Prabodhanm Weekly

Pages

Search

2023 ഡിസംബർ 29

3333

1445 ജമാദുൽ ആഖിർ 16

ഒ.ഐ.സി ഇങ്ങനെ തുടരേണ്ടതുണ്ടോ?

എഡിറ്റർ

1969-ൽ ഒരു സയണിസ്റ്റ് തീവ്രവാദി മസ്ജിദുല്‍ അഖ്സ്വാ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് മുസ്്‌ലിം ലോകത്ത് വന്‍ പ്രതിഷേധത്തിന് കളമൊരുക്കി. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മുസ്്‌ലിം സമൂഹങ്ങളും രാഷ്ട്രങ്ങളും ഒന്നിച്ച് നീങ്ങണമെന്നും അതിനായി ഒരു പൊതു വേദി രൂപവത്കരിക്കണമെന്നും പല കോണുകളില്‍നിന്നായി ആഹ്വാനമുയര്‍ന്നു. അന്നത്തെ സുഊദി രാജാവ് ഫൈസല്‍ ഇബ്‌നു അബ്ദില്‍ അസീസ് മുന്‍കൈയെടുത്ത് ഒരു പൊതു വേദിക്കും രൂപം നല്‍കി. അതാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്ലാമിക് കോണ്‍ഫറന്‍സ്. പിന്നീടത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) എന്നായി. ഫൈസല്‍ രാജാവിന് മുസ്്‌ലിം ലോകത്ത് പൊതു സ്വീകാര്യത ലഭിക്കാനുള്ള ഒരു പ്രധാന കാരണം ഈ വേദി രൂപവത്കരിക്കുന്നതില്‍ അദ്ദേഹം വഹിച്ച നേതൃപരമായ പങ്കാണ്. 1973-ല്‍ അറബ്- ഇസ്രായേല്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ അദ്ദേഹം സ്വീകരിച്ച ആര്‍ജവമുള്ള നിലപാടുകളും പരക്കെ പ്രശംസിക്കപ്പെട്ടു. യുദ്ധത്തില്‍ അമേരിക്ക യാതൊരു പരിധിയുമില്ലാതെ ഇസ്രായേലിനെ സഹായിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍, എണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഫൈസല്‍ രാജാവിന്റെ പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും പ്രധാനം. അര നൂറ്റാണ്ടിലധികം കാലം സകല അമേരിക്കന്‍ ഉപജാപങ്ങളുടെയും സൂത്രധാരനായിരുന്ന, ഈയിടെ മരണപ്പെട്ട ഹെന്‍ട്രി കിസ്സിഞ്ചര്‍ ഉടന്‍ ഓടിയെത്തി. ഫൈസല്‍ രാജാവ് കിസ്സിഞ്ചറോട് പറഞ്ഞു: ''നിങ്ങള്‍ ഇസ്രായേലിനെ പിന്തുണക്കുന്നത് നിര്‍ത്തിയാല്‍ ഉപരോധവും നില്‍ക്കും.'' ക്ഷുഭിതനായ കിസ്സിഞ്ചര്‍, 'നിങ്ങളുടെ എണ്ണക്കിണറുകള്‍ ഞങ്ങള്‍ ബോംബിട്ട് തകര്‍ക്കു'മെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഫൈസല്‍ രാജാവ് പറഞ്ഞ മറുപടി തങ്കലിപികളില്‍ എഴുതിവെക്കപ്പെട്ടിട്ടുണ്ട്: ''നിങ്ങള്‍ക്ക് ഞങ്ങളുടെ എണ്ണക്കിണറുകൾ തകര്‍ക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, ഒരു കാര്യം മറക്കരുത്. ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും ടെന്റ് കെട്ടി മരുഭൂമിയില്‍ പാര്‍ത്തിരുന്നവരാണ്. കാരക്കയും ഒട്ടകപ്പാലുമായിരുന്നു ഞങ്ങളുടെ ഭക്ഷണം. ടെന്റ് ജീവിതത്തിലേക്ക് രണ്ടാമതും മടങ്ങിപ്പോകാന്‍ ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല. പക്ഷേ, എണ്ണയില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനൊക്കുകയില്ല.''

