്ക ലോക രാഷ്ട്രങ്ങളെയും ഒപ്പം നിർത്താൻ അവർക്ക് കഴിഞ്ഞു. വളരെ ഉയർന്ന അളവിൽ മൂല്യബോധവും അതിന് അനുഗുണമായ ശേഷികളും ആർജിച്ച സമൂഹത്തിനേ അത് സാധ്യമാവൂ. ആ ഒരു തലത്തിലേക്ക് ഉയരാൻ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. ഗസ്സ അതിന്റെ ബലിയർപ്പണംകൊണ്ട്, ഉറച്ചുനിൽപ്പുകൊണ്ട്, നിശ്ചയദാർഢ്യംകൊണ്ട്, അത് ഉയർത്തിപ്പിടിക്കുന്ന വിഷയത്തിന്റെ നൈതികതകൊണ്ട്, അത് പ്രതിരോധിച്ച് നിർത്തുന്ന ഭൂമിയുടെ പവിത്രതകൊണ്ട് ലോക സമൂഹത്തെ തട്ടിയുണർത്തുകയാണ് ചെയ്തത്. ലോകത്ത് ഇന്ന് പലയിടങ്ങളിലും സംഘർഷങ്ങൾ, ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. പക്ഷേ, അവയുടെയൊന്നും സ്വാധീനം ഭൂമിശാസ്ത്രപരമായ ഒരു പരിധിക്കപ്പുറം പോകുന്നില്ല. മറ്റേതൊരു പ്രശ്നത്തെക്കാളും ഗസ്സക്ക് ലോക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു എന്നത് തർക്കമറ്റ സംഗതിയാണ്.
ത്വൂഫാനുൽ അഖ്സ്വാ ഉണ്ടാക്കാൻ പോകുന്ന സ്വാധീനവും പ്രത്യാഘാതങ്ങളും നാം കണക്ക് കൂട്ടുന്നതിനും പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും. ഇതിനെയാണ് ബറക (പുണ്യം) എന്ന് പറയുന്നത്. കണക്ക് കൂട്ടലുകൾക്കതീതമായി വരുന്ന സദ്ഫലങ്ങളാണ് ബറക.
താങ്കൾ പലപ്പോഴായി പറയുന്ന ഒരു കാര്യമാണ്, ലോകം വിധി നിർണായകമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്. ഭാവി ലോകത്തെ തന്നെ മാറ്റിയെഴുതാൻ കരുത്തുള്ള ഒരു സംഭവമായി താങ്കൾ ത്വൂഫാനുൽ അഖ്സ്വായെ കാണുന്നുണ്ടോ?
ഇന്നത്തെ ലോക ഘടന പരിശോധിക്കുക. കിഴക്കും പടിഞ്ഞാറുമായി അത് വേർപിരിഞ്ഞ് കിടക്കുകയാണ്. അവ തമ്മിൽ വലിയ അന്തരമുണ്ട്. ശാക്തിക ബലാബലത്തിലൊക്കെ ഭീമമായ വ്യത്യാസമുണ്ട്. ശാക്തിക ചേരികളെ അമ്പരപ്പിച്ചാണ് ത്വൂഫാനുൽ അഖ്സ്വാ സംഭവിക്കുന്നത്. അതാരും പ്രതീക്ഷിച്ചതായിരുന്നില്ല. ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ മറ്റൊരു ദിശയിലേക്ക് പ്രയാണം തുടങ്ങിക്കഴിഞ്ഞ ലോകത്തിന്റെ ആ പ്രയാണ ഗതിക്ക് ആക്കം കൂട്ടാൻ ത്വൂഫാനുൽ അഖ്സ്വാക്ക് കഴിഞ്ഞിട്ടുണ്ട്. കൊറോണ പകർച്ചവ്യാധി ഈ ദിശയിലേക്കുള്ള പ്രയാണ വേഗത കൂട്ടിയ വിധിനിർണായകമായ ഒരു സംഭവമായിരുന്നു. നിലനിന്നിരുന്ന സാമ്പത്തിക ബലാബലത്തെ അത് തകിടം മറിച്ചു. ഗ്ലോബലൈസേഷന്റെ പല ആധാരങ്ങളെയും