Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

സാഹിത്യ കാർണിവലുകൾക്ക് പുതുകാലത്തിന്റെ മലബാർ മാന്വൽ

ഡോ. ജമീൽ അഹ്മദ്

കേരളം എന്നതിലേറെ ചരിത്രപരവും സാംസ്കാരികവുമായ മാനങ്ങൾ മലബാർ എന്ന പേരിനുണ്ട്. കേരളത്തിന്റെ ആദ്യ പേര് അതാണ്. അറബിയുടെയും മലയാളത്തിന്റെയും സുന്ദരമായ ചേർച്ചയാണ് അതിന്റെ ഭാഷാരഹസ്യം. മലൈ എന്ന ദ്രാവിഡ പദവും തീരം എന്നർഥമുള്ള ബർറ് എന്ന അറബി പദവും ചേർന്നതാണ് മലബാർ എന്നാണല്ലോ പ്രധാനപ്പെട്ട ഒരു ഭാഷാനിഗമനം. ഈ ദേശത്തിന്റെ ചരിത്രാത്മകവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ കണ്ടെടുക്കുന്ന ഒരു സാഹിത്യാഘോഷം കോഴിക്കോട് ഉണ്ടാവുക എന്നത് കാലത്തിന്റെ ആവശ്യമായിരുന്നു. ആ ആഗ്രഹമാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സാധ്യമാക്കിയത്. കോവിഡാനന്തര ലോകക്രമവും നിർമിത ബുദ്ധിയുടെ നവകാലവും സ്വരൂപിച്ച പുതിയ ആശയതലങ്ങളുടെ പശ്ചാത്തലത്തിൽ അത്രയും സമകാലമാകാനും ഫെസ്റ്റിവലിന് കഴിഞ്ഞു. ഒട്ടനവധി സാഹിത്യാഘോഷങ്ങൾക്ക് വേദിയായ കോഴിക്കോട് കടപ്പുറം 'മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലി'ന്റെ പേരിൽകൂടി ഇനി അറിയപ്പെടും.

വൈവിധ്യങ്ങളുടെ സഹവർത്തിത്വം എന്ന ആശയം പണ്ടുതൊട്ടേ മലബാർ ആന്തരികമായും ബാഹ്യമായും സ്വരൂപിച്ചിരുന്നു. പലതരം സംസ്കാരങ്ങളുടെയും മതങ്ങളുടെയും ജനവിഭാഗങ്ങളുടെയും കലർപ്പിന്റെയും കൊള്ളക്കൊടുക്കലുകളുടെയും ഇടമായിരുന്നു മലബാർ. അതോടൊപ്പം സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശങ്ങൾക്കെതിരെ ശക്തവും ആദർശപരവുമായ പ്രതിരോധവും മലബാറിലെ മനുഷ്യർ പ്രകടിപ്പിച്ചു. സർഗാത്മകതയുടെ വ്യത്യസ്തതകൾ ഈ പ്രദേശം ആവേശകരമായി ഉൽപാദിപ്പിച്ചു. ഒരേസമയം പ്രാദേശികവും വൈദേശികവുമായ അഭിരുചികളെ മലബാർ തൃപ്തിപ്പെടുത്തി. അതുകൊണ്ടുതന്നെ, ലോക സാംസ്കാരിക ചരിത്രത്തിന്റെ ഭൂപടത്തിൽ ഇത്തരമൊരു ദേശം അപൂർവമാണ്. മലബാറിന്റെ വൈവിധ്യങ്ങളെയെല്ലാം പല പടിയും ആവിഷ്കരിക്കാനും അതോടൊപ്പം മലയാളത്തിന്റെ സ്ഥിരം ഭാവനകളെ പുനരാലോചിക്കാനും മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ  (എം.എൽ.എഫ്) ശ്രമിച്ചിട്ടുണ്ട്. പൂർണമായിട്ടല്ലെങ്കിലും അത് ലക്ഷ്യം കണ്ടിട്ടുമുണ്ട് എന്നാണ് ഫെസ്റ്റിവലാനന്തര സംവാദങ്ങളും വിവാദങ്ങളും സൂചിപ്പിക്കുന്നത്.
ഈ വർഷം കേരളത്തിനുണ്ടായ നേട്ടമാണ് യുനെസ്കോ കോഴിക്കോടിന് നൽകിയ സാഹിത്യനഗര പദവി. നൂറ്റാണ്ടുകളായി മലബാറിന്റെ സാംസ്കാരിക തലസ്ഥാനം എന്ന നിലയ്ക്ക് കോഴിക്കോട് ലോക സാഹിത്യത്തിനും സംസ്കാരത്തിനും കൊടുത്തുകൊണ്ടിരുന്ന ഈടുവയ്പുകൾക്കുള്ള അംഗീകാരമായിരുന്നു അത്. എഴുത്തച്ഛൻ താളിയോലയിൽ എഴുതിക്കൊണ്ടിരിക്കുന്ന അതേ കാലത്ത് മുഹിയിദ്ദീൻ മാല എന്ന മലയാള കൃതി എഴുതിയത് ഈ കോഴിക്കോട്ടെ ഖാദിയായിരുന്ന മുഹമ്മദ് ആണ്.  ഇന്നും സാഹിത്യത്തിനും സംവാദത്തിനും  ഈ തീരം നൽകുന്ന പിന്തുണയും അതിന് എത്തിച്ചേരുന്ന ആൾക്കൂട്ടവുമാണ് ഇവിടത്തെ പച്ചപ്പുകളെ നനച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വർഷം തോറും പല തരം സാഹിത്യ കാർണിവലുകളും കോഴിക്കോട് കടപ്പുറത്തേക്കുതന്നെ കാറ്റുകൊള്ളാനെത്തുന്നത്.

