Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

നാസിസവുമായി തുലനപ്പെടുന്ന ആധുനിക യൂദ വംശീയത

മുഹമ്മദ് ശമീം

ധുനിക യൂറോപ്പിലാകമാനം നിലനിന്നിരുന്നു സൈനികവും അല്ലാത്തതുമായ ആന്റി സെമിറ്റിക് കാമ്പയിനുകൾ. റോമൻ അധിനിവേശത്തിനെതിരെ യൂദിയ കേന്ദ്രീകരിച്ച് നടന്ന, ബാർകോഖ്ബ കലാപം (Bar Kokhba revolt) ഉൾപ്പെടെയുള്ള യൂദ കലാപങ്ങൾ അടിച്ചമർത്തിയ ശേഷം ആദിമ റോമാ സാമ്രാജ്യവും തുടർന്ന് ക്രൈസ്തവ റോമാ സാമ്രാജ്യവും യൂറോപ്പിൽ യൂദ വിരുദ്ധത ഇളക്കിവിട്ടിട്ടുണ്ട്. മധ്യകാല യൂറോപ്പ് ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഉത്തരവാദിത്വം മൊത്തമായി അടിച്ചേൽപ്പിച്ച് യൂദ സമൂഹത്തെ വേട്ടയാടി. പുറമെ പലതരം കഥകളും പ്രചരിപ്പിച്ചിരുന്നു; അനുഷ്ഠാനക്കൊലകൾ, നരബലി തുടങ്ങിയവ പോലും. ബ്ലഡ് ലൈബൽ എന്നാണ് ഇവ അറിയപ്പെട്ടത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ, യൂദന്മാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന് ഒരു തെളിവും ഇല്ലാതെ ആരോപിക്കപ്പെട്ട, നോർവിച്ചിലെ വില്യം എന്ന പന്ത്രണ്ടു വയസ്സുകാരൻ പയ്യൻ പിന്നീട് സെന്റ് വില്യം ആയി വാഴ്ത്തപ്പെട്ടിട്ടുണ്ട്. പോഗ്രോം (pogrom) എന്നറിയപ്പെട്ട യൂദ വംശഹത്യകൾ സാറിസ്റ്റ് റഷ്യയിൽ അനേകം തവണ അരങ്ങേറിയിട്ടുണ്ട്.

ഇപ്രകാരം വംശീയ ദേശീയതയുടെ ദുരന്തങ്ങൾ പലവട്ടം ഭീകരമായി ഏറ്റുവാങ്ങേണ്ടി വന്ന ചരിത്രമുള്ള യൂദ ജനതയിൽത്തന്നെ ഇന്നത്തെ ലോകത്തിലെ ഏറ്റവും മാരകമായ വംശീയ ദേശീയത, സയണിസം വളർന്നുവന്നു എന്നത് ചരിത്രത്തിലെ വൈരുധ്യം. എന്നാൽ അതിനിരയാക്കപ്പെടുന്നതാകട്ടെ, വംശീയതയുടെ പേരിലോ വിശ്വാസത്തിന്റെ പേരിലോ ഒരിക്കൽപോലും അവരുമായി ഏറ്റുമുട്ടിയിട്ടില്ലാത്ത ഒരു ജനതയും. ആധുനിക കാലത്ത് ജൂയിഷ് ക്വസ്റ്റ്യൻ എന്നത് യൂറോപ്പിന്റെ മാത്രം ചരിത്രവും പ്രശ്നവുമായിരുന്നു. അതേ യൂറോപ്പാണ് സയണിസത്തിന് പ്രോത്സാഹനം നൽകിയതും ഇസ്രായേൽ രാഷ്ട്രസ്ഥാപനത്തെ സഹായിച്ചതും ഫലസ്ത്വീനി അറബികൾക്ക് മേൽ മാരകമായ വിപത്ത് കെട്ടിയേൽപിച്ചതും. സെമൈറ്റുകളോടുള്ള അനുതാപമോ തങ്ങൾ കൈക്കൊണ്ട ആന്റി സെമിറ്റിക് നിലപാടുകളിലുള്ള പശ്ചാത്താപമോ മനുഷ്യസ്നേഹപരമായ മറ്റെന്തെങ്കിലും വികാരമോ അല്ല യൂറോപ്പിനെ, പ്രത്യേകിച്ച് ബ്രിട്ടനെ നയിച്ചത് എന്നത് വ്യക്തമാണ്.

