Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

Discurso Muslimah ജി.ഐ.ഒ കാമ്പസ് കോൺഫറൻസ്

സുഹാന

“നാഗരികതയിലും സാമൂഹിക ഘടനയിലും സ്ത്രീയെ അവളുടെ നൈസർഗികമായ സ്വത്വം പരിഗണിച്ചും യഥാർഥ പ്രകൃതം ഉൾക്കൊണ്ടും അവൾക്ക് അന്തസ്സും അഭിമാനബോധവും ആദരവും പദവിയും ലഭ്യമാക്കിയത് ഇസ് ലാം മാത്രമാണെന്ന് നിസ്സംശയം പറയാം. യാഥാർഥ്യ ബോധത്തോടെ സ്ത്രീത്വത്തിന്റെ പദവി ഉയർത്തുകയും അവളെ മുഖ്യധാരയോടൊപ്പം പരിഗണിക്കുകയും ചേർത്തുനിർത്തുകയും ചെയ്യാൻ ഇസ് ലാമിന് മാത്രമേ കഴിയൂ എന്ന സത്യം കാലം തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്."
-സയ്യിദ് അബുൽ അഅ്ലാ മൗദൂദി

ഇസ് ലാമിക ചരിത്രത്തിലുടനീളം മനുഷ്യജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സ്ത്രീജീവിതങ്ങള്‍ അടയാളപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ ആദ്യ പത്നി ഖദീജ ബിന്‍ത് ഖുവൈലിദ് മുതൽ ഇങ്ങോട്ട് വിജ്ഞാനം, കല, സാഹിത്യം, കച്ചവടം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ തിളങ്ങിനിന്ന എണ്ണമറ്റ മഹതികളെ നമുക്ക് ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാം. ആത്മാഭിമാനമുള്ള വസ്ത്രധാരണവും അന്തസ്സാര്‍ന്ന പെരുമാറ്റവും സ്രഷ്ടാവിനോടുള്ള അങ്ങേയറ്റത്തെ കൂറും വിധേയത്വവുമാണ് മുസ് ലിം സ്ത്രീയുടെ മുഖമുദ്ര.

എന്നാല്‍, ചാനല്‍ ചര്‍ച്ചകള്‍ മുതല്‍ വൈറ്റ് ഹൗസ് വരെ മുസ് ലിം പെണ്ണിന്റെ വ്യവഹാര മണ്ഡലങ്ങളായി മാറിയിട്ടും മതനിയമങ്ങൾ, പുരുഷാധിപത്യം, പർദ, ഹിജാബ് തുടങ്ങിയ സംജ്ഞകളിൽ പെട്ട് പൊറുതിമുട്ടുന്നവളായാണ് ആധുനികത അവളെ  ചിത്രീകരിക്കുന്നത്. ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല കലാലയങ്ങളിലെ മുസ് ലിം വിദ്യാർഥിനിയെ കുറിച്ച് നിലനിൽക്കുന്ന പൊതുധാരണകളും. ദൃശ്യ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഈ പൊതുബോധത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.

അതേസമയം, മുസ് ലിം വിദ്യാർഥിനിയുടെ രാഷ്ട്രീയ ബോധവും വൈജ്ഞാനിക ശേഷിയും നേതൃപാടവവും രാജ്യം തിരിച്ചറിഞ്ഞ നാളുകൾക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇസ് ലാമോഫോബിയയും സവർണ ഹിന്ദുത്വ ഫാഷിസവും ലിബറൽ ആശയങ്ങളും പൊതുബോധത്തെയും ഭരണകൂട അജണ്ടകളെയും നിർണയിക്കുന്ന കാലത്ത് രാജ്യത്തെ വിവിധ കാമ്പസുകളിൽ തന്റെ ജീവിത ദർശനത്തിന്റെ ധീരവക്താവാണ് മുസ് ലിം വിദ്യാർഥിനി.
കാമ്പസുകളെ പിടിച്ചുകുലുക്കുന്ന പുരോഗമനാശയങ്ങളോടും ഇസ് ലാമോഫോബിക് ആകുലതകളോടും കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത്  ഇസ് ലാമികമായി പ്രതികരിക്കാൻ ഇന്ന് നമ്മുടെ കാമ്പസുകളിലെ വിദ്യാർഥിനിക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ് ലിം സ്ത്രീയുടെ രാഷ്ട്രീയ ഇടപെടലുകൾക്ക് ധീരമായ മാതൃകകൾ തുറന്നിടുന്ന മുസ് ലിം വിദ്യാർഥിനി വിവിധ കാമ്പസുകളിൽ ഇന്ന് നിറസാന്നിധ്യമാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരങ്ങളുടെ മുഖചിത്രമായി മാറിയ മുസ് ലിം വിദ്യാർഥിനികളും കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ സധൈര്യം രംഗത്തു വന്ന പെൺകുട്ടികളും ഇതിന്റെ ഉദാഹരണങ്ങളാണ്.