ഫൈസല്‍ രാജാവ് ഇന്നില്ല. അദ്ദേഹം മുന്‍കൈയെടുത്ത് രൂപം നല്‍കിയ ഒ.ഐ.സി ഇപ്പോഴുമുണ്ട്. അന്നതില്‍ 24 മുസ്്‌ലിം രാഷ്ട്രങ്ങളേ ഉണ്ടായിരുന്നുള്ളൂ; ഇന്ന് 57 രാജ്യങ്ങളുണ്ട്. പക്ഷേ, തീര്‍ത്തും നിര്‍വീര്യമായ ഒരു സ്ഥാപനമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. ഫലസ്ത്വീനികള്‍ ആസൂത്രിതമായ വംശഹത്യക്കിരകളായിക്കൊണ്ടിരിക്കുമ്പോള്‍ ഈ വേദിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 'നിങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ അടങ്ങിയൊതുങ്ങി നിന്നുകൊള്ളണം' എന്ന നെതന്യാഹുവിന്റെ ഭീഷണിക്ക് മുന്നില്‍ പഞ്ചപുഛമടക്കി നില്‍പ്പാണ് ഈ ആഗോള വേദി. ഖുദ്‌സിന്റെ മോചനമാണ് ഈ വേദിയുടെ സ്ഥാപിത ലക്ഷ്യമെന്ന് അതിലെ അംഗങ്ങള്‍ മറന്നുപോയിരിക്കുന്നു.

ഇരുപത്തിയേഴായിരം ചതുരശ്ര കിലോ മീറ്റര്‍ വരുന്ന ഫലസ്ത്വീന്‍ ഭൂമിയുടെ 85 ശതമാനവും ഇസ്രായേല്‍ പൂര്‍ണമായി കൈവശപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത ഒ.ഐ.സിയില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയം പോലുമല്ല. ആഗോള രാഷ്ട്രീയത്തില്‍ മാത്രമല്ല, മറ്റു മേഖലകളിലും ഈ വേദി ഒന്നും ചെയ്യാനാവാതെ വിറങ്ങലിച്ച് നില്‍പ്പാണ്. ഒ.ഐ.സിക്ക് കീഴില്‍ വരുന്ന രാജ്യങ്ങളുടെ സാക്ഷരതാ നിരക്ക് ലോക ശരാശരിയെക്കാള്‍ താഴെയായിട്ടും നിരക്ഷരതാ നിര്‍മാര്‍ജനത്തിന് ഒരു പദ്ധതി തയാറാക്കാന്‍ പോലും അതിന് കഴിഞ്ഞിട്ടില്ല. മൊത്തം ഒ.ഐ.സി അംഗ രാജ്യങ്ങളുടെ ദേശീയ വരുമാനം ആഗോള കണക്കെടുക്കുമ്പോള്‍ വെറും 8.8 ശതമാനം മാത്രമാണ്. എന്നാല്‍, എണ്ണ കയറ്റുമതിയുടെ 36 ശതമാനവും മുസ്്‌ലിം രാജ്യങ്ങളില്‍ നിന്നാണ് താനും. എന്നിട്ടും ഈ രാഷ്ട്രങ്ങളിലെ ആളോഹരി വരുമാനം ആഗോള ശരാശരിയെക്കാൾ എത്രയോ (ഒരു കണക്ക് പ്രകാരം മൂന്നിലൊന്ന്) താഴെയാണ്. എണ്ണ വരുമാനത്തിന്റെ അമ്പത് ശതമാനവും ആയുധം വാങ്ങാന്‍ നീക്കിവെക്കുന്നതാണത്രെ ഇതിനൊരു പ്രധാന കാരണം. ഗസ്സയിലെ കൂട്ടക്കുരുതി ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമുണ്ട്: എന്തിനാണ് ഇങ്ങനെയൊരു വേദി? l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 16-18
ടി.കെ ഉബൈദ്

ഹദീസ്‌

നരകം നിഷിദ്ധമാക്കപ്പെട്ടവർ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്