ഒന്നാമതായും Shivat Tzion (or Shavei Tzion) അഥവാ സീയോനിലേക്കുള്ള മടക്കം (The Return to Zion) എന്ന ആശയം യൂദർക്കിടയിൽ വൈകാരികമായി സ്വീകാര്യമാക്കുക വഴി യഥാർഥത്തിൽ തങ്ങൾ ഇഷ്ടപ്പെടാത്ത ഈ ജനത ഇവിടം വിട്ടൊഴിഞ്ഞുപോകും എന്നവർ ചിന്തിച്ചിട്ടുണ്ടാകാം. യൂദ മാതൃദേശം എന്ന ആശയം സജീവമായി ചർച്ച ചെയ്യപ്പെടുമ്പോൾ പോലും യൂറോപ്യൻ ജീവിതത്തിൽ ആന്റി സെമിറ്റിസം സജീവമായിരുന്നു എന്നത് ചരിത്രമാണ്. രണ്ടാമത്, അറബ് മേഖലയിൽ നിരന്തര സംഘർഷങ്ങൾ ഉണ്ടാവണമെന്നും ഉസ്മാനിയ സൽത്തനത്ത് തകരണമെന്നും അവരാഗ്രഹിച്ചു. ഈ ആഗ്രഹത്തിന് പിന്നിലും രണ്ട് വികാരങ്ങളുണ്ടാവാം. ഒന്നാമത്തേത്, ഇസ്ലാമിനോടും മുസ് ലിംകളോടും ഉസ്മാനിയ ഭരണകൂടത്തോടുമുള്ള വിദ്വേഷം എന്നും കത്തിച്ചുനിർത്തിയ ക്രൂസേഡർ കോംപ്ലക്സ്. രണ്ടാമത്തേത് ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സാമ്രാജ്യത്വപരമായ ജിയോപൊളിറ്റിക്കൽ ലക്ഷ്യങ്ങൾ. മേഖല എന്നും തങ്ങളുടെ അധീനത്തിൽത്തന്നെ നിലകൊള്ളണം എന്നവർ ചിന്തിച്ചിരിക്കാം.

*****     *****     *****

പ്രാചീന കാലത്ത് മധ്യ യൂറോപ്പിലും സ്കാൻഡിനേവിയയിലും വസിച്ചിരുന്ന, ഇൻഡോ-യൂറോപ്യൻ, ഇൻഡോ-ആര്യൻ വിഭാഗത്തിൽ കെൽറ്റ് ജനതയാണ് ജർമൻ (ഡോയ്ച്) ഭാഷ സംസാരിക്കുന്ന ജർമാനിക്കുകൾ. പ്രാചീനമായ പാരമ്പര്യം പേറുന്ന ഈ ജനതയുടെ ചരിത്രം, സംസ്കാരം തുടങ്ങിയവയോടുള്ള വൈകാരികമായ ആഭിമുഖ്യത്തിലാണ് ഹിറ്റ്ലറുടെ നാസി ദേശീയവാദം വേരൂന്നുന്നത്. റൈൻ നദി മുതൽ സ്കാൻഡിനേവിയ വരെയുള്ള ദേശങ്ങളുമായി ബന്ധപ്പെട്ട എക്സ്പാൻഷനിസ്റ്റ് സങ്കൽപം നാസി ദേശീയവാദവും പുലർത്തിയിരുന്നു.

നാസി ദേശീയത തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അപരമായി കണക്കാക്കിയത്, സ്വാഭാവികമായും യഹൂദരെത്തന്നെയായിരുന്നു. യഹൂദരാണ് നാസി വാഴ്ചയിൽ പീഡിപ്പിക്കപ്പെട്ടത്. ഇതടക്കമുള്ള പീഡനങ്ങളാണ് സയണിസ്റ്റ് ദേശീയബോധത്തിന് യൂദർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തത്. അതേസമയം ദേശീയവാദ സങ്കുചിതത്വത്തിന്റെയും അപര വിദ്വേഷത്തിന്റെയും (സെനഫോബിയ) കാര്യത്തിൽ അവർ നാസികളോട് താദാത്മ്യപ്പെടുകയായിരുന്നു.