അത് തകർത്തുകളഞ്ഞു. റഷ്യ - യുക്രെയ്ൻ യുദ്ധം ഇതു പോലെ വിധി നിർണായകമാണ്. റഷ്യക്ക് മുമ്പിൽ അമേരിക്കൻ - യൂറോപ്യൻ ശക്തികൾ പതറുകയാണ്. മൂന്ന് നൂറ്റാണ്ടുകളായി ലിബറൽ ആശയങ്ങളുമായി, അതിന്റെതായ ജനാധിപത്യ-മനുഷ്യാവകാശ - നീതി വാദങ്ങളുമായി ലോകത്ത് ആധിപത്യം സ്ഥാപിച്ച പാശ്ചാത്യ ചേരിയുടെ മുഖംമൂടികളത്രയും ചീന്തിയെറിയുകയാണ് ത്വൂഫാനുൽ അഖ്സ്വാ ചെയ്തത്. പാശ്ചാത്യ ലിബറലിസം എന്ന അടിത്തറയിൽ തന്നെയാണ് ത്വൂഫാനുൽ അഖ്സ്വാ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. ഗസ്സ കൂട്ടക്കൊലയോടെ പാശ്ചാത്യർ കെട്ടിപ്പൊക്കിയതൊക്കെയും തകർന്നുവീണു.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്ന്, പാശ്ചാത്യ അധിനിവേശ ശക്തികൾ ആഫ്രിക്കയിൽ ദശലക്ഷക്കണക്കിനാളുകളെ കൊന്നുകൊണ്ടിരുന്നപ്പോൾ, പാശ്ചാത്യ ദേശങ്ങളിലെ തത്ത്വചിന്തകരും സാംസ്കാരിക നായകൻമാരും നവോത്ഥാന - ജ്ഞാനോദയ മൂല്യങ്ങളുടെ പോരിശ പാടിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ്. അതിന് കാരണമുണ്ട്. ഭൂഗോളത്തിന്റെ വടക്ക് സംഭവിക്കുന്നതിനെയും തെക്ക് സംഭവിക്കുന്നതിനെയും അവർ രണ്ടായിട്ടാണ് കണ്ടത്. വടക്ക് തങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നീതി, സമത്വം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ ഇതെല്ലാം വേണം. ഭൂഗോളത്തിന്റെ തെക്കു ഭാഗത്ത് എന്ത് സംഭവിച്ചാലും അവർക്ക് പ്രശ്നമില്ല. ബെൽജിയൻ അധിനിവേശകർ കോംഗോയിൽ പത്ത് ദശലക്ഷമാളുകളെയാണ് കൂട്ടക്കൊല ചെയ്തത്.
വടക്കാനാഫ്രിക്കയിൽ ഫ്രഞ്ച് അധിനിവേശകരും ദശലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി. നമീബിയയിൽ ജർമൻകാരും ചെയ്തത് ഇതു തന്നെയാണ്. മിക്കയിടങ്ങളിലും ഇതു പോലുള്ള പാശ്ചാത്യ അധിനിവേശങ്ങളുണ്ടായിട്ടുണ്ട്. ചോദ്യമിതാണ് - ഈ ഇരട്ടത്താപ്പുമായി ഇവർക്ക് എങ്ങനെ മുന്നോട്ടു പോകാനായി? കാരണം, തെക്കിന് ശബ്ദമില്ലായിരുന്നു. ലോകത്തെ അഭിസംബോധന ചെയ്യാനുള്ള ശേഷി ഇല്ലായിരുന്നു.
ആ അധിനിവേശത്തിന്റെ ആവർത്തനമാണ് ഗസ്സയിലും കണ്ടത്. യൂറോപ്യരല്ലാത്ത സമൂഹങ്ങളെ പൂർണമായി നശിപ്പിക്കുക എന്നതായിരുന്നു അധിനിവേശകരുടെ രീതി. ആസ്ത്രേലിയയിൽ തദ്ദേശവാസികളെ നശിപ്പിച്ചുകൊണ്ടാണ് പാശ്ചാത്യർ അവരുടെ രാഷ്ട്രം ഉണ്ടാക്കിയത്.
