Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

വില്‍ഡേഴ്‌സിന്റെ വിജയം നല്‍കുന്ന അപകട സൂചനകള്‍

എഡിറ്റർ

സ്്‌ലാമിനെയും മുസ്്‌ലിംകളെയും കുറിച്ച് മനപ്പൂര്‍വം ദുഷ്ടലാക്കോടെ ഭീതി ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ലക്ഷണമൊത്ത ഒരു ഇസ്്‌ലാമോഫോബികിനെ  ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ അതില്‍ ആദ്യ പേരുകാരില്‍ ഒരാളായിരിക്കും ഡച്ച് രാഷ്ട്രീയക്കാരനായ ഗീര്‍ട്ട് വില്‍ഡേഴ്‌സ്. മസ്ജിദുകളും ഇസ്്‌ലാമിക കലാലയങ്ങളും അടച്ചുപൂട്ടുമെന്നും ഖുര്‍ആന്‍ നിരോധിക്കുമെന്നും അറബ് കുടിയേറ്റം അവസാനിപ്പിക്കുമെന്നും പശ്ചിമേഷ്യയില്‍നിന്നുള്ള അഭയാര്‍ഥികളെ അതിര്‍ത്തിയില്‍ കൊണ്ട് ചെന്ന് തള്ളുമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഈ തീവ്ര വലതുപക്ഷക്കാരന്‍ കാല്‍നൂറ്റാണ്ടായി ഡച്ച് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ മാസം ഹോളണ്ടില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വില്‍ഡേഴ്‌സ് നേതൃത്വം നല്‍കുന്ന ഫ്രീഡം പാര്‍ട്ടി 37 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതാണ് അയാള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ഈ തെരഞ്ഞെടുപ്പില്‍ ഫ്രീഡം പാര്‍ട്ടിയുടെ സീറ്റുകള്‍ ഇരട്ടിയായി വര്‍ധിച്ചു. രണ്ടാം സ്ഥാനത്ത് 25 സീറ്റുമായി ഇടത് സഖ്യമാണ്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രധാനമന്ത്രിയായിരുന്ന മാര്‍ക്ക് റട്ടെയുടെ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 24 സീറ്റേ ലഭിച്ചുള്ളൂ. 150 അംഗ പാര്‍ലമെന്റില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ഒരു കക്ഷിക്കുമില്ലെങ്കിലും വില്‍ഡേഴ്‌സിന്റെ പാര്‍ട്ടി തന്നെ കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മറ്റു കക്ഷികള്‍ ഫ്രീഡം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ തയാറാവാത്തതിനാല്‍ മന്ത്രിസഭാ രൂപവത്കരണം നീണ്ടുപോവുകയാണ്. കടുത്ത മുസ്്‌ലിംവിരുദ്ധത മാത്രമല്ല പ്രശ്‌നം; ആ പാര്‍ട്ടിയുടെ കടുത്ത യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധത കൂടിയാണ്. ഇസ്രായേലിനെ കണ്ണുമടച്ച് പിന്തുണക്കുന്നയാളാണ് വില്‍ഡേഴ്‌സ്. ഹോളണ്ടിന്റെ എംബസി ജറൂസലമിലേക്ക് മാറ്റുമെന്നും ഫലസ്ത്വീന്‍ അതോറിറ്റി ആസ്ഥാനമായ റാമല്ലയിലെ ഡച്ച് എംബസി അടച്ചുപൂട്ടുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.
യൂറോപ്പിനെ തീവ്ര വലതുപക്ഷം വിഴുങ്ങുകയാണെന്ന് നിരീക്ഷകര്‍ ആശങ്കപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. വലതു തീവ്രപക്ഷം ശക്തിപ്പെടാനുണ്ടായ ഒന്നാമത്തെ പ്രധാന കാരണം 2008-ലെ സാമ്പത്തിക പ്രതിസന്ധിയാണ്. 2015-ലുണ്ടായ അഭയാര്‍ഥി പ്രവാഹം യൂറോപ്യന്‍ സമൂഹങ്ങളിലുണ്ടാക്കിയ ഭീതി തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മുതലെടുക്കുകയും, തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അത് നിമിത്തമാവുകയും ചെയ്തു. റഷ്യ-യുക്രെയ്്ൻ യുദ്ധം തുടങ്ങിയ ശേഷം യൂറോപ്പിലേക്ക് റഷ്യന്‍ ഇന്ധനം വരാതെയായതോടെ രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവുമാണ് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് തുണയായിരിക്കുന്നത്. ഹംഗറിയിലും ഇറ്റലിയിലും ഇപ്പോള്‍ തീവ്ര വലതു പാര്‍ട്ടികളാണ് ഭരിക്കുന്നത്. ഫ്രാന്‍സില്‍ അടുത്ത തെരഞ്ഞെടുപ്പോടെ തീവ്ര വലതു പാര്‍ട്ടി അധികാരം പിടിക്കുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ കടുത്ത ഇസ്്‌ലാംവിരുദ്ധത ഫ്രഞ്ച് സമൂഹം ഇസ്്‌ലാമോഫോബിക്കാവുന്നതിന്റെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വില്‍ഡേഴ്‌സ് നേടിയ വിജയത്തിന്റെ ആഘാതം ഹോളണ്ടില്‍ ഒതുങ്ങിനില്‍ക്കില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുമായി സാമ്യമുള്ളതിനാല്‍ 'ഹോളണ്ടിന്റെ ട്രംപ്' എന്നാണ് വില്‍ഡേഴ്‌സ് അറിയപ്പെടുന്നത്. അടുത്ത വര്‍ഷം അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് തന്നെയായിരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. വില്‍ഡേഴ്‌സിന്റെ വിജയം അമേരിക്കന്‍ തെരഞ്ഞെടുപ്പിനെയും മറ്റു തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കാതിരിക്കില്ല. കൂടുതല്‍ അപകടകരമായ സ്ഥിതിവിശേഷമാണ് ലോകത്ത് വരാനിരിക്കുന്നത് എന്നതിന്റെ സൂചനകളാണിതെല്ലാം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്