Prabodhanm Weekly

Pages

Search

2023 ഡിസംബർ 22

3332

1445 ജമാദുൽ ആഖിർ 09

നൂഹിലെ ജനങ്ങൾ ഐക്യത്തോടെ ജീവിക്കുന്നു

സിദ്ദീഖ് അഹ്മദ് മേവു / സദ്റുദ്ദീൻ വാഴക്കാട്

മേവാത്തിന്റെ ചരിത്രവും നൂഹ് ജില്ലയിലെ സാമൂഹിക സാഹചര്യങ്ങളും പഠിക്കാനുള്ള യാത്രയിലാണ്, മിയോ മുസ് ലിം ചരിത്രകാരൻ എഞ്ചിനീയർ സിദ്ദീഖ് അഹ്മദ് മേവുവിനെ കണ്ടുമുട്ടിയത്. 1983-ൽ ദൽഹി ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യയിൽനിന്നും, 2010-ൽ രാജസ്ഥാനിലെ ജോധ്പൂർ ജെ.ആർ.എന്നിൽനിന്നും എഞ്ചിനീയറിംഗ് ബിരുദങ്ങൾ നേടിയ അദ്ദേഹം, ഗവൺമെന്റ് സർവീസിൽ എഞ്ചിനീയറായി ദീർഘ കാലം ജോലി ചെയ്തു. മിയോ മുസ് ലിം ചരിത്രം ആഴത്തിൽ പഠിച്ച്, നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട് സിദ്ദീഖ് അഹ്മദ് മേവു. മേവാത്ത് ഏക് ഖോജ് - 1997 (ഹിന്ദി, ഉർദു), മേവാത്തി സംസ്‌കൃതി-1999 (ഹിന്ദി - ഈ പുസ്തകത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു), സംഘർഷ് 1957 ഔർ റോൾ ഓഫ് മേവാത്തിസ്- 2007 (ഹിന്ദി), അമർ ഷഹീദ് രാജ ഹസൻ ഖാൻ മേവാത്തി- 2010 (ഹിന്ദി), ഗുൽ-ഇ-ഷഹീദാൻ ഓർ ഭർമരു - 2012 (ഹിന്ദി), മഹൻ സ്വതന്ത്ര സേനാനി സി. എച്ച് അബ്ദുൽ ഹയ്  - 2011 (ഹിന്ദി), മേവാത്തീ ലോക് സാഹിത്യ മേ ദോഹ പരൻപര- 2011 (ഹിന്ദി), വിശാൽ സബ്യത കോ ഇസ് ലാം ദീൻ- 2016 (ഹിന്ദി), ഭാരത്-പാകിസ്താൻ ബണ്ട്വാര ഔർ മേവാത്ത്  - 2022 (ഹിന്ദി), ഹസൻ ഖാൻ മേവത്തി കീ കഥ- 2022 (ഹിന്ദി കവിത), പാണ്ടൂൺ കാ കഥ ഓർ മേവാത്തി മഹാഭാരത്  - (ഹിന്ദി, അച്ചടിയിൽ), സി.എച്ച് ഖുർശിദ് അഹ്മദ് എന്നിവയാണ് പുസ്തകങ്ങൾ. സാഹിത്യ അക്കാദമി അവാർഡ് നേടുന്ന ആദ്യത്തെ മേവാത്തിയാണ് അദ്ദേഹം.

സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ് ഇപ്പോൾ സിദ്ദീഖ് അഹ്മദ് മേവു. 2023 ജൂലൈയിൽ നൂഹിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട, നിയമപരമായ തുടർപ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിലാണ് നൂഹിലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഹൃദ്യമായൊരു കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. മേവാത്തിലെ പ്രഫ. കെ.എ സിദ്ദീഖ് ഹസൻ കാമ്പസ് ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഹുസൈൻ കൂടെയുണ്ടായിരുന്നു. എഞ്ചിനീയർ സിദ്ദീഖ് അഹ്മദ് മേവുവുവിന്റെ സംഭാഷണത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ.

ചരിത്ര പ്രാധാന്യമുള്ള മേവാത്തിലാണ് താങ്കൾ ജനിച്ചു വളർന്നത്. താങ്കളുടെ കുടുംബ പശ്ചാത്തലവും കുട്ടിക്കാലവും എങ്ങനെയായിരുന്നു?

