ജസ്റ്റിസ് ഫാത്തിമ ബീവി നീതിന്യായ പീഠത്തിലെ ധീര വനിത
അചഞ്ചലമായ നിശ്ചയദാർഢ്യം സ്വായത്തമാക്കി ജീവിതവിജയത്തിന്റെ ഔന്നത്യത്തിൽ എത്തിയ അതുല്യ പ്രതിഭയായിരുന്നു വിടപറഞ്ഞ ജസ്റ്റിസ് ഫാത്തിമ ബീവി. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിൽ മേഖലയെ കുറിച്ചും വ്യക്തമായ ഉൾക്കാഴ്ചയും നയനിലപാടുകളും ഉണ്ടായിരുന്ന പത്തനംതിട്ടയിലെ പേട്ട തൈക്കാവ് അണ്ണാ വീട്ടിലെ മീരാസാഹിബും ഖദീജ ബീവിയും തങ്ങളുടെ എട്ടു മക്കളിൽ മൂത്തവളായ ഫാത്തിമ ബീവിയെ നിയമപഠനത്തിന്റെ പാതയിലേക്കാണ് തിരിച്ചുവിട്ടത്. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാത്തലിക്കേറ്റ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഫാത്തിമ ബീവി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ രസതന്ത്രത്തിൽ ബിരുദ പഠനത്തിന് ചേർന്നു. പിന്നീട് പിതാവിന്റെ താൽപര്യപ്രകാരം തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന് നിയമ ബിരുദമെടുത്തു. പഠനത്തിൽ മികവു പുലർത്തിയിരുന്ന ഫാത്തിമ ബീവി ഒന്നാം ക്ലാസും സ്വർണ മെഡലും നേടിയാണ് നിയമ ബിരുദധാരിയായത്. 1950-ൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
പൊതുവിജ്ഞാനം കരസ്ഥമാക്കുന്നതിലും ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്യുന്നതിലും ഔത്സുക്യം കാണിച്ച ഫാത്തിമ ബീവിക്ക് നിരന്തരമായ വായനയും പഠനവും കൂടപ്പിറപ്പായിരുന്നു. രണ്ടാം ലോക യുദ്ധ വാർത്തകളും സംഭവവികാസങ്ങളും വിശകലനം ചെയ്ത അവർ തന്റെ വൈജ്ഞാനിക ചക്രവാളത്തെ വികസിപ്പിച്ചു. ലോക സംഭവങ്ങളുടെ അനുരണനങ്ങൾ നിയമപഠന മേഖലയിൽ കൂടുതൽ പഠനത്തിനും ചിന്തയ്ക്കും സഹായകമായി. സ്വാതന്ത്ര്യം ലഭിച്ചതിന് മൂന്നാം വർഷം അഭിഭാഷകയായി കോടതിയിൽ പ്രാക്ടീസ് തുടങ്ങുമ്പോൾ ഇന്ത്യൻ ഭരണഘടന നിലവിൽവന്ന വർഷം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഭരണഘടന ആഴത്തിൽ പഠിച്ച് എട്ടു വർഷത്തിനുശേഷം 1958-ല്‍ മുൻസിഫ് പരീക്ഷ എഴുതി പാസായി മുൻസിഫ് ജോലിയിൽ പ്രവേശിച്ചു.
പിന്നീടങ്ങോട്ട് ഉയർച്ചയുടെ പടികൾ ഒന്നൊന്നായി കയറുകയായിരുന്നു. 1968-ൽ സബ് ജഡ്ജിയായും 72-ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും 74-ൽ ജില്ലാ ജഡ്ജിയായും നിയമിതയായി. മുൻസിഫായി നിയമനം ലഭിച്ചപ്പോൾ ഈ സ്ഥാനം ലഭിച്ച ആദ്യ മുസ്്ലിം വനിത എന്ന ബഹുമതിക്കും അർഹയായി. ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ ജഡ്ജ് എന്ന സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ഫാത്തിമ ബീവിയാണ്. 1980-ലാണ് ഈ പദവിയിൽ നിയമിതയായത്. 1983-ല്‍ കേരള ഹൈക്കോടതിയിൽ എത്തുമ്പോൾ ആദ്യ മുസ്്ലിം ഹൈക്കോടതി ജഡ്ജി എന്ന ബഹുമതിയും ലഭിച്ചു. സുപ്രീം കോടതി ജഡ്ജി ആകുന്നത് 1989 ഒക്ടോബറിൽ. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജസ്റ്റിസ് എന്ന ബഹുമതിക്ക് പുറമേ ഈ സ്ഥാനം വഹിക്കുന്ന ലോകത്തെ രണ്ടാമത്തെ വനിത എന്ന സ്ഥാനവും കൈവന്നു. മുൻസിഫ് ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, ഇൻകം ടാക്സ് അതോറിറ്റി മെമ്പർ എന്നീ നിലകളിൽ ഫാത്തിമ ബീവിയുടെ സേവനങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ പ്രശംസ പിടിച്ചുപറ്റി. അവരെടുത്ത തീരുമാനങ്ങളിലോ പുറപ്പെടുവിച്ച ഉത്തരവുകളിലോ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പഴുതുകളുണ്ടായില്ല.