അമേരിക്കയിൽ രാഷ്ട്രമുണ്ടാക്കിയതും അവിടത്തെ ആദിമ നിവാസികളെ ഉന്മൂലനം ചെയ്തുകൊണ്ട്. കാനഡയിലും ലാറ്റിനമേരിക്കയിലും ഇതു തന്നെയാണ് സംഭവിച്ചത്. നിരവധി രാഷ്ട്രങ്ങൾക്ക് പറയാനുള്ളതും ഇതേ കഥയാണ്. സ്വാതന്ത്ര്യം, മനുഷ്യാവകാശം, ജനാധിപത്യം പോലുള്ളവയെ മറയാക്കി ഇവർ തങ്ങളുടെ മുഖം രക്ഷിച്ചു പോരുകയാണ് ചെയ്തത്. ചിലർ അക്കാലത്ത് നടന്ന കൂട്ടക്കൊലകളിൽ ഖേദം പ്രകടിപ്പിച്ച് ആ അധ്യായം തന്നെ അടച്ചു. ഗസ്സയിലെ കൂട്ടക്കൊലയോട് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയുമൊക്കെ സ്വീകരിക്കുന്ന നിലപാട്, അവർ തങ്ങളുടെ അധിനിവേശക്കാലത്ത് നടത്തിയ കൂട്ടക്കൊലകളുമായി ബന്ധിപ്പിച്ചേ മനസ്സിലാക്കാൻ പറ്റൂ. ഈ ഇരട്ട മുഖമാണ് ഗസ്സ തുറന്നുകാട്ടിയത്. തകർന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ സംസ്കൃതിയുടെ തകർച്ച വേഗത്തിലാക്കും ഗസ്സയിലെ സംഭവങ്ങൾ. നവോത്ഥാന മൂല്യങ്ങളെക്കുറിച്ച പുനഃപരിശോധനയിലേക്ക് അത് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാത്ത മൂല്യവ്യവസ്ഥയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. പാശ്ചാത്യ ദേശങ്ങളിലുള്ളവർ വരെ, ഇതാണോ നമ്മൾ അഭിമാനം കൊണ്ടിരുന്ന മൂല്യങ്ങൾ എന്ന് ചോദിച്ചുതുടങ്ങിയിരിക്കുന്നു. അപൂർവം സംഭവങ്ങൾക്കേ അധീശത്വം പുലർത്തുന്ന ആഖ്യാനങ്ങളെ ചോദ്യം ചെയ്യാനാവൂ. ഒട്ടും പ്രതീക്ഷിക്കാ തെയാണ് അത്തരം സംഭവങ്ങളുണ്ടാവുക. അതിലൊന്നായി ഞാൻ ഗസ്സൻ ചെറുത്തുനിൽപ്പിനെയും ത്വൂഫാനുൽ അഖ്സ്വായെയും കാണുന്നു. ലോകത്ത് രണ്ട് മാസം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത് എന്ന് ഞാൻ പറയാൻ കാരണം അതാണ്.
ത്വൂഫാനുൽ അഖ്സ്വക്കെതിരായ പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ഇസ്രായേലിന്റെയും പ്രതികരണങ്ങൾ സ്ട്രാറ്റജിക്കലായി വലിയ തിരിച്ചടിയല്ലേ?
നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945 - മുതൽ രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും സാങ്കേതികമായുമൊക്കെ പാശ്ചാത്യരുടെ കുത്തകാധിപത്യമാണ് നിലനിന്നുപോരുന്നത്. ജനം കഴിക്കുന്നതും കുടിക്കുന്നതും ധരിക്കുന്നതും ശ്വസിക്കുന്നതും വരെ ആ സംസ്കാരമാണ്. ഇതിനെ തടുക്കാൻ സോവ്യറ്റ് യൂനിയന് വരെ സാധിക്കുകയുണ്ടായില്ല. ഒക്ടോബർ ഏഴിന് മുമ്പ് പാശ്ചാത്യ ലോകം മുഖ്യമായും മൂന്ന് അജണ്ടകളെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഒന്ന് സ്വവർഗരതിയെക്കുറിച്ചായിരുന്നു. രണ്ട്, പരിസ്ഥിതി മാറ്റങ്ങളെക്കുറിച്ച്. മൂന്നാമത്തെ ചർച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും. പാശ്ചാത്യേതര രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിൽ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോൾ അതവരുടെ അജണ്ട ആകാത്തത് എന്തുകൊണ്ടാണ്? അമേരിക്കയിൽ വരെ നീതി നിഷേധത്തിനെതിരെ ബ്ലാക് ലൈവ്സ് മാറ്റർ, ഒക്യുപൈ വാൾ സ്ട്രീറ്റ് പ്രക്ഷോഭങ്ങളുണ്ടാകുന്നു. അതിനർഥം മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചല്ല പാശ്ചാത്യ ലിബറലിസം സംസാരിക്കുന്നത് എന്നാണ്. അത് കേവലം ഉപരിപ്ലവതകളിൽ അഭിരമിക്കുകയാണ്. ധാർമികമായ ആഴം അതിന് തീരെയില്ല. ഇനി അവരുടെ ഭരണാധികാരികളെ നോക്കൂ. ജോ ബൈഡനെക്കാൾ ദുർബലനായ ഭരണാധികാരി അമേരിക്കയിൽ ഉണ്ടായിട്ടുണ്ടാവില്ല. ബ്രിട്ടനിൽ ഋഷി സുനകിനെക്കാളോ ജർമനിയിൽ ഒലഫ് ഷോൾസിനെക്കാളോ ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോണിനെക്കാളോ ദുർബലനായ ഭരണാധികാരി ഉണ്ടായിരിക്കാനിടയില്ല. ഇസ്രായേലിൽ നെതന്യാഹു എത്ര ദുർബലനാണെന്ന് നോക്കൂ. ഒട്ടും രാഷ്ട്രീയ അവബോധമില്ലാതെ, കോപാവേശിതരായാണ് ഇവരുടെ നീക്കങ്ങളും സംസാരങ്ങളും. അവരുടെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച വെറുപ്പും വിദ്വേഷവുമൊക്കെ പുറത്ത് ചാടുന്നു. ഇസ്രായേലിനെക്കുറിച്ച് എന്തൊക്കെയാണ് പ്രചരിപ്പിച്ചിരുന്നത്! ഏകാധിപത്യങ്ങൾ തിമിർത്താടുന്ന സമുദ്ര മധ്യത്തിൽ ഒരു ജനാധിപത്യ തുരുത്ത്.
ധാർമിക - നൈതിക ബോധമുള്ളതാണ് അതിന്റെ സൈന്യം, സാങ്കേതിക മേഖലയിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങൾ അത് കൈവരിച്ചിട്ടുണ്ട് .... പെട്ടെന്നതാ ഇസ്രായേലിന്റെ സകല സംവിധാനങ്ങളും ഈ പ്രചരിപ്പിക്കപ്പെട്ടതിന് നേർ വിരുദ്ധമായി പൈശാചിക രൂപം കൈക്കൊള്ളുന്നു. ഫലസ്ത്വീനികൾ മനുഷ്യ മൃഗങ്ങളാണെന്ന് അട്ടഹസിക്കുന്നു. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നു. ഇസ്രായേലിലുള്ള പകുതിയിലധികം പേരും പറയുന്നത് ഗസ്സയിലെ സൈനിക ഇടപെടൽ പോരാ, പോരാ എന്നാണ്. എന്തു മാത്രം വംശീയ വിദ്വേഷമാണ് ഇവരൊക്കെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് നോക്കൂ. ഈ പൈശാചികത പാശ്ചാത്യ സംസ്കൃതിയിൽനിന്ന് അവർക്ക് അനന്തരമായി കിട്ടിയതാണ്.