സ്റ്റോക്ഹോം മനോഭാവത്തിന് അങ്ങനെയൊരു വികാസവും കൂടിയുണ്ടോ എന്ന് ആധികാരികമായി പറയാൻ ഇതെഴുതുന്നയാൾക്ക് പറ്റില്ലെങ്കിലും, കോൺസൻട്രേഷൻ ക്യാമ്പുകളും ഗാസ് ചേംബറുകളും ഇല്ലെന്നുള്ളതൊഴിച്ചാൽ നാസിസത്തോട് ചാണിലും മുഴത്തിലും അനുകരണഭ്രമം പുലർത്തുന്ന പ്രത്യയശാസ്ത്രമായി സയണിസം മാറി. ഘെറ്റോവത്കരണം (ghettoization) ഇല്ലെന്ന് പറയാൻ പറ്റില്ല. അനിവാര്യമായ അവകാശങ്ങൾ പോലും തടഞ്ഞും വീർപ്പുമുട്ടിച്ചും അവർ ഗസ്സയെ ഒരു ഘെറ്റോ ആക്കി മാറ്റിയിട്ടുണ്ട്. ദേശവിപുലനവാദം (expansionism), കുടിയേറ്റ കൊളോണിയലിസം (settler colonialism) തുടങ്ങിയ പദ്ധതികളുടെ കാര്യത്തിലും സയണിസം നാസിസത്തോട് സാമ്യം പുലർത്തുന്നു. മുകളിൽ സൂചിപ്പിചതു പോലെ റൈൻ മുതൽ സ്കാൻഡിനേവിയ വരെയുള്ള വിശാല ജർമാനിക് ദേശമായിരുന്നു ഹിറ്റ്ലറുടെ സ്വപ്നം. ജർമനിയെ വികസിപ്പിക്കുന്നതിനായി മധ്യ യൂറോപ്പിൽനിന്നും പൗരസ്ത്യ യൂറോപ്പിൽനിന്നും സ്ലാവിക് ജനതയെ ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ നാസികളുടെ General plan Ost (Master plan for the East) പോളിസിയിൽ പറയുന്നുണ്ട്. സയണിസമാകട്ടെ, അബ്രഹാമിനുള്ള ദൈവിക വാഗ്ദാനത്തെ ആധാരമാക്കി മിസ്രയീം നദി (നൈൽ) മുതൽ ഫ്രാത്ത് (യൂഫ്രട്ടീസ്) വരെയുള്ള വിശാല ഇസ്രായേൽ സ്വപ്നം കാണുന്നു.

മിസ്രയീമിൽനിന്നു പുറപ്പെട്ട ഇസ്രാഈൽ സമൂഹം അവരുടെ പ്രവാചകനും വിമോചകനുമായ മോശെയോട്, 'അവർക്കുള്ളതു പോലെ' തങ്ങൾക്കും ഒരു ഇലാഹിനെ (ദൈവത്തെ) വേണം എന്നാവശ്യപ്പെടുന്ന സന്ദർഭം ഖുർആൻ, സൂറഃ അൽ അഅ്റാഫിൽ ചിത്രീകരിച്ചിട്ടുണ്ട്. അനുകരിക്കാൻ അവർ ശ്രമിച്ച ജനത്തിന്റെ ഉപാസനയെ പരാമർശിക്കുന്നിടത്ത് അസ്വ്്നാം എന്ന പദമാണുള്ളത്. സ്വനം എന്നതിന്റെ ബഹുവചനമാണ് അസ്വ്്നാം. സ്വനം എന്നാൽ കേവലം ഭൗതിക ശിലാവിഗ്രഹങ്ങൾ മാത്രമല്ലെന്നും, മനുഷ്യരുടെ ഏക ദൈവം എന്ന കാഴ്ചപ്പാട് വിട്ട് മനുഷ്യൻ പവിത്രതയോടെ സ്വീകരിക്കുന്ന ദേശീയതയും വംശീയതയുമൊക്കെ അതിൽ പെടുമെന്നും ദാർശനികരായ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. ആ വശത്തുകൂടെ ചിന്തിച്ചാൽ, ആരാധിക്കപ്പെട്ടിരുന്ന ശിലാവിഗ്രഹം എന്നത് പ്രതിപാദ്യ സംഭവത്തിൽ ഒരു യാഥാർഥ്യം തന്നെയെങ്കിലും തങ്ങളെ അടിച്ചമർത്തിയ കോപ്റ്റുകളുടെ വംശീയത പോലെ ഒരു വിഗ്രഹം തങ്ങൾക്കും വേണം എന്നു കൂടിയാണതിനർഥം എന്ന് ചിന്തിക്കാവുന്നതാണ്. മുകളിൽ സൂചിപ്പിച്ചതു പോലെ സ്റ്റോക്ഹോം മനോഭാവത്തിന്റെ ഒരു പതിപ്പ്. ഇതിന്റെ പേരിൽ മൂസാ നബി അവരെ ആക്ഷേപിക്കുന്നതായും ഖുർആൻ വിവരിക്കുന്നു. തങ്ങളെ പീഡിപ്പിച്ചവരോട് തന്നെ അവരിലുണ്ടായ ഭ്രമം ആയി ഇതിനെ കാണാം.

