സത്യത്തിനു വേണ്ടി നിലകൊണ്ടവർ
ടി.എ മുഹമ്മദ് മൗലവിയെ പറ്റി കെ.എം ബശീർ ദമ്മാം എഴുതിയ ലേഖനം (3329) വായിച്ചു. മനസ്സിൽ കുളിര് കോരിയിടുന്ന അനുഭവമായി. മാള ടൗണിൽ മൗലവി ചായപ്പൊടി കച്ചവടം ചെയ്യുന്ന കടയിൽ വെച്ച് പരിചയപ്പെട്ടതിന് ശേഷമുള്ള ബന്ധമാണ്. കെ. അബ്ദുസ്സലാം മൗലവിയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. രണ്ടു പേരുടെയും മരണം വരെ സ്നേഹബന്ധം നിലനിർത്താൻ കഴിഞ്ഞു. ഞാൻ കെ.പി.സി.സി ട്രഷറർ ആയപ്പോൾ ടി.എയുടെ വീട്ടിൽ പോയി കണ്ടു. കാണുമ്പോഴെല്ലാം കെട്ടിപ്പിടിച്ച് ഉമ്മ തരും. കണ്ണ് നനയുന്ന ഉമ്മ. ചില ഉപദേശങ്ങൾ തരും. ഒരിക്കലും എന്നെ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചിട്ടില്ല. എന്തൊരു മധുരമായ ഖുർആൻ പാരായണമായിരുന്നു! സൂറത്തുൽ ജുമുഅയിലെ അവസാന വചനം കേൾക്കുമ്പോൾ മൗലവിയെ ഓർമ വരും. അബ്ദുസ്സലാം മൗലവിയുടെ ധാരാളം ജുമുഅ ഖുത്വ്്ബകൾ കേട്ടിട്ടുണ്ട്. എല്ലാം നേർവഴിയിലേക്ക് സഞ്ചരിക്കാൻ പ്രചോദനം നൽകുന്നവ. മാളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അലി സാഹിബും രണ്ട് മൗലവിമാരും ഒരു അച്ചുതണ്ടിന്റെ ഭാഗമായിരുന്നു.
എന്റെ പൊട്ടുചിറ മഹല്ലും തൊട്ടടുത്ത ചിറക്കൽ മഹല്ലും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. രണ്ടു മഹല്ലിലെയും പ്രധാനപ്പെട്ടവർ കക്ഷികളായ തർക്കം. കുടുംബ ബന്ധങ്ങൾ ശിഥിലമായ തർക്കം. ഊരു വിലക്കുകൾ, ലംഘനങ്ങൾ. കേരളം മുഴുവനും ഓടി നടന്ന് മതവിധികൾ സംഘടിപ്പിക്കുന്ന കാലം. പൊട്ടുചിറ മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്നു ഞാൻ. തർക്കം പോലീസിലെത്തി. സ്ഥലം ഡി.വൈ.എസ്.പി, അലി മാസ്റ്ററെ മധ്യസ്ഥനായി നിശ്ചയിച്ചു. അലി മാസ്റ്റർ, അബ്ദുസ്സലാം മൗലവിയെയും ടി.എ മൗലവിയെയുമാണ് പ്രശ്നപരിഹാരത്തിനായി നിയോഗിച്ചത്. ഞങ്ങൾ സമ്മതിച്ചു. പക്ഷേ, എന്റെ മനസ്സിൽ ആശങ്കയുണ്ടായിരുന്നു. ന്യായം ഞങ്ങളുടെ ഭാഗത്താണെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും സാമ്പത്തിക ശേഷിയുള്ള എതിർ കക്ഷികൾ മൗലവിമാരെ സ്വാധീനിക്കുമോ എന്ന ആശങ്ക. എനിക്കാണെങ്കിൽ ഇരുവരെയും മുൻ പരിചയവുമില്ല. ഞാൻ പലരോടും തിരക്കി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു, അവർ സത്യം പറയുന്നവരാണ്; ഭയപ്പെടേണ്ട.
രണ്ട് പേരും പല തവണ ഇരു മഹല്ലുകളിലും വന്നു. പ്രസംഗങ്ങളും ഉദ്ബോധനങ്ങളും നടത്തി. അതിർത്തികൾ കണ്ടു. അവസാനം അബ്‌ദുസ്സലാം മൗലവി വിധിപറഞ്ഞു. അദ്ദേഹം അന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു: "ഒരു മനുഷ്യനെ കണ്ണ് കെട്ടി പൊട്ടുചിറയിൽ നിന്ന് ചിറക്കലേക്ക് നടത്തുക. നടക്കുമ്പോൾ അതിർത്തികൾ പറഞ്ഞു കൊടുക്കുക. അദ്ദേഹത്തിന് ഈ വിധിയേ പറയാൻ കഴിയൂ." ഞങ്ങൾക്ക് ആശ്വാസമായി. സത്യവും നീതിയും ജയിച്ചു. അലി മാസ്റ്റർ, അബ്‌ദുസ്സലാം മൗലവി, ടി. എ മൗലവി എന്നിവരുടെ സത്യത്തിന്റെ വിധി.
