വിധിവിശ്വാസം കർമാവേശത്തിന്റെ ഊർജപ്രവാഹം
ഒട്ടകത്തെ അഴിച്ചുവിട്ട് ദൈവത്തിൽ ഭരമേൽപ്പിച്ചാൽ പോരേ? പ്രവാചകൻ പ്രതിവചിച്ചു: "അതിനെ കെട്ടിയിടുക. എന്നിട്ട് ദൈവത്തിൽ ഭരമേൽപ്പിക്കുക."
വിധിവിശ്വാസി, ആർത്തി മൂത്ത് പണത്തിന്റെ പിന്നാലെ പരക്കം പായുന്നില്ല. കവിയെഴുതിയ പോലെ, 'പണമുണ്ടാക്കാൻ വെളിയിൽ കൂട്ടായ് പരതി നടന്നുമിരന്ന് കവർന്നും' സമ്പാദിച്ചു കൂട്ടുന്നില്ല.
ഉപജീവനത്തിനായി അധ്വാനിക്കുകയും മിതമായി ചെലവഴിക്കുകയും മിച്ചം വെക്കുകയും തനിക്ക് കിട്ടിയതിൽ തൃപ്തിപ്പെടുകയും ചെയ്യുന്നു. എന്തെന്നാൽ തനിക്കുള്ളത് തന്നിലേക്ക് തന്നെ എത്തിച്ചേരുമെന്ന് അയാൾക്ക് നന്നായറിയാം. "നിങ്ങൾക്ക് വിധിക്കപ്പെട്ടതും ലഭിക്കേണ്ടതുമായ സമ്പാദ്യങ്ങളിൽനിന്ന് നിങ്ങൾ ഒളിച്ചോടിയാൽ പോലും, മരണത്തെപ്പോലെ അത് നിങ്ങളെ തേടിയെത്തും" (നബിമൊഴി).
'എല്ലാം ദൈവം കാലേക്കൂട്ടി നിശ്ചയിച്ചതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ല' എന്ന് വാദിക്കുന്ന അലസവേദാന്തികളോട്, ആരാണ് ദൈവം എഴുതിയ മൂലരേഖയിൽ തന്റെ ഭാഗധേയം കണ്ടിട്ടുള്ളത് എന്ന് ജ്ഞാനിവര്യനായ അലി ത്വൻത്വാവി ചോദിക്കുന്നുണ്ട്. ആദ്യകാല മുസ്്ലിംകൾ അതിശയകരമാംവിധം കർമനിരതരായതിന് കാരണം, അവരുടെ ശരിയായ വിധിവിശ്വാസമായിരുന്നു എന്നു കൂടി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ വിഷയത്തിലുള്ള ഉള്ള്പൊള്ളയായ തർക്കശാസ്ത്ര ചർച്ചകളെ അദ്ദേഹം തള്ളിക്കളയുന്നു. "ഞാൻ ദുഷ്കർമം ചെയ്യുന്നത് ദൈവേഛയാലാണോ? അങ്ങനെയെങ്കിൽ അതിൽനിന്ന് എനിക്ക് എങ്ങനെ വിട്ടുനിൽക്കാൻ സാധിക്കും? എന്റെ കർമത്തിന്റെ സ്രഷ്ടാവ് ഞാൻ തന്നെയാണോ? തർക്കശാസ്ത്ര പണ്ഡിതന്മാരുടെ പുസ്തകങ്ങളിൽ ഇതുപോലുള്ള ചോദ്യങ്ങളും വാദകോലാഹലങ്ങളും നിറഞ്ഞുകിടക്കുന്നത് കാണാം. അർഥശൂന്യങ്ങളാണ് ഇത്തരം ചർച്ചകളൊക്കെ. കാരണം, സ്രഷ്ടാവായ ദൈവത്തെ മനുഷ്യനുമായി താരതമ്യപ്പെടുത്തുന്ന അബദ്ധമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മനുഷ്യബുദ്ധി ദൈവത്തെയും അവന്റെ ഗുണങ്ങളെയും വിലയിരുത്തുക എന്ന അബദ്ധവും" (ഇസ്്ലാമിക വിശ്വാസം, പേജ് 103).