1997-ൽ കേന്ദ്രസർക്കാർ ഫാത്തിമ ബീവിയെ തമിഴ്നാട് ഗവർണറായി നിയമിക്കുകയുണ്ടായി. ഇന്ത്യയിൽ ഗവർണർ പദവി ഏറ്റെടുക്കുന്ന ആദ്യ മുസ്്ലിം വനിത എന്ന സ്ഥാനവും ഇതോടെ അവരുടെ പേരിലായി. ജയലളിതയെ സത്യവാചകം ചൊല്ലിക്കൊടുത്ത് രണ്ടാം പ്രാവശ്യം തമിഴ്നാട് മുഖ്യമന്ത്രിക്കസേരയിൽ ഉപരോധിച്ചത് മുതൽ വിവാദങ്ങൾ കത്തിപ്പടർന്നു. ഇത് ഗവർണർസ്ഥാനം രാജിവെക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ദയാ ഹർജി ഗവർണർപദവിയിലിരിക്കുമ്പോൾ നിരസിച്ചതും കൂടുതൽ വിവാദങ്ങൾക്കിടയാക്കി.
ഉയർന്ന നീതിബോധവും ദൈവഭയവും അടിയുറച്ച ഉത്തരവാദിത്വ ബോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും ഫാത്തിമ ബീവിയുടെ ശ്രേഷ്ഠ വ്യക്തിത്വത്തിന് ചാരുതയേകിയ ഘടകങ്ങളാണ്. ഫെഡറൽ സമ്പ്രദായത്തിൽ ഭരണഘടനയോടുള്ള ഉത്തരവാദിത്വം അതിന്റെ പൂർണമായ അർഥത്തിൽ നിർവഹിക്കുന്നതിൽ യാതൊരു നീക്കുപോക്കിനും അവർ തയാറായില്ല. ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ ജനങ്ങളുടെ പരമാധികാരത്തെക്കുറിച്ചും അവരോട് പുലർത്തേണ്ട കടമകളെക്കുറിച്ചും എപ്പോഴും ബോധവതിയായിരുന്നു. മുൻസിഫ് പദവി ഏറ്റെടുത്തത് മുതൽ സുപ്രീം കോടതി ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കുന്നത് വരെയുള്ള ഓരോ വഴിത്തിരിവിലും നീതിപൂർവമായ ഇടപെടലുകളാണ് ഫാത്തിമ ബീവിയിൽനിന്നുണ്ടായത്. ഭരണകൂടത്തിന്റെ റബ്ബർ സ്റ്റാമ്പായി മാറാൻ ഒരിക്കലും കൂട്ടാക്കാതിരുന്ന അവരുടെ നയനിലപാടുകൾ ഇന്ത്യൻ ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു. കേരള പിന്നാക്ക വിഭാഗ കമീഷൻ ചെയർപേഴ്സൺ, തമിഴ്നാട് ഗവർണർ, ദേശീയ മനുഷ്യാവകാശ കമീഷൻ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുമ്പോഴും തന്റെതായ നിലപാടുകൾ മുറുകെ പിടിച്ചു. അതുകൊണ്ടുതന്നെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് തമിഴ്നാട് ഗവർണർസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടി വന്നപ്പോൾ യാതൊരു വിധ അസ്വസ്ഥതയും അവർക്കുണ്ടായിരുന്നില്ല. തികച്ചും അഭിമാന ബോധത്തോടെ തന്നെയായിരുന്നു ആ പടിയിറക്കം. നീതിപീഠത്തിലെ ധീര വനിത എന്ന ഉത്തമ വിശേഷണത്തിന് അവർ അർഹയായി. ഹരജികൾ അവഗാഹമായ പഠനത്തിനും നിരീക്ഷണത്തിനും വിധേയമാക്കുന്ന സ്വഭാവം കാഴ്ചപ്പാടുള്ള ന്യായാധിപ എന്ന ഖ്യാതിയും നേടിക്കൊടുത്തു.
ഉമ്മാത്തക്കുട്ടി ഉമ്മ
ദീർഘകാലം കോഴിക്കോട് ലിവാഉൽ ഇസ്്ലാം മസ്ജിദിലും കുറ്റിക്കാട്ടൂർ മസ്ജിദ് ഹിറയിലും ഇമാമായി സേവനമനുഷ്ഠിച്ചിരുന്ന മുണ്ടോട്ട് ഉസ്മാൻ സാഹിബിന്റെ ഭാര്യ ഉമ്മാത്തക്കുട്ടി ഉമ്മ അല്ലാഹുവിലേക്ക് യാത്രയായി.
കുറ്റിക്കാട്ടൂരിൽ ഇസ്്ലാമിക പ്രവർത്തകരായ സ്ത്രീകളെ കർമോത്സുകരാക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു. പ്രദേശത്തെ വനിതാ ഹൽഖയുടെ പ്രഥമ നാസിമത്ത് ആയിരുന്നു. മസ്ജിദ് ഹിറാ പ്രവർത്തനങ്ങളിലും അവർ ഭാഗഭാക്കായി. ജുമുഅക്കായാലും ഈദ് ഗാഹിലായാലും വളരെ നേരത്തെ എത്തുമായിരുന്നു. രോഗശയ്യയിലായിരുന്നപ്പോഴും പള്ളിയുടെ പ്രവർത്തനങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ആവശ്യമായ സഹായങ്ങൾ നൽകാൻ ബന്ധുക്കളോട് പറയുമായിരുന്നു.
മക്കൾ: സുബൈദ, ത്വാഹ, കൗസർ(പാരിസൺസ്), സാബിറ, ബുഷ്റ(റഹ്മാനിയ സ്കൂൾ), സമീറ. മരുമക്കൾ: ബീരാൻ കുട്ടി (നല്ലളം), അബ്ദുല്ല, അബ്ദുൽ അസീസ് (നല്ലളം), ആയിശ ബീവി, താഹിറ, പരേതനായ അബൂബക്കർ നീലഞ്ചേരി.
സിദ്ദീഖ് കുറ്റിക്കാട്ടൂർ
Comments