ഇതുപോലെ പ്രകൃതത്തിലും മനോഭാവത്തിലും ആധുനിക യൂദ വംശീയത നാസിസവുമായി തുലനപ്പെടുന്നു. ഇക്കാര്യം തുടക്കത്തിൽത്തന്നെ ചൂണ്ടിക്കാണിച്ചയാളാണ് യൂദ പണ്ഡിതനായ റബ്ബി എൽകൊനൻ വാസർമൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആന്റി സെമൈറ്റുകൾ യഹൂദ മതത്തിന്റെ ശരീരത്തെയാണ് കൊല്ലുന്നതെങ്കിൽ, സയണിസം നശിപ്പിക്കുന്നത് അതിന്റെ ആത്മാവിനെയാണ്. സയണിസ്റ്റുകളുമായി സഹകരിക്കുന്നതിനെക്കാൾ അഭികാമ്യം മരിച്ചുപോകുന്നതാണ് (Our Promised Land: Faith and Militant Zionism in Israeli Settlements by Charles Selengut).
ഇവിടെ ആരാണ് വാസർമൻ എന്ന അന്വേഷണവും പ്രസക്തമാണ്. തോറ, തൽമൂദ്, ഹലാഖാ (യൂദ ശരീഅഃ) എന്നിവയിൽ ആധികാരികതയുള്ള പണ്ഡിതനും യൂദ മതത്തിന്റെ പരമ്പരാഗത പഠനകേന്ദ്രമായ യെഷിവായുടെ തലവനും (റോഷ് യെഷിവാ) ആയിരുന്ന എൽകൊനൻ വാസർമൻ അന്ന് റഷ്യൻ സാമ്രാജ്യത്വത്തിന് കീഴിലായിരുന്ന ലിത്വാനിയയിലാണ് ജനിച്ചത്. സാറിസ്റ്റ് റഷ്യയിലെ ജൂയിഷ് പോഗ്രൊമിന് ഇരയായതിന്റെ ചരിത്രം പൂർവികർക്കും അദ്ദേഹത്തിന് തന്നെയുമുണ്ട്. ശേഷം ലിത്വാനിയയിൽ നാസികളുടെ പീഡനത്തിനുമിരയായി. യൂദവിരുദ്ധതയുടെ ദുരിതങ്ങൾ അതിന്റെ മൂർധന്യത്തിൽത്തന്നെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ആന്റി സെമിറ്റിസത്തെയും സയണിസത്തെയും തുലനം ചെയ്യുന്നതെന്നോർക്കണം. അദ്ദേഹത്തിന്റെ സയണിസ്റ്റ് വിമർശനങ്ങളിൽ ഈ തുലനപ്പെടുത്തൽ കുറെക്കൂടി മൂർത്തമാവുന്നുണ്ട്. സയണിസത്തിന് ഒട്ടേറെ രൂപങ്ങളുണ്ട്. റിലീജ്യസ് (മത) സയണിസം, ലേബർ (തൊഴിലാളി) സയണിസം, പൊളിറ്റിക്കൽ (രാഷ്ട്രീയ) സയണിസം തുടങ്ങിയവ. ഇതിൽ ഒരു രൂപത്തെയും അദ്ദേഹം അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അതെല്ലാം ദൈവനിന്ദയാണ്. യിസ്രായേൽ രാഷ്ട്രസംസ്ഥാപനമെന്നത് ഒരിക്കലും