എന്നാൽ, കോഴിക്കോട് കേന്ദ്രമാക്കി മുമ്പ് നടത്തിയ സാഹിത്യാഘോഷങ്ങളിൽ ചർച്ചചെയ്ത വിഷയങ്ങളെയും അതിനു ക്ഷണിക്കപ്പെട്ട അതിഥികളെയും പരിശോധിച്ചാൽ, അവ അനുവാചകരിൽ അടിച്ചേൽപ്പിക്കുന്ന ചില അറിവധികാരങ്ങളെ വേഗം തിരിച്ചറിയാനാവും. കൊട്ടിഗ്്ഘോഷിക്കപ്പെട്ട ഇത്തരം സാഹിത്യാഘോഷങ്ങളിൽ പ്രാതിനിധ്യത്തിന്റെ പേരിൽ മാത്രം, അത്യധികം ശ്രദ്ധിച്ചുകൊണ്ട് ഉൾപ്പെടുത്തപ്പെട്ട മുസ് ലിം സാംസ്കാരിക മണ്ഡലങ്ങളെ കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കാൻ കഴിഞ്ഞു എന്നതാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവല്‍ ഉണ്ടാക്കിയ ആദ്യത്തെ വ്യതിയാനം. മുസ് ലിം പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ മതേതര വേദികള്‍ സ്ഥിരമായി ആശ്രയിക്കുന്ന കാലഹരണപ്പെട്ട ചില തലച്ചോറുകളെ ഒട്ടും പരിഗണിക്കാതെയാണ് എം.എല്‍.എഫിന്റെ സൂത്രധാരർ അത് സാധ്യമാക്കിയത് എന്നതും യുവഹൃദയങ്ങളെ ആഹ്ലാദിപ്പിക്കണം. അതോടൊപ്പം, ചിന്താപരമായ ചില മാറ്റങ്ങളെ ശക്തമായി അടയാളപ്പെടുത്താനും മൂന്നു പകലന്തികള്‍ യുവാക്കളെ ആകര്‍ഷിച്ച കടപ്പുറത്തെ വേദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നടപ്പുവിഷയങ്ങളിൽനിന്ന് കാര്യമായ മാറ്റം ഓരോ സെഷന്റെയും തലക്കെട്ടുകൾക്കുണ്ടായിരുന്നു.

ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയുടെ പൂർവ വിദ്യാർഥി സംഘടനയായ 'ഹാദിയ'യുടെ കീഴിലുള്ള ബുക് പ്ലസ് എന്ന പ്രസാധകരുടെ ആഭിമുഖ്യത്തിലാണ് ഈ സാഹിത്യ സമ്മേളനം നടത്തപ്പെട്ടത്. നവംബർ 30-ന് കോഴിക്കോട് ബീച്ചിൽ എം.എൽ.എഫിന്റെ ഉദ്ഘാടനം നിർവഹിച്ചത് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആയിരുന്നു. ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലിലൂടെ അതിന്റെ നേതൃത്വം സാംസ്കാരികരംഗത്ത് ഉണ്ടാക്കാനുദ്ദേശിക്കുന്ന പുതുമകളുടെ പ്രഖ്യാപനവും തെളിച്ചവും ആ തുടക്കത്തിലുണ്ട്. ആഭരണക്കടകളുടെയും തുണിക്കച്ചവടത്തിന്റെയും ഉദ്ഘാടനത്തിന് നാടമുറിച്ച് ഉണ്ടാക്കുന്ന 'ബർക്കത്തു'കളെപ്പോലെ എഴുത്തിലും വായനയിലും ചില അനുഗ്രഹങ്ങൾ നൽകാനും സമുദായ നേതൃത്വത്തിന് കഴിവുണ്ട് എന്ന ബോധത്തിന്റെ പ്രകടനവും, സമുദായ നേതൃത്വം അങ്ങനെയും ആകണം എന്ന താക്കീതിന്റെ ശക്തിയും ആ തെരഞ്ഞെടുപ്പിനുണ്ട്. ദലിത് എഴുത്തുകാരനും അധ്യാപകനുമായ ഡോ. എം. ബി മനോജ് ആയിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും. എഴുപതോളം സെഷനുകളിലായി ഇരുനൂറ്റി എൺപതോളം പ്രതിഭകൾ എം.എൽ.എഫിൽ പങ്കെടുത്തു. ഓരോ സെഷനുകളിലും ചർച്ചയും സംവാദങ്ങളും നടന്നു. 'മലബാറിനെ ആഘോഷിക്കുക' എന്ന ഫെസ്റ്റിവൽ വാക്യം അങ്ങനെ അർഥവത്തായി.

പലവട്ടം ആവർത്തിക്കപ്പെട്ടതിനാൽ മടുത്തുപോയ വിഷയങ്ങളുടെ ചെടിപ്പുകൾ തുറ, തീരം, തിര എന്നീ പേരുകളിൽ സംവിധാനിച്ച വേദികളിലൊന്നും പൊതുവെ ഉണ്ടായില്ല. മലബാർ ദലിത് ആഖ്യാനങ്ങൾ, ദ്വീപനുഭവങ്ങൾ, മലയാളത്തിന്റെ ഭാഷാ വൈവിധ്യങ്ങൾ, മതാത്മകതയും മനുഷ്യരും, വിവർത്തനത്തിന്റെ ഭാഷയും രാഷ്ട്രീയവും, മലബാറിന്റെ കടൽവിനിമയങ്ങൾ, രുചിഭേദങ്ങൾ, മലയാള സിനിമയിലെ പുതിയ ദേശങ്ങളും കാഴ്ചകളും, മലബാർ ഫുട്ബോൾ, ഫലസ്ത്വീനിന്റെ അതിജീവനം, മാപ്പിളപ്പാട്ട്, അറബിമലയാളം, ഖിലാഫത്ത് പ്രസ്ഥാനത്തിനു ശേഷമുള്ള മലബാർ രാഷ്ട്രീയം, മലബാറിന്റെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, അറബിത്തമിഴ്, അച്ചടിയുടെ ചരിത്രം, നാടകചരിത്രം, സംഗീതം തുടങ്ങിയ വിഷയങ്ങള്‍ വേദികളില്‍ ച‍ര്‍ച്ച ചെയ്യപ്പെട്ടു. ചില ചർച്ചകളും പ്രഭാഷണങ്ങളും സംവാദത്തിന്റെ വൈവിധ്യംകൊണ്ട് പ്രത്യേകം ശ്രദ്ധനേടി. മുസ് ലിം പെണ്ണിന്റെ വേഷത്തെ കുറിച്ചുള്ള 'തട്ടം പിടിച്ചുവലിക്കുമ്പോൾ' എന്ന സംവാദം അതിനുദാഹരണമാണ്. ബാലകൃഷ്ണൻ വള്ളിക്കുന്ന്, പരപ്പിൽ മമ്മദ് കോയ, പി.ടി അബ്ദുറഹിമാൻ, മോയിൻ കുട്ടി വൈദ്യർ, വിളയിൽ ഫസീല, റംലാ ബീഗം തുടങ്ങി ധാരാളം പ്രതിഭകളെ പ്രത്യേകം ഓ‍ര്‍ത്തെടുത്തു എന്നത് മലയാളത്തിന്റെ സാംസ്കാരികാനുഭവത്തെ  സംബന്ധിച്ചേടത്തോളം ചെറിയ കാര്യമല്ല.