ബനാർസി എന്ന് പേരുള്ള ചെറിയൊരു ഗ്രാമത്തിൽ 1961 ഏപ്രിൽ 4-നാണ് ഞാൻ ജനിച്ചത്. പഴയ ഗുഡ്ഗാവിൽ, ഇപ്പോഴത്തെ നൂഹ് ജില്ലയിലെ ഫിറോസ്പൂരിലാണ് ഈ ഗ്രാമം. കർഷകരായ മിയോ മുസ് ലിംകളുടെ 150 വീടുകൾ മാത്രമുള്ള ഒരു ചെറിയ ഗ്രാമമായിരുന്നു ഇത്. എന്റെ പിതാവ്  ഇടത്തരം കർഷകനും ഡീസൽ എഞ്ചിനുകളുടെ മെക്കാനിക്കുമായിരുന്നു. അദ്ദേഹം സാക്ഷരനായിരുന്നു, സ്കൂൾ പ്രൈമറി  (നാലാം ക്ലാസ്) പാസ്സായിട്ടുണ്ട്. എന്റെ ഉമ്മ നിരക്ഷരയായ വീട്ടമ്മയായിരുന്നു. ഞങ്ങൾ നാല് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ്.

താങ്കളുടെ കുട്ടിക്കാലത്ത് ഗ്രാമത്തിന്റെ അവസ്ഥകൾ എന്തൊക്കെയാണ്? ഗ്രാമത്തിലെ വിദ്യാഭ്യാസ സാഹചര്യങ്ങൾ, സാമൂഹിക - സാമ്പത്തിക അവസ്ഥകൾ?

ഗ്രാമത്തിൽ ഭൂരിപക്ഷം മിയോ മുസ് ലിംകളായിരുന്നു, എല്ലാവരും കർഷകർ. 150 വീടുകളിലായി, ആയിരത്തോളമായിരുന്നു ഗ്രാമത്തിലെ ജനസംഖ്യ. മിയോകൾക്ക് പുറമെ ബനിയകൾ (Banias-Business men), ദലിതർ, ബാൽമീകികൾ (Balmikis), കുശവൻമാർ, ബാർബർമാർ എന്നിങ്ങനെ ഹിന്ദു വിഭാഗത്തിൽപെട്ടവരും ഉണ്ടായിരുന്നു. മുസ് ലിം സമുദായത്തിലെ ഫക്കീർ (Fakirs), ടെലിസ് (Telis-എണ്ണക്കാർ- oil men), നൈസ് (Nais-Watermen) തുടങ്ങിയവർ ഏറെ പിന്നാക്ക വിഭാഗക്കാരായിരുന്നു.
ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടി പുറത്ത് പോകേണ്ടിയിരുന്നു. ഈ ഗ്രാമത്തിൽനിന്ന് മെട്രിക് പാസായ എട്ടാമനും എഞ്ചിനീയറിംഗ് ബിരുദം നേടിയ ഒന്നാമത്തെ വ്യക്തിയുമാണ് ഞാൻ. ഇതിൽനിന്ന് അന്നത്തെ വിദ്യാഭ്യാസ അവസ്ഥകൾ മനസ്സിലാക്കാവുന്നതാണ്. ഇടത്തരം കർഷകരായിരുന്നു ഗ്രാമവാസികൾ എന്നതിനാൽ, സാമ്പത്തികമായി പിന്നാക്കമായിരുന്നെങ്കിലും സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതായിരുന്നു. ഒരു ഗവൺമെന്റ് സ്കൂൾ അധ്യാപിക, ഒരു പട്‌വാരി, ഒരു കൃഷി ഇൻസ്‌പെക്‌ടർ എന്നിങ്ങനെ മൂന്നുപേർ അക്കാലത്ത് സർക്കാർ സർവീസിൽ ഉണ്ടായിരുന്നു.

വിദ്യാഭ്യാസപരമായി താങ്കളുടെ വളർച്ച എങ്ങനെയായിരുന്നു? ശേഷം ഏത് മേഖലയിലാണ് ജോലി ചെയ്തത്?

