Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

മിയോ ചരിത്രം തേടി മേവാത്തിന്റെ മണ്ണിൽ

സദ്റുദ്ദീൻ വാഴക്കാട്

ആരവല്ലി മലനിരകൾക്ക് താഴെ ഹരിയാനയിലെ പ്രസിദ്ധമായ ശഹീദ് ഹസൻ ഖാൻ മേവാത്തി ഗവൺമെന്റ് മെഡിക്കൽ കോളേജ്. നൂഹ് ജില്ലാ ആസ്ഥാനത്തെ ഈ ആതുരാലയത്തിന് സമീപത്തുകൂടെ മുന്നോട്ട് നീങ്ങിയ ഞങ്ങളുടെ വാഹനം, 2023 ജൂലൈയിൽ ഭരണകൂടം തകർത്തുകളഞ്ഞ കെട്ടിടാവശിഷ്ടങ്ങളും കടന്ന് പള്ളിയുടെ ഭാഗത്ത് പാർക്ക് ചെയ്തു. കാറിൽ നിന്നിറങ്ങിയ ഞങ്ങൾ, വംശവെറിയുടെ അധികാര രൂപങ്ങൾ ഇടിച്ചുനിരത്തിയ കെട്ടിടാവശിഷ്ടങ്ങൾ ക്യാമറയിൽ പകർത്തിയശേഷം റോഡ് മുറിച്ചുകടന്ന് മെഡിക്കൽ കോളേജിന്റെ ഗേറ്റിനു മുന്നിലെത്തി. പുറത്ത് ജനത്തിരക്ക് കാണാനില്ല. പക്ഷേ, പോലീസിന്റെയും സെക്യൂരിറ്റി ഗാർഡിന്റെയും ശക്തമായ കാവലുണ്ട്. ഗേറ്റിൽനിന്ന് അല്പം മാറി, തെരുവിൽ ഒരു നാടൻ മരുന്നു വിൽപ്പനക്കാരൻ ഉച്ചഭാഷിണിയിലൂടെ പോരിശ പറയുന്നതും കേട്ട്, അയാളെ പൊതിഞ്ഞുനിൽക്കുന്ന ചെറിയൊരു ആൾക്കൂട്ടം. അതിന്റെ വീഡിയോ എടുക്കാനുള്ള ശ്രമം, അയാളുടെ സഹായിയായ ചെറുപ്പക്കാരൻ തടഞ്ഞു. തിരിഞ്ഞു നടന്ന ഞാൻ, ഒന്നുകൂടെ മെഡിക്കൽ കോളേജിന്റെ പേര് വായിച്ചു; ശഹീദ് ഹസൻ ഖാൻ മേവാത്തി ഗവൺമെന്റ് മെഡിക്കൽ കോളേജ്! ആ വലിയ കവാടത്തിന് പുറംതിരിഞ്ഞു നിന്ന് മുന്നോട്ട് നോക്കുമ്പോൾ, ഇഷ്ടികക്കൂനകളും തകര ഷീറ്റുകളും ഉൾപ്പെടെ, തകർക്കപ്പെട്ട കെട്ടിടങ്ങളുടെ ശേഷിപ്പുകൾ നീക്കം ചെയ്യാതെ കിടക്കുന്നു! ആ സന്ദർഭം, സമ്പന്നമായ ഭൂതകാലത്തിനും ആപച്ഛങ്കകൾ നിറഞ്ഞ ഭാവിക്കും മധ്യേ, ചോദ്യചിഹ്നമായി നിൽക്കുന്ന വർത്തമാനകാല ഇന്ത്യൻ മുസ് ലിംകളെ അക്ഷരാർഥത്തിൽ പ്രതിനിധാനം ചെയ്യുന്നതായി തോന്നി.