സർവകലാശാലാ ഗവേഷകരും വിദ്യാർഥികളും എഴുത്തുകാരും മാത്രമല്ല, സമൂഹത്തിന്റെ പല തുറകളിൽനിന്നും സാധാരണക്കാരായ ആയിരക്കണക്കിനാളുകളാണ് ഈ പുതുമകളുടെ അക്ഷരലോകം നേരിട്ടനുഭവിക്കാൻ കടപ്പുറത്തെത്തിയത്. ഉൾക്കൊള്ളലിന്റെ എല്ലാ സൗന്ദര്യങ്ങളും പ്രകടിപ്പിച്ചതോടൊപ്പം കൃത്യമായ രാഷ്ട്രീയം തുറന്നുപറയാനും സംഘാടകർ ശ്രദ്ധിച്ചു.  സംവരണവും സംഘ് പരിവാർ അധികാരപ്രയോഗങ്ങളും സവർണ മുൻവിധികളും അന്താരാഷ്ട്ര കാപട്യങ്ങളും മിക്ക സംവാദങ്ങളിലും ഉയർന്നുവന്നു. അവ വിശദീകരിക്കുന്ന പ്രത്യേക സെഷനുകളിൽ പ്രസ്തുത വിഷയങ്ങൾ സവിശേഷമായി പഠിക്കുന്ന ഗവേഷകരെത്തന്നെ പങ്കെടുപ്പിക്കുകയും ചെയ്തു. തുറന്ന വേദിയിലുള്ള ഏതൊരു സദസ്സും, ആര്‍ക്കും  പ്രവേശിക്കാവുന്ന ഏതൊരു സംവാദവും സാധ്യമാക്കുന്ന അറിവിന്റെയും ചിന്തയുടെയും ആഘോഷമാണ് ഇത്തരം ബഹുസ്വര വേദികളുടെ കാതല്‍.

മതത്തിനുള്ളിലും പുറത്തുമുള്ള എല്ലാ വ്യവഹാരങ്ങളും ഇത്തരം സംവാദങ്ങളിലൂടെയാണ് വിനിമയം ചെയ്യേണ്ടത്. സാധാരണ കേരളത്തില്‍ നടന്നുവരാറുള്ള സാഹിത്യ സമ്മേളനങ്ങളെ അതിശയിപ്പിക്കുന്നവിധം ബഹുസ്വരമായ ആശയങ്ങളുടെ ഇടപാടുകള്‍ എം.എല്‍.എഫിലുണ്ടായി. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ നടക്കാനിടയുള്ള സാഹിത്യാഘോഷങ്ങളുടെ അജണ്ടകള്‍ ഇനി പഴയതുപോലെ പഴഞ്ചനാവാന്‍ ഇടയില്ല.