ഞാൻ പ്രാഥമിക വിദ്യാഭ്യാസം (അഞ്ചാം ക്ലാസ്) നേടിയത് എന്റെ ഗ്രാമത്തിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽനിന്നാണ്. അതിനുശേഷം, എന്റെ ഗ്രാമത്തിൽനിന്ന് മൂന്ന് മൈൽ അകലെയുള്ള ബാസിദ്പൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ചേർന്നു. ദിവസവും അതിരാവിലെ കാൽനടയായി യാത്ര ചെയ്താണ് സ്കൂളിൽ പോയിരുന്നത്. പത്താം ക്ലാസ്സിൽ, നൂഹിലെ സി.എച്ച്  മുഹമ്മദ് യാസീൻ ഖാൻ മിയോ ഹൈസ്കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടി.

1976-77-ൽ ഒന്നാം ഡിവിഷനിൽ ഞാൻ മെട്രിക്കുലേഷൻ പാസായി. ഇതിനു ശേഷം നൂഹിലെ തന്നെ യാസീൻ മിയോ ഡിഗ്രി കോളേജിൽ പ്രിപ്പറേറ്ററി, സയൻസ് കോഴ്സിൽ പ്രവേശനം നേടി. 1979-ൽ എനിക്ക് ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യയിലെ സിവിൽ, റൂറൽ എഞ്ചിനീയറിംഗ് കോഴ്സിൽ അഡ്മിഷൻ ലഭിച്ചു. 1982-83-ൽ ഞാൻ എഞ്ചിനീയറിംഗ് പാസായി. ശേഷം, ഹരിയാന ഗവൺമെന്റിന്റെ പഞ്ചായത്തീരാജ് പി.ഡബ്ല്യു ഡിപ്പാർട്ട്മെന്റിൽ ജൂനിയർ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു.

സർവീസിൽ ഇരിക്കെത്തന്നെ, 2010-ൽ രാജസ്ഥാനിലെ ജോധ്പൂർ ജെ.ആർ.എന്നിൽനിന്ന് ബി.ടെക് (സിവിൽ) ബിരുദം നേടി. 2019 ഏപ്രിൽ 30-ന് ഗവൺമെന്റ് സർവീസിൽനിന്ന് വിരമിച്ചു.

എഞ്ചിനീയറായി ജോലി ചെയ്ത താങ്കൾ ചരിത്ര പഠനത്തിലേക്കും ഗ്രന്ഥരചനയിലേക്കും കടന്നത് എങ്ങനെയാണ്? 

വിദ്യാർഥിയായിരിക്കെ ബഹുമുഖ തലങ്ങളിൽ സജീവമാകാൻ എനിക്ക് സാധിച്ചിരുന്നു. പഠനത്തിൽ മുന്നിലായിരുന്നു. കലാരംഗത്തും കഴിവ് തെളിയിച്ചു. ഞാൻ നാടക  നടനായിരുന്നു. കായിക മത്സരങ്ങളിലും ഇടം നേടിയിട്ടുണ്ട്. വിദ്യാർഥി ജീവിതകാലത്ത് ധാരാളം പുസ്തകങ്ങൾ  വായിക്കുമായിരുന്നു. ചരിത്ര കഥകളും നോവലുകളുമായിരുന്നു പ്രിയപ്പെട്ട വിഷയങ്ങൾ. മുൻഷി പ്രേം ചന്ദ്, ശരത് ചന്ദർ, മന്റോ, ഇബ്ൻ -ഇ- ഷാഫി, ടാഗോർ, ഷേക്സ്പിയർ തുടങ്ങിയവർ എന്റെ പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു.  ജോലിയിൽ പ്രവേശിച്ചതിനു ശേഷവും ഞാൻ വായന തുടർന്നു.
ഒരിക്കൽ മേവാത്തിന്റെ ചരിത്രം പറയുന്ന ഒരു പുസ്തകം കൈയിൽ കിട്ടി; 'മുറക്ക-ഇ-മേവാത്ത്' എന്നായിരുന്നു അതിന്റെ പേര്. അത് മുഴുവൻ വായിച്ചിട്ടും വിഷയം സംബന്ധിച്ച് വ്യക്തമായ  ധാരണയിൽ എത്തിച്ചേരാൻ എനിക്ക് സാധിച്ചില്ല. ഇതേ വിഷയത്തിൽ കുറച്ചു പുസ്തകങ്ങൾ കൂടി തെരഞ്ഞുപിടിച്ച് വായിച്ചു. മേവാത്തിന്റെയും മിയോ മുസ് ലിംകളുടെയും ചരിത്രവഴികളിൽ സഞ്ചരിക്കണമെന്ന ആഗ്രഹമുണ്ടായി. പക്ഷേ, ഈ പുസ്തകങ്ങൾക്കൊന്നും എന്നെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല.