കാരണങ്ങൾ പലതുണ്ട്. ആ പേരിനെക്കുറിച്ചു തന്നെ ചിന്തിച്ചു നോക്കൂ: ശഹീദ് ഹസൻ ഖാൻ മേവാത്തി! ഇന്ത്യാ ചരിത്രത്തിൽ മഹത്തായ പാരമ്പര്യമുള്ള, വലിയ സംഭാവനകൾ അർപ്പിച്ച മേവാത്തീ മുസ് ലിംകളുടെ പ്രതീകമാണ് അദ്ദേഹം. മേവാത്തിലെ ഖാൻസാദാസ് രാജവംശ പരമ്പരയിലെ അവസാനത്തെ രാജാവ്; പേരിന്റെ തുടക്കത്തിലെ ആ വിശേഷണം സൂചിപ്പിക്കുന്നതു പോലെ രക്തസാക്ഷി. പിന്നെയുമുണ്ട് മേവാത്തിന്റെ ഇന്നലെകളിൽ അഭിമാനസ്തംഭങ്ങളായി പലരും പലതും: ഇന്ത്യൻ ബഹുസ്വരതയെ ത്വരിപ്പിച്ച സാംസ്കാരിക സവിശേഷതകളുടെ പരിപാലനം, ഹിന്ദു- മുസ് ലിം സൗഹാർദത്തിന്റെ സമാധാനപൂർണമായ സഹവർത്തിത്വം,  1527-ൽ ബാബർക്കെതിരെ നടത്തിയ ഖാൻവ യുദ്ധത്തിലെ പങ്കാളിത്തം, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വീറുറ്റ പാരമ്പര്യം, ആയിരക്കണക്കിന് മുസ് ലിംകൾ രക്തസാക്ഷ്യം വരിച്ച 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ മുൻനിര നേതൃത്വം, 1929-ലെ ശുദ്ധി പ്രസ്ഥാനത്തെയും, 1931-ൽ രാജാ ജയ്സിംഗിന്റെ ആൽവാർ രാഷ്ട്രീയ കുതന്ത്രങ്ങളെയും, 1947-ലെ ഇന്ത്യാ വിഭജനത്തിന്റെ മുറിവുകളെയും മറികടന്ന അതിജീവനം... ഇങ്ങനെ തിളക്കമാർന്ന ഏടുകൾ എത്രയെത്രയുണ്ട് മേവാത്തിലെ മുസ് ലിംകളുടെ ചരിത്ര താളുകളിൽ. തബ്്ലീഗ് ജമാഅത്ത് എന്ന മഹാ പ്രസ്ഥാനത്തെ നൊന്തുപെറ്റ മണ്ണാണിത്. വിഭജനകാലത്ത് പാകിസ്താനിലേക്ക് പോകാതെ മുസ് ലിംകളെ ഇന്ത്യയിൽ ഉറപ്പിച്ചുനിർത്താൻ ഗാന്ധിജി നേരിട്ട് ഇടപെട്ട ഗസേഡ ഗ്രാമവും മേവാത്തിലാണ്. ഖാൻസാദാസ്, മിയോ തുടങ്ങിയ പേരുകൾ മുതൽ ഇങ്ങനെ എന്തെല്ലാം അടയാളപ്പെടുത്താനുണ്ട് ഈ നാടിനും ജനതക്കും.