നെതന്യാഹുവും മാക്രോണുമൊക്കെ പറയുന്നത് കേട്ടില്ലേ - ഐ.എസിനെപ്പോലെയാണ് ഹമാസ് എന്ന്. മൗസ്വിലിലും റഖയിലുമൊക്കെ സംഭവിച്ചതു പോലെ സമ്പൂർണ നശീകരണം വേണമെന്ന്. അമാലിക്കുകളെ വംശഹത്യ നടത്തണമെന്ന വേദ പരാമർശങ്ങളൊക്കെ നെതന്യാഹു ഉദ്ധരിക്കുന്നത് ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. ഇങ്ങനെയൊക്കെ നിയന്ത്രണം വിട്ട് പെരുമാറുന്ന (ലോകം മുഴുക്കെ അത് ലൈവായി കണ്ടുകൊണ്ടിരിക്കുന്നു) ഭരണാധികാരിക്ക് എങ്ങനെയാണ് ഇനിമേൽ ധാർമികത അവകാശപ്പെടാനാവുക?
കുറ്റവിചാരണ നേരിടുന്ന നെതന്യാഹു അതിൽനിന്ന് ഒഴിവാകാനാണ് യുദ്ധം നീട്ടിക്കൊണ്ടു പോകുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഊരിച്ചാടാൻ കഴിയാത്ത വിധം അമേരിക്കയെ ഈ യുദ്ധത്തിലേക്ക് കൊണ്ടുചാടിക്കുകയായിരുന്നു നെതന്യാഹു എന്നും പറയുന്നുണ്ട്. ഇത് റഷ്യയും ചൈനയും എങ്ങനെയൊക്കെ ആയിരിക്കും മുതലെടുക്കുക ?
ചൈനയും റഷ്യയും പ്രാർഥിക്കുന്നുണ്ടെങ്കിൽ അത്, അമേരിക്കയെ ഏതെങ്കിലും യുദ്ധത്തിൽ കൊണ്ടുപോയി കുരുക്കണേ എന്നായിരിക്കും. ഈ രണ്ട് രാഷ്ട്രങ്ങളും സ്ട്രാറ്റജിക്കലായി ഉണ്ടാക്കിയ മികച്ച നേട്ടങ്ങളെല്ലാം അമേരിക്ക യുദ്ധത്തിൽ തലയിട്ടപ്പോൾ കൈവന്നതാണ്. 2001-ന് ശേഷം അമേരിക്ക കുറേ കാലം അഫ്ഗാനിസ്താനിലെ ഗുഹകളിൽ യുദ്ധം ചെയ്തു. പിന്നെ കുറേ കാലം ഇറാഖിലെ മരുഭൂമിയിലായിരുന്നു യുദ്ധം. കൃത്യമായ സ്ട്രാറ്റജിക് ലക്ഷ്യങ്ങളൊന്നും തന്നെ ഈ യുദ്ധങ്ങൾക്ക് ഉണ്ടായിരുന്നില്ല. ചിലരെ ശത്രുക്കളായി കണ്ട് അവരെ വകവരുത്തുകയാണുണ്ടായത്. സദ്ദാം ഹുസൈൻ അവരിൽ ഒരാളായിരുന്നു. എന്തെങ്കിലും നേടിയോ എന്ന് ചോദിച്ചാൽ ഒന്നും നേടിയില്ല എന്നാണ് ഉത്തരം. അമേരിക്ക തകർത്ത താലിബാൻ ഭരണകൂടം ഇരുപത് വർഷത്തിന് ശേഷം അഫ്ഗാനിസ്താനിൽ അധികാരത്തിൽ തിരിച്ചെത്തി. ഒരു നേട്ടവും അമേരിക്കക്ക് നേടിക്കൊടുക്കാത്ത ലക്ഷ്യ രഹിത യുദ്ധങ്ങളായിരുന്നു ഇതൊക്കെ.
