Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

ഷാ ബഹ്്ലൂലും ഹാറൂൻ അർറശീദും

മുഹമ്മദ് യൂസുഫ് ഇസ്വ്്ലാഹി

ഹജ്ജ് ഉദ്ദേശിച്ച് ബഗ്ദാദിൽനിന്ന് പുറപ്പെട്ട ഖലീഫ ഹാറൂൻ അർറശീദ് യാത്രാ മധ്യേ കൂഫയിലെത്തി. കൂഫക്കാർ നാലു ദിക്കുകളിൽനിന്നും അദ്ദേഹത്തെ കാണാനായി വന്നു. ഒട്ടകപ്പുറത്തെ കൂടാരത്തിലിരിപ്പാണ് ഹാറൂൻ. ചുറ്റും ജനം തടിച്ചുകൂടിയിരിക്കുന്നു. "ഹാറൂൻ, ഹാറൂൻ" എന്ന് പെട്ടെന്നൊരു ശബ്ദം. ജനം അമ്പരന്നു. ആരാണ് ഇത്രയും അപമര്യാദയോടെ ഖലീഫയെ വിളിക്കുന്നത്! നിസ്സങ്കോചം ഇത്രയും ധൈര്യത്തിൽ എന്റെ പേരെടുത്ത് വിളിക്കുന്നത് ആരാണെന്ന് ഖലീഫ ചോദിച്ചു. ഷാ ബഹ്്ലൂൽ ആണെന്ന് ചുറ്റുമുള്ളവർ പറഞ്ഞു.

കൂടാരത്തിന്റെ മറ നീക്കി നോക്കിയപ്പോൾ ഖലീഫ കാണുന്നത് ശാന്തഗംഭീരനായി നിൽക്കുന്ന ബഹ് ലൂലിനെയാണ്.

"ഷാ ബഹ് ലൂൽ, എന്താണ് സംഭവിച്ചത്?" ഖലീഫ ചോദിച്ചു.
ഷാ ബഹ്്ലൂൽ: "ഹാറൂൻ അർറശീദ്, ഹസ്റത്ത് അബ്ദുല്ലാ ആമിരി (റ) പറയുന്നു. തിരുദൂതർ ഹജ്ജിനു പോകുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അനാഡംബരവും നാട്യങ്ങളുമില്ലാത്തതായിരുന്നു ആ യാത്ര. പരിവാരങ്ങളില്ല. കണ്ണഞ്ചിപ്പിക്കുന്ന അധികാര- അഹങ്കാര പ്രകടനങ്ങളില്ല. ബഹളമയവുമല്ല.
ഹാറൂൻ, താങ്കൾ ഹജ്ജ് മാത്രമാണ് ലക്ഷ്യമാക്കുന്നതെങ്കിൽ പൊങ്ങച്ച പ്രകടനങ്ങളില്ലാതെ റസൂൽ ചെയ്ത പോലെ സരളവും വിനയപൂർണവുമായ യാത്ര തുടരുക. ഒച്ചപ്പാടുകൾ നിർത്തുക. പരിവാരങ്ങളെ പിരിച്ചുവിടുക. മഹത്വവും തേജസ്സുമുള്ള അല്ലാഹുവിന്റെ വീട്ടിലേക്ക് അങ്ങേയറ്റത്തെ വിനയവും വിധേയത്വവുമുള്ളവനായി കടന്നുചെല്ലുക. അല്ലാഹുവാണ് സർവത്തെക്കാളും സർവരെക്കാളും ഏറ്റവും വലിയവൻ. അവനോട് വിനയവും വിധേയത്വവും കാണിക്കുന്നവർക്ക് അന്തസ്സും ആദരവും ലഭിക്കും"-

ബഹ്്ലൂൽ ശാന്തഗംഭീരമായ, ഹൃദ്യമായ ശൈലിയിൽ ഉപദേശിച്ചു.
ഖലീഫയുടെ മനം നിറഞ്ഞു. കണ്ണുകൾ സജലങ്ങളായി. കരഞ്ഞുകൊണ്ട് ബഹ്്ലൂലിനോട് പറഞ്ഞു: "ഷാ ബഹ്്ലൂൽ, താങ്കളുടെ വാക്കുകൾ വളരെ സാർഥകം. ഇനിയും സംസാരിക്കുക."
ഷാ ബഹ്്ലൂൽ: "ഒരു വ്യക്തിക്ക് അല്ലാഹു സമ്പത്ത് നൽകി. സൗന്ദര്യം പ്രദാനം ചെയ്തു. അധികാരത്താൽ അനുഗ്രഹിച്ചു. ഇതിന്റെയൊക്കെ അവകാശം കൊടുക്കുക അയാളുടെ ബാധ്യതയാണ്. പണം ദൈവമാർഗത്തിൽ വ്യയം ചെയ്യണം. സൗന്ദര്യത്തെ പാപത്തിന്റെ കറപറ്റാതെ പരിശുദ്ധമായി സൂക്ഷിക്കണം. അല്ലാഹു തന്ന അധികാരത്തെ പ്രജകളോട് നീതി പുലർത്തിക്കൊണ്ട് ശക്തിപ്പെടുത്തണം."

ഹാറൂൻ വീണ്ടും കരഞ്ഞു. ഷാ ബഹ്്ലൂലിന്റെ വാക്കുകൾ വളരെ ഗൗരവത്തിലെടുത്തു. എന്നിട്ട് നല്ല ഒരു സംഖ്യ അദ്ദേഹത്തിനു പാരിതോഷികമായി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഷാ ബഹ്്ലൂൽ: "എനിക്ക് അതിന്റെ യാതൊരാവശ്യവുമില്ല. താങ്കൾ അത് പിരിച്ചെടുത്ത ജനങ്ങൾക്കു തന്നെ തിരിച്ചു നൽകുക."
ഹാറൂൻ അർറശീദ് അല്പനേരം നിശ്ശബ്ദനായി. ശേഷം പറഞ്ഞു: "ഇന്നത്തെ ഭക്ഷണം നമുക്ക് ഒന്നിച്ചു കഴിക്കാം."

ഹാറൂനിന്റെ അപേക്ഷ നിരസിച്ചു ആകാശത്തേക്ക് തല ഉയർത്തി ഷാ ബഹ് ലൂൽ പറഞ്ഞു: "ഹാറൂൻ, ഞാനും താങ്കളും അല്ലാഹുവിന്റെ അടിമകളാണ്. അവനാണ് നമ്മുടെ വിധാതാവ്. താങ്കൾക്ക് ഇത്ര വലിയ അധികാരശക്തി നൽകിയവൻ എനിക്ക് രണ്ടു നേരത്തെ ഭക്ഷണം തരാതിരിക്കില്ല."
അതും പറഞ്ഞു അദ്ദേഹം അവിടം വിട്ടുപോയി. l

('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്