ചരിത്ര പഠനത്തിൽ താൽപര്യം കത്തിയ കോളേജ് വിദ്യാഭ്യാസ കാലത്ത് വായിച്ചുതീർത്ത പുസ്തകങ്ങളിൽനിന്ന്, മേവാത്തും ഖാൻസാദാസും മിയോ മുസ് ലിംകളും മനസ്സിൽ കുടിയേറിയതാണ്. വിഭജനകാലത്ത് മതപരിത്യാഗത്തിന് വിധേയരായ ചില കുടുംബങ്ങളിൽനിന്ന് ഇസ്ലാമിലേക്ക് തിരിച്ചെത്തിയ പിൻമുറക്കാരെ, പത്തു വർഷം മുമ്പ് നടത്തിയ രാജസ്ഥാൻ സന്ദർശനവേളയിൽ കാണാൻ അവസരമുണ്ടായപ്പോൾ വീണ്ടും മേവാത്തിന്റെ കഥകൾ ഓർമകളിൽ തെളിഞ്ഞതുമാണ്. കാരണം, ഈ വിഭജനകാല മതപരിത്യാഗത്തിന് എതിരായ സംഘടിത ചെറുത്തുനിൽപ്പ് ആരംഭിച്ചത് മേവാത്തിൽനിന്നായിരുന്നുവല്ലോ. അപ്പോഴും മേവാത്ത് യാത്ര ഒരു സ്വപ്നമായി അവശേഷിച്ചു. ഈ മണ്ണിൽ ആണ്ടിറങ്ങിയ മുസ് ലിം സമൂഹത്തിന്റെ വേരുകൾ പിഴുതുമാറ്റാനും പേരുകൾ മായ്ചുകളയാനും ജാതിരാഷ്ട്ര വാദികൾ കിണഞ്ഞു ശ്രമിക്കുന്ന കാലത്ത്, നൂഹിൽനിന്ന് വന്ന ചില സമീപകാല വാർത്തകളാണ് മേവാത്ത് കാണണമെന്ന ആഗ്രഹത്തിന് ചൂടുപിടിപ്പിച്ചത്. പക്ഷേ, അവസരം ഒത്തുവന്നത് തികച്ചും യാദൃഛികമായിരുന്നു. ദൽഹിയിൽ നടക്കുന്ന എഡിറ്റേഴ്സ് മീറ്റിംഗിൽ പങ്കെടുക്കാൻ പെട്ടെന്നെടുത്ത തീരുമാനം. രണ്ട് ദിവസത്തെ യോഗ പരിപാടികൾ കഴിഞ്ഞായിരുന്നു മേവാത്ത് യാത്ര. വിഷൻ 2026 പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ പി.ആർ ഇൻ ചാർജ് സുഹൃത്ത് മെഹർ നൗഷാദും ഡ്രൈവർ മുഹമ്മദ് മുർതസയും കൂടെയുണ്ട്.

ചരിത്രമുറങ്ങുന്ന മേവാത്തിന്റെ മണ്ണിലൂടെ നടക്കണം, മിയോ മുസ് ലിംകളുടെ വേരുകൾ അന്വേഷിച്ചറിയണം, സാംസ്കാരിക സവിശേഷതകളിലേക്ക് കണ്ണെറിയണം, വർത്തമാനത്തിന്റെ വിഹ്വലതകൾ നേരിട്ട് കാണണം.... ഈ ലക്ഷ്യത്തോടെ, 2023 നവംബർ 15-ന് ദൽഹിയിൽനിന്ന് ഞങ്ങൾ മേവാത്തിലേക്ക് പുറപ്പെട്ടു. ദൽഹിയിൽ അപ്പോൾ തണുപ്പുകാലത്തിന്റെ തുടക്കമാണ്. കൊടും ശൈത്യത്തിന് ഏതാനും ആഴ്ചകൾ  മാത്രം. നനുത്ത കുളിരിലാണ് അതിരാവിലെ ഓഖ്ലയിൽനിന്ന് ഞങ്ങൾ നൂഹിലേക്ക് യാത്ര തുടങ്ങിയത്. തിരക്കൊഴിഞ്ഞ എൻ.എച്ച് 148-ൽ രണ്ടേ കാൽ മണിക്കൂറിന്റെ വഴിദൂരമേ നൂഹിലേക്കുള്ളൂ. മേവാത്തിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹത്തോടെ ഞാൻ  ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. പുതിയ സ്ഥലങ്ങളിലെ സന്ദർശനത്തിന് മുമ്പ് സാധ്യമാകുന്നത്ര വിവരങ്ങൾ അനുഭവജ്ഞരിൽനിന്ന് ശേഖരിക്കുക മുമ്പേയുള്ള ശീലമാണ്. ഗസേഡ ഗ്രാമത്തെ കുറിച്ച് വായിച്ചറിഞ്ഞ ചില കാര്യങ്ങൾ പങ്കുവെച്ച് സുഹൃത്ത് മെഹർ നൗഷാദ് ചർച്ചകൾക്ക് തുടക്കം കുറിച്ചു.

