Prabodhanm Weekly

Pages

Search

2023 നവംബർ 24

3328

1445 ജമാദുൽ അവ്വൽ 10

ഈ വേദികള്‍ കൊണ്ട് എന്തു കാര്യം!

എഡിറ്റർ

തായാലും ഒടുവില്‍ ഗസ്സയിലെ വംശീയ ഉന്മൂലനം ചര്‍ച്ച ചെയ്യാന്‍ അറബ്-ഇസ്്‌ലാമിക രാജ്യങ്ങളുടെ 'അടിയന്തര' ഉച്ചകോടി രിയാദില്‍ ചേര്‍ന്നു; കഴിഞ്ഞ നവംബര്‍ 11-ന്. ഗസ്സയില്‍ സയണിസ്റ്റ് ഭീകരത അഴിഞ്ഞാടാന്‍ തുടങ്ങി ഒരു മാസവും ഏതാനും ദിവസങ്ങളും പിന്നിട്ട ശേഷം! അപ്പോഴേക്കും 11,100 പേര്‍ ഗസ്സയില്‍ മാത്രം രക്തസാക്ഷികളായിക്കഴിഞ്ഞിരുന്നു. ഈ രാഷ്ട്രത്തലവന്മാര്‍ക്കൊക്കെ അണിഞ്ഞൊരുങ്ങി ഒത്തുകൂടാന്‍ ഇത്രയധികം സമയം വേണോ എന്ന് ആരും ചോദിച്ചുപോകും. ചിലര്‍ ഇടപെട്ട് മനപ്പൂര്‍വം ഉച്ചകോടി വൈകിപ്പിച്ചതാണ് എന്നേ കരുതാനാവൂ. അപ്പോഴേക്കും സയണിസ്റ്റ് സേന ഹമാസിന്റെ കഥ കഴിച്ചോളും എന്നവര്‍ കണക്കുകൂട്ടിയിട്ടുണ്ടാവും. ഏറ്റവും അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം ഇത്രയധികം വൈകിക്കുന്നത് എന്തിനെന്ന് ഒരു മുസ്്‌ലിം രാഷ്ട്രത്തലവനും ചോദിക്കുകയുണ്ടായില്ല. പേരിനൊന്ന് കൂടി എന്തൊക്കെയോ ചെയ്തു എന്ന് വരുത്തിത്തീര്‍ക്കണം എന്നേ അവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. പ്രമുഖ അറബി കോളമിസ്റ്റ് മുഹമ്മദ് അബ്ദുല്‍ ഹാദി എഴുതിയതു പോലെ, ഉച്ചകോടി ഫലസ്ത്വീനികള്‍ക്ക് നല്‍കുന്ന സന്ദേശം വ്യക്തമാണ്: ഫലസ്ത്വീനികളേ, ഹമാസ് പോലുള്ള പോരാളി സംഘങ്ങളേ, നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കിക്കൊള്ളണം.

സയണിസത്തെ നിങ്ങള്‍ ഒറ്റക്ക് നേരിട്ടുകൊള്ളണം. സയണിസ്റ്റ് -അമേരിക്കന്‍ പദ്ധതി തകര്‍ക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേത് മാത്രമാണ്. അതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ അവരുടെ പദ്ധതി അവിടെ നടപ്പാവും. ഇതില്‍ ഞങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യാനില്ല!

അറബ് ലീഗും ഒ.ഐ.സിയും വെവ്വേറെ ഉച്ചകോടി നടത്തുന്നതിന് പകരം ഒറ്റ ഉച്ചകോടിയായി നടത്തുകയായിരുന്നു. 57 രാഷ്ട്ര നേതാക്കളാണ് അവിടെ ഒത്തുകൂടിയത്. ഇസ്രായേലിനെ എന്തെങ്കിലും തരത്തില്‍ ബാധിക്കുന്ന ഒരു തീരുമാനവും ആ ഉച്ചകോടിയില്‍ ഉണ്ടായില്ല. ഈ രണ്ട് വേദികളും എത്രമാത്രം ദുര്‍ബലവും കഴിവുകെട്ടതുമാണ് എന്ന് ലോകത്തോട് വിളിച്ചുപറയാനേ അത് ഉതകിയുള്ളൂ. ഇസ്രായേലിന് ഒന്നും പേടിക്കാതെ തങ്ങളുടെ നരനായാട്ട് തുടരാന്‍ അത് പരോക്ഷ പ്രേരണയാവുകയും ചെയ്തു. ഉച്ചകോടി പ്രമേയം വാക്കുകള്‍ കൊണ്ടുള്ള കളി മാത്രമായിരുന്നു. ഇസ്രായേലിന്റെ ചെയ്തികളെ 'കടുത്ത ഭാഷ'യില്‍ അപലപിച്ച് മതിയാക്കി. തങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രമേയത്തില്‍ ഒരിടത്തും പറയുന്നില്ല. ബന്ധം വിഛേദിക്കലോ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കലോ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തലോ വ്യാപാര ബന്ധം നിര്‍ത്തിവെക്കലോ... ഒന്നുമില്ല. ഫലസ്ത്വീനികള്‍ക്ക് ഭക്ഷണമോ മരുന്നോ ഇന്ധനമോ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളോ ലഭ്യമാക്കാനുള്ള ഒരു നടപടിയും ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞില്ല. ഉച്ചകോടിക്ക് മുമ്പും ശേഷവും ഒരു വ്യത്യാസവുമില്ല. അതിന് ചെലവഴിച്ച പണം പോയിക്കിട്ടിയത് മിച്ചം. അതിക്രമങ്ങളെ അപലപിക്കുന്ന കരട് പ്രമേയത്തില്‍, 'ഇരുപക്ഷത്തെയും സിവിലിയന്മാരെ ഉന്നം വെക്കരുത്; അവിടത്തെ ജ ീവനും ഇവിടത്തെ ജീവനും തമ്മില്‍ വ്യത്യാസമില്ല' തുടങ്ങിയ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നുവത്രെ. പ്രശ്‌നത്തില്‍ ഇരുപക്ഷത്തെയും സമീകരിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ക്കെതിരെ അംഗരാജ്യങ്ങള്‍ രംഗത്ത് വന്നപ്പോഴാണത്രെ അവ നീക്കിയത്.

ചുരുക്കം പറഞ്ഞാല്‍, ഇസ്രായേലിനെയോ അതിനെ പരസ്യമായി സഹായിക്കുന്ന അമേരിക്കയെയോ യൂറോപ്യന്‍ രാജ്യങ്ങളെയോ അല്‍പമെങ്കിലും സമ്മര്‍ദത്തിലാക്കുന്ന യാതൊന്നും ഉച്ചകോടി പ്രമേയത്തില്‍ ഇല്ല. ഈ വേദികള്‍ കൊണ്ടൊക്കെ എന്തു കാര്യം എന്ന ചോദ്യം തന്നെയാണ് ഒടുവില്‍ ബാക്കിയാകുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

ശക്തി പകരുന്ന പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്