അവനാണ് നിങ്ങൾക്ക് വിഭവം നൽകിക്കൊണ്ടിരിക്കുന്നത്
ഇമാം ഇബ്്നു അതാഇല്ല സിക്കന്ദരി തന്റെ വിഖ്യാതമായ 'ഹികം' എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: "അതിരുകവിഞ്ഞ ആസൂത്രണത്തിൽനിന്ന് നീ നിന്റെ ശരീരത്തെ സ്വസ്ഥമാക്കുക. കാരണം, നിന്നിൽനിന്ന് മറ്റൊരാൾ ഏറ്റെടുത്ത ഒരു കാര്യം നിനക്കു വേണ്ടി ഇനി നീ ഏറ്റെടുക്കേണ്ടതില്ല. അല്ലാഹു നിനക്കുവേണ്ടി ഏറ്റെടുത്ത ഒന്നിൽ നീ കഷ്ടപ്പെടുന്നതും അവൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്ന ഒന്നിൽ നീ ഭംഗം വരുത്തുന്നതും നിന്റെ ഉൾക്കാഴ്ച നഷ്ടമായതിനു തെളിവാണ്." അല്ലാഹു നമുക്കു വേണ്ടി ഏറ്റെടുത്ത കാര്യമെന്താണ്? സംശയമില്ല, നമുക്കുള്ള വിഭവങ്ങൾ തന്നെ. അവൻ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതോ? "എനിക്ക് ഇബാദത്ത് നിർവഹിക്കാനായിട്ടല്ലാതെ മനുഷ്യരെയും ജിന്നുകളെയും നാം സൃഷ്ടിച്ചിട്ടില്ല" എന്ന് ഖുർആൻ പറഞ്ഞ കാര്യം.
ഉപജീവനം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെ റദ്ദ് ചെയ്യുമാറ് ആസൂത്രണങ്ങളെ ആസ്പദിക്കുന്നവരാണോ നമ്മളെന്ന് ഹൃദയത്തിൽ കൈവെച്ചൊന്ന് ചിന്തിച്ചുനോക്കൂ! നമ്മുടെ മുൻഗണനകളിൽ അല്ലാഹു എവിടെയാണെന്ന ലളിതവും ആഴവുമുള്ളൊരു ചോദ്യം ബാക്കിയാവുന്നുണ്ടാവുമല്ലേ? സിക്കന്ദരി ഇമാം തന്നെ തന്റെ 'താജുൽ ഉറൂസ്' എന്ന പുസ്തകത്തിൽ എഴുതുന്നൊരു വാക്യമുണ്ട്: "വിഭവങ്ങളിലുള്ള നിങ്ങളുടെ സംശയം വിഭവമേകുന്നവനിലുള്ള സംശയമാണ്." പ്രപഞ്ചങ്ങളുടെ നാഥൻ നമുക്കേകിയ ഉറപ്പിൽ സംശയത്തിന് സാധ്യതയേതുമില്ലല്ലോ. ഖുർആൻ പറയുന്നു: "ചോദിക്കുക: ആകാശഭൂമികളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനത്തിലാണ്? ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: 'അല്ലാഹു.' അവരോട് ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?" (10 : 31).
കാര്യങ്ങളെ ക്രമം തെറ്റി വെക്കുന്നതിനെ അറബിയിൽ 'ളുൽമ്' എന്ന് പറയും. അക്രമമെന്ന് നാമതിനെ പരിഭാഷപ്പെടുത്താറുണ്ട്. അക്രമങ്ങളിൽ കടുപ്പമേറിയതാണ് ശിർക്ക്. അല്ലാഹുവിനെ എവിടെയാണ് നാം സ്ഥാനപ്പെടുത്തിയിരിക്കുന്നത്? നമ്മുടെ വിഭാവനകളിൽ അവന് നാം പങ്കുകാരെ കാണുന്നുണ്ടോ? ഇതെല്ലാം നാം സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്. അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും ആലോചിക്കുക എന്നത് വളരെ പ്രധാനമാണ്. അറിയുന്തോറും അവനിലേക്കെത്താനുള്ള ആഴം വർധിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കിലും അവനിലേക്ക് എത്രയാണ് നമ്മളൊക്കെ സഞ്ചരിച്ചിട്ടുണ്ടാവുക! റാസിഖും റസ്സാഖും ആണ് താനെന്ന് അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നുണ്ട്. അത് ജീവിതത്തെക്കുറിച്ച നമ്മുടെ ഭാവനകളെ തന്നെ മാറ്റിമറിക്കാൻ പര്യാപ്തമാകും വിധം അർഥഗർഭമാണ്. പ്രപഞ്ചനാഥന്റെ ഓരോ നാമവും വിശേഷണവും ഇത്തരത്തിൽ നമ്മുടെ ആലോചനയും ചിന്തയുമർഹിക്കുന്നുണ്ട്. അവൻ നൽകാൻ തീരുമാനിച്ചത് തടയാനോ തടയാൻ തീരുമാനിച്ചത് നൽകാനോ ആരുമില്ലെന്ന തിരിച്ചറിവിനോളം വേദനകൾക്കും യാതനകൾക്കും മറുമരുന്നായി മറ്റെന്താണുള്ളത്? അവൻ എഴുതിവെച്ചതെല്ലാം അനുഭവിച്ചേ തീരൂ എന്നതിനെക്കാൾ, അവനാണ് എഴുതിവെച്ചതെന്ന ചിന്ത ജീവിതത്തെ കൂടുതൽ സുന്ദരമാക്കും.
"ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ. നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല " ( 57:22, 23) എന്ന് ഖുർആൻ ഓർമപ്പെടുത്തുന്നതു പോലെ. l
Comments