അന്ന് മുതൽ ആരംഭിച്ച ബന്ധം മരണം വരെ പോറലേൽക്കാതെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ സർവ ശക്തനായ അല്ലാഹുവിനോട് നന്ദി പറയുന്നു.
കെ.കെ കൊച്ചു മുഹമ്മദ്
(കെ.പി.സി.സി മുൻ ട്രഷറർ)
സകാത്ത്
സംഘടിതമാകണം
'സംഘടിത സകാത്ത്: പ്രസക്തിയും പ്രാധാന്യവും' എന്ന വിഷയത്തിൽ ഡോ. കെ. ഇൽയാസ് മൗലവിയുടെ ലേഖനം (ലക്കം 3331)ഉപകാരപ്രദവും സന്ദർഭോചിതവുമായി. സകാത്ത് വിഷയത്തിൽ ഈയിടെ ചിലർ ഉണ്ടാക്കാൻ ശ്രമിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ലേഖനം വായനക്കാരിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കാനായത് പ്രയോജനകരവും പ്രശംസാർഹവുമാണ്. അതോടൊപ്പം ബൈത്തുസ്സകാത്തിനെ പറ്റിയുള്ള ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ലേഖനവും കാര്യങ്ങൾ മനസ്സിലാക്കാൻ സഹായകമായി.
അൻവർ ചെറിയ കുമ്പളം, കുറ്റ്യാടി
നെതന്യാഹുവിന്റെ ഗീബൽസിയൻ തന്ത്രങ്ങൾ
'ഗസ്സയിലെ കൂട്ടക്കുരുതി: ലോകം പ്രതികരിക്കുന്നു' എന്ന തലക്കെട്ടിൽ അവി ഷലൈം എഴുതിയ കവർ സ്റ്റോറിയിൽ (നവംബർ 24) നിഷ്പക്ഷമായി ഇസ്രായേൽ - ഫലസ്ത്വീൻ സംഘർഷങ്ങളെ വിലയിരുത്തുന്നത് കാണാം. നുണകൾ മാത്രം പ്രചരിപ്പിക്കുകയും സ്വന്തം അക്രമങ്ങളും ക്രൂരതകളും മറച്ചുവെച്ച് ഹമാസിന്റെ ആക്രമണങ്ങൾ മാത്രം മീഡിയയിലൂടെ ഹൈലൈറ്റ് ചെയ്തു പ്രചരിപ്പിക്കുന്നതിലൂടെ ഗീബൽസിയൻ തന്ത്രങ്ങൾ സ്വീകരിക്കുകയും, 60 ലക്ഷം മനുഷ്യരുടെ കൊലയാളിയായ ഹിറ്റ്ലറെ ചരിത്രം മഹാനായി വാഴ്ത്തുന്നതിനു വേണ്ടി ഗീബൽസ് പ്രയോഗിച്ച തന്ത്രങ്ങൾ തന്നെയാണ് പിന്നീട് വന്ന ഏകാധിപതികളും പ്രയോഗിച്ചതെന്ന് പ്രസ്താവിച്ച ഹാരോൾഡ് ബിന്നിന്റെ വാക്യങ്ങൾ സത്യമെന്ന് സാക്ഷ്യപ്പെടുത്തുകയുമാണ് ഇസ്രായേൽ.
മരണത്തിന് അധികം വിദൂരമല്ലാത്ത ഒരു ദിനം പോൾ ജോസഫ് ഗീബൽസ് ഇങ്ങനെ പ്രഖ്യാപിച്ചു: ''ഒന്നുകിൽ നല്ല രാജ്യതന്ത്രജ്ഞൻ, അല്ലെങ്കിൽ ഏറ്റവും വലിയ കുറ്റവാളികൾ - ഇതിൽ ഏതെങ്കിലും ഒരു നിലയിൽ ചരിത്രത്തിൽ നമ്മൾ ഇടം പിടിക്കുക തന്നെ ചെയ്യും". ചരിത്രം ഏറ്റവും കുടിലത നിറഞ്ഞവനായി ഗീബൽസിനെതിരെ വിധിയെഴുതി. ഇതിനോട് തത്തുല്യമായ വിധിയല്ലാതെ മറ്റൊന്നും നെതന്യാഹുവിനും ചരിത്രം നൽകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
സഫ്്വാൻ മണ്ണാർക്കാട്
9207150073
ഉത്തമ സമൂഹവും ക്ഷേമ രാഷ്ട്രവും സാധ്യമാണോ?
