Prabodhanm Weekly

Pages

Search

2023 ഡിസംബർ 29

3333

1445 ജമാദുൽ ആഖിർ 16

പിഴുതെറിയേണ്ടത് ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്ത്രീധന വ്യവസ്ഥിതിയെ..!

ഫാത്വിമ സഹ്റ ബതൂൽ

വലിയ രീതിയില്‍ സാമൂഹിക നവോത്ഥാനം നടന്നു കഴിഞ്ഞു എന്നു കരുതപ്പെടുന്ന സാക്ഷര കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീധന പീഡനങ്ങളുടെയും, മരണങ്ങളുടെയും കണക്ക് ആരെയും ഞെട്ടിക്കുന്നതാണ്, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കണക്കുകൾ വേറെയും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ നമ്മെ ഏറെ സങ്കടപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും സുഹൃത്തില്‍നിന്നുണ്ടായ വിശ്വാസ വഞ്ചന ആ പെണ്‍കുട്ടിയെ മരണത്തിലേക്കെത്തിച്ചു. പിതാവിന്റെ സമീപകാല വിയോഗം ഷഹനയെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനിടയിലാണ് പ്രതീക്ഷയോടെ കണ്ടയാൾ കുറഞ്ഞുപോയ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്. വിശ്വാസ വഞ്ചനയിൽ അവർ ഞെരിഞ്ഞു പോയിരിക്കണം! ഒരുപാട് പ്രതീക്ഷകളോടെ മുന്നിൽ കണ്ട ജീവിതം പണത്തിന്റെയും സ്വർണത്തിന്റെയും പേരിൽ പൊടുന്നനെ ഇല്ലാതായിപ്പോവുന്നത് പെൺകുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് കൂടിയാണ്.
സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കപ്പെടുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റിലും. ചിലര്‍ നീചമായി കൊല ചെയ്യപ്പെടുന്നു, മറ്റു ചിലർ സഹിക്കവയ്യാതെ സ്വയം ജീവനൊടുക്കുന്നു. ഈ ദുരവസ്ഥക്ക് വ്യക്തികളെ പഴിചാരി സമൂഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാലങ്ങളായി നിലനിന്നുപോരുന്ന ഈ അഴുകി ജീര്‍ണിച്ച വ്യവസ്ഥിതിയെ എന്തുകൊണ്ട് തൂത്തെറിയാന്‍ കഴിഞ്ഞില്ല എന്ന ഗൗരവമേറിയ ചോദ്യത്തിനു മുന്നിലാണ് നാം നില്‍ക്കുന്നത്. എങ്ങനെയാണ് ഈ ദുരാചാരം വേരോടെ തുടച്ചുനീക്കുകയെന്നത് കേവലം അന്തിച്ചർച്ചകളിൽ ഒതുങ്ങേണ്ട വിഷയമല്ല.

ഇതിനിടയിൽ പാട്രിയാർകിയിൽ മുങ്ങി നിവർന്ന് സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും സ്ത്രീകൾക്ക് ക്ഷമയെ പറ്റിയും ഈമാനിനെ കുറിച്ചും മോറൽ ക്ലാസെടുത്ത് പരിഹാരം കാണുന്ന ചിലരുടെ അറു ബോറത്തരം പറയാതെ വയ്യ.  കുടുംബം നന്നാവണമെങ്കിൽ പെണ്ണിന് എല്ലാ കാലവും ക്ഷമ ഉണ്ടാവണമെന്നും, അല്ലാഹുവിൽ ഭരമേൽപ്പിച്ച് അവൾ പ്രയാസങ്ങളിൽ കാത്തിരിക്കണമെന്നും, ഗാർഹിക പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്യുന്ന(കൊല്ലപ്പെടുന്ന) സ്ത്രീകൾ ഈമാനും മാനസിക കരുത്തും ഇല്ലാത്തവരാണെന്നും പറഞ്ഞു ക്ഷമയുടെ നെല്ലിപ്പടി കണ്ടിരിക്കുന്ന പെണ്ണുങ്ങളെ വിളിച്ചുകൂട്ടി ‘ഇസ്്ലാമിലെ സ്ത്രീ’ എന്ന് മതപഠന ക്ലാസെടുക്കുന്നതിന് പകരം, പടച്ചോൻ തന്ന അവകാശം തട്ടിപ്പറിക്കുന്നതിനെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അനീതിക്കും അക്രമത്തിനും ഒരു നിലക്കും നിന്നുകൊടുക്കാൻ കാരുണ്യവാൻ പറഞ്ഞിട്ടില്ലെന്നും, വിവാഹ മോചനം എന്നത് മോശം വിവാഹ ബന്ധങ്ങളിൽനിന്നുള്ള മോചനമാണെന്നും, അത് ഇസ്്ലാമിൽ പെണ്ണിന്റെ കൂടി അവകാശമാണെന്നും തീർത്തു പറയാൻ സാധിക്കണം.

