Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

സ്ത്രീ ശാക്തീകരണത്തെ തോൽപ്പിച്ചു കളയുന്ന സ്ത്രീധനം

ബശീർ ഉളിയിൽ

‘സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ; സ്ത്രീപക്ഷ നവകേരളം’ എന്ന ബൃഹത് പദ്ധതി സര്‍ക്കാര്‍ തലത്തില്‍ തന്നെ ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാറും സ്ത്രീധന നിരോധന നിയമവും (Dowry Prohibition Act) പാസ്സാക്കിയിട്ടുണ്ട്. വിവാഹത്തിന് വധുവിന്റെ വീട്ടുകാരില്‍നിന്ന് പണമോ സ്വത്തോ വാങ്ങുന്നത് 1961-ലെ സ്ത്രീധന നിരോധന നിയമമനുസരിച്ച് കുറ്റകരമാണ്. 2004-ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീധന നിരോധന ചട്ടവും നടപ്പാക്കുകയും 14 ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തു. സ്ത്രീധനമടക്കമുള്ള, വിവാഹവുമായി ബന്ധപ്പെട്ട സകല അത്യാചാരങ്ങള്‍ക്കുമെതിരെയുള്ള ഉദ്ബോധനങ്ങളും സദാചാര  പ്രഘോഷണങ്ങളും വേറെയും നടക്കുന്നുണ്ട്.  എന്നിട്ടും ‘സാക്ഷര പ്രബുദ്ധ- സ്ത്രീ ശാക്തീകൃത’ കേരളത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നടന്ന സ്ത്രീമരണങ്ങള്‍  4089 എണ്ണമാണ്.  അവയില്‍ 92 എണ്ണം സ്ത്രീധനവുമായും 3997 മരണങ്ങള്‍ ഗാര്‍ഹിക പീഡനവുമായും ബന്ധപ്പെട്ടവയാണ്.

ഏത് വിഭാഗത്തില്‍ പെട്ടവരായാലും നവ മലയാളിയുടെ അടിസ്ഥാന ദുരാഗ്രഹങ്ങള്‍ക്ക് ഒരേ നിറമാണ്. “ഒരു രക്തഹാരം അങ്ങോട്ടും ഒന്നിങ്ങോട്ടും” എന്നൊക്കെയുള്ള കിടിലന്‍  ഡയലോഗ് അടിക്കുന്നവര്‍ പോലും ഈ അടിസ്ഥാന ദൗര്‍ബല്യങ്ങളില്‍നിന്ന് മുക്തരല്ല. 100 പവനും ഒരേക്കര്‍ ഭൂമിയും ലക്ഷം രൂപയുടെ കാറും കിട്ടിയിട്ടും ആര്‍ത്തി തീരാഞ്ഞിട്ടാണ് സി.പി. ഐ കൈതക്കോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയ ഭര്‍ത്താവായ പോലീസോഫീസറുടെ പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയത്. ബഹുജന അടിത്തറയുള്ള മത സാമുദായിക നേതാക്കള്‍ സ്ത്രീധനത്തെ ഒരൊഴുക്കന്‍ മട്ടില്‍ എതിര്‍ക്കുന്നതൊഴിച്ചാല്‍ അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയോ അത്തരം വിവാഹങ്ങള്‍ ബഹിഷ്കരിക്കുകയോ ചെയ്യാറില്ല. മുസ്‌ലിം സമുദായത്തിലെ സര്‍ഗാത്മക ന്യൂനപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ സ്ത്രീധന വിഷയത്തില്‍ ‘ആലിമീങ്ങ’ളുടെ നിലപാട് ‘ലാ ഇലാ ഹാഉലായി, വലാ ഇലാ ഹാഉലായി’ ടൈപ്പ്   അഴകൊഴമ്പനാണ് എന്ന് പറയേണ്ടിവരും. ‘നജസിന്റെ അജ് നാസും’ ‘ജനാബത്തിന്റെ അഹ്കാമും’  നിർധാരണം ചെയ്യാന്‍ കാണിക്കുന്ന ശുഷ്കാന്തി അവര്‍ സ്ത്രീധനീയത്തില്‍ കാണിക്കാറില്ല.

