ദാരിദ്ര്യം അഥവാ അനുഭവങ്ങളില്ലാത്ത ജീവിതം
പറഞ്ഞാൽ വിശ്വാസം വരില്ല
കവിതയ്ക്കൊരു
പേര് തിരഞ്ഞിട്ട്
മാസമൊന്ന് പിന്നിട്ടു
അതിനിടയിലൊരു പാട്
തുണ്ടുകൾ കീറിക്കളഞ്ഞു
ഓരോ മണിക്കൂറിലും
വൈകാരികതകളേറിയേറി വന്നു
മനസ്സ് മൊത്തം
ആ നഗരത്തിൽ തന്നെ
ചുറ്റിത്തിരിഞ്ഞു
ആദ്യമെഴുതിയതിന്
നോവ് എന്ന് പേരിട്ടു
ഏറിയേറി വന്നപ്പോൾ
ഭ്രാന്ത് എന്ന് മാറ്റിയെഴുതി
കണ്ണ് നിറഞ്ഞു കവിഞ്ഞ്
മഷി ഉണങ്ങിയപ്പോൾ
ഇരുട്ട് എന്ന് തിരുത്തിയെഴുതി
എണ്ണങ്ങൾക്കൊണ്ടെന്നെ
ശ്വാസം മുട്ടിച്ചപ്പോൾ
കുന്ന് എന്ന് വിളിച്ചു
വെളിച്ചത്തിന്റെ
ചെറു തിരി കണ്ടപ്പോൾ
എഴുതിയത് മൊത്തം കീറി
കൂരിരുട്ടിലെ
തിരിനാളം എന്ന്
ദീർഘപ്പേര് കൊടുത്തു
പിന്നെയും പിന്നെയും
മയ്യിത്തുകൾ
മലപോലെ അട്ടിക്കട്ടിയായി
കിടന്നപ്പോൾ
കഫൻ പുടവകളുടെ
നഗരമെന്ന് ഇനിയും തിരുത്തി
എഴുതിയതൊന്നും
സംഭവഗതികളുടെ
നാലയലത്ത് പോലുമെത്തുന്നില്ലെന്ന്
കണ്ടപ്പോൾ
ഒന്നൊന്നായ് കീറിക്കീറിയിട്ടു
ഒരു നാട്
ആ നാട്ടിലെ മൊത്തം
മനുഷ്യർ
ജീവിക്കുന്ന യാഥാർഥ്യങ്ങളെ
അതിന്റെ
ആയിരത്തിലൊരു തരി
അനുഭവങ്ങളില്ലാത്ത
നമ്മൾ
അക്ഷരങ്ങൾക്കൊണ്ട്
പ്രതിഫലിപ്പിക്കാൻ
ശ്രമിക്കുമ്പോൾ
അനുഭവിക്കേണ്ടി വരുന്ന
പ്രതിസന്ധിയാണ്
ഫലസ്ത്വീനിൽ
കവിതയും കഥയും
അനുഭവിക്കുന്നത്
അനുഭവങ്ങളില്ലാത്ത
കാലത്തോളം പേരുകൾ
കിട്ടാതെ അക്ഷരങ്ങൾ മാത്രമല്ല
ആശയങ്ങളും
ദാരിദ്ര്യങ്ങളെ പ്രസവിച്ചു കൊണ്ടിരിക്കും.
Comments