ഫെമിനിസം, ജെൻഡര്‍ ന്യൂട്രാലിറ്റി, ലിബറലിസം പോലെ പ്രത്യക്ഷത്തില്‍ സ്ത്രീസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ യഥാർഥ സ്ത്രീസ്വത്വത്തിനു വിരുദ്ധവുമായ ആശയധാരകളാണ് ഇന്ന് ഏറ്റവും പുതിയ തലമുറയെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലും പർദയും ഹിജാബുമണിഞ്ഞ സ്ത്രീകളെല്ലാം അടിച്ചമർത്തപ്പെട്ടവരാണ് എന്ന ഇടതു ലിബറൽ വാദങ്ങളെ, അതേ ഹിജാബ് അണിഞ്ഞുകൊണ്ടുതന്നെ നീതികേടിനെതിരെ ശബ്ദിച്ചും സാമൂഹിക സമരങ്ങളെ നയിച്ചും അവർ റദ്ദു ചെയ്യുന്നു. പ്രകടമായി തന്നെ ഇസ് ലാമിനോട് വലിയ തോതിൽ വെറുപ്പ് ഉദ്പാദിപ്പിക്കപ്പെടുന്ന അന്തരീക്ഷത്തിൽ തങ്ങളുടെ ജീവിത ദർശനത്തെ ആത്മാഭിമാനത്തോടെ ഉയർത്തിപ്പിടിക്കുകയും അതോടൊപ്പം അക്കാദമിക-സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളെ സാധ്യമാക്കുകയും ചെയ്ത വർത്തമാനങ്ങളാണ് അവർക്ക് പറയാനുള്ളത്.

ഈ രാഷ്ട്രീയ സാഹചര്യത്തിൽ, കേരളത്തിലെ മുസ് ലിം വിദ്യാർഥിനികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവയെ പ്രതിരോധിക്കാനുള്ള രീതിശാസ്ത്രവും  ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അവരെ അക്കാദമികമായി ശാക്തീകരിക്കുന്നതിനും, ഈ സങ്കീർണതകളോട് മുസ് ലിം സ്ത്രീയുടെ നിലപാട് എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്നതിനും, മുസ് ലിം സ്വത്വത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും വിദ്യാർഥിനികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും സമഗ്രമായ പദ്ധതി ആവശ്യമാണ്.

ഈ ലക്ഷ്യത്തോടെ Uphold Iman, Uplift Izzah എന്ന മുദ്രാവാക്യമുയർത്തി 2023 ഡിസംബർ 25, 26 തീയതികളിലായി, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കാമ്പസുകളിലെ മുസ് ലിം വിദ്യാർഥിനികൾക്കായി മൗണ്ട് സീന (പത്തിരിപ്പാല, പാലക്കാട്) കാമ്പസിൽ ജി.ഐ.ഒ കേരള Discurso Muslimah എന്ന പേരിൽ സംസ്ഥാനതല കാമ്പസ് കോൺഫറൻസ് സംഘടിപ്പിക്കുകയാണ്.
മുഖ്യധാരാ മാധ്യമങ്ങൾ നിർമിച്ചെടുത്ത മുസ് ലിം വിരുദ്ധ ആഖ്യാനങ്ങളെ ചെറുത്ത് ബദൽ പ്ലാറ്റ്ഫോമുകളിലൂടെ സത്യങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ പ്രാപ്തരായ വിദ്യാർഥിനികളെ വാർത്തെടുക്കുക, സർഗാത്മകമായ മാർഗങ്ങളിലൂടെ വിശ്വാസവും (ഈമാൻ) അന്തസ്സും (ഇസ്സത്ത്) മുറുകെപ്പിടിച്ച് അനീതിയെ എതിർക്കുന്നവരാകാൻ വിദ്യാർഥിനികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ. പഠനം, ആശയവിനിമയം, സംവാദം തുടങ്ങിയവ സുഗമമാക്കുന്നതിന് സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കാനും ഈ കോൺഫറൻസ് ലക്ഷ്യമിടുന്നു. ഇസ് ലാമോഫോബിക് അജണ്ടകളെ ഈമാനോടും ഇസ്സത്തോടും കൂടി എതിർത്തുനിൽക്കുന്നതെങ്ങനെ എന്നതുമായി ബന്ധപ്പെട്ട ആലോചനകളും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഇസ് ലാമിക് കാമ്പസ് കോൺഫറൻസിലെ പ്രധാന ചർച്ചാ വിഷയമായിരിക്കും.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിദ്യാർഥിനികളുടെ വളർച്ചയും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന കാൽവെപ്പാണ് Discurso Muslimah. 7 സ്റ്റേജുകളിലായി എണ്‍പതിലധികം വിദഗ്ധരെ പങ്കെടുപ്പിച്ച് 23 സെഷനുകളിലായിട്ടാണ് പരിപാടിയുടെ സംഘാടനം. ആത്മീയ-വൈജ്ഞാനിക സെഷനുകള്‍, എക്സ്പേര്‍ട്ട് ടോക്ക്, മീറ്റ് ദ് സ്കോളര്‍, പാനല്‍ ഡിസ്കഷന്‍, കരിയര്‍ മീറ്റ്, ഐക്യദാര്‍ഢ്യ സദസ്സ്, ഡോക്യുമെന്ററി പ്രദര്‍ശനം, സംഗീത വിരുന്ന്, പുസ്തക മേള എന്നിവ Discurso Muslimah യില്‍ അരങ്ങേറും. l

https://discurso.giokerala.org/
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്