യൂദജനതയുടെ ഉണർവിന്റെ അടയാളമാവില്ലെന്നും അത് മറ്റൊരു പ്രവാസത്തിന്റെ തുടക്കം മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വാസർമന്റെ അഭിപ്രായത്തിൽ നാഷ്നലിസവും സോഷ്യലിസവും യൂദ യുവാക്കളുടെ ഹൃദയങ്ങളിൽ വിഷം കലർത്തുന്ന, വിഗ്രഹാരാധനയുടെ രണ്ട് രൂപങ്ങളാണ്. ഇത് രണ്ടിന്റെയും ഒരു ചേരുവയാണ് നാസിസം. സയണിസത്തിന്റെയും അടിത്തറ ഇതല്ലാതൊന്നുമല്ല. വിഗ്രഹോപാസന യൂദ മതത്തിൽ തീർത്തും നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ടെന്നിരിക്കെ, സയണിസം കടുത്ത ദൈവനിന്ദ മാത്രമാണ്. മനുഷ്യ ഏജൻസിയാൽ നിർവഹിക്കപ്പെടുന്ന ഇസ്രായേൽ രാഷ്ട്ര സംസ്ഥാപനമാകട്ടെ, മിശിഹായുടെ വരവിന്റെ നിഷേധവും (കെഫിറ) ആകുന്നു. ഹെർസലിന്റെ രാഷ്ട്രീയ സയണിസത്തെ മാത്രമല്ല, അബ്രഹാം യിസഹാഖ് കുക്കിന്റെ മത സയണിസത്തെയും അദ്ദേഹം യൂദവിരുദ്ധമായാണ് കണ്ടത്. "യൂദ ജനതയെ വംശീയമോ ദേശീയമോ ആയ അസ്തിത്വമെന്ന നിലയിൽ കാണുന്ന ദേശീയ സങ്കൽപത്തിന് നമുക്കിടയിൽ യാതൊരു സ്ഥാനവുമില്ലെ"ന്ന് വാസർമൻ തീർത്തു പറഞ്ഞു. " യൂദമതത്തിലേക്കുള്ള വിദേശനിവേശം (foreign implant) അല്ലാതെ മറ്റൊന്നുമല്ല. വിഗ്രഹാരാധനയിൽ കുറഞ്ഞ ഒന്നുമല്ലത്. റിലീജ്യസ് നാഷ്നലിസം (റിലീജ്യസ് സയണിസം) അതിന്റെ സഹോദരിയാണ്. ഹാഷേമിന്റെ പേരും (ദൈവനാമം; യാഹ്്വേയുടെ മറ്റൊരു പേരാണ് ഹാഷേം) പാഷണ്ഡതയും ഒരുമിച്ചു ചേർക്കുന്ന ഒരു പ്രത്യേക തരം വിഗ്രഹാരാധനയാണത്" (1930-കളിൽ അന്നത്തെ യഹൂദ പ്രശ്നങ്ങളെപ്പറ്റി Rabbi Elchonon Bunim Wasserman എഴുതിയ Ikvesa D'meshicha എന്ന ഉപന്യാസ സമാഹാരം, വാസർമന്റെ മകനായ എലാസർ സിംച വാസർമൻ Epoch of the Messiah എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയണിസത്തിനെതിരായ തോറായിക് ആർഗ്യുമെന്റുകൾ അതിൽ വായിക്കാം).