ഭർതൃവീട്ടിൽ പീഡിതരാവുന്ന  പെൺമക്കളെ തിരിച്ചുവിളിക്കുകയും സംരക്ഷണം നൽകുകയും ചെയ്യേണ്ടത് വിവാഹ സമയത്തും അതിന് മുമ്പും സംരക്ഷണ ഉത്തരവാദിത്വം ഉണ്ടായിരുന്ന രക്ഷാധികാരിയുടെ ബാധ്യതയാണെന്നുള്ളത് ‘ഇസ്്ലാമിലെ പുരുഷന്മാർക്ക്’ ക്ലാസെടുത്തു കൊടുക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഷബ്്നമാർ ഉണ്ടാവുമായിരുന്നില്ല.

സമൂഹത്തിന്റെ ചോദ്യം ചെയ്യലുകളെ ഭയന്ന് നമ്മൾ എല്ലായ്്പ്പോഴും ചർച്ചകളിൽ അവളെ ക്ഷമ പഠിപ്പിക്കാൻ ട്യൂഷൻ ഏല്പിക്കുകയും, എന്ത്‌ കൊടിയ പീഡനം സഹിച്ചും അവിടെ തന്നെ നിന്നോളണം എന്ന് പറഞ്ഞു തിരികെ അയക്കുകയും ചെയ്യുന്നു. പട്ടിൽ പൊതിഞ്ഞു സന്തോഷത്തോടെ പറഞ്ഞയച്ച മക്കളെ പിന്നീട് കഫനിൽ പൊതിഞ്ഞ് കെട്ടിപ്പിടിച്ച് നിലവിളിക്കുന്നിടത്ത് എന്ത്‌ ധാർമികതയാണ് ബാക്കിയാവുന്നത്..?

കഴിഞ്ഞ കാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധന മരണങ്ങളിൽനിന്നും തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ മത-സമുദായ ഭേദങ്ങളില്ലാതെ കേരളത്തില്‍ ഇപ്പോഴും രൂക്ഷമായി തന്നെ സ്ത്രീധന കച്ചവടങ്ങൾ തുടരുന്നുണ്ട് എന്നാണ് വ്യക്തമാവുന്നത്.

തെക്കിനെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ സ്ത്രീധനം വാങ്ങിക്കുന്നത് മോശമാണെന്നൊരു ട്രെന്‍ഡ് ചെറുപ്പക്കാർക്കിടയിലും കുടുംബങ്ങളിലും ഉണ്ടായിവന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. മതസംഘടനകളും എൻ.ജി.ഒകളും നടത്തിപ്പോന്നിട്ടുള്ള നിരന്തരം  ബോധവത്കരണത്തിന്റെയും സ്ത്രീധനവിരുദ്ധ കാമ്പയിനുകളുടെയും അനന്തരഫലമായാണ് ഈ മാറ്റം.

മലബാർ മേഖലകളിൽ 'ഇത്ര' വാങ്ങി എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നിടത്തുനിന്ന്, 'ഒന്നും വാങ്ങിയില്ല' എന്നു പറയുന്നത് അഭിമാനമായി കാണുന്നേടത്തേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. പക്ഷേ, അപ്പോഴും എന്തോ ഒന്ന് വാങ്ങാനുണ്ടായിരുന്നല്ലോ, അത് വാങ്ങിയില്ലല്ലോ എന്നൊരു സൂചന അവിടെ നിഴലിക്കുന്നുണ്ട്.

