സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
عَنْ أَبِي هُرَيْرَة رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: أَوْلَادُ المُؤْمِنِينَ فِي جَبَلٍ فِي الجَنَّةِ ، يَكْفُلُهُمْ إبْرَاهِيمُ وَسَارَةُ ، حَتَّى يَرُدَّهُمْ إلَى آبَائِهِمْ يَوْمَ القِيَامَةِ (أَحْمَد)
അബൂ ഹുറയ്റ (റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: വിശ്വാസികളുടെ മക്കൾ സ്വർഗത്തിലെ ഉയർന്നയിടങ്ങളിലാണ്. ഇബ്റാഹീമും സാറയുമാണ് അവരെ സംരക്ഷിക്കുന്നത്. അന്ത്യദിനത്തിൽ അവരെ അവരുടെ മാതാപിതാക്കളെ തിരിച്ചേൽപ്പിക്കും" (അഹ്്മദ്).
ഒരാളുടെ ജീവിതത്തിൽ ഏറെ ദുഃഖവും വ്യസനവും ഉണ്ടാക്കുന്നതാണ് സന്താനങ്ങളുടെ വേർപാട്. എത്ര മറക്കാൻ ശ്രമിച്ചാലും ഇടക്കിടെ അവരെക്കുറിച്ച ഓർമകൾ മനസ്സിനെ മദിച്ചുകൊണ്ടിരിക്കും. പരലോക വിശ്വാസികളല്ലാത്തവർക്ക് ഈ ദുഃഖഭാരം ഇറക്കിവെക്കാൻ ഒരത്താണിയും ഉണ്ടാവുകയില്ല.
ഇവിടെ അല്ലാഹുവിന്റെ റസൂൽ (സ) പുത്ര വിരഹത്താൽ വേദന തിന്നുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കുകയാണ്: "നിങ്ങൾ ദുഃഖിക്കേണ്ട; അവർ, നിങ്ങളെക്കാൾ നല്ല രക്ഷിതാക്കളോടൊപ്പം സ്വർഗത്തിലെ അത്യുന്നതങ്ങളിൽ കളിച്ചുല്ലസിക്കുകയാണ്.
അതെ, അവരുടെ പിതാവ് പുത്ര വാത്സല്യത്തിന് പേര് കേട്ട അല്ലാഹുവിന്റെ ഖലീലായ ഇബ്റാഹീമാണ്. പത്നി സാറ മാതാവും. ബാല്യകാലത്ത് മരണം വരിച്ച അവർ മഹാ ഭാഗ്യവാൻമാരാണ്. നിങ്ങൾ പരലോകത്ത് എത്തുന്നതോടെ അവരെ നിങ്ങൾക്ക് തിരിച്ചേൽപ്പിക്കും."
തിരുദൂതർ ഇതുകൂടി പറഞ്ഞു: "മാതാപിതാക്കൾ ശിർക്ക് ചെയ്തവരും മഹാപാപികളുമല്ലെങ്കിൽ നേരത്തെ പരലോകത്തെത്തിയ പുത്രൻമാർ അല്ലാഹുവിനോട് പറയും: 'ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളോടൊപ്പമുണ്ടെങ്കിലേ ഞങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ.'
അപ്പോൾ അല്ലാഹു അവരുടെ മാതാപിതാക്കളെയും സ്വർഗത്തിൽ പോവാൻ അനുവദിക്കും" (അന്നസാഈ).
ഹദീസിൽ വിശ്വാസികളുടെ സന്താനങ്ങളെ കുറിച്ച് മാത്രമായതിനാൽ സ്വഹാബികളിലൊരാൾ സംശയമുന്നയിച്ചു:
"ബഹുദൈവ വിശ്വാസികളുടെ മക്കളോ?"
"അതെ, അവരും സ്വർഗത്തിലാണ്"-
പ്രവാചകന്റെ മറുപടി.
ഈ ഹദീസിന്റെ വിശദീകരണമായി ഒരു സംഭവം ഹദീസിൽ ഇപ്രകാരം കാണാം:
ഖുർറതുബ്്നു ഇയാസ് (റ) നിവേദനം ചെയ്യുന്നു: "നബി (സ) എവിടെയെങ്കിലും ഇരിക്കുകയാണെങ്കിൽ അവിടെ അനുയായികളും ഇരിക്കും. കൂട്ടത്തിലൊരാൾ റസൂലിന്റെയടുത്തേക്ക് തന്റെ പുത്രനോടൊപ്പമായിരുന്നു വന്നിരുന്നത്. അവനെ അദ്ദേഹം തന്റെ മുന്നിലിരുത്തും. ഒരു ദിനം അയാളുടെ പൊന്നുമോൻ മരിച്ചു. ക്ലാസ്സിന് വരുമ്പോൾ തന്റെ പൈതലിനെ ഓർമവരുന്നതിനാലുള്ള ദുഃഖം താങ്ങാനാവാത്തതിനാൽ അയാൾ പിന്നെ പള്ളിയിലേക്ക് വന്നില്ല.
"അദ്ദേഹം എവിടെയാണ്?"
"അല്ലാഹുവിന്റെ റസൂലേ, അയാളോടൊപ്പം താങ്കൾ കാണാറുണ്ടായിരുന്ന കുട്ടി മരിച്ചു."
നബി (സ) അദ്ദേഹത്തെ നേരിൽ കണ്ട് അനുശോചനമറിയിക്കുകയും പ്രാർഥിക്കുകയും ചെയ്തു. പിന്നെ ചോദിച്ചു: "സുഹൃത്തേ, മോനോടൊപ്പം കുറേ കാലം ജീവിക്കുന്നതാണോ, സ്വർഗ വാതിലിനടുത്തെത്തുമ്പോൾ അവൻ നേരത്തെ അവിടെയെത്തി താങ്കൾക്ക് സ്വർഗവാതിൽ തുറന്നു തരുന്നതാണോ താങ്കൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ?"
അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ.. അവൻ നേരത്തെ അവിടെയെത്തി എനിക്ക് സ്വർഗ കവാടം തുറന്നു തരുന്നതാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്."
"എങ്കിൽ അതാണ് താങ്കൾക്കുള്ളത്"
(അന്നസാഈ). l
Comments