കൂടുതൽ മുന്നോട്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. മിയോകളുടെ ചരിത്രവഴികൾ തേടി വായന ആരംഭിച്ചു. പുരാതനവും മധ്യകാലവും ഉൾപ്പെടെയുള്ള ഇന്ത്യൻ ചരിത്രം, രജപുത്ര- ജാട്ട്- സിഖ് ചരിത്രങ്ങൾ എല്ലാം വായിച്ചു. 1988 മുതൽ 1996 വരെ ഞാൻ ഈ ചരിത്രമെല്ലാം പഠിക്കാൻ ശ്രമിച്ചു. കുറിപ്പുകളും തയാറാക്കി. 1996 - ൽ മിയോ മുസ് ലിം ചരിത്രപുസ്തകം എഴുതാൻ ആരംഭിച്ചു. പുതിയ ആശയങ്ങളും ചിന്തകളും രചനയുടെ ഉള്ളടക്കമാകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ, എന്റെ ആദ്യ പുസ്തകം 'മേവാത്ത് ഏക് ഖോജ്'  1997 ഡിസംബറിൽ പ്രസിദ്ധീകരിച്ചു.
പുസ്തകം പുറത്തുവന്നതോടെ, എഞ്ചിനീയറായ ഞാൻ ചരിത്രകാരനും എഴുത്തുകാരനുമായി അറിയപ്പെട്ടു. ശേഷം ഇതുവരെ പ്രസിദ്ധീകരിച്ചത് പത്ത് പുസ്തകങ്ങളാണ്. രണ്ടെണ്ണം അച്ചടിയിലുണ്ട്.  കുറച്ച് കവിതകളും പ്രസിദ്ധീകരിക്കാനായി. രചനയിൽ മേവാത്തിയും ഹിന്ദിയും കലർത്തി കവിതക്ക് ഒരു പ്രത്യേക ഭാഷ രൂപപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

ചരിത്ര പഠനത്തിലും ഗ്രന്ഥരചനയിലും നേരിട്ട പ്രയാസങ്ങൾ എന്തൊക്കെയാണ്?