സ്ത്രീധനത്തിന്റെ കുറച്ചുകൂടി 'മോഡിഫൈഡ് വേര്‍ഷൻ' ഇവിടങ്ങളിൽ നിലവിലുണ്ട് എന്നതാണ് മറ്റൊരു കാര്യം. അതായത്, വിവാഹത്തിനു മു് പെണ്‍കുട്ടിയുടെ സാമ്പത്തിക ഭദ്രത അരിച്ചുപെറുക്കി ‘കണ്ടീഷൻഡ്’ അല്ലാത്ത സമ്മാനങ്ങൾ ഉറപ്പു വരുത്തും.

‘കുട്ടിയെ മാത്രം മതി’ എന്ന് വീമ്പു പറയുന്ന സ്വരമൊന്ന് താഴ്ത്തി ‘ഇനി നിങ്ങൾ കുട്ടിക്ക് എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അങ്ങനെ ആവട്ടെ’ എന്ന് ഒരുവട്ടം കൂടി അടിവരയിട്ടുറപ്പിക്കും. ഇത്തരം ‘ഹലാൽ’ സമ്മാന കല്യാണങ്ങളിലെ സമ്മാനങ്ങളുടെ ലിസ്റ്റ് പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. 
ചോദിച്ചുറപ്പിക്കുന്നതിനെക്കാൾ ചോദിക്കാത്തത് കുറഞ്ഞുപോകരുതല്ലോ...

ഭാവിയിൽ വന്നുചേരാമെന്നുറപ്പുള്ള പെൺകുട്ടിയുടെ സ്വത്ത്്വിഹിതം വരെ കണക്കുകൂട്ടിയും പറഞ്ഞും അതവളുടെ പേരിൽ നേരത്തെ എഴുതി വാങ്ങിക്കുന്ന രീതിയുമുണ്ട്. 
ഇവിടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് പ്രധാന ഇരകൾ. വീട് /സ്ഥലം എന്നിങ്ങനെ ഉള്ളതെല്ലാം വിറ്റും പണയപ്പെടുത്തിയും വരെ പെണ്മക്കളെ വിവാഹം കഴിപ്പിച്ചയക്കുന്ന എത്രയെത്ര കുടുംബങ്ങൾ..! പിന്നീട് എന്ത്‌ പ്രശ്്നമുണ്ടായാലും തിരികെ വിളിക്കാനാവാത്ത അവസ്ഥ. 
ഇസ്്ലാമിക കർമശാസ്ത്രത്തിലേക്ക് വരുമ്പോൾ, വിവാഹം സാധുവാകാനുള്ള പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മഹ്്ര്‍ (വിവാഹ മൂല്യം). വിവാഹം ചെയ്യുന്ന പുരുഷന്‍ അവന്റെ ഇണ ആവശ്യപ്പെടുന്ന വിവാഹമൂല്യം നല്‍കുക എന്നതാണ് ഇസ്്ലാമിക രീതി. ഇതറിഞ്ഞിട്ടും വിവാഹാലോചന വരുമ്പോള്‍ ഇവരില്‍ എത്രപേര്‍ പെണ്‍കുട്ടിയോട്/ അവളുടെ വീട്ടുകാരോട് മഹ്റിനെക്കുറിച്ച് സംസാരിക്കാൻ മുതിരുന്നുണ്ട്..?
തുലോം വിരളമായിരിക്കും. 