ഡ്രൈവർ മുഹമ്മദ് മുർതസ കാര്യങ്ങൾ വിശദീകരിക്കാൻ ആവേശം കാണിച്ചു. ബിഹാറിൽനിന്ന് തൊഴിൽ തേടി പത്ത് വർഷം മുമ്പ് ദൽഹിയിലെത്തിയതാണ് മുർതസ. ഉത്തരേന്ത്യൻ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ജോലിയാവശ്യാർഥം ദൽഹി ഉൾപ്പെടെയുള്ള വൻ നഗരങ്ങളിലേക്ക് കുടിയേറുന്ന ലക്ഷങ്ങളുടെ പ്രതിനിധിയാണ് അദ്ദേഹം. ചില ഗോസിപ്പുകൾ മാറ്റിനിർത്തിയാൽ, പല വിഷയങ്ങളിലും ധാരാളം വിവരങ്ങൾ പങ്കുവെക്കാൻ കഴിയുന്നവരാണ് പലപ്പോഴും ഡ്രൈവർമാർ. നിരന്തര യാത്രകളും പലതരം മനുഷ്യരുമായുള്ള ഇടപെടലുകളും അൽപ്പം നിരീക്ഷണ ബോധമുള്ള ഡ്രൈവർമാർക്ക് നല്ല അനുഭവസമ്പത്ത് നൽകാറുണ്ട്. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ മുർതസ സംസാരിച്ചുതുടങ്ങിയതോടെ, തണുപ്പ് മാറി ഞങ്ങളുടെ ചർച്ചകൾക്ക് ചൂട് പിടിച്ചു. മേവാത്തിലെ മനുഷ്യരെ കുറിച്ച് മുർതസ പറഞ്ഞുകൊണ്ടിരുന്നു. കൃഷിയും കാലി വളർത്തലും സ്ത്രീ ജീവിതവും വിദ്യാഭ്യാസവും മാത്രമല്ല, ഹരിയാനയിലെ പ്രസിദ്ധമായ മുറെ പോത്തുകളും ഞങ്ങളുടെ ചർച്ചയിൽ കയറിവന്നു. ഹരിയാനയിൽ നിന്ന് കേരളത്തിലേക്കും മറ്റു പല സ്ഥലങ്ങളിലേക്കും മുറെ പോത്തുകളെ കച്ചവടത്തിന് കൊണ്ടുപോകാറുണ്ട്. ഇത് പറഞ്ഞപ്പോഴാണ്, കാലിക്കടത്തിന്റെ പേരിൽ ഹരിയാനയിൽ ഉൾപ്പെടെ നടന്ന കൊലപാതകങ്ങളെ കുറിച്ച് ചിന്തിച്ചത്. ഇതിന്റെ പിന്നിലെ കച്ചവട താൽപര്യത്തെ കുറിച്ചും, രാജ്യത്തെ ഏറ്റവും വലിയ മാട്ടിറച്ചി കയറ്റുമതി കമ്പനിയെ കുറിച്ചും മെഹർ നൗഷാദ്‌ സൂചിപ്പിക്കുകയും ചെയ്തു.

ഇടക്ക് മുർതസക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമാണ്: 'തൊഴിലെടുക്കാതെ വെറുതെയിരിക്കുന്ന പുരുഷൻമാരെ ഹരിയാനയിൽ പലയിടത്തും കാണാം. എന്നാൽ, ഇവിടെ സ്ത്രീകൾ കൃഷിയിലും കാലിവളർത്തലിലും നിർമാണമേഖലയിലും മറ്റും ധാരാളമായി പണിയെടുക്കുന്നുണ്ട്'- 

ഈ നിരീക്ഷണം തള്ളിക്കളയാൻ ന്യായമൊന്നും ഉണ്ടായിരുന്നില്ല. പുരുഷൻമാർ നോക്കിനിൽക്കെ, മണ്ണും വളവും കുട്ടയിൽ ചുമന്നുകൊണ്ട് പോകുന്ന സ്ത്രീകളെ യാത്രക്കിടയിൽ പലപ്പോഴും കണ്ടുമുട്ടിയത് അത് ശരിവെക്കുകയായിരുന്നു.