വിധിവിശ്വാസം ആത്യന്തികമായി, ദൈവത്തിന്റെ ഗുണസമ്പൂർണതയിലുള്ള വിശ്വാസമാണ്. അത് വിശ്വാസിയുടെ നിത്യജീവിതത്തിൽ മനഃശാന്തിയുടെ തുരുത്തായും ആത്മധൈര്യത്തിന്റെ കരുത്തായും കർമാവേശത്തിന്റെ ഊർജപ്രവാഹമായും രൂപാന്തരപ്പെടുന്നു.
മനഃശാന്തി
ജീവിതത്തിലേറ്റ പ്രഹരങ്ങൾക്ക് മുമ്പിൽ ലോകപ്രസിദ്ധരായ നാസ്തികാചാര്യന്മാർ വരെ ചകിതരും നിരാശരുമായിത്തീരുന്നതിന്റെ കാരണമെന്താവാം...? വാതരോഗം പിടിപെട്ടപ്പോൾ വിപ്ലവകാരിയായ ലെനിൻ, തന്റെ ആത്മസുഹൃത്തായ സ്റ്റാലിനോട് സയനൈഡ് ആവശ്യപ്പെട്ടത് എന്തുകൊണ്ടായിരിക്കാം? എട്ടു വയസ്സായ തന്റെ മകൻ മരണപ്പെട്ടപ്പോൾ സാക്ഷാൽ കാൾ മാർക്സ് പോലും തകർന്നുപോയത് എന്തുകൊണ്ടാവും? ജീവിതത്തിലെ നീറുന്ന നിസ്സഹായതകൾക്കും കനത്ത ശൂന്യതകൾക്കും മുമ്പിൽ പിടിച്ചുനിൽക്കാനുള്ള കോപ്പൊന്നും ഭൗതികവാദത്തിലില്ലെന്നതാണ് നേര്. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ ഒരു സത്യവിശ്വാസി ദൈവവിധിയിലുള്ള വിശ്വാസത്തിലൂടെ ശാന്തിതീരത്തണയും... മകന്റെ വേർപാടിനെ നേരിടുന്ന വിശ്വാസിമനസ്സിനെ ഗ്രന്ഥകാരനായ ശൈഖ് മുഹമ്മദ് കാരകുന്ന് വിവരിക്കുന്നത് നോക്കൂ: "തനിക്ക് കുഞ്ഞിനെ കനിഞ്ഞേകിയത് കരുണാമയനായ ദൈവമാണ്. തന്റെ ഓമന മകനെ തിരിച്ചുവിളിച്ചതും അവൻ തന്നെ. എല്ലാം അവന്റെ അലംഘനീയമായ വിധി. തന്നെക്കാൾ സ്നേഹവും കരുണയും താല്പര്യവുമുള്ള സ്രഷ്ടാവിന്റെ വശം കുഞ്ഞിനെ തിരിച്ചേൽപ്പിക്കുകയാണ് താൻ ചെയ്തത്. അതിനാൽ, അക്ഷമ കാണിക്കുന്നത് അസ്ഥാനത്താണ്. തീർത്തും അർഥശൂന്യവും. സഹനമവലംബിച്ചാൽ ലഭിക്കാനുള്ളത് സ്വർഗമാണ്.
അനശ്വരമായ അതിന്റെ കവാടത്തിൽ തന്റെ ഓമന മകൻ മന്ദസ്മിതം തൂകി തന്നെ സ്വാഗതം ചെയ്യാൻ കാത്തുനിന്നേക്കാം... " (സ്നേഹസംവാദം, പേജ് 168). ഇസ്രായേൽ ബോംബിംഗിൽ ജീവൻ പൊലിഞ്ഞ, കഫൻപുടവകളുടെ ശുഭ്രതയിൽ പൊതിഞ്ഞു, നിരത്തി കിടത്തിയിരിക്കുന്ന സ്വന്തം കുഞ്ഞുമക്കളോട് അവരെത്തിച്ചേരാൻ പോകുന്ന സ്വർഗത്തെപ്പറ്റി കിന്നാരം പറയുന്ന ഫലസ്ത്വീനിലെ രക്ഷിതാക്കളെ കണ്ടോ? അവരുടെ ഉള്ളിൽ സഹനത്തിന്റെ കടൽ നിറക്കുന്നതും ദൈവവിധിയിലുള്ള ഈ വിശ്വാസമല്ലാതെ മറ്റെന്താണ്?