ക്രൈസ്തവരിലാണെങ്കില്‍ വമ്പന്‍ സ്ത്രീധനത്തുക സ്വപ്നം കണ്ടാണ് വൈദികർക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ള സഭകളിലെ  ചില അച്ചന്മാർ ളോഹ ഇടുന്നത് എന്നു പോലും ഇടവകകളില്‍ ശ്രുതിയുണ്ട്. അഥവാ കൊട്ടിഗ്്ഘോഷിക്കുന്ന ആദര്‍ശങ്ങളോട് ഒരു തരത്തിലും നീതി പാലിക്കാത്തവരാണ് കേരളത്തിലെ മത-രാഷ്ട്രീയ നേതൃത്വങ്ങള്‍. വിവരവും വിദ്യാഭ്യാസവുമില്ലാത്ത പാവങ്ങള്‍ എന്ന് കാറ്റഗറൈസ്  ചെയ്യപ്പെട്ടവരില്‍നിന്നല്ല, പഠിപ്പും പത്രാസുമുള്ള വരേണ്യ വര്‍ഗത്തില്‍നിന്നാണ് ഇമ്മാതിരി പണാര്‍ത്തിപ്പണ്ടാരങ്ങള്‍ ഉണ്ടാകുന്നത് എന്നറിയുമ്പോഴാണ് നാമിതു വരെ ആര്‍ജിച്ചത് സാക്ഷരതയല്ല,  രാക്ഷസതയാണ് എന്ന്  ബോധ്യപ്പെടുന്നത്. സ്ത്രീ ശാക്തീകരണത്തിന് അംഗന്‍ വാടിയിലെ ‘അങ്കണപ്പൂമഴ’ മുതല്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ‘പെണ്‍ട്രിക കൂട്ട’ വരെയുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്. ശാക്തീകരണത്തിലൂടെ വിദ്യാഭ്യാസ-തൊഴില്‍ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സുസ്ഥിതി കൂടി ആര്‍ജിച്ച് ഭൗതികമായി പുരുഷനോടൊപ്പമോ അതിനപ്പുറമോ എത്താന്‍  സ്ത്രീകള്‍ക്ക് സാധ്യമായിട്ടുണ്ട് എന്ന വലിയ ശരിയോടൊപ്പം തിക്തമായ സത്യമാണ് പുരുഷന്റെ ശഖാഇഖ് (കൂടപ്പിറപ്പുകള്‍) എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച; സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെടേണ്ട സ്ത്രീകള്‍ ആണധികാര വ്യവസ്ഥിതിക്ക് കീഴില്‍ കടുത്ത പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നു എന്നത്. ആര്‍ത്തിയും ആസക്തിയും അരങ്ങു വാഴുന്ന ഉപഭോഗ സംസ്കാരത്തില്‍  ഉപയുക്തമായ ‘വസ്തു’ക്കള്‍ക്ക്‌ മാത്രമേ വിലയുണ്ടാവുകയുള്ളൂ; അത് വസ്തുവായാലും മനുഷ്യനായാലും. വിവാഹം കമ്പോളമാവുകയും അവിടെ സ്ത്രീ ‘ചരക്കാ’വുകയും ചെയ്യുക എന്നത് ഉപഭോഗ സംസ്കൃതിയുടെ സ്വാഭാവിക രീതിയാണ്.

‘പെണ്ണായാല്‍ എല്ലാം സഹിക്കണം’ എന്ന ആണധികാര  വ്യവസ്ഥയുടെ ഉപോല്പന്നമാണ് സ്ത്രീധന പീഡനങ്ങളും തജ്ജന്യമായ ആത്മഹത്യകളും. യുദ്ധമായാലും വിവാഹമായാലും ‘സര്‍വം സഹ’യാവണം പെണ്ണ് എന്നത് ഈ വ്യവസ്ഥയിലെ അലിഖിത നിയമങ്ങളാണ്. ആറു രാജ്യങ്ങളിലൂടെ സഞ്ചരിച്ചു ആറു സ്ത്രീകളുടെ കഥ പറയുന്ന ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പുസ്തകത്തില്‍  സുധാ മേനോന്‍ ഒരു പാകിസ്താനി പെണ്‍കുട്ടിയുടെ വാക്കുകള്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: “എന്തിനാണ് നമ്മള്‍ക്ക് അതിര്‍ത്തികള്‍? പട്ടിണിയും തീരാ രോഗവും പെണ്‍കുട്ടികളെ സ്വാതന്ത്ര്യം നല്‍കാതെ തളച്ചിടലും ഒക്കെ രണ്ടിടത്തും ഇല്ലേ? പിന്നെ ആര്‍ക്ക് വേണ്ടിയാണീ യുദ്ധങ്ങള്‍?”