മേവാത്തിലെ മിയോ മുസ് ലിംകളെയും ഖാൻസാദ ഭരണാധികാരികളെയും ഗസേഡ ഗ്രാമത്തെയും കുറിച്ച കഥകൾ കേട്ട് ചരിത്രത്തിലേക്ക് പാഞ്ഞ എന്റെ ചിന്തകളെ, വർത്തമാനത്തിന്റെ വേദനകൾ പലപ്പോഴും കൊളുത്തിവലിച്ചുകൊണ്ടിരുന്നു. സാലാർ മസ്ഊദ് ഗാസി, രാജാ നഹർ ഖാൻ മേവാത്തി, ശഹീദ് ഹസൻ ഖാൻ മേവാത്തി, ചൗധരി മുഹമ്മദ് യാസീൻ ഖാൻ, ചൗധരി ത്വയ്യിബ് ഹുസൈൻ ഖാൻ തുടങ്ങി മേവാത്തീ മുസ് ലിംകളുടെ ഇന്നലെകളെ ത്രസിപ്പിച്ച നാമധേയങ്ങൾക്ക് പകരം, ഇന്ന് നമ്മെ കരയിപ്പിക്കുന്ന കുറേ പേരുകളാണ് മേവാത്തിന്റെ മണ്ണിൽ ചോരകൊണ്ട് എഴുതിച്ചേർത്തിരിക്കുന്നത്. ശഹീദ് പഹ്്ലു ഖാൻ, ശഹീദ് ജുനൈദ്, ശഹീദ് ആസിഫ് ഖാൻ, ശഹീദ് മുഹമ്മദ് സഅദ്, ശഹീദ് അക്ബർ ഖാൻ... ഈ ലിസ്റ്റിൽ ഇനിയും പേരുകളുണ്ട്. വംശവെറി കൊന്നുതള്ളിയ മേവാത്തിലെ മുസ് ലിം സമുദായാംഗങ്ങളാണ് ഇവരെല്ലാം. അതെ, മേവാത്തീ മുസ് ലിംകളുടെ ഇന്നലെകളിലെ വീര കഥകൾക്ക്  ഇന്ന് കണ്ണീരിന്റെ ഉപ്പ് രസമാണ്. വംശവെറി ആദർശമാക്കിയ, അധികാര രാഷ്ട്രീയത്തിന്റെ രഥയോട്ടങ്ങൾ മേവാത്തിന്റെ വർത്തമാനത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ഉറ്റ സൗഹാർദത്തിൽ, സമാധാനപൂർവം ജീവിക്കുന്ന മേവാത്തിലെ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ കലാപത്തിന് കോപ്പുകൂട്ടാൻ പലപ്പോഴായി ബാഹ്യ ഇടപെടലുകൾ നടന്നെങ്കിലും, ചെറിയ സംഘർഷങ്ങൾക്കും നാശനഷ്ടങ്ങൾക്കുമപ്പുറം, ഗുജറാത്തിലും ദൽഹിയിലും സംഭവിച്ചതു പോലുള്ള വംശഹത്യയുടെ തീനാളങ്ങൾ ഇതുവരെയും മേവാത്തിൽ കത്തിപ്പടർന്നിട്ടില്ല. 'ഗോ രക്ഷാ ഗുണ്ടകൾ' പശുക്കടത്തിന്റെ പേരിൽ നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ, ജാതിഭ്രാന്തിന്റെ ആണധികാരങ്ങൾ നടത്തിയ നിഷ്ഠുരമായ ബലാത്സംഗങ്ങൾ, 2023 ജൂലൈയിൽ മത ഘോഷയാത്രക്കിടയിൽ രൂപപ്പെട്ട സംഘർഷവും മരണങ്ങളും, വ്യാപകമായ അറസ്റ്റും കോടികളുടെ നാശനഷ്ടവും, ഏറ്റവുമൊടുവിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർത്തുകളഞ്ഞ ബുൾഡോസിംഗ്... നമ്മെ പൊള്ളിക്കുന്ന ഈ നെരിപ്പോടുകളിൽ നിന്നുകൊണ്ടാണ് നാം മേവാത്തിന്റെ ചരിത്രത്തിലേക്ക് ലഘു സഞ്ചാരം നടത്തുന്നത്.