ഈ ലിറ്ററേച്ച‍ര്‍ ഫെസ്റ്റിവല്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെയും സംവാദങ്ങളുടെയും തുട‍ര്‍ചലനങ്ങള്‍ അത്ര പെട്ടെന്നൊന്നും അടങ്ങണമെന്നില്ല. കാരണം, നൂറു വര്‍ഷത്തെ കേരള മുസ് ലിം ചരിത്രത്തിലെ അസാധാരണമായ ഒരു അധ്യായമാണ് എം.എല്‍.എഫ് എഴുതിത്തുടങ്ങിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന കേരള സുന്നി സംഘടന രൂപവത്കരിച്ചതിന്റെ നൂറാം വാ‍ര്‍ഷികാഘോഷങ്ങളിലേക്ക് പ്രവേശിക്കുകയാണല്ലോ ബന്ധപ്പെട്ടവര്‍. ആ ചരിത്രസന്ദര്‍ഭത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈ സാഹിത്യാഘോഷം സമസ്തയ്ക്കകത്തു മാത്രമല്ല പുറത്തെ ഇതര സംഘടനകള്‍ക്കും വെല്ലുവിളിയും പാഠവുമാകണം.  സംഘാടന സഹായികളായി മാത്രമല്ല, വേദിയിലെ സംവാദകരുടെ നിരയിലും കാഴ്ചക്കാരുടെ ഇരിപ്പിടങ്ങളിലും പ്രകടമായ സ്ത്രീസാന്നിധ്യം വിളിച്ചുപറയുന്ന യാഥാ‍ര്‍ഥ്യങ്ങളുടെ നേരെ ഇനിയും തലതാഴ്ത്തി നില്‍ക്കാന്‍ സമുദായനേതൃത്വത്തിനാവില്ല. മുസ് ലിം പുതുതലമുറയുടെ സര്‍ഗാത്മകമായ സാധ്യതകളെക്കുറിച്ച് സമുദായനേതൃത്വം തിരിച്ചറിയേണ്ടതുണ്ട്. നേര്‍ച്ചകളുടെയും ഉറൂസുകളുടെയും ഭാഗമായ വിപണിമേളകളും തട്ടുപൊളിപ്പന്‍ ഘോഷയാത്രകളും സ്വന്തം മതേതര സ്ഥാപനങ്ങളിലെ ആഘോഷ ബഹളങ്ങളും ഒട്ടും അലോസരപ്പെടുത്താതിരിക്കുകയും, എഴുത്തിനും ചിന്തയ്ക്കും സമുദായത്തിന്റെ ബലപ്പെടുത്തലിനും സഹായകരമായ സാഹിത്യ ആഘോഷങ്ങളിലെ മതേതര പ്രകടനങ്ങളില്‍ അസ്വസ്ഥരാവുകയും ചെയ്യുന്ന സമുദായ നേതൃത്വം വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.

അതോടൊപ്പം, ‘മുസ്ല്യാക്കന്‍മാര്‍ക്ക് എന്ത് സാഹിത്യം’ എന്ന് കളിയാക്കുന്നവരും ‘പാവം സുന്നികള്‍ മൗദൂദികളാല്‍ നിയന്ത്രിക്കപ്പെടുന്നേ’ എന്ന് നിലവിളിക്കുന്നവരും തിരശ്ശീലയുടെ മറ്റൊരു വശത്തും ഉണ്ട്. അത്തരം മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് മരുന്നില്ല പക്ഷേ. എന്നാല്‍,  ‘തലേക്കെട്ടുകാരായ അപരിഷ്കൃത മൊല്ലാക്ക’മാരെക്കുറിച്ചുള്ള പൊതു ഭാവനകള്‍ ഇനിയെങ്കിലും തിരുത്തപ്പെടേണ്ടതുണ്ട് എന്ന് ഈ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുന്നറിയിപ്പ് തരുന്നുണ്ട്. ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം നടക്കുന്നതിനു മുമ്പാണ്, ദലിത് എഴുത്തുകാരൻ എം. കുഞ്ഞാമന്റെ ആകസ്മിക മരണവാർത്ത വേദിയിലെത്തിയത്. അദ്ദേഹത്തിന് ആദരം നൽകിയാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ തിരയടങ്ങിയത്. ദലിത് – മുസ് ലിം – മതേതര കൂട്ടായ്മകളില്‍ ചേ‍ര്‍ന്നുനിന്നുകൊണ്ടും സ്വന്തം സ്വത്വസൗന്ദര്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടും, ദുരധികാരങ്ങളെ അതിജയിക്കാനും അതിജീവിക്കാനുമാകും എന്ന സന്ദേശമാണ് ഈ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫലശ്രുതി. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്