അശാന്തിയും അക്രമങ്ങളും മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. രണ്ട് ഘോര ലോക യുദ്ധങ്ങള്‍ക്കു ശേഷം ഉണ്ടായ ലീഗ് ഓഫ് നാഷന്‍സിനോ ഐക്യരാഷ്ട്ര സഭക്കോ ശാന്തമായൊരു ലോകക്രമം സൃഷ്ടിക്കാന്‍ സാധിക്കുകയുണ്ടായില്ല. അതിനാല്‍ ഉത്തമ സമൂഹം, ക്ഷേമ രാഷ്ട്രം തുടങ്ങിയ ചിന്തകള്‍ ഏറെ അനിവാര്യമായ കാലമാണിത്. ക്ഷേമ രാഷ്ട്രത്തെക്കുറിച്ച യഥാർഥ കാഴ്ചപ്പാട് ഇസ് ലാം മുന്നോട്ടുവെച്ചിട്ടുണ്ട്. മുഹമ്മദ് നബി മദീന കേന്ദ്രമാക്കി സ്ഥാപിച്ച രാഷ്ട്രത്തെ രണ്ട് ദശാബ്ദം കൊണ്ട് ഖുലഫാഉര്‍റാശിദുകള്‍ കൂടുതല്‍ വികസിപ്പിച്ചു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ആ വ്യവസ്ഥ രാജഭരണത്തിലേക്കും അരാജകത്വത്തിലേക്കും വീണുപോയി. ഉമറുബ്‌നു അബ്ദില്‍ അസീസ് അതൊരളവോളം തിരിച്ചുപിടിച്ചു. യഥാർഥ ക്ഷേമരാഷ്ട്രമായിരുന്നു അദ്ദേഹം സ്ഥാപിച്ചത്.
അദ്ദേഹത്തിന്റെ ഭരണത്തില്‍ ക്ഷേമ പെന്‍ഷന്‍ പോലും വാങ്ങാന്‍ ആളുകള്‍ ഇല്ലായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇത്തരമൊരു സാമൂഹികാവസ്ഥ ഇനിയും സാധ്യമാണോ? ഇസ് ലാമിക ആശയങ്ങളുടെ പിന്‍ബലവും, ഇഛാശക്തിയുള്ള ഒരു ഭരണകൂടവും ഉണ്ടെങ്കില്‍ സാധ്യമാവും എന്നു വേണം കരുതാന്‍.
ഖുര്‍ആനില്‍ അഞ്ചിടങ്ങളില്‍ ഉത്തമ സമൂഹത്തെക്കുറിച്ച പരാമര്‍ശങ്ങളുണ്ട്. നന്മകളുടെ സംസ്ഥാപനവും തിന്മകളുടെ വിപാടനവുമാണ് ഉത്തമ സമൂഹത്തിന്റെ ജീവിത ദൗത്യമാവേണ്ടത്. നീതിയുടെ പ്രതീകങ്ങളായി മുസ്്‌ലിം സമൂഹം എഴുന്നേറ്റു നില്‍ക്കണമെന്ന് ഖുർആൻ ഉദ്ബോധിപ്പിക്കുന്നുണ്ട്.
എന്നാല്‍, മുസ് ലിം സമൂഹം ഇസ് ലാമിലേക്ക് തിരിച്ചുപോയാലേ ഉത്തമ സമൂഹത്തിന്റെ നിര്‍മാണവും ക്ഷേമ രാഷ്ട്രത്തിന്റെ സംസ്ഥാപനവും സാധ്യമാവുകയുള്ളൂ. ലോകത്ത് ഇന്ന് 52 മുസ് ലിം രാജ്യങ്ങളുണ്ട്. ഈ രാഷ്ട്രങ്ങളില്‍ ഒരിടത്തും സാമൂഹിക നീതിയുടെയോ ക്ഷേമ രാഷ്ട്രത്തിന്റെയോ ഒരു മുദ്രാവാക്യവും കാണാന്‍ സാധ്യമല്ല. മുസ് ലിം പൊതുജനങ്ങള്‍ക്ക് ഇസ് ലാമിനോട് താല്‍പര്യമുണ്ടെങ്കിലും ഭരണകൂടങ്ങള്‍ തികച്ചും ഇസ് ലാംവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നല്‍കിയിരിക്കണമെന്ന് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍, ഭരണകൂടം ഏകാധിപതികളും മര്‍ദകരുമായി തുടരുന്നു. സാധാരണക്കാരായ ആളുകള്‍ നിന്ദ്യരും ഭീരുക്കളും അധികാരി വര്‍ഗത്തിന്റെ മൂടുതാങ്ങികളുമായി മാറിക്കൊണ്ടിരിക്കുന്നു. കൂടിയാലോചനാ സ്വഭാവത്തിലുള്ള ഖിലാഫത്താണ് ഇസ് ലാമിലുള്ളത്. വിദ്യാഭ്യാസത്തിന്റെയും ശാസ്ത്ര ഗവേഷണങ്ങളുടെയും രംഗത്തും ഗുണാത്മകമായൊരു മുന്നേറ്റവും കാണാനില്ല. അതിനാല്‍, മുസ്്‌ലിം രാഷ്ട്രങ്ങളില്‍ അടിയന്തരമായ സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളും ജനാധിപത്യപരമായ ഭരണമാറ്റങ്ങളും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.
അബ്ബാസ് റോഡുവിള 9567084137
Comments