യഥാർഥത്തിൽ ഇത് മേവാത്തിന്റെ മാത്രം വിപര്യയമല്ല. കേരളത്തിൽ ജോലിക്കെത്തിയ ബംഗാളികളെ കാണുമ്പോൾ അവരുടെ ദയനീയാവസ്ഥകളെ കുറിച്ച് നാം  അടക്കം പറയാറുണ്ട്.  മുർഷിദാബാദ് ഉൾപ്പെടെ ബംഗാൾ മുസ് ലിംകളുടെ പിന്നാക്കാവസ്ഥയുടെ ആഴപ്പരപ്പുകൾ അളന്നെടുത്തതിന്റെ കണക്കുകളും നമ്മുടെ മുമ്പിലുണ്ട്. എന്നാൽ, ഇന്നു കാണുന്ന ബംഗാളിയല്ല, ചരിത്രത്തിലെ ബംഗാളി! കുറഞ്ഞ കൂലിക്ക് പുറം നാട്ടിലേക്ക് ജോലിക്ക് പോകുന്ന ബംഗാളിയെ കാണുമ്പോൾ നാം ഓർക്കണം, ലണ്ടനിലെ പ്രഭുക്കളെക്കാൾ സമ്പന്നരായിരുന്നു ഒരു കാലത്ത് ബംഗാളിലെ, വിശേഷിച്ചും കൊൽക്കത്തയിലെ ജനങ്ങൾ. മുർഷിദാബാദിലും മറ്റും ഇന്ന് മണ്ണുകൊണ്ടുണ്ടാക്കിയ ഒറ്റമുറി കുടിലുകൾ കാണുമ്പോൾ നാം ഓർക്കണം, ഹസറുദ്ദുആരി കൊട്ടാരവും അദീന, ഖുതുബ് ഷാഹി, കത്താറ മോസ്കുകളും ഇമാം ബാഡയും മറ്റും ഇതേ ബംഗാളിൽ തന്നെയാണെന്ന്. ഇന്ന് ബംഗാളികൾ കേരളത്തിലേക്ക് തൊഴിൽ തേടി വരുമ്പോൾ, നാം മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്; ഒരു കാലത്ത് നാം മലയാളികൾ തൊഴിൽ തേടിപ്പോയിരുന്ന ദേശങ്ങളിൽ കൊൽക്കത്തയും മദ്രാസും ഉൾപ്പെട്ടിരുന്നുവെന്ന്. അന്നം തേടിയുള്ള ഈ ദേശാടനത്തിന്റെ ശേഷിപ്പുകളാണ്, കൊൽക്കത്തയിലെയും മദ്രാസിലെയും മലബാർ മുസ് ലിം അസോസിയേഷനുകൾ! അഥവാ, പ്രൗഢ സമ്പന്നമായിരുന്നു ബംഗാളിന്റെ, മുർഷിദാബാദിന്റെ ഭൂതകാലം എന്നർഥം.

മുർഷിദാബാദിന്റെ കഥ പോലെ, മിയോ ജനതയുടെ ഭൂതകാലവും മേവാത്തിന്റെ ഇന്നലെകളും മഹത്തരം തന്നെയാണ്. അധികാരം വാണ ഖാൻസാദകളും സാമൂഹിക ശ്രേണിയിൽ ഉയർന്നുനിന്ന മിയോകളുമാണ് മേവാത്തീ മുസ് ലിംകളിലെ രണ്ട് പ്രബല വിഭാഗങ്ങൾ. ഹരിയാനയുടെ തെരുവുകളിൽ ഇന്ന് ഇരകളായി ദുരിതം പേറുന്ന ഈ ജനത, ചരിത്രത്തിൽ സംസ്കാരങ്ങളുടെ പരിപാലകരും നാഗരികതകളുടെ സ്രഷ്ടാക്കളുമായിരുന്നു.