ആത്മധൈര്യം
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ വന്ന് ലോകത്തെ അമ്പരപ്പിച്ച ഇരുപതുകാരനെ ഓർമയില്ലേ ? ഗാനിമുൽ മുഫ്താഹിനെ? അത്യപൂർവ രോഗമായ 'കോഡൽ റിഗ്രഷൻ സിൻഡ്രോം' ബാധിച്ച, നട്ടെല്ലിന്റെ താഴെയുള്ള ശരീരഭാഗം പൂർണമായും നഷ്ടപ്പെട്ട ആളാണ് ഗാനിം. അദ്ദേഹം ഗർഭസ്ഥശിശുവായിരിക്കെ ബാധിച്ച രോഗം തിരിച്ചറിഞ്ഞ ഡോക്ടർമാർ, ഗർഭഛിദ്രം നടത്താൻ ഉമ്മയെ നിർബന്ധിച്ചു. ഗർഭഛിദ്രമാണ് നിങ്ങളോടും കുഞ്ഞിനോടും ചെയ്യാവുന്ന കാരുണ്യം എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ, 'എന്റെ നാഥൻ നിങ്ങളെക്കാൾ എന്റെ കുഞ്ഞിനോട് കരുണയുള്ളവനാണ്' എന്നായിരുന്നു അവരുടെ മറുപടി. അത് വിധിവിശ്വാസം നൽകിയ ആത്മവിശ്വാസത്തിന്റെ സ്വരമായിരുന്നു. അന്നവർ ധൈര്യപൂർവം ആ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ഇന്ന് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഗാനിമുൽ മുഫ്താഹ് എന്ന പ്രതിഭാശാലി ഉണ്ടാകുമായിരുന്നില്ല...
ഊർജപ്രവാഹം
ഇസ്്ലാമിന്റെ തത്ത്വജ്ഞാനി (ഹകീമുൽ ഇസ്‌ലാം) എന്ന് വിശ്രുതനായ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി, വിധിവിശ്വാസത്തിന്റെ വിസ്മയപ്രഭാവത്തെ ഇങ്ങനെ വിശദീകരിക്കുന്നു:
" 'വിധികല്പിതവാദ'ത്തിന്റെ വിലക്ഷണതയിൽനിന്ന് മുക്തമായ വിധിവിശ്വാസം, ധൈര്യവും ശക്തിയും പ്രദാനം ചെയ്യും. സിംഹങ്ങളെ പോലും വിറപ്പിക്കുകയും പുലികളുടെ പരാക്രമങ്ങളെ പോലും നിശ്ചേതനമാക്കിക്കളയുകയും ചെയ്യുന്ന അപായ മേഖലകളിലേക്ക് നിസ്സങ്കോചം കടന്നുചെല്ലാൻ അത് കരുത്തേകും. ക്ലേശങ്ങൾ സഹിക്കാനും ഭീകര സംഭവങ്ങളെ നേരിടാനും അത് മനുഷ്യമനസ്സുകളെ പാകപ്പെടുത്തും. അതിനെ ഉദാരതയുടെയും സമസൃഷ്ടി സ്നേഹത്തിന്റെയും വിഭൂഷകളണിയിക്കും. പ്രയാസകരമെന്ന് തോന്നുന്ന എന്തിനും ഇറങ്ങിപ്പുറപ്പെടാനും അതിനുവേണ്ടി ജീവിതസുഖങ്ങളഖിലം ത്യജിക്കാനും വേണ്ടിവന്നാൽ ആത്മബലി നടത്താനും അത് അയാളെ പ്രേരിപ്പിക്കും... എല്ലാം വിധിവിശ്വാസത്തിലേക്ക് നയിച്ച വിശ്വാസ സംഹിതയുടെ സത്യമാർഗത്തിൽ..