വിഷഗ്രസ്തമായ ഉപഭോഗ സംസ്കാരത്തില്‍ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പായും, കാക്കിയിട്ട പോലീസായും മെഡിക്കല്‍ ഗൗണിട്ട അപ്പോത്തക്കിരിയായുമൊക്കെയാണ് സ്ത്രീധനപ്പിശാശുക്കള്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്. 2020-ല്‍ ഉത്ര എന്ന യുവ വധുവിനെ തനിക്ക് സ്ത്രീധനമായി കിട്ടിയ കാറില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്നു കടിപ്പിച്ചു കൊന്നുകളഞ്ഞ ഭര്‍ത്താവ് സൂരജ് ‘ബിരുദധാരി’യാണെങ്കില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 150 പവന്‍ സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ബി.എം ഡബ്ല്യു കാറും സ്ത്രീധനമായി ചോദിച്ചുകൊണ്ട് പ്രണയിച്ച പെണ്ണിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട റുവൈസ് ‘അതുക്കും മേലെ’യുള്ള ഒരു ഡോക്ടറാണ്; മെഡിക്കല്‍ പി.ജി വിദ്യാര്‍ഥി അസോസിയേഷന്‍ പ്രസിഡന്റാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥികളായിരുന്നു ഡോ. ഷഹനയും ഡോ. റുവൈസും.  ഉത്ര, വിസ്മയ, അര്‍ച്ചന തുടങ്ങി ഇപ്പോള്‍ ഷഹന, മുര്‍സീന, ഷെബിന തുടങ്ങി  കയറിലും കായലിലും ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടികള്‍ ജാതി മത പ്രാദേശിക  ഭേദമന്യേ സാര്‍വത്രികമായിരിക്കുന്നു.