1937-ൽ അഗുദാത് ഇസ്രായേലിന്റെ റബ്ബിമാരുടെ മൂന്നാം കൺവെൻഷനിൽ റബ്ബി എൽകൊനൻ വാസർമന്ന് പുറമെ, റബ്ബി അഹരോൻ കോത്്ലർ, റബ്ബി മൊർദക്കായി റോട്ടൻബർഗ് തുടങ്ങിയ പ്രശസ്തരായ യൂദ പണ്ഡിതന്മാർ പങ്കെടുത്തു. ഒരു യൂദ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ അവർ ശക്തമായി നിരസിക്കുകയും ദൈവത്തെ അപകീർത്തിപ്പെടുത്തലാവും അത് എന്ന് ഐകകണ്‌ഠ്യേന പ്രസ്താവിക്കുകയും ചെയ്തു.

നോർമൻ ഫിങ്കൽസ്റ്റൈൻ തന്റെ ഒരു പ്രഭാഷണത്തിൽ സയണിസ്റ്റുകളെ നാസികളുമായി തുലനപ്പെടുത്തുന്നുണ്ട്. ഇതുകേട്ട്, നാസികൾ തങ്ങളോട് ചെയ്ത ക്രൂരതകളോർമിച്ച് പൊട്ടിക്കരഞ്ഞ ഒരു സ്ത്രീയോട്, ഇത്തരം സെന്റിമെന്റുകൾക്കോ ഈ മുതലക്കണ്ണീരിനോ താൻ ഒരു പരിഗണനയും നൽകുന്നില്ലെന്ന് തുറന്നടിക്കുന്നു. തന്റെ അച്ഛനും അമ്മയും നാസി കോൺസൻട്രേഷൻ ക്യാമ്പുകളിൽ കിടന്നിട്ടുണ്ട്, അവരുടെ ബന്ധുക്കളെ മുഴുവനായും നാസികൾ കൊന്നുകളഞ്ഞിട്ടുണ്ട്.

നാസികൾക്കെതിരെ വർഷാവായിൽ (വാഴ്സോ) നടന്ന പ്രകടനത്തിൽ തന്റെ മാതാപിതാക്കൾ പങ്കെടുത്തിട്ടുണ്ട്. നാസികൾക്കെതിരെ അവർ പഠിപ്പിച്ച സമരപാഠങ്ങളും ചരിത്രവും ഓർമയിൽ ഉള്ളതുകൊണ്ടു തന്നെയാണ് ഇപ്പോൾ സയണിസ്റ്റ് അതിക്രമങ്ങളെ താൻ ശക്തിയുക്തം എതിർക്കുന്നത്. ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആ പൂർവികരുടെ പേര് പറഞ്ഞ് ഇപ്പോൾ ഫലസ്ത്വീനിൽ അക്രമങ്ങൾ അഴിച്ചുവിടുകയും വീടുകൾ നശിപ്പിക്കുകയുമാണിവർ എന്ന് ഫിങ്കൽസ്റ്റൈൻ വിശദീകരിച്ചു.

****     *****     *****

വീണ്ടും അൽ ഖാസിം നിനവിൽ വരുന്നു:
"സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
പ്രപഞ്ചങ്ങളുടെ ഉടയവനേ..
നിന്നെ വിശ്വസിക്കുന്നു ഞങ്ങൾ, ഒരായിരം മടങ്ങ്
ക്ലേശങ്ങളുടെ വിളഭൂമിയിൽ നിന്ന്
ഈ പദങ്ങൾ നിന്നിലേക്കയക്കുന്നു
പട്ടിണിയാൽ മെലിഞ്ഞ മലകളുടെ താഴ്്വാരങ്ങളിൽനിന്ന്
മുൾപ്പടർപ്പിൽ വീണു മരിച്ച കഴുകൻ
ഇച്ഛാഭംഗത്താൽ പറന്നുയർന്ന ഉച്ചിയിൽനിന്ന്
വേദനിപ്പിക്കുന്ന ഓർമകളുടെ പായ്ക്കപ്പലുകൾ മാത്രമുള്ള,
ദ്വീപുകളില്ലാത്ത സമുദ്രങ്ങളിൽ നിന്ന്
ജീവൻ ചങ്ങലക്കിടപ്പെട്ട ഒരു ഭ്രൂണത്തിൽനിന്ന്
എഴുതപ്പെടുന്ന വരികൾ..

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അനാഥർ തങ്ങളുടെ പ്രാർഥനകളാൽ ക്ഷീണിതരാണ്
സ്വർഗസ്ഥനായ പിതാവേ,
വർഷങ്ങളൊട്ടേറെയായിട്ടും
ഇപ്പോഴും പ്രാർഥന തുടരുന്നു ഞങ്ങൾ
സ്വർഗസ്ഥനായ പിതാവേ,
എന്നിട്ടും ഞങ്ങളിപ്പോഴും പട്ടിണിയാണ്, നഗ്നരുമാണ്
സ്വർഗസ്ഥനായ പിതാവേ,
ഇപ്പോഴും ഞങ്ങൾ അഭയാർഥികളുടെ ശേഷിപ്പുകൾ..."