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കവിതകൾ എഴുതാൻ തുടങ്ങിയിരുന്നു.  അത് വഴിയിലുപേക്ഷിച്ചാണ് എഞ്ചിനീയറിംഗിന് പോയത്. അതോടെ കവിത മറന്നു. 1996-ലാണ് ഞാൻ മിയോകളുടെയും മേവാത്തിന്റെയും ചരിത്രം എഴുതാൻ തുടങ്ങിയത്. അതത്ര എളുപ്പമുള്ള ദൗത്യമായിരുന്നില്ല. ഒരു എഞ്ചിനീയർ ചരിത്രമെഴുതുക എന്നത്, അടിച്ചുവീശുന്ന കാറ്റിന് എതിരെ നീങ്ങുന്ന പ്രവൃത്തിയാണ്. എങ്കിലും എഴുത്ത് തുടരാൻ ഉറച്ച തീരുമാനം എടുക്കുകയായിരുന്നു.
ചരിത്ര രചനയിൽ വലിയ പ്രതിസന്ധി   യോഗ്യതയുടേതായിരുന്നു. ചരിത്രത്തിൽ കാര്യമായ അറിവില്ലാത്ത  എഞ്ചിനീയറായിരുന്നു ഞാൻ. അതിനാൽ, 1988 മുതൽ 1996 വരെ ചരിത്രം ആഴത്തിൽ വായിച്ച് പഠിക്കുകയാണ് ഞാൻ ചെയ്തത്. ഇന്ത്യൻ, രാജ്പുത്, ജാട്ട്, അഹിർ, ഗജ്ജർ, സിഖ് ചരിത്രത്തെക്കുറിച്ചുള്ള 150-ലേറെ പുസ്തകങ്ങളും മാഗസിനുകളും വാർത്താ കുറിപ്പുകളും മറ്റും വായിച്ചു. ഇതിനു ശേഷമാണ് എഴുതാൻ തുടങ്ങിയത്. ഈ രംഗത്ത് പുതുതായി വരുന്ന ഒരാൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല ഇതൊന്നും. ആദ്യത്തെ കുറച്ച് ദിവസങ്ങൾ ആവർത്തിച്ച് എഴുതുകയും തൃപ്തിവരാതെ കീറിക്കളയുകയും ചെയ്തിരുന്നു. ഒടുവിൽ ഞാൻ എഴുത്തിന്റെ താളം കണ്ടെത്തി.
മിയോ മുസ് ലിംകളുടെ ഉൽഭവം സംബന്ധിച്ച ആധികാരിക രേഖീയ സ്രോതസ്സുകളൊന്നും ലഭ്യമായിരുന്നില്ല. ഒരു വിഷയം സമർഥിക്കാൻ എനിക്ക് കുറഞ്ഞത് മൂന്നോ അതിലധികമോ ആധികാരിക തെളിവുകൾ വേണമായിരുന്നു. ഈ മേഖലയിൽ ഭൂരിപക്ഷം ജനങ്ങളും നിരക്ഷരരാണ്. അതിനാൽ, അടിസ്ഥാനപരമോ ദ്വിതീയമോ (secondary) ആയ തെളിവുകൾ  ലഭ്യമായിരുന്നില്ല. ഇവിടെയാകട്ടെ റഫറൻസിന് സഹായിക്കുന്ന ഒരു ലൈബ്രറിയും ഇല്ല.  ഉർദുവിൽ മൂന്നേ മൂന്ന് ലഘു പുസ്തകങ്ങൾ മാത്രമാണ് ലഭ്യമായിരുന്നത്.

അങ്ങനെ ഞാൻ ദൽഹിയിലേക്ക് യാത്ര തിരിച്ചു. ബുക് ഷോപ്പുകളിൽ  പുസ്തകങ്ങൾ തിരഞ്ഞ് നടന്നു, ലഭ്യമായ പുസ്തകങ്ങൾ ചിലത് വാങ്ങി.  ലൈബ്രറികളിൽ ചെന്ന്  കുറിപ്പുകൾ തയാറാക്കി. ദൽഹി പബ്ലിക് ലൈബ്രറി, കൂടാതെ  ജെ.എൻ.യു, ബിക്കാനീർ, ജോധ്പൂർ, അലീഗഢ്, ആഗ്ര, ജയ്പൂർ, ഭോപ്പാൽ എന്നിവിടങ്ങൾ സന്ദർശിച്ചു.  മേവാത്ത് മേഖലയിൽ, ദീർഘ ദൂരം ബസ് യാത്ര ചെയ്തു. സ്കൂട്ടറിലും ചില സമയങ്ങളിൽ കാൽനടയായും പലയിടത്തും ചുറ്റിക്കറങ്ങി.  പുസ്തകങ്ങൾ വായിക്കുന്നതിന് പുറമെ, ആളുകളെ കണ്ട് അഭിമുഖം നടത്തുകയും കുറിപ്പുകൾ എടുക്കുകയും ചെയ്തു. തുടർന്നാണ് എഴുത്ത് ആരംഭിച്ചത്.

ഇതുവരെ രചിച്ച ഗ്രന്ഥങ്ങൾ ഏതൊക്കെയാണ്? സമൂഹം എങ്ങനെയാണ് സ്വീകരിച്ചത്?

പ്രസിദ്ധീകരിച്ച പത്ത് പുസ്തകങ്ങളിൽ  ഏറെയും ഹിന്ദിയിലാണ്.  ധന സമ്പാദനത്തിനൊന്നും ശ്രമിക്കാതെ,  ചരിത്രം തേടി വൃഥാ ഇരുട്ടിൽ തപ്പുന്നതിനെ പലരും വിമർശിച്ചു. എന്നാൽ, കുറേ സുഹൃത്തുക്കൾ എന്നെ മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആ പ്രേരണയും കഠിനാധ്വാനവുമാണ് എന്റെ രചനകൾക്കു പിന്നിലുള്ളത്. മിയോ സമൂഹം ഈ കൃതികളെല്ലാം ഹൃദ്യമായി ഏറ്റുവാങ്ങുകയും  'ചിറാഗേ മേവാത്ത്' എന്ന പേര് നൽകി എന്നെ ആദരിക്കുകയും ചെയ്തു.

