Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

എന്റെ ജ്ഞാനാന്വേഷണങ്ങൾ

മുഹമ്മദ് പാറക്കടവ്

യിടെ നമ്മെ വിട്ടുപിരിഞ്ഞ  എം.വി  മുഹമ്മദ് സലീം മൗലവി തന്റെ ആയുസ്സിലെ ഏറക്കാലവും ചെലവഴിച്ചത് വിജ്ഞാനം നേടാനും അറിവ് പകർന്നു കൊടുക്കാനുമായിരുന്നു. പുളിക്കൽ മദീനത്തുൽ ഉലൂമിലും ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും പഠിക്കുന്ന കാലത്തു തന്നെ ധാരാളം അറിവുകൾ  സ്വന്തമാക്കിയ അദ്ദേഹം ഖത്തറിലെ മഅ്ഹദുദ്ദീനിയിൽ ശൈഖ് യൂസുഫുൽ ഖറദാവി, അലി ജമ്മാസ്, അബ്ദുല്ലത്തീഫ് സായിദ് തുടങ്ങിയവരുടെ കീഴിലും പഠനം നടത്തി. മഹാ പണ്ഡിതൻമാരായ ഖാദി അബ്ദുല്ല ബിൻ സൈദ് ആൽ മഹ്്മൂദ്, ശൈഖ് അഹ്്മദ് ബിൻ ഹജർ മുതലായവരുമായുള്ള നിരന്തര ബന്ധം അദ്ദേഹത്തിന്റെ വിജ്ഞാന ചക്രവാളം വികസിപ്പിച്ചു.

അറുപത്തി നാലാം വയസ്സിൽ പ്രൈവറ്റായി പഠിച്ചു സോഷ്യോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടി.  വിവിധ മത സ്ഥാപനങ്ങളിൽ അധ്യാപകനായും കുറച്ചു കാലം പ്രബോധനം സബ് എഡിറ്ററായും ഖുർആൻ വിവർത്തകനായും മറ്റും സേവനം ചെയ്ത അദ്ദേഹം ഹോമിയോ ചികിത്സയിലും കൈവെച്ചു. ഖത്തറിൽ സുഊദി അറേബ്യൻ എംബസിയിൽ ദീർഘ കാലം ജോലി ചെയ്തിരുന്നതിന് പുറമെ വസ്ത്ര, ഭക്ഷ്യ വ്യാപാര മേഖലയിലും കൈയൊപ്പ് ചാർത്തി. ഗാന രചന, ദഫ് മുട്ട്, കരാട്ടെ, യോഗ മുതലായ നിരവധി ശാഖകളിലും വ്യുൽപത്തി നേടി. ഖത്തർ ഇന്ത്യൻ ഇസ്്ലാമിക് അസോസിയേഷന്റെ കീഴിൽ വർഷങ്ങളായി നടന്നുവന്നിരുന്ന  സലീം മൗലവിയുടെ  വിജ്ഞാനപ്രദമായ ക്ളാസ്സുകൾ നിരവധി പേർക്ക് ദിശാ ബോധം നൽകി.

   അറബികളെക്കാൾ നന്നായി അറബി ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരൻ എന്നു ശൈഖ് യൂസുഫുൽ ഖറദാവി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും അഭാവത്തിലും പറയുന്നത് കേട്ടിട്ടുണ്ട്. തൻെറ ഖത്തറിലെ സ്വാധീനം ഉപയോഗിച്ചു നാട്ടിൽ വിവിധ മത ജീവ കാരുണ്യ സംരംഭങ്ങൾക്ക് തുടക്കമിട്ടു. സുഊദി അറേബ്യയിലെ നാല് വർഷത്തെ ജീവിതം മതിയാക്കി വീണ്ടും ഖത്തറിൽ എത്തിയ അദ്ദേഹം ജമാഅത്തെ ഇസ്്ലാമി കേരള നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരം ശാന്തപുരം അൽജാമിഅയിൽ അധ്യാപകനായി, രോഗ ശയ്യയിൽ ആവും വരെ സേവനം ചെയ്തു. കർമനിരതവും സംഭവബഹുലവുമായ തന്റെ ജീവിത കഥ  'എന്റെ ജ്ഞാനാന്വേഷണങ്ങൾ' എന്ന പേരിൽ ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയിരിക്കുന്നു.  ഖത്തർ അനുഭവങ്ങൾ പലതും നേരിട്ടറിയുന്ന കാര്യങ്ങൾ കൂടിയായതിനാൽ ഏറെ താൽപര്യപൂർവമാണ് ഈ പുസ്തകം വായിച്ചു തീർത്തത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്