ഇനി മഹ്‌റിനെക്കുറിച്ചൊക്കെ സ്വന്തം അഭിപ്രായവും നിലപാടും ഉറപ്പിച്ചുപറഞ്ഞാല്‍ അവരെ അഹങ്കാരികളാക്കിയും ഫെമിനിസ്റ്റുകളാക്കിയും ചാപ്പകുത്തുന്ന രീതി വേറെയുമുണ്ട്. സ്വന്തമായി അഭിപ്രായവും നിലപാടുമുള്ള പെണ്ണിനെ ഉൾക്കൊള്ളാൻ സമൂഹത്തിന് എല്ലാ കാലത്തും പേടിയാണല്ലോ. വിവാഹമൂല്യം നിശ്ചയിക്കാനുള്ള പരമാധികാരം പെണ്ണിനാണ് എന്ന് അറിഞ്ഞിട്ടും, ഹൈന്ദവാചാരത്തിന്റെ ഭാഗമായിട്ടുള്ള താലി സമ്പ്രദായത്തില്‍നിന്ന് കരകയറാന്‍ ബഹുഭൂരിപക്ഷത്തിനും ഇനിയും സാധിച്ചിട്ടില്ല എന്നത് അതിന്റെ വലിയൊരു തെളിവാണ്. മഹ്‌ർ എന്നാൽ കഴുത്തിലെ നീളന്‍ സ്വര്‍ണമാല മാത്രമാണ് എന്ന ചിത്രമുണ്ടാവുന്നതും അങ്ങനെയാണ്. പെണ്ണവകാശങ്ങൾ പുരുഷൻ അനുവദിച്ചു നൽകേണ്ടുന്ന എന്തോ ആണെന്ന അഹന്തയിൽ നിന്ന് രക്ഷപ്പെടാതെ പെണ്ണ് സ്വയം തെരഞ്ഞെടുക്കുന്നതാണ് മഹ്ർ എന്ന പൂർണസ്ഥിതി അത്രയെളുപ്പം സാധ്യമല്ല.

ഇത്തരത്തിലൊരു സാഹചര്യത്തില്‍ സ്ത്രീധനത്തെ മഹ്്ര്‍ കൊണ്ട് റീപ്ലേസ് ചെയ്യുക, അറബ് നാടുകളിലെ മഹ്ർ മാതൃകകൾ അനുകരിക്കുക എന്നീ  ടാക്ടിക്്സൊന്നും അത്രയെളുപ്പം സംഭവിക്കാനിടയില്ല.

സത്യത്തിൽ ഇസ്്ലാം അനുശാസിക്കുന്ന വിവാഹവും വിവാഹജീവിതവും ഇവിടുത്തെ  ക്ലാസ്സിക് പാട്രിയാർക്കിയെ ‘ഫോബിക്’ ആക്കുന്നുണ്ട്.. വിവാഹം കഴിക്കുന്നതും ജീവിക്കുന്നതും ‘വ്യക്തി’കളാണ് എന്നു പോലും അനുവദിച്ചു നൽകാൻ മടിയുള്ളിടത്താണ്, വിവാഹശേഷം എവിടെ ജീവിക്കണമെന്നത് പെണ്ണിന്റെ തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞുവെക്കുന്നത്. അപ്പോൾ പിന്നെ കൊഴുത്ത പാട്രിയാർക്കിയിൽ മുങ്ങിക്കിടക്കുന്നവർക്ക് ഫോബിക്കാവാതെ  തരമില്ലല്ലോ...! 

നിലവിലെ അവസ്ഥകൾ മറികടക്കാൻ നാം എന്താണ് ചെയ്യേണ്ടത് എന്നത് വലിയൊരു ചോദ്യമാണ്.  ചില മാറ്റങ്ങൾക്ക് നാം തുടക്കമിട്ടേ മതിയാവൂ.

ഒന്ന്, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പെണ്ണിന് നല്‍കേണ്ട വിവാഹമൂല്യത്തെ കുറിച്ച്, അത് അവകാശമാണ് എന്ന ബോധം സമൂഹത്തിന് പകര്‍ന്നുനല്‍കുക.

രണ്ട്, വിവാഹത്തോടെ മാത്രം പെണ്‍മക്കള്‍ക്ക് നല്‍കാനുള്ളതല്ല 'സമ്മാനങ്ങള്‍' എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക. പഠനം/യാത്രകള്‍/ബിസിനസ് തുടങ്ങി അവര്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള എത്രയെത്ര സമ്മാനവഴികളുണ്ട്? അതിന് വിവാഹമെത്തുന്നത് വരെ കാത്തിരിക്കുന്നതെന്തിന്? 