തന്റെ ആയുസ്സ് നിർണിതമാണെന്നും വിഭവങ്ങൾ ദൈവകരങ്ങളിലാണെന്നും അവൻ അത് താനിഛിക്കും വിധം കൈകാര്യം ചെയ്യുമെന്നും വിശ്വസിക്കുന്ന ഒരാൾ, സ്വന്തം അവകാശങ്ങളുടെ സംരക്ഷണവും സ്വജനതയുടെയും മതത്തിന്റെയും ഉയർച്ചയും ദൈവം നിശ്ചയിച്ച ബാധ്യതകളുടെ നിർവഹണവും മുൻനിർത്തി നടത്തുന്ന യജ്ഞങ്ങളിൽ മരണത്തെ ഭയപ്പെടുന്നത് എങ്ങനെ ?
ആദ്യദശയിൽ സാമ്രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കീഴടക്കിക്കൊണ്ട് ഇരച്ചുകയറിയ മുസ്്ലിംകൾ, ബുദ്ധിയെ അമ്പരപ്പിക്കുകയും ഹൃദയങ്ങളെ അതിശയിപ്പിക്കുകയും ചെയ്തു. അവരുടെ സാമ്രാജ്യം, സ്പെയിനിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന പിരണീസ് പർവതനിരകൾ തൊട്ടു ചൈനയിലെ വൻമതിൽ വരെ നീണ്ടുകിടന്നു. സംഖ്യയും സന്നാഹങ്ങളും കുറവായിരുന്നിട്ടും ഭിന്ന കാലാവസ്ഥകളുമായും വ്യത്യസ്ത ഭൂപ്രകൃതിയുമായും പരിചയമില്ലാതിരുന്നിട്ടും അവർ വെറും എൺപത് സംവത്സരത്തിനുള്ളിൽ അനേകം രാജാക്കന്മാരെ കീഴ്്പ്പെടുത്തുകയും കിസ്റമാരെയും കൈസർമാരെയും അടിയറവ് പറയിക്കുകയും ചെയ്തു. ഇത് അസാധാരണവും അത്ഭുതകരവുമായി എണ്ണപ്പെടുന്നു.
അവർ നീതിയുടെ നവലോകവും നന്മയുടെ പുതു നഗരങ്ങളും പണിതുയർത്തി...... സകല ഹൃദയങ്ങളെയും അവർ വിറകൊള്ളിച്ചു. അവയെ കടുത്ത ഭീതിയിൽ തളച്ചിട്ടു. ഇതിനെല്ലാം അവർക്ക് നേതൃത്വവും പ്രേരണയും നൽകിയത് അവരുടെ വിധിവിശ്വാസമല്ലാതെ മറ്റൊന്നുമായിരുന്നില്ല. വിശ്വാസമാണ്, ആകാശവും ഭൂമിയും നിറഞ്ഞുനിൽക്കുന്ന സൈനിക സന്നാഹങ്ങൾക്കു മുമ്പിൽ, എണ്ണത്തിൽ കുറവായ അവരുടെ കൊച്ചു സൈന്യങ്ങൾക്ക് പിടിച്ചുനിൽക്കാനും ചിലപ്പോൾ ശത്രുപക്ഷത്തെ ഓടിച്ചു വിടാനുമുള്ള കരുത്തേകിയത്..." (അൽ ഉർവതുൽ വുസ്്ഖാ, പുറം 53. ഉദ്ധരണം: വിശ്വാസവും ജീവിതവും, പേജ് 271).
* * *
അറിവിന്റെ നറുനിലാവായി പരിലസിച്ച ഇമാം ജലാലുദ്ദീൻ സുയൂത്വി രേഖപ്പെടുത്തിയ, മഹത്തുക്കൾ നടത്തുന്ന മനോഹരമായ ഒരു പ്രാർഥനാശകലം ഇങ്ങനെയാണ്: "നാഥാ, അനുകൂലവും പ്രതികൂലവുമായ ഏതൊരു ദൈവവിധിയിലും ഞങ്ങൾക്ക് സന്തോഷം നൽകേണമേ ..." l
Comments