*****     *****     *****

1948-ലെ സംഭവങ്ങൾ പഠിക്കാതെ നിങ്ങൾക്ക് ഫലസ്ത്വീൻ പ്രശ്നത്തെ വിശകലനം ചെയ്യാൻ പറ്റില്ല. ഒരു ജനതയെ പൂർണമായും പുറത്താക്കിയും ഒരു പ്രദേശത്തെയും സംസ്കാരത്തെയും തുടച്ചുനീക്കിയും വൻശക്തികളുടെ പിന്തുണയോടെ മറ്റൊരു രാജ്യം സ്ഥാപിക്കാൻ ശ്രമിച്ചതിന്റെ ചരിത്രമാണത്. ഹൈഫ, ജാഫ, ദയ്ർ യാസീൻ, ഏക്ര, റാമല്ല, ലിദ്ദ തുടങ്ങി യരുശലേം വരെയുള്ള സ്ഥലങ്ങളിലെ സംഭവങ്ങളിലൂടെ കടന്നുപോയ ഫലസ്ത്വീനികളുടെ (ഇസ്രാഈല്യരുടെയും) കഥകൾ കേൾക്കുക.
ചരിത്രത്തിൽ അൽപമെങ്കിലും ഇതിനോട് സാദൃശ്യമുള്ള സംഭവം, ക്രിസ്റ്റഫർ കൊളംബസിന് ശേഷം നടന്ന അമേരിക്കൻ കുടിയേറ്റമാണ്. രക്തം ഉറഞ്ഞുപോകുന്ന ഈ സംഭവങ്ങളുടെ തുടർച്ചയാണ് ഇന്ന് നടക്കുന്ന വംശഹത്യയും. പലരും പ്രചരിപ്പിക്കുന്നതു പോലെ ഹമാസിന്റെ ആക്രമണത്തിനുള്ള തിരിച്ചടിയല്ലത്.

ആൻഡി ട്രിംലെറ്റ്, അഹ്്ലാം മുഹ്തസബ് എന്നിവർ തയാറാക്കിയ 1948: Creation and Catastrophe എന്ന ഡോക്യുമെന്ററി അവി ശ്ലൈം, ബെന്നി മോറിസ്, ഇലാൻ പപ്പെ എന്നീ ചരിത്ര പണ്ഡിതരുടെ നിരീക്ഷണങ്ങളിലൂടെ സഞ്ചരിക്കുന്നു. രാഷ്ട്രതന്ത്ര പണ്ഡിതനായ ഫരീദ് അബ്ദുന്നൂറും ഇതിൽ വരുന്നുണ്ട്. ബെന്നി മോറിസിന്റെ The Birth of the Palestinian Refugee Problem, 1947–1949 എന്ന പുസ്തകത്തെ അവലംബിച്ച് ബെന്നി ബ്രണ്ണറും അലക്സാണ്ഡ്ര ജാൻസിയും ചേർന്ന് Al-Nakba: The Palestinian Catastrophe 1948 എന്ന പേരിൽ ചെയ്ത ഡോക്യുമെന്ററിയും വിഖ്യാതമാണ്. അതിൽ അൽ ഖാസിമിന്റെ മേൽക്കുറിച്ച കവിതയും വരുന്നുണ്ട്.

Al-Nakba: the Palestinian Catastrophe എന്ന പേരിൽ റവാൻ ദാമൻ എന്ന അറേബ്യൻ ചലച്ചിത്രകാരി നിർമിച്ച, അൽജസീറയുടെ ഒരു ഡോക്യുമെന്ററി സീരീസുണ്ട്. സയണിസ്റ്റ് വംശീയതയുടെ ഫലസ്ത്വീൻ അധിനിവേശത്തിന്റെയും അതിലെ സാമ്രാജ്യത്വ ജിയോപൊളിറ്റിക്കൽ താല്പര്യങ്ങളുടെയും ചരിത്രമാണത്.

ലോകത്തിലെ വംശീയതയുടെ ഏത് രൂപത്തെക്കാളും ഭീകരരൂപമാർജിച്ച ഒന്നാണ് സയണിസം. l

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്