മൂന്ന്, വിവാഹത്തോടെ തീരുന്നതല്ല ജീവിതമെന്ന് പെണ്‍മക്കളെ പഠിപ്പിക്കുക. നാട്ടുകാര്‍ എന്തു കരുതുമെന്ന ഭയം മാതാപിതാക്കളും കളഞ്ഞേ തീരൂ.

നാല്, ഏത് ഘട്ടത്തിലും മാനസിക പിന്തുണ ഉറപ്പ് വരുത്തുന്ന ഒരു 'ഇടം' വീടകങ്ങളില്‍ ഉണ്ടാക്കിയെടുക്കുക.

അഞ്ച്, സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുന്നത് തങ്ങളുടെ ഔദാര്യമാണെന്ന ബോധം ഇല്ലായ്മ ചെയ്യുക. പെണ്‍കുട്ടികള്‍ തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കണമെന്ന വാശിയും ചിലപ്പോഴെങ്കിലും ഈ വിചാരത്തില്‍നിന്നുണ്ടാവുന്നതാണ്.

ആറ്, വ്യക്തികളാണ് വിവാഹിതരാവുന്നതെന്ന ബോധ്യം എപ്പോഴുമുണ്ടാവുക. തെരഞ്ഞെടുപ്പുകൾ അവർക്ക് വിടുക. ‘കുട്ടികൾ’ എന്ന് പറഞ്ഞു ഇൻഫെന്റയിസ് ചെയ്ത് അവരുടെ ജീവിതത്തിലെ എല്ലാറ്റിലും കയറി ഇടപെടാതിരിക്കുക. കാരണം, അവർ പുതിയൊരു കുടുംബമാണ്.

ഏഴ്, വിവാഹ ശേഷം സുരക്ഷിതമാണെന്ന് ഉറപ്പുള്ള ഒരിടമുണ്ടാക്കിയെടുക്കുന്നതിൽ ശ്രദ്ധ പുലർത്തുക. ഭർത്താവിന്റെ വീട്ടിൽ നിൽക്കണോ, വേണ്ടയോ എന്നത് പെൺകുട്ടിയുടെ ചോയ്സ് ആണെന്ന് മറക്കാതിരിക്കുക.

എട്ട്, മത സംഘടനകളും യുവജന സംഘടനകളും എൻ.ജി.ഒകളും ചേർന്ന് സമൂഹത്തിൽ നിരന്തരമായി അവബോധം സൃഷ്ടിക്കാൻ മുന്നിട്ടിറങ്ങുക.

ഒൻപത്, സ്ത്രീധന-ഗാർഹിക പീഡന വിരുദ്ധ കാമ്പയിനുകളിലൂടെ കൂടുതൽ ആളുകളിലേക്ക് വിഷയത്തിന്റെ ഗൗരവം എത്തിക്കുക.

ഇസ്്ലാമില്‍ വിവാഹവും വിവാഹ ജീവിതവും വളരെയേറെ പവിത്രതയുള്ള ഒന്നാണ്. ഇസ് ലാമിലെ വിവാഹം ലളിതമാണ്, എളുപ്പമാണ്, ഭാരങ്ങളില്ലാത്തതാണ്. 

ഇസ്്ലാം പറഞ്ഞ ആ എളുപ്പങ്ങളെ ദുഷിച്ച വ്യവസ്ഥിതിക്കൊപ്പം കൂട്ടിക്കെട്ടി അതികഠിനമാക്കി തീര്‍ത്തിരിക്കുകയാണ് നമ്മൾ.

സാമൂഹിക മാറ്റം ഉണ്ടായി വരേണ്ട ഒന്നല്ല, നാം ബോധപൂർവം ഉണ്ടാക്കിയെടുക്കേണ്ടതാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 16-18
ടി.കെ ഉബൈദ്

ഹദീസ്‌

നരകം നിഷിദ്ധമാക്കപ്പെട്ടവർ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്