മേവാത്തിലെ നൂഹിലാണല്ലോ താങ്കൾ താമസിക്കുന്നത്. സമീപ കാലത്ത് നൂഹ് വാർത്തകളിൽ നിറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ സജീവമാണല്ലോ താങ്കൾ. എന്താണ് 2023 ജൂലൈ- ആഗസ്റ്റ്  മാസങ്ങളിൽ നൂഹിൽ സംഭവിച്ചത്?

2023 ജൂലൈ 31-ന്, വാളുകളും തോക്കുകളും റൈഫിളുകളും കൈയിലേന്തിയ, 'മത ഘോഷയാത്രികർ' എന്ന് പറയപ്പെടുന്ന കുറേപേർ മേവാത്തിന് പുറത്തുനിന്ന് ഇവിടേക്ക് കടന്നുവന്നു. ഹരിയാനയിലെ രേവാരി, ഫരീദാബാദ്, ഗുഡ്ഗാവ് ഭാഗങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. ശിവമന്ദിർ നൂഹ്, ജിർക്ക ഫിറോസ്പൂർ ശിവ് മന്ദിർ,  ശൃംഗാർ ഘോരി മന്ദിർ സിംഗാർ എന്നിവ സന്ദർശിക്കാനുള്ള രഹസ്യ അജണ്ടകൾ ഇവർക്കുണ്ടായിരുന്നു. അവർ മേവാത്തികളെ ഭീഷണിപ്പെടുത്തുകയും  പരിഹസിക്കുകയും ചെയ്തു.  ആളുകളെ പ്രകോപിപ്പിക്കാൻ വാളുകൾ പുറത്തെടുത്ത് മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. പ്രദേശത്തെ ചില യുവാക്കൾ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ഇതിനോട് പ്രതികരിച്ചു. ഇരു വിഭാഗത്തിൽ നിന്നുമുള്ള അക്രമികൾ പരസ്പരം കല്ലെറിഞ്ഞു. ഇരു വിഭാഗക്കാരുടെയും വാഹനങ്ങളും ചില കടകളും കത്തിച്ചു. ഇതിനെ തുടർന്നാണ് നൂഹിൽ സംഘർഷമുണ്ടായത്.

മത ഘോഷയാത്രയെ തുടർന്നാണോ സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടത്?

എന്റെ അഭിപ്രായത്തിൽ 2023 ജൂലൈയിൽ നൂഹിൽ ഉണ്ടായത് വർഗീയ സംഘർഷമല്ല, മേവാത്തിന് പുറത്തുനിന്ന് വന്ന, 'യാത്രികർ' എന്ന് വിളിക്കപ്പെടുന്നവരും മേവാത്തിലെ അക്രമികളും തമ്മിലുള്ള സംഘർഷമാണ്. മേവാത്തിലെ നിവാസികൾ, ഹിന്ദുക്കളും മുസ് ലിംകളും ഈ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നില്ല.

ഈ സാമുദായിക സംഘർഷത്തിന്റെ അനന്തര ഫലം എന്തായിരുന്നു? നാശനഷ്ടങ്ങൾ എത്രത്തോളം ഉണ്ടായിട്ടുണ്ട്?

സംഘർഷം പ്രാദേശിക ഹിന്ദുക്കൾക്കും മുസ് ലിംകൾക്കുമിടയിൽ വിടവ് സൃഷ്ടിച്ചിട്ടുണ്ടെന്നത് ശരിയാണ്. തുടർന്ന് ചെറിയ സംഭവങ്ങൾ വലിയ പ്രശ്‌നങ്ങളായി മാറുന്നു. നേതാക്കളും സാമൂഹിക പ്രവർത്തകരും  സമുദായ നേതാക്കളും ഈ വിടവ് നികത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വൃഥാവിലാണ്. നൂറു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

സംഘർഷത്തിൽ എത്ര പേർ അറസ്റ്റ് ചെയ്യപ്പെട്ടു? ഇതിൽ മുസ് ലിം യുവാക്കൾ എത്രയുണ്ട്? എല്ലാവരും ഇപ്പോൾ ജയിലിൽ തന്നെയാണോ? കേസിന്റെ അവസ്ഥ എന്താണ്?