ആരാണ് മിയോ ജനത, എവിടെയാണ് അവരുടെ വേരുകൾ, അവരുടെ പൂർവികർ ആരായിരുന്നു?
കാലങ്ങൾ ഒരുപാട്  പിറകോട്ട് യാത്ര ചെയ്ത് നോക്കുക, ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. മധ്യേഷ്യയിൽ ജീവിച്ച സവിശേഷ സംസ്കാരത്തിന്റെ ഉടമകളാണ് മിയോ  ജനത.  ഇവരുടെ വേരുകൾ നൂഹ് നബിയുടെ മകൻ യാഫിസിന്റെ, 'മേദ്' (മദായ് - Madai) എന്ന മൂന്നാമത്തെ മകനിൽ ചെന്നു ചേരുന്നുവെന്ന് ചില ചരിത്രകാരൻമാർ നിരീക്ഷിക്കുന്നുണ്ട്. ഹീബ്രു പദമാണ് മേദ്- മദായ്. ഇതിൽ നിന്നാണ് മിയോ രൂപപ്പെടുന്നത്. ഇറാനിലെ മേദികളെ (Medes) ഇവരുമായി കണ്ണി ചേർക്കുന്നുണ്ട് ബൈബ്ൾ പണ്ഡിതൻമാർ. ആര്യൻ വംശത്തിന്റെ തുടക്കം യാഫിസ് ബിൻ നൂഹിൽ നിന്നാണെന്നും ചില ചരിത്രപണ്ഡിതൻമാരെ ഉദ്ധരിച്ച്, സിദ്ദീഖ് അഹ്മദ് മേവു രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ, ആര്യ വംശത്തിലെ ഒരു വിഭാഗമാണ് മിയോ ജനത. ഇവരുടെ ഡി.എൻ.എ പരിശോധനയും സാമൂഹിക ചരിത്രവുമൊക്കെ ഇതിനെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. മധ്യേഷ്യയിൽനിന്ന് ഹിന്ദുസ്ഥാനിലേക്ക്, ചൈനയിലേക്ക്, യൂറോപ്പിലേക്ക് മിയോ സമുദായാംഗങ്ങൾ പല കാലങ്ങളിൽ കുടിയേറി. ആര്യൻ കുടിയേറ്റത്തിന് പലപ്പോഴും അധിനിവേശത്തിന്റെ സ്വഭാവവും ഉണ്ടായിരുന്നു. അവിടങ്ങളിലെല്ലാം പുതിയ നാഗരികതകൾക്ക് അവർ രൂപം നൽകി(അതിലെ ശരി-തെറ്റുകൾ വിശകലനം ചെയ്യുക ഇപ്പോൾ ഇവിടെ ഉദ്ദേശ്യമല്ല). ഇന്ത്യയിലെ മീർ, മിയോ, അസർബൈജാനിലെ ത്വലിഷ്, ഗ്രീക്കിലെ മിനൂസ്, മിയൂസ്, മധ്യേഷ്യയിലെ മേദ്, യൂറോപ്പിലെ മിയോസ്  തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒരേ വംശ ധാരയിൽപെട്ട  ആര്യൻ ജനവിഭാഗങ്ങളാണെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. ഹീബ്രു ഭാഷയിൽനിന്ന് ഉൽഭവിച്ച ഒരു പദത്തിന്റെ വ്യത്യസ്തങ്ങളായ വകഭേദങ്ങളിലൊന്നാണ്, ആര്യൻ വേരുകളുള്ള ജനതയെ കുറിക്കുന്ന 'മിയോ' എന്നർഥം.