റഷ്യയും ചൈനയും ഈ കാര്യങ്ങൾ സൂക്ഷ്മമായി പിന്തുടരുന്നുണ്ടായിരുന്നു. 2008-ൽ ചൈന സന്ദർശിച്ചപ്പോൾ ഇത് എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുള്ളതാണ്. ഒരു ചൈനീസ് നയതന്ത്രജ്ഞൻ ഞങ്ങളോട് പറഞ്ഞു: ഞങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നവർ എന്ന നിലക്ക് ഞങ്ങൾക്ക് അറബികളോട് വലിയ കടപ്പാടുണ്ട്. നിങ്ങളുടെ താൽപര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കുകയോ, അതെങ്ങനെ? ഞങ്ങൾ ചോദിച്ചു. നിങ്ങളല്ലേ അമേരിക്കയെ പല പല യുദ്ധ മുഖങ്ങളിൽ കുരുക്കിയിടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം! റഷ്യയും ചൈനയും ഫലസ്ത്വീനികൾക്കും ഹമാസിനുമൊപ്പം നിൽക്കുന്നുണ്ടെങ്കിൽ അതവരോടുള്ള സ്നേഹംകൊണ്ടൊന്നുമല്ല. അവരുടെ നീക്കങ്ങൾ തങ്ങളുടെ താൽപര്യ സംരക്ഷണത്തിന് പ്രയോജനപ്പെടും എന്നതുകൊണ്ടാണ്.
താങ്കൾ ശ്രദ്ധേയനായ ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ്. ത്വൂഫാനുൽ അഖ്സ്വയെക്കുറിച്ച് പാശ്ചാത്യ മുഖ്യധാരാ മീഡിയ ഉണ്ടാക്കാൻ ശ്രമിച്ച ആഖ്യാനങ്ങളെപ്പറ്റി എന്തു പറയുന്നു?
ഇറാഖിലും അഫ്ഗാനിസ്താനിലും യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ പാശ്ചാത്യ മീഡിയ അതെങ്ങനെ റിപ്പോർട്ട് ചെയ്തു എന്ന് ഞാൻ സൂക്ഷ്മമായി പിന്തുടർന്നിട്ടുണ്ട്. ഇരട്ടത്താപ്പും കാപട്യവും കാരണം വസ്തുനിഷ്ഠത ആ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നില്ല. പാശ്ചാത്യ മീഡിയയെക്കുറിച്ച് ചില വസ്തുതകൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. പാശ്ചാത്യ നാടുകളിലെ മീഡിയ അവിടത്തെ ഭരണാധികാരികളെയും നേതാക്കളെയും വിമർശിക്കും. അവരുടെ ആഭ്യന്തര നയങ്ങളെ ഇഴകീറി പരിശോധിക്കും. എന്നാൽ, പാശ്ചാത്യേതരമായ നാടുകളുടെ കാര്യം വരുമ്പോൾ ഈ മീഡിയ പൂർണമായി അതത് പാശ്ചാത്യ രാഷ്ട്രങ്ങളുടെ വിദേശ നയങ്ങൾക്കൊപ്പമാണ്. ഔദ്യോഗിക വിദേശ നയമെന്തോ അതിനെ ന്യായീകരിക്കുക, പിന്തുണക്കുക എന്നതു മാത്രമേ പാശ്ചാത്യ മീഡിയക്ക് ചെയ്യാനുള്ളൂ. 'മൂട്താങ്ങി പത്രപ്രവർത്തനം' (embedded journalism) എന്ന സംജ്ഞ പോലും ഉണ്ടായത് അങ്ങനെയാണ്. ഇറാഖിലും അഫ്ഗാനിസ്താനിലും പാശ്ചാത്യ രാഷ്ട്രങ്ങൾ രൂപം നൽകിയ സഖ്യങ്ങളാണ് യുദ്ധം നയിച്ചത്.
സഖ്യസേനയുടെ ഔദ്യോഗിക പ്രസ്താവനകൾ റിപ്പോർട്ടാക്കി അവതരിപ്പിക്കുക എന്നതിലപ്പുറം പാശ്ചാത്യ മീഡിയ ഒന്നും ചെയ്തിട്ടില്ല. ആ രാഷ്ട്രങ്ങളുടെ വിദേശ നയം പാശ്ചാത്യേതര നാടുകളിൽ പരാജയപ്പെടുമ്പോൾ മാത്രം ആ മീഡിയ ഈ പരാജയത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞെങ്കിലായി.