ഏകദേശം 361 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. അറസ്റ്റിലായ 361 പേരിൽ 310 പേരെ ജാമ്യത്തിൽ വിട്ടയച്ചു. ഇപ്പോഴും 51-ലധികം യുവാക്കൾ ജയിലിലാണ്.  അറസ്റ്റു ചെയ്യപ്പെട്ടവരിൽ  95 ശതമാനവും മുസ് ലിം യുവാക്കളാണ്.

നൂഹിൽ ബുൾഡോസിംഗ് നടക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? എത്ര കെട്ടിടങ്ങൾ തകർക്കപ്പെട്ടു? തകർക്കപ്പെട്ടവയെല്ലാം മുസ് ലിംകളുടേതാണോ, മറ്റു മതസ്ഥരുടേത് തകർക്കപ്പെട്ടിട്ടുണ്ടോ?

നൂഹ്, നഗീന, ഫിറോസ്പൂർ പട്ടണങ്ങളിലായി 728 കെട്ടിടങ്ങൾ തകർത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 70 മുതൽ 80 വരെ വാഹനങ്ങൾ കത്തിനശിച്ചു.

ഈ അക്രമത്തിന് ശേഷം ഭരണകൂടം തകർത്ത 728 സ്വത്തുവകകൾ മുഴുവൻ മുസ് ലിംകളുടേതാണ്. ഹിന്ദുക്കളായ ചില  പഴക്കച്ചവടക്കാരുടെ ട്രോളികളും (rehris - fruit seller's trolley) നശിപ്പിച്ചിട്ടുണ്ട്.  നിയമപരമായി നിർമിക്കപ്പെട്ട ചില കെട്ടിടങ്ങളും പൊളിക്കുകയുണ്ടായി.

ഭരണകൂടത്തിന്റെ ഭാഷ്യമനുസരിച്ച്, പൊളിച്ചുമാറ്റിയ വസ്തുവകകളിൽ ഭൂരിഭാഗവും അനധികൃതമായി നിർമിച്ചവയാണ്. പക്ഷേ, എന്തിനാണ് ഭരണകൂടം ഇവ നിർമിക്കാൻ അനുവദിച്ചത് എന്നാണ് എന്റെ ചോദ്യം. രണ്ടാമതായി, ജീർ താഴ്‌വരയിൽ (Jhir valley) ധാരാളം അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ട്. എന്തുകൊണ്ട് അവയ്ക്കെതിരെ നടപടി എടുക്കുന്നില്ല?

ഈ രണ്ട് പ്രതിസന്ധികളെയും നൂഹിലെ മുസ് ലിംകൾ എങ്ങനെയാണ് അതിജീവിക്കുന്നത്?

രണ്ട്  സമുദായങ്ങൾ തമ്മിലുള്ള പ്രാദേശിക തർക്കമോ വർഗീയ സംഘർഷമോ ആയിരുന്നില്ല നൂഹിൽ നടന്നത്. അതുകൊണ്ട്, ഇപ്പോഴും ജനങ്ങൾ സമാധാനത്തോടെയും ഐക്യത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്. പക്ഷേ, ഭരണകൂടവും പോലീസും ഇപ്പോഴും ആളുകളെ വളഞ്ഞിട്ട് നടപടി എടുക്കുകയാണ്. ഈ നടപടികളിൽ മുസ് ലിംകളാണ് കൂടുതൽ കഷ്ടപ്പെടുന്നത്. പ്രാദേശിക തലങ്ങളിൽ വിവേചനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വരികയുണ്ടായി. മേവാത്ത് വികാസ് സഭ എന്ന, പ്രാദേശിക സാമൂഹിക സംഘടന ഇതിനെതിരെ രംഗത്ത് വരികയും ഭരണാധികാരികളോട് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാം കഴിഞ്ഞു, ഇപ്പോൾ സ്ഥിതിഗതികൾ തൃപ്തികരവും നിയന്ത്രണ വിധേയവുമാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 14-15
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗ കവാടം തുറന്നുതരുന്ന സന്താനങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്