'മിയോ' എന്ന പേരിന് എന്തോ ചില സവിശേഷതകൾ ഉള്ളതായി നേരത്തെ തോന്നിയിരുന്നുവെങ്കിലും അതിന് ഇങ്ങനെയൊരു വേരും പാരമ്പര്യവും ഉണ്ടെന്ന് അറിയാനായത് ഇപ്പോഴാണ്. മധ്യേഷ്യയിൽനിന്ന് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ എത്തിയ, 'മിയോ' ജനത ആദ്യം സിന്ധിൽ ഉൾപ്പെടെ പല പ്രദേശങ്ങളിൽ താമസിക്കുകയുണ്ടായി. പിന്നീട്, അവർ അധിവാസമുറപ്പിച്ച ഭൂപ്രദേശമാണ്, അവരുടെ പേരിലേക്ക് തന്നെ ചേർത്തുകൊണ്ട് 'മേവാത്ത്' എന്ന് വിശ്രുതമായത്. മിയോ സമൂഹം ജീവിക്കുന്ന നാട് എന്നാണ് മേവാത്തിന്റെ അർഥം. ഇവരുടെ ഭാഷയാണ് മേവാത്തി. സംസ്കൃതം, ഹിന്ദി, ഉർദു ഭാഷകളുടെയൊന്നും മേധാവിത്വം മിയോ ജനത അംഗീകരിക്കുന്നില്ല. ഭാഷയിൽ മാത്രമല്ല, ജീവിതാവിഷ്കാരങ്ങളിലെല്ലാം മിയോ ജനതക്ക് തങ്ങളുടെതായ സാംസ്കാരിക സവിശേഷതകളുണ്ട്.

എവിടെയാണ് മേവാത്ത്? ദൽഹിയിൽനിന്ന് മേവാത്തിലേക്ക് എത്ര ദൂരമുണ്ട്?
ചരിത്രത്തെ കുറിച്ച ഗംഭീരമായ വിസ്താരങ്ങൾ കേട്ട് മേവാത്ത് കാണാൻ യാത്ര തിരിക്കുമ്പോൾ, ഈ ചോദ്യങ്ങളുടെ ഉത്തരം പക്ഷേ നമ്മെ പൊള്ളിക്കും.

ദൽഹി - ജയ്പൂർ - ആഗ്ര എന്നിവക്കിടയിൽ നീണ്ടു പരന്ന് കിടന്ന, ഇന്നത്തെ ഹരിയാനയിലും രാജസ്ഥാനിലും ഉത്തർ പ്രദേശിലും ഉൾപ്പെട്ട വിശാലമായ ഭൂപ്രദേശമായിരുന്നു മുമ്പ് മേവാത്ത്. ഹരിയാനയിലെ നൂഹ് ജില്ല, രാജസ്ഥാനിലെ ആൽവാർ, ഭരത്പൂർ ജില്ലകൾ, ദൗസ ജില്ലയിലെ മഹുവ, മാൻഡവാർ, ഉത്തർ പ്രദേശിലെ മഥുര ജില്ലയുടെ ചില ഭാഗങ്ങൾ തുടങ്ങിയവയൊക്കെ ചേർന്ന മേവാത്തിന്റെ ഹൃദയഭൂമി ഫിറോസ്പൂർ, നൂഹ്, പഹാരിസിക്രി, പുനഹാന തുടങ്ങിയവയായിരുന്നു. ആരവല്ലി മലനിരകൾ മേവാത്തിന്റെ സംരക്ഷണ ഭിത്തിയും സൗന്ദര്യ നിദാനവുമായി നിലകൊണ്ടു.
ഒരു ജനത തങ്ങളുടെ സംസ്കാരവും നാഗരികതയും കെട്ടിപ്പടുത്ത വിശാലമായ ഈ ഭൂപ്രദേശം, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ മിയോ മുസ് ലിംകളുടെ പോരാട്ട വീര്യത്തോടുള്ള പ്രതികാരമായി വെട്ടിമുറിക്കാൻ തുടങ്ങുകയായിരുന്നു. വംശീയ, രാഷ്ട്രീയ കാരണങ്ങളാൽ ഇത് പിന്നീട്  ദേശീയ ഭരണകൂടങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. നൂഹിനോടുള്ള ഭരണകൂട അവഗണന മുതൽ 2023-ലെ ബുൾഡോസിങ് വരെ നീളുന്ന വർത്തമാനം ആ ചരിത്രത്തിന്റെ നീൾച്ചയാണ്. അല്ലെങ്കിൽ, തലസ്ഥാന നഗരിയായ ദൽഹിയോട് ഇത്ര അടുത്ത് കിടക്കുന്ന നൂഹ്, വികസനത്തിൽ ഇത്ര അകലെയായിപ്പോയതെന്തേ?! ഇതെല്ലാം വഴിയേ പറയാം. l

(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്