‘പ്രണയവും കാരുണ്യവും’ ആധാരങ്ങള്‍ (ഖുര്‍ആന്‍ 30:21) ആകേണ്ടുന്ന വിവാഹങ്ങള്‍ വില്പനയും വിലപേശലുമുള്ള ഇടപാടുകളായി  മാറിയത് ഈ ഉപഭോഗ സംസ്കാരത്തിന്റെ ഫലമായാണ്. പ്രത്യക്ഷമായോ പരോക്ഷമായോ ‘സ്ത്രീധനം’ പ്രധാന വിഷയമാവാത്ത  വിവാഹങ്ങള്‍ വിരളമായിരിക്കുന്നു. ‘പോക്കറ്റ് മണി’ യായും ‘അവര്‍ക്ക് ഇഷ്ടമുള്ള ആഭരണങ്ങളാ’ യും അല്പം മയപ്പെട്ടാണ് ‘പുരോഗമന വേദി’കളില്‍ സ്ത്രീധനം പ്രത്യക്ഷപ്പെടുന്നത് എന്നു മാത്രം! ദമ്പതികള്‍ കാഴ്ചവസ്തുക്കളാവുകയും വിവാഹ വേദികള്‍ ‘തറവാടിത്ത’ത്തിന്റെയും  സമ്പന്നതയുടെയും കാഴ്്ചപ്പെട്ടകങ്ങളാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പണം തന്നെയാണ് ഒരേസമയം അവിടെ വില്ലനും നായകനുമാവുന്നത്. ജീവിതം ‘അടിപൊളി’യാക്കാനുള്ള നെട്ടോട്ടത്തില്‍ യുവ തലമുറ വിവാഹത്തെ കാണുന്നതും ഈയൊരു കാഴ്ചപ്പാടിലാണ്. സോഷ്യൽ മീഡിയയും സിനിമയും രൂപപ്പെടുത്തിയെടുത്ത സൗന്ദര്യ സങ്കൽപ്പങ്ങളുടെ കണ്ണാടിയിലൂടെയാണ് അവര്‍ ദാമ്പത്യത്തെ കാണുന്നത്. പിതാക്കള്‍ അവര്‍ക്ക് ഭയാശങ്കകളോടെ അനുസരിക്കപ്പെടേണ്ട നിശ്ശബ്ദ ‘ബിംബ’ങ്ങളാവുമ്പോള്‍ മാതാക്കള്‍ അവര്‍ക്കു വേണ്ടി പണിയെടുക്കുകയും പിതാവിനെ അനുസരിക്കുകയും ചെയ്യുന്ന സ്ത്രീയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ തന്നെ ആ കുടുംബത്തില്‍ എത്തിപ്പെടുന്നത് സ്ത്രീധനവുമായിട്ടാണ്. അതുകൊണ്ടുതന്നെ ‘ഏറ്റവും മെച്ചപ്പെട്ട’ കുടുംബത്തില്‍നിന്നുള്ള ഒരു പെണ്ണ് ആവണം തന്റെ മരുമകള്‍ എന്ന് ‘കുലീന’യായ ആ അമ്മായിയമ്മയും മോഹിക്കുന്നു. പ്രണയിച്ച പെണ്ണിനോട് “കനപ്പെട്ട സ്ത്രീധനമില്ലാതെ എന്റെ പപ്പ ഈ വിവാഹത്തിനു സമ്മതിക്കുകയില്ല”  എന്ന് പറയുന്ന ‘അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്‍’ ഈ ഉപഭോഗ സംസ്കാരത്താല്‍ ഷണ്ഡീകരിക്കപ്പെട്ട  യുവ വൃദ്ധനാണ്. അങ്ങനെ സ്ത്രീധനം വളരെ സാധാരണമായ ഒരു നടപടി എന്ന നിലപാടിലെത്തുകയാണ്, പ്രത്യേകിച്ച് ഒരു നിലപാടുമില്ലാത്ത ഈ ചെറുപ്പക്കാര്‍.

‘സ്ത്രീയുടെ കൂടെ വരേണ്ട ഒന്നാണ് ധനം’ എന്ന് അവര്‍ മനസ്സിലാക്കുന്നു.  പെണ്‍കുട്ടിയെ ‘പറഞ്ഞു വിടുക’ എന്നതാണ് ഭാഷയിലെ തന്നെ പ്രയോഗം.  ആണ്‍കുട്ടികളെ കെട്ടിക്കുന്ന രക്ഷിതാക്കള്‍  പെണ്‍കുട്ടിയെ  പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. കിടപ്പാടം വിറ്റും കടം വാങ്ങിയും  പെണ്‍മക്കള്‍ക്ക് പൊന്നും പണവും ഭൂമിയും നല്‍കിയാണ് ഇങ്ങനെ  ‘പറഞ്ഞു വിടുന്നത്’. ഈ പെണ്‍കുട്ടികള്‍  ഭര്‍തൃവീട്ടില്‍ പീഡനമേല്‍ക്കുന്നതായി പരാതി പറഞ്ഞാലും സ്വന്തം വീട്ടില്‍ ഒരു ഇടമുണ്ടെന്നും തിരിച്ചു വരാമെന്നും പറയാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാത്തതും അവരങ്ങനെ ട്യൂണ്‍ ചെയ്യപ്പെട്ടതുകൊണ്ടാണ്. പെണ്‍കുട്ടിയുടെ മാനസിക പ്രശ്‌നമാണെന്ന് ഭര്‍തൃവീട്ടുകാര്‍ ആരോപിക്കുമ്പോള്‍ അവള്‍ക്ക് ചികിത്സ നല്‍കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. പെണ്ണിനും സ്വന്തമായൊരിടമുണ്ടെന്നും അവള്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്നും ആത്മവിശ്വാസം നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞാല്‍ മാത്രമേ സ്ത്രീ ശാക്തീകരണം പൂര്‍ണമാവുകയുള്ളൂ.  l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്