ഗസ്സയിലേക്ക് വരാം. മുൻ യുദ്ധങ്ങളെ അപേക്ഷിച്ച് ഈ യുദ്ധത്തിൽ പാശ്ചാത്യ മീഡിയ ഉണ്ടാക്കിക്കൊണ്ടിരുന്ന ആഖ്യാനങ്ങൾ വളരെ വിപുലവും ആസൂത്രിതവുമായിരുന്നു. നോക്കൂ, അവർ കള്ളങ്ങൾ നിരന്തരം ആവർത്തിക്കുകയായിരുന്നു. പാശ്ചാത്യ ഭരണ കേന്ദ്രങ്ങളുടെ, മൂലധന ശക്തികളുടെ താൽപര്യങ്ങളാണ് ആ മീഡിയ സംരക്ഷിച്ചുകൊണ്ടിരുന്നത്. മീഡിയയെ ഉടമപ്പെടുത്തി നിയന്ത്രിക്കുന്നതും ബഹുരാഷ്ട്ര കുത്തകകൾ ആണല്ലോ. ജനങ്ങൾക്ക് മുമ്പിൽ പാശ്ചാത്യ മീഡിയയുടെ വിശ്വാസ്യത തകർന്നു തരിപ്പണമാവാൻ ഇത് കാരണമായി. ഗസ്സയിലുള്ളവർ സംഭവങ്ങൾ തങ്ങളുടെ മൊബൈൽ കാമറകളിൽ പകർത്തുന്നുണ്ടായിരുന്നു. അൽ ജസീറ ചാനലും സത്യസന്ധമായി വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇതൊന്നുമായിരുന്നില്ല ബി.ബി.സിയിലും സി.എൻ. എന്നിലും വന്നുകൊണ്ടിരുന്നത്. സത്യസന്ധമായി വാർത്തകൾ എത്തിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്കും പ്രത്യേകം പരാമർശിക്കണം. മീഡിയ നിയന്ത്രിക്കുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകൾ തുറന്നുകാട്ടി.
ഗസ്സയിൽ അതിക്രമത്തിന് വന്ന ശക്തികളുടെ അടിച്ചമർത്തലുകളും നീതി നിഷേധവും അനുഭവിക്കേണ്ടി വന്ന നിരവധി രാഷ്ട്രങ്ങളും ജനസമൂഹങ്ങളും ലോകത്തുണ്ട്. അവരെല്ലാം ഗസ്സക്ക് ഐക്യദാർഢ്യവുമായി രംഗത്ത് വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ പരിണാമം. ലോകത്തിലെ ഏതാനും ശതകോടീശ്വരൻമാരാണ് ഭരണത്തെയും ലോക സമ്പദ്ഘടനയെയും നിയന്ത്രിക്കുന്നത്.
മീഡിയാ സ്ഥാപനങ്ങളും അവരുടെ കൈയിൽ തന്നെ. എല്ലാം കൈയടക്കിവെച്ച ഈ ശക്തികളെ ഗസ്സയിലെ പോരാളികൾ ഒറ്റക്ക് നേരിടാൻ കാണിച്ച ചങ്കൂറ്റം മർദിത വിഭാഗങ്ങളിൽ വലിയ ഉണർവും ആവേശവുമുണ്ടാക്കി. ഗസ്സയോടുള്ള ഐക്യദാർഢ്യത്തിൽ ഇടതു പക്ഷങ്ങളെയും മുൻ നിരയിൽ കാണാൻ കഴിയുന്നത്, പൊതു ശത്രു ഒന്നാണെന്ന തിരിച്ചറിവ് അവർക്ക് ഉള്ളതുകൊണ്ടാണ്. മൂന്ന് നൂറ്റാണ്ടായി ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കൻ നാടുകളിലും പാശ്ചാത്യർ തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശങ്ങളുടെയും കൂട്ടക്കൊലകളുടെയും തുടർച്ചയാണ് ഗസ്സയിലേതെന്ന് മർദിത ജനവിഭാഗങ്ങൾ മനസ്സിലാക്കുന്നു. ഇത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ആഗോള മുന്നേറ്റത്തിന്റെ തുടക്കമായി അവർ കാണുന്നു. മുൻകാല പീഡന സ്മൃതികൾ ഗസ്സ അവരുടെ മനസ്സിലേക്ക് കൊണ്ടുവന്നിരിക്കുന്നു. l
(തുടരും)
Comments